Counter Punch

കസൂര്‍: പാകിസ്താനിലെ കുഞ്ഞു ജീവനുകള്‍ പിച്ചിച്ചീന്തുന്ന നഗരമോ?

ഏഴു വയസ്സുകാരിയായ സൈനബ് അന്‍സാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പാകിസ്താനിലെ കസൂര്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നത്. സൈനബിന്റെ കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും കസൂര്‍ പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. കുട്ടികളുടെ അശ്ലീലതകള്‍ തുഛമായ വിലക്ക് വില്‍പനക്കു വെച്ചിരിക്കുന്ന നിരവധി ബസാറുകളാണ് കസൂറിലുള്ളത്.
ഇവിടങ്ങളിലെ മൃഗീയതയാണ് സൈനബിനു നേരെയുണ്ടായ ബലാല്‍സംഘത്തിലും കൊലപാതകത്തിലും കലാശിച്ചതും. കുട്ടികളുടെ എല്ലാതരത്തിലുള്ള അശ്ലീലതകളും ഇപ്പോഴും ഇവിടെ യഥേഷ്ടം ലഭ്യമാണ്.

കഴിഞ്ഞ നാലു വര്‍ഷമായി കസൂറിലെ മനുഷ്യമൃഗങ്ങള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടരുന്നുണ്ട്. 2015ല്‍ ഇവിടുത്തെ ഹുസൈന്‍ ഖാന്‍വാല ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കുട്ടികളുടെ ലൈംഗിക കേന്ദ്രം തകര്‍ത്തിരുന്നു. 200ലധികം കുട്ടികളെയാണ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നത്. ഭീതിയും ഭീഷണിയും പടര്‍ത്തിയാണ് കുട്ടികളെ ഇവിടെ വില്‍പനക്കു വെച്ചിരുന്നത്. കുട്ടികളും അവരുടെ കുടുംബങ്ങളും നടത്തിപ്പുകാരുടെ ഭീഷണിയാലും സമ്മര്‍ദത്താലും മൗനത്തിലായിരുന്നു. കസൂറില്‍ ഒരു എന്‍.ജി.ഒ നടത്തിയ സര്‍വേയില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് 285 കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്.

കസൂറില്‍ കൊല്ലപ്പെട്ട 12 പെണ്‍കുട്ടികളുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡി.എന്‍.എ സാമ്പിളുകളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇതില്‍ എട്ടു കുട്ടികളെയും പീഡിപ്പിച്ച് കൊന്നത് ഒരാള്‍ തന്നെയാണ്. ഇതെല്ലാം രണ്ടു കിലോമീറ്ററിനുള്ളില്‍ നടന്ന കൊലപാതകങ്ങളാണെന്നാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ഇത്രയും ഭീകരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതികള്‍ ഇവിടെ തന്നെ സൈ്വര്യവിഹാരം നടത്തുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. അതില്‍ നിന്നും തന്നെ മനസ്സിലാക്കാം ഇവര്‍ക്ക് ഭരണകൂടത്തില്‍ നിന്നും പൊലിസില്‍ നിന്നും ലഭിക്കുന്ന പിന്തുണയും സംരക്ഷണവും.

പല കുട്ടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലോ മറ്റു മാലിന്യകുപ്പയിലോ കുഴിയിലോ കുഴിച്ചിടുന്ന ഭീകരമായ അവസ്ഥയാണ് ഇവിടെ കാണുക. 20നും 30നു ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും പ്രതികളും.
2015ല് ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും അന്ന് അറസ്റ്റ് ചെയ്തവര്‍ക്ക് അന്നത്തെ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതികളെ ജാമ്യത്തിലിറക്കാനും അതിനുള്ള സാമ്പത്തികസഹായം ചെയ്തതും ഈ പാര്‍ട്ടിക്കാരാണെന്നായിരുന്നു ആരോപണം.

ഈ സംഭവങ്ങളെല്ലാം പിന്നീട് ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മാഞ്ഞുപോവുകയും കസൂര്‍ പഴയ പോലെ ലൈംഗീക വ്യാപാരത്തിലേക്ക് കടക്കുകയുമായിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ ഇവിടെ നിന്നും മാറിയപ്പോള്‍ നിരവധി പെണ്‍കുട്ടികളാണ് ഇവിടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതും കൊല്ലപ്പെട്ടതും. ഇവിടെ തുടര്‍ കൊലപാതികകളെയും പീഡകരെയും വളര്‍ത്താന്‍ ഇവ കാരണമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവിടെ കൊല്ലപ്പെടുന്ന 12ാമത്തെ ഇരയാണ് സൈനബ്. ‘ ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ നഷ്ടപ്പെടുന്നത് തുടര്‍ക്കഥയാകുമ്പോഴും പൊലിസ് കാര്യമായ നടപടിയെടുക്കുന്നില്ല. അവര്‍ അടുത്ത കേസിനായി കാത്തിരിക്കുകയാണ്’ കസൂറിലെ ഗ്രാമവാസിയായ ഇര്‍ഷാദ് പറയുന്നു.

സൈനബിന്റെ കൊലപാതകത്തിന് ശേഷം ഇവിടെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ഭരണകൂടത്തിന് നേരെയും പ്രക്ഷോഭകര്‍ മുദ്രാവാക്യവും അമര്‍ഷവും രേഖപ്പെടുത്തി.  2017ലെ ആദ്യ ആറു മാസത്തില്‍ നടത്തിയ കണക്കെടുപ്പില്‍ കസൂറില്‍ മാത്രം 129 പീഡന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 34 എണ്ണം തട്ടിക്കൊണ്ടുപോകലും 23 എണ്ണം പീഡനവുമായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആകെ 720 കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 2017 ജനുവരി മുതല്‍ ജൂണ്‍ വരെ പാകിസ്താനിലുടനീളം 1764 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നമുക്ക് വ്യക്തമായി അറിയാം ഈ പ്രശ്‌നം എന്നത് ഒരു കേസിനേക്കാള്‍ എത്രയോ വലുതാണെന്ന്. ഈ കണക്കുകളെല്ലാം നമുക്ക് നേരെ ഒരു ചോദ്യമുയര്‍ത്തുന്നുണ്ട്. കസൂര്‍ പാകിസ്താനിലെ കുട്ടികളുടെ ലൈംഗീക ചൂഷണങ്ങളുടെ ഒരു കേന്ദ്രമാണോ എന്നതാണ് ആ ചോദ്യം.

 

Facebook Comments
Show More

Related Articles

Close
Close