Current Date

Search
Close this search box.
Search
Close this search box.

സൗഹൃദം നിലനിര്‍ത്താന്‍

ഞാന്‍ വളരെ സോഷ്യലാണ്. ധാരാളം ബന്ധങ്ങള്‍ എനിക്കുണ്ട്. എന്നാല്‍ അവയിലേറെയും ഔപചാരിക ബന്ധങ്ങളാണ്. ആത്മമിത്രങ്ങളെന്ന് പറയാവുന്ന അടുത്ത കൂട്ടുകാരോ ബന്ധങ്ങളോ തനിക്കില്ലെന്ന് പറയുന്ന അദ്ദേഹത്തിന് അറിയേണ്ടത് എങ്ങനെ കൂട്ടുകാരെ നിലനിര്‍ത്തും, ഔപചാരിക സൗഹൃങ്ങളെ എങ്ങനെ ആത്മസൗഹൃതമാക്കി മാറ്റാം എന്നതാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: സുഹൃത്തുക്കളെ പരിചയപ്പെടുന്നതും സുഹൃത്തുക്കളെ നിലനിര്‍ത്തുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശേഷികളും അവ നിലനിര്‍ത്താനുള്ള ശേഷികളും വ്യത്യസ്തമാണ്. കാരണം ചിലപ്പോഴെല്ലാം സൗഹൃദം പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോവേണ്ടതായി വരും. യാത്ര, പ്രവാസം, തെറ്റിധാരണ, സന്ദര്‍ഭങ്ങളെ തെറ്റായി വ്യാഖ്യാനിക്കല്‍, ആരോഗ്യപരവും ഭൗതികവുമായ സാഹചര്യങ്ങളില്‍ വരുന്ന മാറ്റം തുടങ്ങിയവയെല്ലാം അതിന്നുദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളില്‍ കൂട്ടുകാരെ നിലനിര്‍ത്താന്‍ അതിന്റേതായ ശേഷികള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

അദ്ദേഹം തുടര്‍ന്നു: സ്‌കൂളിലും ജോലി സ്ഥലത്തും സോഷ്യല്‍മീഡിയയിലൂടെയും ഞാന്‍ പരിചയപ്പെട്ട നിരവധി സുഹൃത്തുക്കളെനിക്കുണ്ട്. അവരിലാരെങ്കിലുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കാറുണ്ട്. എന്നാല്‍ അതില്‍ എനിക്ക് വിജയിക്കാന്‍ കഴിയുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത്? ഞാന്‍ പറഞ്ഞു: സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളുണ്ട്. ഒന്ന്, പരിചയപ്പെടുന്ന എല്ലാ വ്യക്തികളെയും കൂട്ടുകാരാക്കാന്‍ പറ്റണമെന്നില്ല. ചില വ്യക്തികള്‍ പൊതുകാര്യങ്ങള്‍ക്ക് യോജിച്ചവരായിരിക്കാം. എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങള്‍ക്കോ അവലംബിക്കാനോ അവര്‍ യോജിച്ചവരായിരിക്കണമെന്നില്ല. കൂട്ടുകൂടാനും അത് നിലനിര്‍ത്താനും നിങ്ങളിഷ്ടപ്പെടുന്ന കൂട്ടുകാര്‍ ആരൊക്കെയാണെന്നത് നിര്‍ണയിക്കണമെന്നതാണ് രണ്ടാമത്തെ കാര്യം. അവര്‍ നിങ്ങളെ ആദരിക്കുന്നവരും വിലമതിക്കുന്നവരും സല്‍സ്വഭാവികളുമായിരിക്കുകയും വേണം. താങ്കള്‍ക്ക് ഒരാവശ്യം വന്നാല്‍ സഹായിക്കുന്നവരായിരിക്കണം അവര്‍. നല്ല കാര്യങ്ങളില്‍ താങ്കളെ സഹായിക്കുന്നവരും ആത്മവളര്‍ച്ചക്കും ലോകരക്ഷിതാവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നവരുമായിരിക്കണം. അവര്‍ക്കും നിങ്ങള്‍ക്കുമിടയില്‍ പൊതുവായ താല്‍പര്യങ്ങളും ഹോബികളും ഉണ്ടായിരിക്കണം.

മൂന്ന്, കൂട്ടുകാരില്‍ നിന്നും അകറ്റുന്ന പല സന്ദര്‍ഭങ്ങളും മനുഷ്യജീവിതത്തിലുണ്ടാവും. അവരെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുമെന്ന് അതിന്നര്‍ത്ഥമില്ല. പഠനാവശ്യാര്‍ഥം വിദൂരത്താവല്‍, ചികിത്സക്ക് വേണ്ടിയുള്ള യാത്ര, വിവാഹം, ജോലി, പരിഹരിക്കാനാവാത്ത വിയോജിപ്പുകള്‍, തെറ്റ് സംഭവിച്ചിട്ട് ക്ഷമാപണം നടത്താതിരിക്കല്‍ ഇവയെല്ലാം സുഹൃത്തുക്കളുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളാണ്. നാല്, കൂട്ടുകാരുടെയും നിങ്ങളുടെയും പ്രകൃതത്തിലുള്ള വ്യത്യാസങ്ങള്‍ അവരുമായുള്ള സൗഹൃദം നശിപ്പിക്കുന്നതിന് കാരണമായിക്കൂടാ. കാരണം താങ്കളുടെ പ്രകൃതവുമായി നൂറ് ശതമാനവും യോജിക്കുന്ന ഒരു കൂട്ടുകാരനെയും കണ്ടെത്താന്‍ നിങ്ങള്‍ക്കാവില്ല. പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്ന കാര്യം അതിന് ഉദാഹരണമായിട്ടെടുക്കാം. തന്റെ എല്ലാ രഹസ്യങ്ങളും കൂട്ടുകാരനുമായി പങ്കുവെക്കുന്നതാണ് ഒരാളുടെ പ്രകൃതം. എന്നാല്‍ മറ്റേയാള്‍ ചില കാര്യങ്ങളെല്ലാം തന്റെ തന്നെ സ്വകാര്യങ്ങളായി സൂക്ഷിക്കുന്നയാളാണ്. അല്ലെങ്കില്‍ നിങ്ങളുടെ കൂട്ടുകാരന് എപ്പോഴും നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കണം. താങ്കള്‍ക്കാണെങ്കിലോ വളരെയേറെ ജോലിയും തിരക്കുകളുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിയോജിപ്പുകളുണ്ടാവാം. തെറ്റിധാരണയോ വിയോജിപ്പോ ഇല്ലാതിരിക്കാന്‍ അവരുമായെല്ലാം തുറന്നു സംസാരിക്കുകയെന്നതാണ് പരിഹാരം.

കൂട്ടുകാര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളിലും അവരുടെ ഹോബികളും പങ്കാളികളാവുകയും അവരുടെ വളര്‍ച്ച് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്യുകയെന്നതാണ് അഞ്ചാമത്തെ കാര്യം. അവര്‍ക്കൊപ്പമുള്ള കൂടികാഴ്ച്ചകള്‍ സന്തോഷത്തിന്റെയും ചിരിയുടെയും സന്ദര്‍ഭങ്ങളായി മാറുമ്പോള്‍ ബന്ധത്തെയത് കൂടുതല്‍ ശക്തമാക്കുകയും നിലനിര്‍ത്തുകയും ചെയ്യും. ഒരു വ്യക്തിയുമായുള്ള നിങ്ങളുടെ ബന്ധം ഔപചാരികതയില്‍ നിന്ന് ആത്മബന്ധത്തിലേക്ക് മാറുകയാണെന്ന് മനസ്സിലാക്കിയാല്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. താങ്കളുടെ വ്യക്തിപരമായ ചില കാര്യങ്ങള്‍ ആ വ്യക്തിയോട് തുറന്നു പറയുക, അവരുമായി സമയം ചെലവഴിക്കുന്നതും സംസാരിക്കുന്നതും വര്‍ധിപ്പിക്കുക, അവര്‍ക്ക് വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയോ സമ്മാനങ്ങള്‍ നല്‍കുകയോ ചെയ്യുക, അവരെ വൈകാരികമായി പിന്തുണക്കുകയും നിങ്ങള്‍ക്കിടയിലെ ബന്ധം നല്‍കുന്ന സന്തോഷം പങ്കുവെക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം അതില്‍പ്പെട്ട കാര്യങ്ങളാണ്.

നിങ്ങള്‍ക്കും കൂട്ടുകാരനും ഇടയിലുള്ള ഏത് പ്രശ്‌നവും പരിഹരിക്കാന്‍ ജാഗ്രത കാണിക്കുകയെന്നതാണ് ഏഴാമത്തെ കാര്യം. പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതും അവയുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവും പരിഹരിക്കപ്പെടാതിരിക്കുമ്പോള്‍ അകല്‍ച്ചയുടെ ആഴമാണ് വര്‍ധിക്കുന്നത്. പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തുന്നതിനേക്കാള്‍ നല്ലത് അവയെ അഭിമുഖീരിക്കലാണ്. കൂട്ടുകാരന്റെ ഗുണങ്ങളും കുറവുകളും അറിഞ്ഞുകൊണ്ട് അവനെ സ്വീകരിക്കുകയെന്നതാണ് പ്രധാനം. കൂട്ടുകാരന്റെ പ്രവര്‍ത്തനങ്ങളിലും സംസാരത്തിലും സദ്‌വിചാരം വെച്ചുപുലര്‍ത്തുകയെന്നതാണ് എട്ടാമത്തെ കാര്യം. ദോഷൈകദൃക്കായി ഒരിക്കലും കൂട്ടുകാരനെ വിലയിരുത്തരുത്. അവന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അനാകര്‍ഷകമായി തോന്നിയാല്‍ അതില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് മുമ്പ് അവനോട് ചോദിച്ച് വിശദീകരണം തേടുക. ഒമ്പതാമത്തെ കാര്യം ഒരുകൂട്ടം സല്‍ഗുണങ്ങളാണ്. അവ മുറുകെ പിടിച്ചാല്‍ സൗഹൃദവും മുറുകെ പിടിക്കാന്‍ സാധിക്കും. സത്യം മാത്രം പറയുക, പകയും വിദ്വേഷവും ഒഴിവാക്കുക, കൂട്ടുകാരന്റെ സ്വകാര്യങ്ങള്‍ സ്വകാര്യങ്ങളായി നിലനിര്‍ത്താന്‍ അനുവദിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്. കൂട്ടുകാരനുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ അവനുമായി ഒരു കച്ചവടത്തില്‍ ഏര്‍പ്പെടാതിരിക്കുകയെന്നതാണ് പത്താമത്തെയും അവസാനത്തെയും കാര്യം.

വിവ: അബുഅയാശ്‌

Related Articles