Current Date

Search
Close this search box.
Search
Close this search box.

സംസാരത്തിന്‍റെ ഉള്ളടക്കവും ശൈലിയും

മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന സവിശേഷമായ അവരുടെ സ്വഭാവഗുണമാണല്ലോ സംസാരം. അത്കൊണ്ടാണ് മനുഷ്യനെ പൊതുവെ സംസാരിക്കുന്ന മൃഗം എന്ന് നിര്‍വചിക്കാറുള്ളത്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരം അഭ്യസിപ്പിച്ചു. 55:3,4. സംസാരിക്കാനുള്ള ശേഷി മനുഷ്യനില്‍ നിന്ന് എടുത്ത്കളഞ്ഞാലുള്ള അവസ്ഥ നമുക്ക് അചിന്തനീയമാണ്.

സംസാരത്തിന്‍റെ കാര്യത്തില്‍ ആളുകളെ പൊതുവെ മൂന്നായി തരം തിരിക്കാം. ഒരു വിഭാഗം അപരനെ കുറിച്ച് സംസാരിക്കുകയും അവരെ പരഹസിക്കുകയും ചെയ്യുന്നവര്‍. മരിച്ചവരുടെ മാംസം ഭക്ഷിക്കുന്നവര്‍ എന്നാണ് ഖുര്‍ആന്‍ ഇത്തരക്കാരെ ആക്ഷേപിക്കുന്നത്. ” …………………….. മരിച്ചുകിടക്കുന്ന സഹോദരന്‍റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ” 49:12

രണ്ടാമത്തെ വിഭാഗം ചുറ്റ് വട്ടത്ത് സംഭവിച്ച കാര്യങ്ങള്‍ പറയുന്നതില്‍ തല്‍പരര്‍. വര്‍ത്തമാന കാലത്ത് നടന്ന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുക. ഉദാഹരണമായി വിമാന അപകടം ഉണ്ടായി, കാര്‍ അപകടത്തില്‍ ഇന്നയാള്‍ മരണപ്പെട്ടു എന്നൊക്കെ. മൂന്നാമത്തെ വിഭാഗമാകട്ടെ വൈജ്ഞാനിക കാര്യങ്ങള്‍ സംസാരിക്കുന്നതിലും ആശയാദര്‍ശങ്ങളെ കുറിച്ചും പറയുക. ഇവിടെ മൂന്ന് തരം സംസാരക്കാരുടേയും ഉള്ളടക്കും തീര്‍ത്തും വിത്യസ്തമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

Also read: സ്ത്രീ ശാക്തീകരണത്തിലെ പ്രവാചക മാതൃക

അപ്പോള്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ് സംസാരത്തിന്‍റെ ഉള്ളടക്കം. വായനയും പഠനവും ഇല്ലാത്ത ഒരാളുടെ സംസാരവും അത് ഉള്ള ഒരാളുടെ സംസാരവും തമ്മില്‍ വലിയ അന്തരമുണ്ടായിരിക്കും. മൂന്ന് ദിവസം ഒന്നും വായിക്കാതെ ഒരാള്‍ സംസാരിച്ചാല്‍ അത് കേള്‍ക്കാള്‍ കൊള്ളുകയില്ലന്ന പഴമൊഴി ഓര്‍ത്ത്പോവുന്നു. സംസാരത്തിലെ ഉള്ളടക്കം കാമ്പും കഴമ്പുമുള്ളതാണെങ്കില്‍ അയാളുടെ സംസാരം ആഘര്‍ഷകവും കേള്‍ക്കുന്നത് പ്രയോജനകരവുമായിരിക്കും. സംസാരത്തിന്‍റെ ഉള്ളടക്കം എന്തായിരിക്കണം എന്നതിനെ കുറിച്ച് വേദഗ്രന്ഥം പറയുന്നത് ഇങ്ങനെ:

“അവരുടെ (സത്യനിഷേധികളുടെ) ഗൂഢാലോച നകളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും കല്‍പിക്കുന്നവരുടേത് ഇതില്‍പെടുകയില്ല. ആരെങ്കിലും ദൈവപ്രീതി പ്രതീക്ഷിച്ച് അങ്ങനെ ചെയ്യന്നുവെങ്കില്‍ നാമവന് അളവറ്റ പ്രതിഫലം നല്‍കും.” ഖുര്‍ആന്‍ 4:114

സംസാരത്തിന്‍റെ ഉള്ളടക്കം നന്മയിലധിഷ്ടിതമായിരിക്കണം എന്നാണ് ഈ സൂക്തം നമ്മെ ഉണര്‍ത്തുന്നത്. സത്യവും പ്രയോജനപ്രദവുമായിരിക്കണം സംസാരം. സംസാരത്തിലൂടെ വിവരങ്ങള്‍ അറിയിക്കാം, ആശ്വസിപ്പിക്കാം, സന്തോഷിപ്പിക്കാം, പ്രയാസങ്ങള്‍ പങ്ക് വക്കാം, അസ്വസ്ഥപ്പെടുത്താം തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി സംസാരത്തെ നമുക്ക് ഉപയോഗപ്പെടുത്താം. മനസ്സിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന നല്ല പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെയും നല്ല പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതിലൂടെയും സംസാരത്തിന്‍റെ ഉള്ളടക്കം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് മാത്രമല്ല, സ്വയം നവീകരണത്തിനും മാനസിക പരിവര്‍ത്തനത്തിനും വഴിയൊരുക്കുന്നതാണ്.

Also read: ഉമര്‍ ഖാലിദ് – ഇന്ന് നീ നാളെ ഞാന്‍

സംസാരത്തിന്‍റെ ഉള്ളടക്കം മാത്രം നന്നായത്കൊണ്ട് കാര്യമില്ല. കാരണം സദ്യ നന്നായാല്‍ മാത്രം പോരല്ലോ? അത് വിളമ്പുന്ന രീതിയും പ്രധാനം തന്നെ. സംസാരത്തിലെ ശൈലിയും രീതിയും ശരീരഭാഷയും ഭാവപ്രകടങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെടും. ഒരു കാര്യം തന്നെ നമുക്ക് പല രൂപത്തില്‍ അവതരിപ്പിക്കാം. പലപ്പോഴും പിതാവും മക്കളും തമ്മിലുള്ള അകല്‍ചക്ക് കാരണം സംസാരത്തിലെ ശൈലിയും രീതിയുമാണ്. അവരെ ആഘര്‍ഷിക്കുന്ന രീതിയില്‍ പറഞ്ഞു നോക്കു. അവര്‍ നിങ്ങളുടെ അടുത്തേക്ക് ഓടിവരും. സംസാരത്തില്‍ കുത്ത് വാക്കുകള്‍ ഒഴിവക്കുക. ചാട്ടുളി പ്രയോഗങ്ങള്‍ വേണ്ട. തുരുതുരാ സംസാരിക്കാതെ, ശ്രോതാവിന് കൂടി അവസരം കൊടുക്കുക. വൃത്തിയുള്ള ഭാഷയും ഉഛാരണവും. പുഞ്ചിരിയില്‍ ചാലിച്ച മുഖം. എല്ലാം ചേരുമ്പോഴാണ് സംസാരം മനോഹരമായിത്തീരുക. ഇക്കാര്യങ്ങള്‍ ഒരാള്‍ ശ്രദ്ധിച്ചാല്‍ വിടുവായത്തം ഒഴിവാക്കാം.

സംസാരത്തില്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ആരോടാണ് സംസാരിക്കുന്നത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക. ഞാന്‍ പള്ളിയില്‍ പോകുന്നു എന്ന് ഒരാള്‍ തന്‍റെ മകനോട് പറയുന്നതം പിതാവിനോട് പറയുന്നതും രണ്ടും രണ്ട് രൂപത്തിലാണ്. അഭിസംബോധിതര്‍ രണ്ട് ധ്രുവങ്ങളിലുള്ളവരാണ് എന്നതാണ് അതിന് കാരണം. ഏറ്റവും നല്ല വാക്കുകള്‍ ഏതാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കി: അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്ലിംങ്ങളില്‍പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനനെക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്? അധ്യായം, ഫുസ്സിലത്: 33 അപ്പോള്‍ വചനങ്ങളില്‍ ഏറ്റവും നല്ല വചനം അല്ലാഹുവിലേക്ക് ക്ഷണിക്കലാണ് എന്ന് ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. പറയുന്നതെല്ലാം നല്ലതും നന്മയുമായിരിക്കണം എന്ന് ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ കാണാം. അല്‍ ബഖറ :83, നിസാഅ്: 5, 9, അഹ്സാബ് 70 തുടങ്ങിയ സൂക്തങ്ങള്‍ ഉദാഹരണം.

Related Articles