Current Date

Search
Close this search box.
Search
Close this search box.

മാനസിക സംഘര്‍ഷങ്ങള്‍

നമ്മുടെ രാജ്യം ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമെല്ലാം നാം തന്നെ ഉണ്ടാക്കിയെടുത്തതാണെന്ന വിശ്വാസക്കാരനാണ് ഞാന്‍. നാം സ്വയം സൃഷ്ടിച്ചെടുത്ത ഇത്തരം പ്രതിസന്ധികള്‍ ഇന്ന് മാനസിക സംഘര്‍ഷത്തിലേക്കും പിരിമുറുക്കത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുക മാത്രമല്ല മുന്നോട്ടുള്ള നമ്മുടെ അദ്ധ്വാനത്തെ ക്ഷീണിപ്പിച്ച് തുടങ്ങുകയും ചെയ്തിരിക്കുന്നു. അവസരങ്ങള്‍ മുതലെടുത്ത് നമ്മെ നിരന്തരം ആക്രമണത്തിന് വിധേയരാക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളില്‍ നിന്നും നാം സുരക്ഷിതരാണെന്ന വാദവും എനിക്കില്ല. ശത്രുക്കളുടെ അവസര മുതലെടുപ്പിനൊപ്പം തന്നെയാണ് നാം ഈ മാനസിക സംഘര്‍ഷങ്ങളും നേരിടുന്നതെന്നതാണ് പ്രധാനം. എന്നിരുന്നാലും ആന്തരികവും ഗാര്‍ഹികവുമായ കലഹങ്ങളും നമ്മുടെ മാനസിക സ്വസ്ഥതക്ക് ഭംഗം വരുത്തിയിട്ടുണ്ടെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാകില്ല. സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള തര്‍ക്കങ്ങള്‍, ശക്തര്‍ അബലരോട് കാണിക്കുന്ന അനീതി, അവരെ നിശബ്ധരാക്കുന്ന പ്രവണത, സ്വയ പര്യാപ്തതക്ക് വേണ്ടിയുള്ള ശ്രമങ്ങളെയും ഉദ്യമങ്ങളെയും പാരവെച്ച് തകര്‍ക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം നാം നമുക്കിടയില്‍ തന്നെ ചെയ്തു കൂട്ടുന്ന തെമ്മാടിത്തരങ്ങളാണ്. അതില്‍ നമ്മുടെ ശത്രുക്കള്‍ക്ക് പങ്കില്ല. മറിച്ച് നാം എപ്പോഴും മറ്റുള്ളവരുടെ മേല്‍ പഴിചാരി സ്വയം ദുര്‍ബലനും അശക്തനും ചമയാന്‍ ഇഷ്ടപ്പെടുന്നവാരണെന്നതാണ് സത്യം. നമ്മെ പിന്നില്‍ നിന്നും മറഞ്ഞിരുന്ന് അക്രമിക്കുന്നവരുണ്ടെന്നത് സമ്മതിച്ചാല്‍ തന്നെ അവരുടെ ഇച്ഛക്കും കല്‍പനക്കും അനുസൃതമായി നമ്മുടെ സമൂഹത്തിനിടയില്‍ അവരുടെ അജണ്ടകളും ഗൂഢാലോചനകളും നടപ്പില്‍ വരുത്തുന്നത് നമ്മള്‍ തന്നെയാണെന്ന സത്യം നമുക്ക് നിഷേധിക്കാനാകുമോ? നാം ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവുമുള്ളവരാണെങ്കില്‍ പിന്നെ ഒരു തരത്തിലുള്ള ഗൂഢാലോചനയും നമുക്കെതിരെ വരില്ല. നമ്മെ കളിപ്പാവകളാക്കി മാറ്റാനും അവര്‍ക്ക് ആകില്ല. കാരണം നമ്മുടെ കടിഞ്ഞാണ്‍ പിടിക്കുന്നതും നിയന്ത്രിച്ച് നിര്‍ത്തുന്നതും നാം തന്നെയാണ്. ഒന്നുകില്‍ നമ്മുടെ നിശ്ചയദാര്‍ഢ്യം നമ്മെ ഔന്നിത്യത്തിലെത്തിക്കും അല്ലെങ്കില്‍ കളിപ്പാവകളായി നാം അധപ്പതിക്കും.

‘സമൂഹം ജീവിക്കാനുറച്ചാല്‍
വിധിപോലും അവര്‍ക്ക് കീഴൊതുങ്ങും’
തുടക്കത്തില്‍ നാം സൂചിപ്പിച്ച, നമ്മുടെ സമൂഹത്തിനിടയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് തന്നെ മടങ്ങിവരാം. രാപകൽ ഭേദമന്യേ നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രതിസന്ധികളുമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാനുള്ള ഒരു വേദിയായി നമുക്കിതിനെ മാറ്റിയെടുക്കാം.

Also read: ഫലസ്തീന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി

നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നുണ്ടോ?

ഏതെങ്കിലുമൊരു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴോ ആരോടെങ്കിലും ഇടപഴകുമ്പോഴോ സംസാരിക്കുമ്പോഴോ വിചിത്രമായ എന്തോ ഒന്ന് പലപ്പോഴും നമ്മെ കീഴ്‌പ്പെടുത്തിക്കളയുന്നത് പോലെ നമുക്ക് അനുഭവപ്പെടും. ചിന്തകള്‍ അസ്വസ്ഥമാവുകയും മനസ്സ് അശ്ശാന്തമാവുകയും ചെയ്യുന്നതോടൊപ്പം ഞരമ്പുകള്‍ സാധാരണത്തേക്കാള്‍ വലിഞ്ഞ് മുറുകുകയും ചെയ്യുന്നു. നമുക്കിടയിലെ ഭൂരിപക്ഷം ആളുകളെക്കുറിച്ചും മിക്കപ്പോഴും അവര്‍ നേരിടുന്ന അവസ്ഥകളെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. നമ്മില്‍ പലരും അനുഭവിക്കുന്ന ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങളും വിഭ്രാന്തികളും ജീവിതത്തിലുടനീളം നമ്മെ വേട്ടയാടിയേക്കാം. ജീവിതാന്ത്യം വരെ അറിഞ്ഞും അറിയാതെയും നമ്മെ പിന്തുടര്‍ന്നേക്കാം.

ചില കുടുംബങ്ങളില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഇത്തരം വിഭ്രാന്തികളുണ്ടാകും. അവരില്‍ നിന്നുള്ള ചിലരുടെ സംസാരം മറ്റുള്ളവരെ അസ്വസ്ഥമാക്കും. സംഘര്‍ഷഭരിതമായ അവരുടെ മനസ്സുകള്‍ ഓരോന്നും പരസ്പരം പിഴവുകള്‍ ചൂഴ്ന്ന് കണ്ടുപിടക്കുകയും അത് ഗാര്‍ഹിക കലഹങ്ങളിലേക്കും വേര്‍പിരിയലിലേക്കും എത്തിച്ചേരുകയും ചെയ്യും. സന്തോഷവും ആനന്ദവും കളിയാടേണ്ട വീടുകളാണ് ഇങ്ങനെ നശിച്ചു പോകുന്നത്. ഇതുപോലെത്തന്നെ ആയിരിക്കും ഒരാള്‍ തന്റെ കൂട്ടുകാരനോടും ജ്യേഷ്ഠന്‍ അനുജനോടും സഹപ്രവര്‍ത്തകര്‍ പരസ്പരവുമെല്ലാം പെരുമാറുന്നതും അസ്വസ്ഥരാകുന്നതും. എല്ലാവരും തനിക്ക് ചുറ്റുമുള്ളവരോട് അസഹിഷ്ണുക്കളാകും. പരസ്പരം സംഭവിക്കുന്ന നിസാര പിഴവുകളെല്ലാം വിട്ടുവീഴ്ചകളില്ലാത്ത തെറ്റുകളായി മാറും. മാപ്പിന്റെയും സഹിഷ്ണുതയുടെയും വാതിലുകള്‍ അടയും. ഒരാളും മറ്റൊരുത്തനെക്കുറിച്ച് നല്ലത് ഭാവിക്കില്ല. പിഴവുകളെല്ലാം ഏറ്റവും മോശമായ രീതിയില്‍ മാത്രം വ്യാഖ്യാനിക്കപ്പെടുകയും തീര്‍പ്പ് കല്‍പ്പിക്കപ്പെടുകയും ചെയ്യും. മാനസിക സംഘര്‍ഷവും വിഭ്രാന്തിയുമൊക്കെയാണ് ഇതിന് കാരണമായി തീരുന്നത്. പരസ്പരം ഉള്ളറിഞ്ഞ് മനസ്സിലാക്കുന്നതിനും പിഴവുകള്‍ക്ക് മാപ്പ് നല്‍കുന്നതിനും മാനസിക സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും എപ്പോഴും തടസ്സം നില്‍ക്കും.

പലപ്പോഴായും ഇവയൊക്കെ നാം നമ്മുടെ ജീവിതത്തില്‍ നേരിടാറില്ലേ?
അതിജയിക്കുക, അല്ലെങ്കില്‍ അതിജയിക്കപ്പെടുകയെന്ന തത്വമല്ലേ നാം ഇന്ന് കൈകൊണ്ടിരിക്കുന്നത്? ഈ തത്വം കൊണ്ട് നാം സഹോദരങ്ങള്‍എങ്ങനെ പരസ്പരം പൂരകങ്ങളാകും? യുദ്ധക്കളത്തിലെന്ന പോലെയാണ് ഇന്ന് നമ്മുടെ ജീവിതം. ഒന്നുകില്‍ നാം ജയിക്കും അല്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ അതിജയിക്കും. ഇതാണ് നമ്മെ നിരന്തരം അസ്വസ്ഥരാക്കുന്നതും മാനസികമായി സമ്മര്‍ദ്ദത്തിലാക്കുന്നതും. അപ്പോഴാണ് സഹപാഠികള്‍ തമ്മില്‍ പൊരുത്തക്കേടിലാകുന്നതും പരസ്പരം പ്രവര്‍ത്തികളില്‍ ദുഷിച്ച മനോഭാവം വെച്ച് പുലര്‍ത്തുന്നതും.

Also read: വ്യക്തിത്വരൂപീകരണവും അഹംബോധവും

ഇമാം ശഫിഈയും അദ്ദേഹത്തിന്റെ ശുദ്ധ മനസ്‌കതയും

ഇമാം ശാഫിഈ രോഗ ബാധിതനായിരിക്കെ ഒരാള്‍ മഹാന്റെ അരികില്‍ ചെന്നു. അദ്ദേഹം ഇമാം ശാഫിഈയോട് പറഞ്ഞു: താങ്കളുടെ അശക്തതയെ അല്ലാഹു ശക്തിപ്പെടുത്തട്ടെ(താങ്കളിലെ അശക്തതയെല്ലാം മാറ്റി നിങ്ങളുടെ ശരീരത്തെ അല്ലാഹു ശക്തിപ്പെടുത്തട്ടെ എന്ന് ഉദ്ദേശം). അന്നേരം ഇമാം ശാഫിഈ അയാളോട് പറഞ്ഞു: എന്നിലെ അശക്തത ശക്തിപ്പെട്ടാല്‍ അതെന്നെ വധിച്ചു കളയുമല്ലോ? ഇത് കേട്ട് അസ്വസ്ഥനായി അയാള്‍ മാപ്പ് പറഞ്ഞു: അല്ലാഹുവാണേ, അതുകൊണ്ട് ഞാന്‍ നല്ലത് മാത്രമാണ് ഉദ്ദേശിച്ചത്. ഇമാ ശാഫിഈ അദ്ദേഹത്തോട് പറഞ്ഞു: ഇനി നീയെന്നെ ആക്ഷേപിക്കുകയോ ചീത്തവിളിക്കുകയോ ആണ് ചെയ്തത് എന്നുണ്ടെങ്കിലും നീയത് കൊണ്ട് നല്ലത് മാത്രമേ ഉദ്ദേശിക്കാവൂ. ഇമാം ശാഫിഈയുടെ നല്ല മനസ്സിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. കാര്യങ്ങളെ നന്മയുടെ വശങ്ങളിലൂടെ മാത്രമാണ് അദ്ദേഹം നോക്കിക്കണ്ടത്.

മാനസിക സംഘര്‍ഷം പദ്യ ഗദ്യങ്ങളിലും തെളിയുന്നു

ഒരുപക്ഷെ, നമ്മുള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലോ പെരുമാറ്റങ്ങളിലോ മാത്രം ഒതുങ്ങിയെന്ന് വരില്ല. അത് അറബികള്‍ ദീവാന്‍ എന്ന് പേരിട്ട് വിളിക്കുന്ന കാവ്യശകലങ്ങളിലേക്കും വ്യാപിച്ചേക്കാം. അറബികളുടെ സംസ്‌കാരം, ജീവിതരീതി, ചരിത്രം, മഹത്വം എന്നിവയെല്ലാം അതിലൂടെയായിരുന്നു വെളിച്ചം കണ്ടിരുന്നത്. സുന്ദരവും മധുരിതവുമായ ആശയങ്ങളായിരുന്നു അറബികള്‍ കവിതയില്‍ ഉപയോഗിച്ചിരുന്നത്. സ്‌നേഹത്തെക്കുറിക്കുന്ന വരികളും അതിന്റെ ഭാഗമായിരുന്നു. ഒരു കവി പാടുന്നു: ‘വേദന നിങ്ങളുടെ ഹൃദയത്തിലാണെങ്കില്‍ പിന്നെ ശരീരത്തിലെ മുറിവുകളൊന്നുമല്ല’. മറ്റൊരു കവി പാടുന്നു: ‘എനിക്ക് അവനില്‍ ചേരാനായിരുന്നു ആഗ്രഹം, അവനാണെങ്കില്‍ എന്നില്‍ നിന്ന് വിട്ടുപോകാനും. അവന്റെ ഇഷ്ടത്തിന് വേണ്ടി ഞാന്‍ എന്റെ ഇഷ്ടത്തെ ഉപേക്ഷിച്ചു’. ഇന്ന് ഇനി നാം വായിക്കുന്ന കവിതകളെല്ലാം സ്‌നേഹിതനെ വെല്ലുവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന കവിതകളായിരിക്കും. ഒരിക്കലും പ്രണയാര്‍ദ്രമല്ലാത്ത നനുത്തതല്ലാത്ത വരികളായിരിക്കും ആധുനിക കവിതകളില്‍ ഒരുപാടുണ്ടാവുക. കാരണം, ഇന്ന് നമ്മുടെ കവിതകളിലും ഗാനങ്ങളിലുമെല്ലാം വെറുപ്പും അസ്വസ്ഥതകളും നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

സമകാലിക രോഗങ്ങളും മാനസിക സംഘര്‍ഷങ്ങളും

ഇന്ന് ജനങ്ങള്‍ക്കിടയില്‍ സര്‍വ്വവ്യാപിയായ കാന്‍സര്‍, ഹൃദ്രോഗം, വയറ്- വന്‍കുടല്‍ സംബന്ധിയായ അസുഖങ്ങള്‍ക്ക് ഒക്കെ മാനസിക സംഘര്‍ഷങ്ങള്‍ കാരണമായേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനസ്സില്‍ നാം കൊണ്ട് നടക്കുന്ന അസ്വസ്ഥകളാണ് ഇത്തരം രോഗങ്ങള്‍ അധികരിക്കാനും ശക്തി പ്രാപിക്കാനും കാരണമായേക്കാവുന്നതില്‍ പ്രധാനപ്പെട്ട ഒന്ന്. ആരോഗ്യപൂർണമായ ശരീരം നമുക്ക് വേണമെങ്കില്‍ അതിന് മനസ്സമാധാനം അത്യാവശ്യമാണ്. ശാന്തതയും സ്വസ്ഥതയുമുള്ള ആത്മാവിനാണ് ആരോഗ്യമുണ്ടാവുക(നാഥന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിച്ചുകൊണ്ട് അവന്റെ മഹത്ത്വം വാഴ്ത്തുകയും സാഷ്ടാംഗം ചെയ്യുന്നവരിലാവുകയും ചെയ്യുക എന്ന് വിശുദ്ധ ഖുര്‍ആന്‍).

Also read: ഇസ്‌ലാം വംശീയതയോട് പോരാടിയത് ?

മാനസിക സംഘര്‍ഷത്തിന്റെ കാരണങ്ങള്‍:

ഭൗതികതക്ക് മാത്രം പ്രാധാന്യം നല്‍കുന്ന സമകാലിക ജീവിതരീതികളാണ് നമ്മുടെ വികാരങ്ങളെ നശിപ്പിക്കുകയും ഭൗതികതക്ക് വേണ്ടിയും അതിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുമുള്ള മാത്സര്യ ബുദ്ധി നമ്മില്‍ ആളിക്കത്തിക്കുകയും ചെയ്തത്. നമ്മുടെ മാനസിക അസ്വാസ്ഥ്യങ്ങളും അശാന്തതയും വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം ഇതൊക്കെത്തന്നെയാണ്. അതിനെല്ലാം പുറമെ മറ്റു ചില പ്രധാന കാരണങ്ങളും അതിന്റെ പിന്നിലുണ്ട്:

1- നമ്മുടെ ജീവിതത്തിലെ ദൈവിക കല്‍പനകളുടെ അഭാവം: പലയിടത്തും അല്ലാഹു അതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ഖുദ്‌സിയായ ഒരു ഹദീസാണ്: ‘അറിയുക, അല്ലാഹു നിനക്കായി മുന്നേ കരുതി വെച്ചതല്ലാതെ, സമൂഹം മുഴുവന്‍ ഒരുമിച്ച് നിന്നെ സഹായിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് നിന്നെ സഹായിക്കാന്‍ സാധ്യമാകില്ല. അല്ലാഹു നിന്റെ മേല്‍ എഴുതിവെച്ചതല്ലാതെ, സമൂഹം മുഴുവന്‍ നിന്നെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് നിന്നെ ബുദ്ധിമുട്ടിക്കാന്‍ സാധ്യമാകില്ല’. എല്ലാവരും അത് പഠിച്ചവരും മനപ്പാഠമാക്കിയവരുമാണെങ്കിലും ജീവിത ചര്യകള്‍ക്കിടയില്‍ ആരാണ് അതിനെക്കുറിച്ചെല്ലാം ചിന്തിക്കാറുള്ളത്? ഒരു പ്രതിസന്ധിയെത്തുമ്പോള്‍ ആ ഹദീസില്‍ പറഞ്ഞ കാര്യങ്ങള്‍ ആലോചിച്ച് സമാധാനം കൈകൊള്ളുന്നവര്‍ ആരാണുള്ളത്?

2- ജനങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പോലെ വളര്‍ന്ന അസൂയ: സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നതിലേക്ക് അത് ജനങ്ങളെ കൊണ്ടെത്തിച്ചു. വലിയൊരു പ്രതിസന്ധിയാണ് അത് ഉണ്ടാക്കിത്തീര്‍ക്കുന്നത്. എല്ലാവരുടെയും കണ്ണുകള്‍ മറ്റുള്ളവരിലേക്ക് മാത്രമാണ് നീളുന്നത്. എന്നാല്‍ നമ്മുടെ അവസ്ഥയെന്താണ്? മറ്റുള്ളവര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹം നോക്കി മനസ്സ് അസ്വസ്ഥമാക്കിയും ക്ഷീണിപ്പിച്ചും നീ നിന്റെ ആയുസ്സിനെ നശിപ്പിച്ച് കളയുന്നത് എന്തൊരു കഷ്ടമാണ്. അല്ലാഹു നിന്നില്‍ സംവിധാനിച്ച അനേകം അനുഗ്രഹങ്ങളെ എന്തുകൊണ്ട് നീ മറന്നു പോകുന്നു? മുആവിയ(റ) മകനോട് പറയുന്നുണ്ട്: മകനേ, നീ നിന്നെയും അസൂയയെയും സൂക്ഷിക്കണം. നിന്റെ ശത്രുവില്‍ സ്വാധീനം ഉണ്ടാക്കുന്നതിനെക്കാളും മുമ്പേ അത് നിന്നെ ബാധിക്കും. അഥവാ, അതിന്റെ ഭവിഷ്യത്ത് ശത്രുവിനെക്കാളും മോശമായി ബാധിക്കുക നിന്നെയാണ്.

3- ആത്മ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന തോന്നല്‍: ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യമില്ലാതിരിക്കുമ്പോഴാണ് അങ്ങനെ അനുഭവപ്പെടുന്നത്. തനിക്ക് പ്രാഗല്‍ഭ്യവും വൈദഗ്ദ്ധ്യവും ഇല്ലാത്ത മേഖലകളില്‍ അനാവശ്യമായി ഇടപെടുമ്പോഴും യാതൊരു ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത ജീവിതമാണ് എന്റേതെന്ന ചിന്ത വരുമ്പോഴുമൊക്കെയാണ് സ്വയം നഷ്ടപ്പെട്ടെന്ന തോന്നലുകള്‍ നമ്മെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.  ആത്മ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായേക്കാവുന്ന എല്ലാ പ്രവര്‍ത്തികളിലും ഇടപെട്ട് അവസാനം അസ്വസ്ഥനാകുന്നത് കൊണ്ടോ വിഷമിക്കുന്നത് കൊണ്ടോ യാതൊരു പ്രയോചനവുമില്ല. ആത്മവിശ്വാസം തിരിച്ചു പിടക്കുകയും മനസ്സിന് ശാന്തിയും സമാധാനവും സദാ കൈവരിക്കാനാകുന്ന പ്രവൃത്തികളില്‍ വ്യാപൃതരാകുകയും ചെയ്യുകയെന്നതാണ് പരിചയസമ്പന്നനും സ്‌നേഹനിധിയുമായ ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ട് എനിക്ക് അവരോട് പറയാനുള്ളത്. പിന്നെ ആര്‍ക്കും നിങ്ങളെ പരാജയപ്പെടുത്താനോ നിരാശരാക്കാനോ സാധിക്കുകയില്ല. ജീവിതത്തിന് കൃത്യവും വ്യക്തവുമായ ലക്ഷ്യങ്ങളുള്ള ആളുകളില്‍ പത്തില്‍ ഏഴ് പേരും അവരുടെ ജീവിതത്തില്‍ സന്തുഷ്ടരാണെന്നതാണ് പുതിയ പഠനങ്ങള്‍. അതേസമയം തന്നെ ജീവിത ലക്ഷ്യമില്ലാത്ത പത്തില്‍ ഏഴ് പേരും തങ്ങളുടെ ജീവിതം കൊണ്ട് അസംതൃപ്തരുമാണ്.

4- അല്ലാഹു പറയുന്നു: ‘എന്റെ സന്ദേശത്തെ അവഗണിച്ചുകളയുന്ന ഒരാള്‍ക്ക് നിശ്ചയം, സങ്കുചിത ജീവിതമാണുണ്ടാവുക’. മാനസിക അസ്വസ്ഥതയും സങ്കുചിതത്വവുമാണ് സങ്കുചിത ജീവിതമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഖുര്‍ആന്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നുണ്ട്. സത്യനിഷേധികള്‍ക്ക് ഇഹലോകത്ത് അല്ലാഹു അനുഗ്രഹം ഓശാരമായി നല്‍കും. സ്ഥാനവും മാനവും അധികാരവും സമ്പത്തും നല്‍കും. പക്ഷെ, സൂക്ഷ്മശാലിയായ ഒരു സത്യവിശ്വാസിയുടെ മനശ്ശാന്തി ഒരിക്കലും അവന് ലഭ്യമായെന്ന് വരില്ല. ദിവ്യ സ്മരണയെത്തൊട്ട് തിരിഞ്ഞുകളയുന്ന പാപിയുടെ അവസ്ഥയും അങ്ങനെത്തന്നെയാണ്. ദിവ്യ പാതയിലേക്ക് പശ്ചാത്തപിച്ച് മടങ്ങും വരേക്കും അവന് മനസ്സംഘര്‍ഷങ്ങളും മാനസിക അസ്വസ്ഥതകളും മാത്രമായിരിക്കും കൂട്ട്.

5- ജീവിതത്തില്‍ സഹിഷ്ണുത, സ്‌നേഹം, ശുഭചിന്ത തുടങ്ങിയവയുടെ അഭാവം: മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം ഇവയെല്ലാം പെരുമാറ്റ രീതികളുടെയും സ്വഭാവ വൈശിഷ്ട്യങ്ങളുടെയും അടിസ്ഥാന ഘടകങ്ങളാണ്. അവയുടെ അഭാവമാണ് ഇന്ന് നാം കാണുന്ന പോലെയുള്ള പരസ്പര സനേഹബന്ധങ്ങളിലെ പിരിമുറുക്കങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും. ഇബ്‌നു സിമാക് എന്ന പ്രഭാഷകന്റെ അടുത്തേക്ക് ഒരാള്‍ വന്ന് പറഞ്ഞു: നാളത്തെ നമ്മുടെ കൂടിക്കാഴ്ച പരസ്പര ആക്ഷേപമായിത്തീരും. അന്നേരം ഇബ്‌നു സിമാക് അയാളോട് പറഞ്ഞു: ഇല്ല സഹോദരാ, നാളത്തെ നമ്മുടെ കൂടിക്കാഴ്ച ക്ഷമാപണമായിത്തീരും. എത്ര സുന്ദരും മനോഹരവുമാണ് അദ്ദേഹത്തിന്റെ മറുപടി. ഇങ്ങനെ മറുപടി കൊടുക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഹൃദയം എത്രമാത്രം ശാന്തമായിരിക്കും. പ്രവാചകന്‍ മുഹമ്മദ്(സ്വ) ഒരിക്കല്‍ സ്വാഹാബികളോട് ചോദിച്ചു: ‘എന്തുകൊണ്ട് നിങ്ങള്‍ക്ക് അബൂ ളംളമിനെപ്പോലെ ആകാന്‍ സാധ്യമാകുന്നില്ല? വീട്ടില്‍ നിന്നിറങ്ങിയാല്‍ അദ്ദേഹം പറയും: അല്ലാഹുവേ, നീ എനിക്ക് നല്‍കിയ ജീവിത കാരുണ്യ വാഗ്ദാനങ്ങളും അനുഗ്രഹങ്ങളുമെല്ലാം ഞാന്‍ നിന്റെ മുസ്‌ലിം ആരാധകര്‍ക്ക് ദാനം നല്‍കുന്നു’. അല്ലാഹുവാണ് സത്യപാത കാണിച്ചു തരുന്നവനും അതിലൂടെ വഴിനടത്തുന്നവനും.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles