Current Date

Search
Close this search box.
Search
Close this search box.

വിവാഹപൂര്‍വ കൗണ്‍സിലിംഗ് ആവശ്യമാവുന്നത്..

വിവാഹപൂര്‍വ കൗണ്‍സിലിംഗ് സജീവമായി സമുദായത്തിനകത്ത് സംഘടിപ്പിക്കപ്പെടുന്നുണ്ട്. മറ്റൊരു വീട്ടിലേക്ക് ചെന്ന് കയറുന്ന പെണ്ണിന് പെരുമാറ്റ മര്യാദകള്‍ ട്രെയിനിംഗ് കൊടുക്കേണ്ടി വരുന്നതിന്റെ കാരണങ്ങളില്‍ ഒന്ന്, തല മുതിര്‍ന്ന ഉമ്മൂമ്മമാര്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്സുള്ളവരല്ല, ന്യൂ ജനറേഷന്‍ എന്നതാണ്. പഴയ പെണ്ണുങ്ങളെപ്പോലെ വീട്ടിലെ ജോലികളില്‍ മാത്രം ശ്രദ്ധിച്ചിരുന്നവരുമല്ല, മിക്കവരും ഹോസ്റ്റലുകളില്‍ നിന്ന് കല്യാണ വീടുകളിലേക്ക് ചേക്കേറുന്നവരായിരിക്കും. പാളിച്ചകള്‍ സ്വഭാവികമാണല്ലോ.. അവിടെയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗിന്റെ സ്ഥാനം.

മടിയാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്‌നം.’പുത്തനച്ചി പെരപ്പുറം തൂക്കും’ എന്ന പഴംചൊല്ലില്‍ പതിരില്ല. കെട്ടി കൊടുന്നതിന്റെ പിറ്റേ ദിവസം റൂമില്‍ നിന്ന് പുറത്തിറങ്ങാത്ത മരുമകള്‍ ആ കുടുംബത്തിന് നല്‍കുന്നത്, വരും കാലങ്ങളില്‍ തന്റെ രീതികള്‍ ഇങ്ങനെ ആയിരിക്കും എന്ന മുന്നറിയിപ്പാണ്.

മുറ്റ മടിക്കുന്ന ചൂല്‍ കൈ കൊണ്ട് തൊടില്ല, ബാത്‌റൂം കഴുകാന്‍ അറപ്പ്, വീട് അടിച്ചു വാരി വൃത്തിയാക്കാനോ, പാത്രം കഴുകലോ നമ്മുടെ ഉത്തരവാദിത്തമല്ല എന്ന ഭാവം. നമ്മള്‍ വല്ല കൂട്ടാനിനോ കറിക്കോ അരിയാം എന്ന നിലപാടാണെങ്കില്‍ ഭാവി ജീവിതത്തില്‍ വല്ലാതെ വിയര്‍ക്കും.

സുബ്ഹിന് എഴുന്നേല്‍ക്കാത്ത പെണ്ണുങ്ങള്‍, എട്ട് മണിയോടടുത് എഴുന്നേറ്റു വരുന്നവര്‍, ഇവര്‍ക്കൊക്കെ തന്റെ കുടുംബത്തിന് എങ്ങനെ നല്ല നാഥമാരാകാന്‍ കഴിയും?. പുലര്‍ച്ചെ ഉണരുന്ന വീട് അനുഗ്രഹത്തിന്റേതാണ്, അതിന് വീട്ടിലെ പെണ്ണ് വിചാരിക്കണം.

എല്ലാ ജോലികളും ചെയ്യാനറിയണം, പത്തിരി, ചപ്പാത്തി പരത്തലടക്കം, നല്ല ദോശ ചുടലും ബിരിയാണി വെക്കലും അതില്‍പ്പെടും. അവ ചെയ്ത് നോക്കാനുള്ള മനസ്സുണ്ടാകണം. അല്ലാത്തപക്ഷം, നാലാള്‍ കൂടുമ്പോള്‍ കൈ വിറക്കും.

നല്ല പണിയുള്ള സമയങ്ങളില്‍, പ്രത്യേകിച്ച് രാവിലെ മുതല്‍ ഉച്ചവരെ രാത്രി ഒരു എട്ടര ഒന്‍പത് മണി വരെ റൂമില്‍ ഒരു കാരണവശാലും കുറ്റിയിട്ടിരിക്കുന്ന അവസ്ഥ ഉണ്ടാവരുത്. അത് ഒപ്പമുള്ളവരെ മുഷിപ്പിക്കും.

വീട്ടില്‍ മരുമക്കളായി തന്നെക്കൂടാതെ വേറെയും അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം പരിഗണിക്കണം. സഹോദരിമാരാണെങ്കിലും ഒരുമ്മ പെറ്റ മക്കള്‍ തന്നെ സഹിഷ്ണുത ഇല്ലാത്ത കാലമാണിതെന്ന ഓര്‍മ്മയിലുണ്ടാവണം. അത് കൊണ്ട് തന്നെയാണ് കെട്ടികൊണ്ടു വന്ന പെണ്ണുങ്ങള്‍ തമ്മിലെ അടി നാട്ടുകാര്‍ക്ക് ഊറി ചിരിക്കാനുള്ള വകയാകുന്നത്.

കണക്കു വെക്കാതെ പണിയെടുക്കാനുള്ള മനസ്സുണ്ടാകണം. എടുത്തു തീര്‍ക്കാനുള്ളവ പെട്ടെന്ന് ചെയ്ത് വെച്ചാല്‍ അത് നമ്മെ കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കും. നമ്മുടെ വീടാണ്, കുട്ടികള്‍ മുതിര്‍ന്നാല്‍, സ്വന്തമായ വീടിനു ഗൃഹനായികയായാല്‍ ഒറ്റക്ക് ചെയ്യേണ്ടതാണെന്ന ബോധം ഉണ്ടാവണം. അതിനുള്ള പരിശീലനം കൂടിയാണ് കൂട്ടു കുടുംബത്തിലെ ജീവിതം. അതല്ല,ഏത് പണിയും മുഴുവനാക്കാന്‍ ഒരാളെ കാത്തിരിക്കുകയാണെങ്കില്‍, അയാള്‍ മറ്റുള്ളവരുടെ മുന്നില്‍ തീരെ ചെറുതാണ്.

എല്ലാത്തിലും പുറമെ, നാം എന്താണ്? നമ്മുടെ ചുറ്റുമുള്ളവര്‍ നമുക്കിട്ട മാര്‍ക്ക് എത്രയാണ് ?എന്ന ധാരണയില്ലാതെ ഓവര്‍ സ്മാര്‍ട്ടാവാന്‍ ശ്രമിച്ചാല്‍ അല്പത്തമായിപ്പോകും, എന്ന് പുതിയ വീട്ടിലേക്ക് കയറി ചെല്ലുന്ന ഓരോ പെണ്ണും മനസ്സിലാക്കണം.

നിസ്സാരമെന്ന് തോന്നുന്ന പ്രശ്‌നങ്ങളായിരിക്കും വീട്ടിലെ പെണ്ണുങ്ങളുടേത്. പക്ഷെ ,അത് അപ്പപ്പോള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കാലമധികം വൈകാതെ,ആണ്മക്കള്‍ തമ്മിലെ കലഹ മായത് മാറാനും കുടുംബത്തിന്റെ അടിവേരറ്റുപ്പോകാനും വേറെ കാരണം തിരയേണ്ടി വരില്ല. കുടുംബമല്ലേ. അതങ്ങനെ നടന്നുപോയ്‌ക്കോളും എന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാഗവും. അതെ സമയം, നായകത്വം നല്‍കാനും നിര്‍ദേശങ്ങള്‍ നല്‍കി കൊണ്ടുപോകാനും പറ്റിയ ഒരു ശക്തമായ സാന്നിധ്യം വീട്ടിലില്ലെങ്കില്‍, കുടുംബം വന്‍ പരാജയമാകും.

കുടുംബത്തിന്റെ നിലനില്‍പ്പ് എല്ലാവരുടെയും ബാധ്യതയാണ്.അതുകൊണ്ട് തന്നെ തങ്ങളുടെ സ്വകാര്യ ഇടങ്ങളില്‍ ഓരോ അവലോഗനങ്ങള്‍ നടക്കട്ടെ. ഒരു വീട്ടില്‍ ചെയ്യാനുള്ള ജോലികള്‍ എന്തൊക്കെ? അതില്‍ ഏതിലെല്ലാം ഞാന്‍ ഭാഗവാക്കായി? ഏത് സമയത്തിനുള്ളില്‍ ചെയ്തു? എന്നൊക്കെ.., ഇത് കുടുംബത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. നമുക്ക് ഇന്നത്തെ തെറ്റുകളില്‍ നിന്ന് നാളെത്തെ ശരികളെ തേടാമല്ലോ.

Related Articles