Current Date

Search
Close this search box.
Search
Close this search box.

മധുരമുള്ള പെരുമാറ്റം

മുഹമ്മദ് നബി(സ) അരുള്‍ ചെയ്യുന്നു: ‘സദ്ഗുണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഇവയത്രെ: നിന്നോട് പിണങ്ങിയവനോട് നീ ഇണങ്ങുക, നിനക്ക് വിലക്കിയവന് നീ നല്‍കുക, നിന്നെ ശകാരിച്ചവനോട് നീ സൗമനസ്യം കാണിക്കുക’ (അഹ്മദ്) മനുഷ്യ ബന്ധങ്ങളുടെ ഉദാരമായ ആവിഷ്‌കാരമാണ് ഈ നബി വചനം. മതത്തെ ആചാര ങ്ങളില്‍ മാത്രം തളച്ചിടുന്നവര്‍ക്ക് പ്രവാചകന്‍ ഈ വരികളിലൂടെ കൃത്യമായ ദിശാബോധം നല്‍കുകയും ചെയ്തിരിക്കുന്നു. പൊതുവേ ദുര്‍ബലരോടും രോഗികളോടും വൃദ്ധന്മാരോടും സ്ത്രീകളോടും കുട്ടികളോടുമാണ് നാം നന്നായി പെരുമാറാന്‍ ശ്രമിക്കാറ്. തീര്‍ച്ചയായും അത് വേണ്ടത് തന്നെയാണ്. എന്നാല്‍ ഏത് മനുഷ്യനും സാധിക്കുന്ന കാര്യമാണത്.

അതേയവസരം ഏതോ കാരണത്താല്‍ നാം ‘ശത്രുപക്ഷത്ത്’ പ്രതിഷ്ഠിച്ച ചില മനുഷ്യരുണ്ടാവും. അക്കാര്യത്തില്‍ ന്യായം നമ്മുടെ പക്ഷത്ത് തന്നെയാവും. പക്ഷെ അങ്ങനെയുള്ളവരുമായിപ്പോലും തികഞ്ഞ ഉദാരതയോടെ വര്‍ത്തിക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ജീവിതത്തിന്റെ മഹാപ്രവാഹത്തിന്നിടയില്‍ സ്ഥിരമായി പിണങ്ങി നില്‍ക്കാന്‍ നമുക്ക് പാടുള്ളതല്ല. ‘സ്വന്തം ആള്‍ക്കാരോ’ട് മാത്രം നന്നായി പെരുമാറുകയും മറ്റുള്ളവരെ കാണുന്ന മാത്രയില്‍ മുഖം തിരിക്കുകയും ചെയ്യുന്നത് ചീത്ത സംസ്‌കാരമാണ്.

എല്ലാ മനുഷ്യരെയും പരിഗണിക്കുകയും അവര്‍ നമ്മോട് കാട്ടിയ അരുതായ്മകള്‍ക്ക് മാപ്പും വിട്ടുവീഴ്ചയും നല്‍കുകയും വേണം. ആര്‍ക്കും അടുക്കാന്‍ കഴിയുംവിധം നാം ‘ഫ്‌ളക്‌സിബ്ള്‍’ ആവണം. ശരീരത്തിലെ അഴുക്കിനേക്കാള്‍ മനസ്സിന്റെ അഴുക്ക് നീക്കാന്‍ നാം തയ്യാറാവണം. ശരീര ഭംഗിയേക്കാള്‍ മനസ്സിന്റെ ഭംഗിക്ക് പ്രധാനം നല്‍കണം. ഉള്ളില്‍ നിന്നാണല്ലോ നാം രൂപപ്പെടുന്നത്. അകത്ത് മനുഷ്യസ്‌നേഹം നിറക്കണം.’ആരും അന്യരല്ലാ’യെന്ന ബോധം നമ്മെ ഭരിക്കണം. അപ്പഴേ ഉപര്യുക്ത നബിവചനം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കൂ.

Related Articles