Current Date

Search
Close this search box.
Search
Close this search box.

ഗർഭാവസ്ഥയിലെ അമ്മയും കുഞ്ഞും

ഈ പ്രപഞ്ചത്തിലെ ജീവനുള്ള എല്ലാ ജീവികളും സ്നേഹവും പരിചരണവും കൊതിക്കുന്നുണ്ട്. പ്രകൃതിയുടെ മടിത്തട്ടിലേക്ക് പിറവിയെടുക്കുമ്പോൾ പ്രകൃതിയുടെ ധർമ്മമായി മാറുകയാണ് ഓരോ കുഞ്ഞും പരിചരിക്കപ്പെടണമെന്നത്. ഓരോ ജീവികളും പ്രകൃതിയാൽ തന്നെ പരിചരിക്കപ്പെടുന്നുമുണ്ട് അതോടൊപ്പം സ്വവർഗ്ഗത്തിൽപ്പെട്ട ജീവികൾക്കിടയിൽ പരസ്പരകൂട്ടായ്മയും അവർ അന്യോന്യം പരിരക്ഷയും പരിചരണവും നൽകുന്നത് നമുക്ക് ദർശിക്കാൻ കഴിയും

സ്നേഹിക്കുക സ്നേഹിക്കപ്പെടുക, പരസ്പരം കെയറിങ് ചെയ്യുക എന്നതെല്ലാം മനുഷ്യരുടെയും അടിസ്ഥാന സ്വഭാവത്തിൽ അലിഞ്ഞു ചേർന്നു കിടക്കുന്ന ഒന്നാണ്. ഒറ്റപ്പെട്ട ജീവിതം നയിയ്ക്കാൻ മനുഷ്യർക്ക് കഴിയാത്തതിന്റെ കാരണവും അതാവാം.

തന്നെ സ്നേഹിക്കുന്നവരുടെ സാമിപ്യവും കെയറിങ്ങും ആഗ്രഹിക്കാത്ത ഏത് മനുഷ്യരാണ് ഈ ഭൂമിയിൽ ഉള്ളത്?? ഭക്ഷണം, പാർപ്പിടം, ജീവവായു തുടങ്ങീ ജീവിക്കാൻ തക്ക അനുകൂല സാഹചര്യങ്ങളും അല്പം കെയറിങ്ങും ലഭിച്ചാൽ ഏത് ജീവിയും ഈ ഭൂമുഖത്ത് അതിജീവിച്ചുപോകും.

അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ അല്ലെങ്കിൽ ഭ്രൂണത്തെ ഇന്നുവരെ മനുഷ്യനിർമ്മിതമായ എല്ലാ സാങ്കേതികതയ്ക്കും വെല്ലുവിളിയെന്ന പോലെ അത്രയും അഡ്വാൻസ്ഡ് ആയ സജ്ജീകരണങ്ങൾ ഒരുക്കിയാണ് അതീവ സൂക്ഷ്മതയോടെയും കരുതലോടെയും പ്രകൃതി അതിനെ അമ്മയുടെ കൊച്ചു ഗർഭപാത്രത്തിനുള്ളിൽ വെച്ചുകൊണ്ട് പരിചരിക്കുന്നത്. അതേ സമയം പ്രസവം വരെ യാതൊരു കേടുപാടുകൾ വരുത്താതെയും ഭ്രൂണത്തിന്റെ യഥാർത്ഥ വളർച്ചയെ തടസ്സപ്പെടുത്താതെയും സംരക്ഷിക്കാൻ ബാഹ്യലോകവും സജ്ജമാകേണ്ടതുണ്ട്. അതായത് ബാഹ്യലോകത്തെ പരിതസ്ഥിതി കൂടെ അനുകൂലമായി വർത്തിച്ചില്ലെങ്കിൽ ഭ്രൂണത്തിന്റെ അതിജീവനം അല്ലെങ്കിൽ ഒരു കുഞ്ഞിന്റെ ജനനം സാധ്യമല്ല എന്ന് അർത്ഥം.

കുഞ്ഞിന്റെ ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങൾ അമ്മയുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതിലും ഡോക്ടർ പറയുന്ന പ്രകാരം സമയാസമയത്ത് വേണ്ട പരിശോധനകൾ നടത്തുന്നതിലും ഒരുപക്ഷേ നമ്മൾ വേണ്ടത്ര ജാഗ്രത പുലർത്തുന്നുണ്ടാവാം. പക്ഷെ ആ കാലയളവിൽ ഒരു അമ്മയ്ക്ക് കിട്ടേണ്ട മാനസികമായ സുരക്ഷിതത്വത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും അപ്പോഴും നമ്മൾ നിരക്ഷരരായി കാണപ്പെടുന്നു, കുഞ്ഞിന്റെ വ്യകിത്വത്തെയാണ് അത് ബാധിക്കുന്നത്. ഗർഭകാലത്ത് അമ്മ കടന്നുപോകുന്ന വൈകാരികമായ അവസ്ഥകൾ കുഞ്ഞിലേക്കും പടരുന്നുണ്ട്, ഭീതിയോ, മാനസിക സംഘർഷാവസ്ഥകളോ മൂലം അമ്മയിലുണ്ടാവുന്ന മാറ്റങ്ങൾ എന്നുവെച്ചാൽ പേശികൾ മുറുകുന്നതും ഹൃദയമിടിപ്പിൽ ഉണ്ടാവുന്ന വ്യതിയാനവും എല്ലാം കുഞ്ഞിന് തിരിച്ചറിയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.

ഗർഭിണിയായിരിക്കെ ഇത്തരം മാനസിക സമ്മർദ്ദങ്ങളിലൂടെയും വിഷാദത്തിലൂടെയും കടന്നുപോകുന്ന അമ്മമാരുടെ കുഞ്ഞുങ്ങളിൽ ജനിച്ചു കഴിഞ്ഞ ശേഷം മനസികമായ വളർച്ചകുറവോ, അസ്വാസ്ഥ്യങ്ങളൊക്കെ കണ്ടു എന്നിരിക്കാം. ഉദാഹരണം വേണമെങ്കിൽ നമ്മുടെ കണ്മുന്നിൽ തന്നെ ഉണ്ടാവും അത്തരം കുഞ്ഞുങ്ങൾ. ഒരുപക്ഷേ നമുക്ക് അവരെ നേരിട്ട് കാണ്ടെത്താനോ തീർച്ചപ്പെടുത്താനോ കഴിഞ്ഞെന്നു വരില്ലെന്ന് മാത്രം. പഠനങ്ങൾ നടത്തിക്കഴിഞ്ഞാൽ അറിയാം.

മാനസിക പിരിമുറുക്കങ്ങളെ എല്ലാ സ്ത്രീകൾക്കും ഒരേപോലെ അഭിമുഖീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. എല്ലാ സ്ത്രീകളിലും ഒരേപോലെ സഹനശക്തിയോ മനോധൈര്യമോ ഉണ്ടായിക്കൊള്ളണമെന്നും ഇല്ല. അതിനാൽ മാനസിക വിഭ്രാന്തിയും ടെൻഷൻസും ഭയവും ആധിയും സൃഷ്ടിക്കുന്ന അവസ്ഥകളിൽ നിന്ന് ഗർഭിണിയായ ഒരു സ്ത്രീയെ സംരക്ഷിക്കേണ്ടത് വളരെ അനിവാര്യമാണ്. അങ്ങനെയൊരവസരത്തിൽ കടുത്ത സമ്മർദ്ദത്തിലൂടെ കടന്ന് പോവാൻ ഇടയുള്ളതിനാൽ അത് ഗർഭപാത്രത്തിനകത്തിരിക്കുന്ന കുഞ്ഞിനേയും ബാധിച്ചേക്കും.

അതേപോലെ ബാഹ്യലോകത്ത് നടക്കുന്ന സംസാരങ്ങളും ശബ്ദങ്ങളും കുഞ്ഞ് ഗര്ഭപാത്രത്തിനകത്ത് ഇരിക്കെ തന്നെ കേൾക്കുകയും റെസ്പൊൺസ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. പതിവായി കേൾക്കുന്ന ശബ്ദങ്ങളെ അച്ഛന്റെയും അമ്മയുടെയൊക്കെ ശബ്ദത്തെ കുഞ്ഞുങ്ങൾ അപ്പോൾ തന്നെ തിരിച്ചറിയുന്നുണ്ടെന്നാണ്. അങ്ങനെ പ്രസവാനന്തരം ജീവിക്കാനുള്ള പരിസ്ഥിതിലേക്ക് എളുപ്പം ഇണങ്ങിച്ചേരാനും ഇടപഴകാനും ഇത് കുഞ്ഞിനെ സഹായിക്കുന്നു.

ഗർഭിണികളായ സ്ത്രീകൾ പാട്ട് കേൾക്കുന്നതും സംഗീതം ആസ്വദിക്കുന്നതും വയറിനകത്തിരിക്കുന്ന കുഞ്ഞിനോട് സംസാരിച്ചുകൊണ്ട് ഇരിക്കുന്നതും വയറിൽ തലോടി താരാട്ട് പാടിക്കൊടുക്കുന്നതും കുഞ്ഞിനും അമ്മയ്ക്കും സന്തോഷം പകരും. മാത്രമല്ല ഇതൊക്കെ അമ്മയ്ക്ക് പൊസിറ്റീവ് എനർജിയും നൽകും.

പൊസിറ്റീവ് എനർജി നൽകുന്ന പുസ്തകങ്ങൾ വായിക്കുന്നത് ഗർഭിണികൾക്ക് നല്ല ഗുണം ചെയ്യും. ഗർഭം സുഗമമാവാനുള്ള വ്യായാമ മുറകൾ ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച ശേഷം ചെയ്യാവുന്നതാണ്. ബ്രീത്ത് എക്സർസൈസ് ഉത്തമം തന്നെ. അത് എപ്പോഴും ഉർജ്ജസ്വലതയോടെ ഇരിക്കാനും സന്തോഷവതിയായി ഇരിക്കാനും സഹായിക്കും.

Related Articles