Current Date

Search
Close this search box.
Search
Close this search box.

പരദൂഷണം ധാര്‍മികതയെ നശിപ്പിക്കും

നിങ്ങള്‍ അയല്‍ക്കാരനില്‍ നിന്നും കേള്‍ക്കാന്‍ രസമുള്ള ഒരു തമാശ കേള്‍ക്കുന്നു. അവന്‍ അത് ഒരു സുഹൃത്തില്‍ നിന്നും കേട്ടതാണ്. സുഹൃത്തിനാകട്ടെ അത് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചതാണ്. ഇത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അവന്‍ അതില്‍ എരിവും പുളിയും ചേര്‍ത്തിരുന്നു. ഇപ്പോള്‍ ഈ ഗോസിപ്പ് നഗരത്തില്‍ മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നു. ഇത് ഒരു പരിചിതമായ സംഭവമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ?.

അപവാദപ്രചാരണം അപകടകരവും ദോഷകരവുമാണ്. അത് സമൂഹത്തിന്റെ അടിസ്ഥാനപരമായ സദാചാരത്തെ നശിപ്പിക്കുന്നു. വിവിധ കാരണങ്ങളാലാണ് ജനങ്ങള്‍ അപവാദപ്രചാരണങ്ങള്‍ നടത്താറുള്ളത്. അസൂയ കാരണവും താന്‍ മറ്റുള്ളവരേക്കാള്‍ ഉന്നതനാണെന്ന് ചിന്തിക്കുന്ന ആളുകളും,ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും,മറ്റുള്ളവരോട് പ്രതികാരം ചെയ്യാനും തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ക്കായാണ് ആളുകള്‍ പരദൂഷണം നടത്താറുള്ളത്.

നമ്മുടെ പ്രവൃത്തികള്‍ക്കെല്ലാം നാം ഉത്തരവാദികളാണെന്നും അല്ലാഹുവിന്റെ കോടതിയില്‍ ഇതെല്ലാം ബോധിപ്പിക്കേണ്ടതുണ്ടെന്നും നാം ഇടക്കിടെ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കണം. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും. (49:6).

ഒരിടത്ത് ഒരു അപവാദ പ്രചാരണം നടത്തുന്നയാളുണ്ടായിരുന്നു. മറ്റുള്ളവരെക്കുറിച്ചായിരുന്നു അദ്ദേഹം എല്ലായിപ്പോഴും സംസാരിക്കാറുള്ളത്. ഇതിന് തടയിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് അറിയുന്നരെക്കുറിച്ചും അറിയാത്തവരെക്കുറിച്ചും കേട്ട കഥകളെല്ലാം അയാള്‍ തന്റെ സുഹൃത്തുക്കളോട് വിവരിക്കും. കച്ചവടക്കാരനായ സമയം മുതല്‍ അദ്ദേഹം നിരവധി അപവാദങ്ങളും കഥകളും കേട്ടിരുന്നു. അതെല്ലാം സത്യമാണോ കളവാണോ എന്നൊന്നും അദ്ദേഹം അന്വേഷിച്ചിരുന്നില്ല. അദ്ദേഹം പരദൂഷണങ്ങള്‍ പറയുമ്പോള്‍ തനിക്ക് ലഭിക്കുന്ന ശ്രദ്ധയെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. ഇത്തരം കഥകള്‍ കൂടുതല്‍ രസകരമാക്കാന്‍ തന്റെ വക ചില കൂട്ടിച്ചേര്‍ക്കലുകളും അദ്ദേഹം നടത്തിയിരുന്നു. മാത്രമല്ല, അദ്ദേഹം വളരെ സന്തോഷവാനുമായിരുന്നു. ഇതെല്ലാം തെറ്റാണെന്ന് അയാള്‍ക്കറിയാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇത് വളരെ പ്രലോഭനമുള്ളതായി മാറിയിരുന്നു.

ഒരു ദിവസം മറ്റൊരു കച്ചവടക്കാരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് വിചിത്രമായ എന്തെങ്കിലും അദ്ദേഹം കണ്ടെത്തി. തനിക്കാറിയാവുന്ന കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി അദ്ദേഹം പങ്കിടാന്‍ നിര്‍ബന്ധിതനായി. കേട്ടവര്‍ അത് അവരുടെ സുഹൃത്തുക്കളോട് പറഞ്ഞു. അവര്‍ അവര്‍ക്ക് അറിയാവുന്ന ആളുകളോട് പറഞ്ഞു. അങ്ങനെ ഈ അപവാദം നാടുമുഴുവന്‍ ചുറ്റി സഞ്ചരിച്ചു. അവസാനം കഥയിലെ പ്രധാന കഥാപാത്രമായ കച്ചവടക്കാരന്‍ അറിയുന്നത് വരെ ഇത് ചുറ്റിസഞ്ചരിച്ചു. ഇത്തരത്തില്‍ സത്യമാണോ അല്ലയോ എന്നറിയാതെ അപവാദ പ്രചാരണം നടത്തുന്ന ധാരാളം ആളുകളെ നമുക്ക് ചുറ്റും കാണാം. ഇസ്ലാമില്‍ വളരെ വലിയ പാപമായിട്ടാണ് പരദൂഷണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ സോഷ്യല്‍ മീഡിയ കാലത്ത് പലപ്പോഴും നാം വേണ്ടത്ര ഗൗരവത്തില്‍ എടുക്കാത്ത വിഷയമാണ് ഇത്തരം ഗോസിപ്പുകള്‍. നമ്മുടെ നിസ്സാര പിഴവുകള്‍ പോലും മറ്റുള്ളവരുടെ ജീവിതത്തിന് നല്‍കുന്നത് തീരാനഷ്ടവും ദുരിതവുമായിരിക്കും.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: muslimvillage.com

Related Articles