Current Date

Search
Close this search box.
Search
Close this search box.

വളരൂ ആത്മ വിമർശനത്തിലൂടെ

ചിലർ നടത്തുന്ന തെറ്റിധാരണയുണ്ടാക്കുന്ന ഒരു പ്രസ്താവനയുണ്ട് : “എനിക്ക് ഇന്ന മേഘലയിൽ പത്തു വർഷത്തെ അനുഭവ സമ്പത്തുണ്ട്.” ആ ഇടത്തിൽ പത്തു വർഷം ഉണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ സംസാരം. ഒരു നിശ്ചിത ഇടത്തിൽ വർഷങ്ങളോളം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരാൾ ആ മേഘലയിൽ അനുഭവ സമ്പന്നനാവുന്നില്ല. ഒരു സ്ഥാപന മേധാവി തന്റെ സ്ഥാപനത്തെ കാലികമായ മാറ്റങ്ങൾക്ക് വിധേയമാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ, ഒരു അദ്ധ്യാപകൻ തന്റെ അധ്യാപന രീതിയിൽ നൂതന മാർഗങ്ങൾ അവലംബിക്കുന്നില്ലെങ്കിൽ എല്ലാം അവിടങ്ങളിൽ അനുഭവ സാമ്പത്തില്ലാത്ത കേവലം വർഷം ചിലവഴിക്കാൻ മാത്രമായി പരിമിതപ്പെട്ടുപോകും. മാറ്റങ്ങളും പുരോഗതിയും വികാസവും മനുഷ്യന്ന് അനിവാര്യമായ ഒന്നാണ്. മാറ്റം ഒരിക്കലും മനുഷ്യ പുരോഗതിക്ക് തടസ്സമല്ല, മറിച്ച് വിജയത്തിലേക്കുള്ള ഒരു ഉപകരണമാണത്. മാറ്റത്തിന്റെ പാതയിലെ ഏറ്റവും വലിയ തടസ്സമാണ് ആത്മ വിമർശനത്തിന്റെ അഭാവം. “നിങ്ങൾ നാളെ വിചാരണക്ക് വിധേയമാകും മുമ്പേ സ്വയം വിചാരണ നടത്തുക” എന്ന ഉമർ ( റ ) വിന്റെ പ്രസ്താവന പ്രസക്തമാണ്. ആത്മ വിചാരണയും ആത്മ വിമർശനവും ഒരു വ്യക്തിയെ സ്വന്തത്തോട് എങ്ങിനെ സത്യസന്ധത കാണിക്കണം എന്ന് പഠിപ്പിക്കുന്നു. മാറ്റത്തിന് പ്രേരണ നൽകുന്നു. കുറവുകൾ മറികടന്ന് ഒരു ഘട്ടത്തിലും നിലക്കാതെ, മടികൂടാതെ പോസിറ്റീവായ ജീവിത മാർഗങ്ങളിൽ അഭിമാനിതനായി മുന്നോട്ട് പോകാൻ വ്യക്തിയെ സഹായിക്കുന്നു.
തന്നിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി പരിഹരിക്കാൻ ഏറ്റവും നല്ല മാർഗമാണ് ആത്മ വിമർശനം. എന്നാൽ സ്വയം കുറ്റപ്പെടുത്തലും , സ്വയം വിമർശനവും തമ്മിൽ വ്യത്യാസമുണ്ട്. സ്വയം കുറ്റപ്പെടുത്തൽ നിരാശയിലേക്കും നെഗറ്റീവ് ചിന്താഗതിയിലേക്കും നയിക്കുന്നു.
ആത്മവിമർശനം കൊണ്ട് അർത്ഥമാക്കുന്നത് ഇതാണ് : ഒരാൾ പറയുകയാണ് ” ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തു കൊണ്ടും ഇന്ന ഇന്ന കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ടും അനിവാര്യമായും ഞാൻ വ്യത്യസ്ഥനും ശ്രെഷ്ഠനുമായിത്തീരണം” എന്ന ചിന്താഗതിയാണത്. എന്നാൽ സ്വയം കുറ്റപ്പെടുത്തൽ കൊണ്ടുദ്ദേശിക്കുന്നത് ” എന്റെ ചില ന്യൂനതകൾ കാരണമോ ചില ചെയ്തികൾ കാരണമോ ഞാൻ ഉദ്ദേശിച്ചിടത്ത് എനിക്ക് എന്തായാലും എത്താൻ കഴിയില്ല” എന്ന ചിന്താഗതിയാണത്. ആത്മവിമർശനവും സ്വയം കുറ്റപ്പെടുത്തലും തമ്മിൽ വലിയ അന്തരമുണ്ട്. അതിനിടയിൽ ഒരു നേർത്ത പാളിയാണ് ഉള്ളതെങ്കിലും. അവ രണ്ടും ഒരിക്കലും കൂടിക്കലരാതിരിക്കാൻ നാം പ്രത്യേകം സൂക്ഷിക്കണം. ഡോക്ടർ അബ്ദുൽ കരീം ബക്കാർ പറയുന്നു : ” ആത്മ വിമർശനം ഒരു വ്യക്തിയെ സ്വന്തത്തെക്കുറിച്ച അഹങ്കരിക്കുന്നതിൽ നിന്ന് തടയുകയും ഉയർച്ചയിലേക്ക് വഴി നടത്തുകയും ചെയ്യുന്നു.”

ആത്മ വിമർശനം നടത്തുകയും അത് ശീലമാക്കുകയും ചെയ്യൽ മനുഷ്യന് അനിവാര്യമാണ്. തുടക്കത്തിൽ അത് വലിയ പ്രയാസം സൃഷ്ടിക്കും എന്നത് സ്വാഭാവികം. പക്ഷെ കുഴപ്പമില്ല. അവിടെ നിന്നാണ് ഉയർച്ചയുടെ ആരംഭം. എത്ര ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെങ്കിലും മനുഷ്യൻ ആത്മ വിമർശനത്തിന്റെ വഴിയിൽ പ്രവേശിക്കട്ടെ. ആദ്യം വിമർശനത്തിലൂടെ നേടുന്ന വളർച്ചക്കും പുരോഗതിക്കും തടസ്സം നിൽക്കുന്ന ചില കാര്യങ്ങളുണ്ട്. അവ നമുക്കിങ്ങനെ മനസ്സിലാക്കാം.

1 . സ്വന്തത്തെ മറന്ന് അമിതമായി മറ്റുള്ളവരെ വിമർശിക്കൽ. വ്യക്തി വികാസത്തിന് തടസ്സം നിൽക്കുന്ന ഇത്തരക്കാരെക്കുറിച് പ്രവാചകൻ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വന്തം കണ്ണിലെ അഴുക്ക് കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരടും നോക്കി നടക്കുന്ന ചിലർ. പ്രമുഖ പണ്ഡിതൻ അബ്ദുല്ലാഹിബ്നു മുബാറക്കിനോട് ഒരാൾ ചോദിച്ചു : “താങ്കൾ മറ്റുമുള്ളവരുടെ കുറവുകൾ പറയുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല. കാരണം എന്താ ?”. ഞാൻ എന്നെക്കുറിച്ച് തന്നെ സംതൃപ്തനല്ല എന്നായിരുന്നു മറുപടി. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പുറത്തെടുക്കലും സ്വന്തം കുറവുകൾ തമസ്കരിക്കുകയും ചെയ്യുക എന്നത് മനുഷ്യന്ന് ഭൂഷണമല്ല. മറ്റുള്ളവരെക്കുറിച്ച അമിതമായ മുൻധാരണകൾ കൊണ്ട് നമ്മുടെ കണ്ണുകൾ പൂർണമായും മൂടിപ്പോയാൽ സ്വന്തത്തെക്കുറിച് ചിന്തിക്കേണ്ട ഹൃദയം നിർജീവമാവുന്നു. ഈ സ്വഭാവം മനുഷ്യനെ മറ്റുള്ളവരുടെ രഹസ്യങ്ങൾ ‘ട്രാക്ക് ‘ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. മറ്റുള്ളവരുടെ ന്യൂനതകൾ തിരയൽ മ്ലേച്ഛമാണെന്ന് ദൈവം പറഞ്ഞിരിക്കെ ഇത്തരം വഴി തേടുന്നവർ എത്ര നീചർ.

2 . പുരോഗതിയുടെയും ഉയർച്ചയുടേയും വഴിയിൽ നാം നിർബന്ധമായും ഉപേക്ഷിക്കേണ്ട മറ്റൊരു കാര്യമാണ് സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ. സ്വയം വിമർശനത്തിന് വിധേയമാവുമ്പോൾ നാം ചിന്തിക്കാൻ പാടില്ലാത്ത ചിലതുണ്ട്. മറ്റുള്ളവർ നല്ല നിലയിലായി, എന്നിട്ടും ഞാൻ മാത്രം എന്തെ ഇങ്ങനെ തന്നെ എന്ന ചിന്താഗതിയാണതിൽ പ്രധാനം.
ഓരോരുത്തർക്കും തങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പല ഘടകങ്ങളും സാഹചര്യങ്ങളും ഉണ്ട്. ഇത് ഒരാളുടേതിൽ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമാവാം. അതിനാൽ തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ ഒരിക്കലും ഫലവത്താവില്ല. പകരം നമ്മൾ നമ്മളെ തന്നെ ത്രരതമ്യം ചെയ്യുക. ഉദാഹരണത്തിന്, അഞ്ച് വർഷം മുന്നേ ഞാൻ എത്ര പുസ്തകം വായിച്ചു? ഇപ്പൊ എതല്ലാം വായിക്കുന്നുണ്ട്? ഒരു വർഷം മുന്നേ ഞാൻ എത്ര ഖുർ ആൻ മനഃപാഠമാക്കി? ഇപ്പൊ എത്രയുണ്ട് ? ഒരു വർഷം മുന്നേ ഞാൻ എത്ര പണം നേടി ? ഇപ്പൊ എത്ര നേടുന്നു? ഇപ്രകാരം സ്വന്തം ജീവിതത്തെ കഴിഞ്ഞ കാലവുമായി താരതമ്യം ചെയ്യുമ്പോൾ എവിടെ മാറ്റം വരുത്തണം എന്ന ബോധ്യത്തോടെ പുരോഗതിയിലേക്ക് നീങ്ങാൻ മനുഷ്യന് സാധിക്കുന്നു. നേരെ മറിച്ച് മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ മുതിർന്നാൽ അവരുടെ സ്ഥാനത്തേക്ക് എത്തുന്നതിന് തടസ്സമാവുന്ന കുറെ ന്യായങ്ങൾ കണ്ടെത്തുന്നു. മറ്റുള്ളവർ നമുക്ക് മാതൃകയാണ്. താരതമ്യത്തിനുള്ള മാനദണ്ഡമല്ല. ഗുണകരമായ മാറ്റത്തിനും വളർച്ചക്കും ഉത്തമ പരിഹാരം ഇതാണ് താനും.

3 . ഉയർച്ചയുടെ വഴിയിലെ ഏറ്റവും വലിയ അപകടമായി ഞാൻ കരുതുന്നത് , ന്യായീകരണങ്ങളാണ്.ഏത് കാര്യത്തിനും മുടന്തൻ ന്യായങ്ങൾ പറയാൻ എളുപ്പമാണ്. എന്നാൽ ന്യായീകരിക്കാതെ തെറ്റ് തിരിച്ചറിയാലാണ് ഏറ്റവും വലിയ പ്രയാസവും. ദൈവത്തിന് ഏറ്റവും തൃപ്തി ഉള്ളതും സ്വന്തം വളർച്ചക്ക് ഉപകരിക്കുന്നതും അതാണ്. തബൂക്ക് യുദ്ധത്തിൽ നിന്ന് പിന്മാറിയ മുനാഫിഖുകളുടെ ബാലിശമായ ന്യായീകരണങ്ങൾ അല്ലാഹു സ്വീകരിച്ചില്ല. എന്നാൽ പ്രവാചക സന്നിധിയിൽ വന്ന് തന്റെ കുറ്റം ഏറ്റു  പറഞ്ഞ കഅബ് ബിൻ മാലിക് (റ ) വിന്റെ കാര്യത്തിൽ അല്ലാഹു പിന്നീട് അനുകൂല നിലപാട് അറിയിച്ചു. കള്ളം പറയാതെ ന്യായീകരണങ്ങൾ ചമക്കാതെ അദ്ദേഹം നടത്തിയ തൗബ അല്ലാഹു സ്വീകരിക്കുകയും ചെയ്തു.

ന്യായീകരണം ആത്മ വഞ്ചനയാണ്. സ്വന്തത്തെ തൃപ്തിപ്പെടുത്താൻ സ്വന്തം കുറവുകളെ സ്ഥാപിക്കാൻ ന്യായീകരണങ്ങൾ കൂട്ടുപിടിക്കുന്നവരാണവർ. എന്റെ സാഹചര്യങ്ങൾ കാരണമാണ് എനിക്ക് അറിവ് നേടാൻ ആകാതെ പോയത്, കുടുംബവും കുട്ടികളുമുള്ളതാണ് എനിക്ക് ഖുർആൻ പഠിക്കാൻ തടസ്സമായത്, അദ്ധ്യാപകൻ എനിക്ക് വേണ്ട പരിഗണന നൽകാത്തതിനാലാണ് ഞാൻ പഠനത്തിൽ പിറകിലായത് തുടങ്ങിവയവ അതിൽ ചിലതാണ്.
മുടന്തൻ ന്യായീകരണങ്ങളിൽ നിന്ന് മാറി , ന്യൂനതകൾ തിരിച്ചറിയാലാണ്  വളർച്ചയിലേക്കുള്ള ആദ്യ പടി. ഒരു പക്ഷെ അതിലേക്ക് എത്തുക കുറച്ച് ബുദ്ധിമുട്ടായിരിക്കും. നിരന്തര പരിശീലനത്തിലൂടെ അത് മറികടക്കാൻ നമുക്കാവും. മനസ്സിനെ തൃപ്തിപ്പെടുത്താനും എളുപ്പം നാവു കൊണ്ട് പറയാനും കഴിയുന്നതാണ് ന്യായീകരണങ്ങൾ. ഉഹ്ദിലെ അമ്പെയ്ത്തുകാർ പറഞ്ഞത് , യുദ്ധം കഴിഞ്ഞു എന്ന തോന്നിയതിനാലാണ് തങ്ങൾ ഇറങ്ങി വന്നത് എന്ന വാക്കായിരുന്നു. പറയാൻ എന്തെളുപ്പം. പക്ഷെ അതുണ്ടാക്കിയ നഷ്ടം വളരെ വലുതായിരുന്നു. അവർ മുടന്തൻ ന്യായങ്ങൾ നിരത്താത്തതിനാൽ അല്ലാഹു അവർക്ക് വിട്ടു വീഴ്ച ചെയ്തു കൊടുത്തു. റസൂലിന്റെ കൂടെ പോയി വഴിയിൽ വച്ച് ബാലിശമായ ന്യായങ്ങൾ പറഞ്ഞവരെ അല്ലാഹു ശക്തമായ ഭാഷയിൽ ആക്ഷേപിക്കുന്നുണ്ട്. ഇന്നും എത്രയെത്ര ആളുകളാണ് , ‘കുടുംബവും ധനവും കാരണം തിരക്കിലായിപ്പോയി’ എന്ന വാദങ്ങളിൽ മുട്ടി ദീനീ പ്രബോധന മേഘലയിൽ നിന്നടക്കം വിട്ടു നിൽക്കുന്നത്.

ഇഹപര ജീവിത വിജയത്തിന് ഇത്തരം തടസ്സങ്ങൾ നീക്കി മുന്നേറാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. നൂറുപേരെ കൊലപ്പെടുത്തിയ ആളിന്റെ ചരിത്രം നാം പഠിച്ചതാണ്. തന്റെ സമൂഹമാണ് തന്നെ തെറ്റുകാരനാക്കിയത് എന്ന ന്യായീകരിക്കാതെ തൗബയുടെ മാർഗം സ്വീകരിച്ചു. തനിക്കു നന്നാവാൻ മറ്റൊരു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. വഴിയിൽ വച്ച് റഹ്മത്തിന്റെ മലക്കുകൾ അദ്ദേഹത്തിന്റെ റൂഹിന്  അകമ്പടിയായിപ്പോയി.
ഇപ്രകാരം സ്വന്തത്തെ വിലയിരുത്തി ഉയർച്ച കൈവരിക്കുവാൻ നമുക്കും സാധിക്കണം.

ആത്മ വിമർശനം കുട്ടികളിൽ രൂപപ്പെടുത്താം

തെറ്റുകളിൽ നിന്ന് മാറി പശ്ചാത്തപിച്ച് നന്മയിൽ മുന്നേറുന്നതാണ് ആത്മ വിമർശനത്തിന്റെ കാതൽ. ചെറുപ്പം മുതൽ ഈ ശീലം ഉണ്ടായാൽ വളരുംതോറും സ്വയം വിലയിരുത്തൽ എളുപ്പമാവും. ഈ ശീലമില്ലെങ്കിൽ വലുതാവുമ്പോൾ തെറ്റുകൾ അംഗീകരിക്കാൻ മനുഷ്യന് ബുദ്ധിമുട്ടാവും. അതിനാൽ മാതാപിതാക്കൾ മക്കൾക്ക് പകർന്നു നൽകേണ്ട ചില പാഠങ്ങളുണ്ട്.

1 . എന്തെങ്കിലും തെറ്റ് ചെയ്ത ഉടൻ കുട്ടികളെ ശിക്ഷിക്കാതിരിക്കുക. കുട്ടിയെ അല്ല തെറ്റിനെയാണ് അപലപിക്കേണ്ടത്. ഇത് അവന്റെ വ്യക്തിത്വവും സ്വഭാവവും തിരിച്ചറിയാൻ അവനെ സഹായിക്കുകയും അവനിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു.
2 . ഏതെങ്കിലും തെറ്റ് കുട്ടിയിൽ നിന്നുണ്ടായാൽ നിങ്ങൾ ആ തെറ്റിനെക്കുറിച് അവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവന് സുരക്ഷിതത്വം തോന്നണം. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും, ഏത് വിഷയങ്ങളിലും അഭിപ്രായങ്ങൾക്കുള്ള സാധ്യതയും അവന് മനസ്സിലാവണം.
3 . തെറ്റ് സമ്മതിക്കാനും തെറ്റ് പറ്റിയാൽ ” എന്നോട് ക്ഷമിക്കണം”, “ഐ ആം സോറി ” തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തുവാനും മക്കളെ പഠിപ്പിക്കണം. തെറ്റിനെ ന്യായീകരിക്കാതെ മറ്റുള്ളവരോട് മാപ്പു ചോദിച്ചു ശീലിച്ചാൽ അത് കുട്ടികളിൽ മാറ്റം വരുത്തുമെന്നുറപ്പ്.
4 . കുട്ടി തെറ്റ് ഏറ്റു പറയുന്ന സമയത്ത് , ശിക്ഷയെപ്പേടിച്ചു കളവു പറയും വിധം ശിക്ഷ ഒരിക്കലും കഠിനമാവരുത്. ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ മാതാപിതാക്കൾ കുട്ടിക്ക് ആ തെറ്റിനെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയും ശേഷം മാപ്പ് നൽകുകയും ചെയ്‌താൽ, തെറ്റ് ചെയ്താലും സത്യം മാത്രം പറയാൻ കുട്ടി പ്രതിജ്ഞാ ബദ്ധമായിരിക്കുകയും കുട്ടിക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യും.

വിവ : ഇസ്മാഈൽ അഫാഫ്

Related Articles