Parenting

മക്കളെ ചെറുപ്പത്തിലെ ഉത്തരവാദിത്വ ബോധമുള്ളവരാക്കി വളര്‍ത്താന്‍

ഒന്നിനും കൊള്ളാത്തവന്‍/കൊള്ളാത്തവള്‍ അല്ലെങ്കില്‍ നീ എന്തിന് കൊള്ളും!? ഈ വാക്കുകള്‍ തളര്‍ത്തിക്കളയും ഏതൊരു മനുഷ്യനെയും.

അന്തര്‍മുഖരായ ആളുകള്‍ പൊതുവെ ഒന്നും പുറത്ത് ( വൈകരികതയെ) പ്രകടിപ്പിക്കാത്തത് കാരണം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്. അഹംഭാവിയാണ്, വലിയ വിചാരമാണ്, നമ്മളെയൊന്നും കണ്ടഭാവം നാടിക്കില്ല, വല്ലയിടത്തും വെച്ച് കണ്ടാലോ , വീട്ടില്‍ ചെന്നാലോ ഒന്ന് മിണ്ടുക പോലുമില്ല. മുഖത്ത് നോക്കി ഒന്ന് ചിരിച്ചാല്‍ ആയി എന്താണ് അവന്/അവള്‍ക്ക് മനുഷ്യരെക്കണ്ടാല്‍ ഒന്നു മിണ്ടിയാല്‍… !? എന്നാവും.

ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ല, അതാണ് അവരുടെ ബേസിക്ക് ക്യാരക്ടര്‍. അതിനര്‍ത്ഥം അവര്‍ ഒന്നിനും കൊള്ളാത്തവര്‍ എന്നല്ല. വേണ്ടിടത്ത് പ്രതികരിക്കാനോ, അവശ്യമുള്ളിടത്ത് ഇടപെടാനോ ആളുകളുമായി ഇടപഴകുന്ന കാര്യത്തിലോ ഇവര്‍ പരാജയപ്പെടുന്നെങ്കില്‍.. അവരെ കൂടെ നിന്ന്, ഒരു മാറ്റത്തിന് അവരെ സഹായിക്കാന്‍ മാതാപിതാക്കള്‍ക്കോ ജീവിതപങ്കാളിക്കോ സൗഹൃദങ്ങള്‍ക്കോ കഴിയും.

ഇവിടെ വീട്ടില്‍ മോന്‍ റൈഹാന്‍ അന്തര്‍മുഖനായിരുന്നു. എന്നാല്‍ അനീന ബഹിര്‍മുഖയും. രണ്ടുപേരെയും അവര്‍ അറിയാതെയും അറിഞ്ഞും ഗൈഡന്‍സ് നല്‍കി ചിലതെല്ലാം അവരില്‍ മാറ്റിയെടുത്തിട്ടുണ്ട്. മോന് ഇപ്പോഴും വീടാണ് ഇഷ്ടം, പക്ഷെ പുറംലോകത്തേക്ക് ഓരോ കാര്യത്തിനായി അവനെ തനിച്ച് വിട്ടും ഓരോ കാര്യങ്ങള്‍ക്ക് നമ്മളില്‍ നിന്ന് ഭാരം ഒഴിച്ച് അവനെ ഉത്തരവാദപ്പെടുത്തിയും ഒരു പരിധിവരെ മാറ്റിയെടുത്തു. ഇന്നവന്‍ നല്ല സ്മാര്‍ട് ആയിട്ട് എല്ലാം ചെയ്യുന്നു.

മോളാവട്ടെ എപ്പോഴും പറയുന്ന ഒന്നുണ്ട്. മമ്മയെ അല്ലായിരുന്നു എനിക്ക് മമ്മയായി കിട്ടിയിരുന്നതെങ്കില്‍ ഈ കാണുന്ന ഞാന്‍ അല്ലായിരുന്നു ഉണ്ടാവുക, മറ്റൊന്ന് ആയേനെ. ഒരു തവണ പോലും നീ പെണ്ണാണ് എന്ന വാക്ക് അവളോട് എനിക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. കൃത്യമായി നമ്മുടെ സമൂഹവും ആളുകളുടെ ചിന്താഗതിയെകുറിച്ചും ബോധ്യപ്പെടുത്തി കൊടുത്തിട്ടെ ഉള്ളൂ. ആളുകള്‍ നമ്മെ കാണുന്നത് എങ്ങനെയെന്നും നമ്മുടെ ശരീരഭാഷ, സംസാരം, പെരുമാറ്റം ഇവ മറ്റുള്ളവരില്‍ ജനിപ്പിക്കുന്ന മതിപ്പും മുഷിപ്പും, കൂടാതെ ആളുകളെ മനസ്സിലാക്കി പെരുമാറാനും അറിഞ്ഞാല്‍ മതി മക്കള്‍.

ഒരു കുടുംബ, സാമൂഹിക വ്യവസ്ഥിതിയില്‍ പുരുഷന്‍ അന്തര്‍മുഖനായി ഒതുങ്ങുന്നതും ആ വീട്ടിലെ സ്ത്രീ കാര്യക്ഷമതയോടെ എല്ലാം നോക്കി നടത്തുന്നതിനെയൊക്കെ മറ്റൊരുതരം കണ്ണുകളോടെ കാണുന്നവരാണ് നമുക്ക് ചുറ്റും. പുരുഷന്‍ ഗാര്‍ഹിക കാര്യങ്ങളില്‍ അമിതതാല്പര്യം കാണിക്കുന്നതും അവിടുത്തെ സ്ത്രീ ഓഫീസില്‍ പോയി ജോലി ചെയ്യുന്നതിനെയൊക്കെ ഒരു തരം വിലകെട്ട, മ്ലേച്ഛമായ ഒന്നായെ ഇന്നും നമ്മള്‍ കാണുള്ളൂ.

ബഹിര്‍മുഖരായവര്‍ അടിച്ചുപൊളിയും സൗഹൃദവും കറങ്ങി നടക്കലും മാത്രമായി ഉത്തരവദിത്വമില്ലായ്മയിലേക്കും അന്തര്‍മുഖരായവര്‍ ഉള്ള കഴിവുകള്‍ പോലും വേണ്ടിടത്ത് ഉപയോഗിക്കാതെ ഒതുങ്ങിക്കൂടലും സകലരില്‍ നിന്നും കുറ്റപ്പെടുത്തലുകളേറ്റ് കഴിവില്ലായ്മയിലേക്കും ഉത്തരവാദിത്വമില്ലായ്മയിലേക്കും വ്യതിചലിച്ചു പോവനുള്ള സാധ്യത ഏറെയാണ്.

പക്ഷെ ജീവിതത്തെ നേരിടുമ്പോള്‍ മേല്‍പറഞ്ഞ പോരായ്മകളെ മറികടക്കാന്‍ ഒരു പരിധി വരെ മനുഷ്യര്‍ക്ക് കഴിയുന്നുണ്ട്. പക്ഷെ അപ്പോഴും അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവര്‍ക്ക് മാത്രമേ അറിയൂ.

മക്കളെ വളരെ ചെറുപ്പത്തിലെ തന്നെ ഉത്തരവാദിത്വബോധമുള്ളവരാക്കിവളര്‍ത്തുക, അവരുടെ കഴിവില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കുക, സ്വതന്ത്രമായി(ഭയമില്ലാതെ) ഇടപഴകനും സംസാരിക്കാനും പഠിപ്പിക്കുക, തിരുത്തേണ്ടിടത്ത് യഥാസമയം തിരുത്തികൊടുക്കുക. ഇതൊക്കെ കൃത്യമായി ചെയ്താല്‍ എല്ലാത്തരം ന്യൂനതകളെയും മറികടക്കാന്‍ അവര്‍ക്ക് കഴിയും.

Facebook Comments
Show More

Related Articles

Close
Close