Current Date

Search
Close this search box.
Search
Close this search box.

കുട്ടികളോട് ഏറ്റം സ്നേഹമുള്ളവന്‍

കാരുണ്യവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഹൃദയമായിരുന്നു പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടേത്. അവിടുന്ന് സർവ്വജനങ്ങൾക്കും വാത്സല്യനിധിയും സ്നേഹനിധിയുമായ പിതാവായിരുന്നു. അനസ് ബ്നു മാലിക്(റ) ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: പ്രവാചകനോളം കുടുംബത്തോട് ഏറ്റം കാരുണ്യം കാണിക്കുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല(മുസ്ലിം). തിരുനബി(സ്വ)ക്ക് ചുറ്റുമിരുന്നവർ അവിടുത്തെ സ്വഭാവ മഹിമ അനുഭവിച്ചറിഞ്ഞവരായിരിക്കും. ശേഷം മറ്റൊരു ആശ്രയം ആവശ്യമില്ലാത്ത വിധം നിരാലംബരുടെ നിതാന്ത ആശ്രയമായിരുന്നു പ്രവാചകൻ. കുട്ടികളോട് മുതിർന്നവർ കാണിക്കേണ്ട വാത്സല്യം തൻറെ പരിശുദ്ധ ജീവിതത്തിലൂടെ തിരുനബി(സ്വ) ജീവിച്ചു കാണിച്ചു. എങ്ങനെയാണവർക്ക് സാംസ്കാരിക പരിരക്ഷയും ശാരീരികാരോഗ്യ പരിരക്ഷയും നൽകേണ്ടതെന്ന് പഠിപ്പിച്ചു. അപകടങ്ങളിൽ നിന്നും എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നും നിർഭയത്വമുള്ള ജീവിതമെങ്ങനെ സാധ്യമാക്കാമെന്നും റസൂൽ കാണിച്ചു തന്നു. മാലോകർക്ക് മുഴുവനുമായുള്ള പ്രവാചക സന്ദേശമായിരുന്നു അത്. മുസ്ലിം ഉമ്മത്തിൻറെ ഭാവിയും നെടുംതൂണുകളുമായി മാറാൻ വേണ്ടിയാണ് കുട്ടികൾക്ക് ചെറുപ്പത്തിലെ സാംസ്കാരികവും ശാരീരികവുമായ പരിരക്ഷ നൽകണമെന്ന് കൽപിച്ചത്. ഉമ്മത്തിൻറെ അടിത്തറക്ക് അനിവാര്യമായ കല്ല് ന്യൂനതയറ്റതാണെങ്കിൽ ഉമ്മത്തിൻറെ നിർമ്മാണം ശരിയാര രീതിയിൽ തന്നെയായിരിക്കും. അതുകൊണ്ടാണ് നഖം മുളക്കുന്ന കാലം തൊട്ടേ കുട്ടികളെ ഉമ്മത്തിൻറെ ഭാവിക്കുവേണ്ടി തയ്യാറാക്കണമെന്ന് പറയുന്നത്.

പ്രവാചകൻ തൻറെ കുടുംബത്തോട് വളരെ അധികം കാരുണ്യമുള്ളവനായിരുന്നു. തിരുനബി(സ്വ) അവിടുത്തെ കുടുംബത്തെ ചുംബിക്കുന്നതിൽ നിന്നുതന്നെ അത് വ്യക്തമാകും. അഖ്റഅ് ബ്നു ഹാബിസി(റ)ൽ നിന്ന് മഹാനായ അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു; പ്രവാചകൻ ഹസൻ തങ്ങളെ ചുംബിക്കുന്നത് കണ്ട് അത്ഭുതത്തോടെ അഖ്റഅ് ബ്നു ഹാബിസ്(റ) തിരുനബി(സ്വ)യോട് പറഞ്ഞു: എനിക്ക് പത്തോളം മക്കളുണ്ട്. ഇന്നെവരെ അവരിൽ നിന്നും ഒരാളെപ്പോലും ഞാൻ ചുംബിച്ചിട്ടില്ല. ഇതുകേട്ട് നബി(സ്വ) അരുളി: ‘കരുണ കാണിക്കാത്തവൻ കരുണചെയ്യപ്പെടുകയുമില്ല(മുസ്ലിം).

കുടുംബത്തിനു അനുഗ്രഹം തേടിയുള്ള പ്രാർത്ഥന ഈ കാരുണ്യത്തിൻറെ ഭാഗമാണ്. ഉമ്മുൽ മുഅ്മിനീൻ ആയിശ ബീവി പറയുന്നു: പ്രവാചകൻറെ അരികിലേക്ക് ഏതെങ്കിലും കുട്ടിയെ കൊണ്ടുവരപ്പെട്ടാൽ അവിടുന്ന് ആ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു(ബുഖാരി, മുസ്ലിം). ഉസാമത്തു ബ്നു സൈദ്(റ) ഉദ്ധരിക്കുന്നു: പ്രവാചകൻ തൻറെ ഒരു തുടയിൽ എന്നെയും മറു തുടയിൽ ഹസൻ ബ്ൻ അലിയെയും ഇരുത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പ്രാർത്ഥിക്കും: ‘അല്ലാഹുവേ ഞാൻ ഈ രണ്ടുപേരോടും കരുണ കാണിക്കുന്നു. അതിനാൽ നീ അവരിൽ കരുണ വർഷിപ്പിക്കേണമേ(ഇബ്നു ഹിബ്ബാൻ). കുട്ടികളെക്കണ്ടാലുടൻ തിരുനബി(സ്വ) അവരോട് സലാം പറയുമായിരുന്നു. അനസ് ബ്നു മാലിക്(റ) ഉദ്ധരിക്കുന്നു; പ്രവാചകൻ അൻസ്വാറുകളെ സന്ദർശിക്കുമായിരുന്നു. അന്നേരം കുട്ടികളെ കണ്ടാൽ അവരോട് സലാം പറയുകയും അവരുടെ തലയിൽ തലോടുകയും ചെയ്യുമായിരുന്നു(ഇബ്നു ഹിബ്ബാൻ). മധുരം ഇഷ്ടമുള്ള കുട്ടികളാണെങ്കിൽ പ്രവാചകൻ അവർക്ക് കൂടുതൽ മധുരം നൽകുമായിരുന്നു. ജാബിർ ബ്ൻ അബ്ദില്ലാഹ്(റ) പറയുന്നു; ഒരിക്കൽ പ്രവാചകന് മധുരത്തിനാലുള്ള ഒരു കുട്ട നൽകപ്പെട്ടു. ഉടനെ പ്രവാചകൻ അതിൽ നിന്നു ഓരോ കഷ്ണമെടുത്ത് ഓരോരുത്തർക്ക് വീതിച്ചു നൽകാൻ തുടങ്ങി. അങ്ങനെ എൻറെ അരികിലെത്തി. ഞാൻ കുട്ടിയായിരുന്ന കാലമാണ്. പ്രവാചകൻ ഒരുവട്ടം എനിക്ക് തന്നിട്ട് ചോദിച്ചു: ‘ഇനിയും വേണോ?’ വേണമെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ എനിക്ക് ഒന്നുകൂടി തന്നു. അങ്ങനെ അവിടെയുണ്ടായിരുന്ന അവസാനത്തെ ആൾക്ക് വരെ നബി(സ്വ)യത് വീതിച്ചു നൽകി. കുട്ടികളുടെ കവിളുകളിൽ തലോടുന്ന പ്രവാചകൻറെ പ്രകൃതത്തിൽ നിന്നുതന്നെ അവിടുന്ന് കുട്ടികളോട് എത്രമാത്രം സ്നേഹവും വാത്സല്യവും കാണിച്ചിരുന്നുവെന്ന് ബോധ്യപ്പെടും.

ജാബിർ ബ്നു സമുറ(റ) പറയുന്നു: പ്രവാചകനോടൊത്ത് ഞാൻ ആദ്യത്തെ നിസ്കാരം(സുബ്ഹിയോ ളുഹ്റോ) നിർവഹിച്ചു. പിന്നീട് പ്രവാചകൻ തൻറെ വീട്ടിലേക്ക് പോയി, കൂടെ ഞാനും. കുട്ടികളുടെ അടുത്തെത്തിയപ്പോൾ അവരുടെ ഓരോരുത്തരുടെ കവിളിലും പ്രവാചകൻ തലോടി. എൻറെ കവിളിലും റസൂൽ തലോടി. അന്നേരം പ്രവാചകൻറെ കരം തണുപ്പാർന്നതും അത്തറിൻറെ കുട്ടയിൽ നിന്നും പുറപ്പെടുന്നതു പോലെ സുഗന്ധമാർന്നതുമായിരുന്നു(മുസ്ലിം). കുട്ടികളോട് എത്രമാത്രം കാരുണ്യവാനായിരുന്നു മുഹമ്മദ് നബി(സ്വ). കുട്ടികളോട് കാണിക്കുന്ന സ്നേഹവും വാത്സല്യവുമെല്ലാം അവരുടെ വളർച്ചയിൽ വലിയ തോതിലുള്ള സ്വാധീനങ്ങൾ ഉണ്ടാക്കിത്തീർക്കും. അവരുടെ ആത്മീയവും ബൗദ്ധികവുമായ വളർച്ചക്ക് അത് സർഗാത്മക മുതൽകൂട്ടായി മാറും.

കളിയും പരിചരണവും അധ്യാപനവും

കുട്ടികളോടൊപ്പം അവരുടെ ബുദ്ധിക്കും പ്രകൃതത്തിനും ആവശ്യങ്ങൾക്കുമനുസിരച്ച് പ്രവാചകൻ എങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് നോക്കൂ. അവരോടെങ്ങനെയാണ് വാത്സല്യവും സ്നേഹവും കാരുണ്യവും കാണിച്ചതെന്ന് നോക്കൂ. കുട്ടികൾക്ക് അവരെക്കുറിച്ചുള്ള ചിന്തയും മുതിർന്നവർക്കിടയിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും പ്രവാചകൻ അവരെ ബോധവാന്മാരാക്കി. കുട്ടികളുടെ ശരീരവും ബുദ്ധിയും വളർത്താൻ അവരുടെ പ്രായത്തിൽ അനിവാര്യമായ കാര്യമാണ് കളിയെന്ന് അറിയാവുന്നതിനാൽ തന്നെ തിരുനബി അതിൽ നിന്നും അവരെയൊരിക്കലും വിലക്കിയില്ല. ആയിശ ബീവി പറയുന്നു: ഞാൻ പെൺകുട്ടികളുമൊത്ത് കളിക്കുമ്പോൾ കൂടെ കളിക്കാൻ എൻറെ കൂട്ടുകാരും വരും. പ്രവാചകൻ വന്നാൽ അവർ എഴുന്നേറ്റ് പോകാൻ ഒരുങ്ങും. അന്നേരം പ്രവാചകൻ അവരെ എൻറെ അടുത്തേക്ക് തന്നെ പറഞ്ഞയക്കും. അവർ വീണ്ടും എൻറെ കൂടെ കളിക്കും(ഇബ്നു ഹിബ്ബാൻ). കളിക്കുന്ന കുട്ടികൾക്കരികിലൂടെയാണ് തിരുനബി(സ്വ) പോകുന്നതെങ്കിൽ അവരുടെ കളി തടസ്സപ്പെടുത്താതെ സലാം പറയും. അനസ്(റ) പറയുന്നു: ഒരിക്കൽ എൻറെ അടുത്തേക്ക് പ്രവാചകൻ വന്നു. ഞാൻ എൻറെ കൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു. വന്നയുടനെ അവിടുന്ന് ഞങ്ങളോട് സലാം ചൊല്ലി(മുസ്ലിം). തിരുനബി(സ്വ) അബ്ബാസ്(റ)ൻറെ കുട്ടികളായ അബ്ദുല്ലാഹ്, ഉബൈദുല്ലാഹ്, കുസയ്യിറ് എന്നിവരെ സ്വഫായി നിർത്തിയിട്ടു പറയും: ‘ആരാണോ എൻറെ അടുത്തേക്ക് ആദ്യം എത്തുന്നത് അവർക്ക് ഇന്നാലിന്ന സാധനം സമ്മാനമായി ലഭിക്കും. അതുകേട്ട് അവരെല്ലാം ഓടി പ്രവാചകൻറെ അരികിലെത്തും. പ്രവാചകൻ അവരെയെല്ലാം നെഞ്ചോട് ചേർത്തുപിടിച്ച് ഉമ്മവെക്കും(അഹ്മദ്).

അല്ലാഹുവിൻറെ തിരുദൂതർ കുട്ടികളെ സ്നേഹത്തോടെ സമീപിക്കുകയും വാത്സല്യപൂർവം അവർക്ക് അധ്യാപനം നടത്തുകയും ചെയ്യുമായിരുന്നു. ഒരിക്കൾ ഉമർ ബ്ൻ അബീസലമ(റ)യോട് പ്രവാചകൻ പറഞ്ഞു: ‘പ്രിയപ്പെട്ട കുട്ടീ, അല്ലാഹുവിൻറെ നാം ചൊല്ലി വലതുകൈകൊണ്ട് അടുത്തുള്ള ഭക്ഷണത്തിൽ നിന്നുമാത്രം ഭക്ഷിക്കുക(മുസ്ലിം). ഇബ്നു അബ്ബസി(റ)നോട് പ്രവാചകൻ പറഞ്ഞു: ‘പ്രിയപ്പെട്ട കുട്ടീ, ഞാൻ നിനക്ക് കുറച്ച് കാര്യങ്ങൾ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക അവൻ നിന്നെ സംരക്ഷിക്കും. അല്ലാഹുവിനെ നേരിട്ടു കാണുന്നതുപോലെ അവനെ സൂക്ഷിക്കുക(അഹ്മദ്). തിരുനബി(സ്വ) കുട്ടികളെ പ്രത്യേകം പരിഗണിക്കുകയും തൻറെ അരികിലിരുത്തുകയും ചെയ്യും. സഹ് ല് ബ്നു സഅദുസ്സാഇദി പറയുന്നു: നബിയുടെ അരികിലേക്ക് ഒരുപാത്രം പാനീയം കൊണ്ടുവരപ്പെട്ടു. പ്രവാചകൻ അതിൽ നിന്നും അൽപം കുടിച്ചു. തിരുദൂതരുടെ വലതുഭാഗത്ത് കൂടിയരിക്കുന്നവരിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുണ്ടായിരുന്നു. ഇടതുഭാഗത്ത് പ്രായമായവരും. ഉടനെ പ്രവാചകൻ ആ കുട്ടിയോട് ചോദിച്ചു: ‘പ്രിയപ്പെട്ട കുട്ടീ, ഞാനിത് ഈ മുതിർന്ന ആളുകൾക്ക് കൊടുത്തോട്ടേ?’ അന്നേരം ആ കുട്ടി പറഞ്ഞു: അല്ലാഹുവിൻറെ ദൂതരെ, അങ്ങയെക്കാൾ മറ്റൊരാളെയും എന്നേക്കാൾ ഞാൻ തിരഞ്ഞെടുക്കുകയില്ല. അതുകേട്ട് പ്രവാചകൻ അത് ആ കുട്ടിക്ക് തന്നെ നൽകി(ബുഖാരി). വാക്കുകളെല്ലാം സൂക്ഷിപ്പുസ്വത്താണെന്നും അതെല്ലാം രഹസ്യമാക്കി വെക്കണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുമായിരുന്നു അല്ലാഹുവിൻറെ ദൂതർ. അനസ് ബ്ൻ മാലിക് പറയുന്നു: പ്രവാചകൻ എനിക്കൊരു രഹസ്യം പറഞ്ഞുതന്നു. പിന്നീട് ഞാനാർക്കും അത് പറഞ്ഞുകൊടുത്തിട്ടില്ല. ഉമ്മുസുലൈം എന്നോട് ഒരിക്കൽ അതിനെക്കുറിച്ച് ചോദിച്ചിരുന്നു. പക്ഷെ, ഞാനത് പറഞ്ഞുകൊടുത്തില്ല(ബുഖാരി).

കുട്ടികളെ വല്ലതും തരാം എന്ന് പറഞ്ഞു പറ്റിക്കരുതെന്നും അവരുടെ നിഷ്കളങ്ക ബുദ്ധിയെയും മനസ്സിനെയും മുതലെടുക്കാൻ ശ്രമിക്കരുതെന്നും പ്രവാചകൻ നമ്മെ ഉൽഘോഷിക്കുന്നുണ്ട്. അബ്ദുല്ലാഹ് ഇബ്നു ആമിർ(റ) പറയുന്നു: പ്രവാചകൻ എന്റെ വീട്ടിൽ ഇരിക്കും നേരം എന്റെ ഉമ്മ എന്നെ വിളിച്ചു. അവർ പറഞ്ഞു: മോനെ, ഇങ്ങോട്ട് വാ. ഞാൻ നിനക്കൊരു സാധനം തരാം. അതുകേട്ട് പ്രവാചകൻ എന്റെ ഉമ്മയോട് ചോദിച്ചു:”എന്താണ് നിങ്ങൾ കൊടുക്കാൻ ഉദ്ദേശിച്ചത്?” ഒരു കാരക്കയാണ് നബിയെ, ഉമ്മ മറുപടി പറഞ്ഞു. അപ്പോൾ പ്രവാചകൻ പറഞ്ഞു:”അല്ലാഹുവാണ് സത്യം. നിങ്ങൾ ഒന്നും കൊടുക്കാൻ ഉദ്ദേശിച്ചില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ മേൽ ഒരു കളവ് എഴുതപ്പെടുമായിരുന്നു”(അബൂ ദാവൂദ്).

സന്താന പരിപാലനത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചും അതിന്റെ നിയമങ്ങളെക്കുറിച്ചും അടിത്തറയെക്കുറിച്ചും അന്വേഷിച്ചാൽ തിരുനബിയാണ് അതിന്റെയെല്ലാം സംസ്ഥാപകൻ എന്ന് മനസ്സിലാകും. അതിന് ചില നിയമങ്ങളും ചട്ടങ്ങളും നിർണ്ണയിച്ചു ആദ്യമായി നടപ്പിൽ വരുത്തിയത് റസൂലാണെന്നു ബോധ്യമാകും. എത്ര ചെറിയ കുട്ടിയാണെങ്കിലും ഒരുത്തന്റെ പോലും അവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ല. ഓരോരുത്തർക്കും അവരവരുടെ അവകാശങ്ങൾ വകവെച്ച് കൊടുക്കണം. പ്രവാചകന്റെ വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും അവിടുത്തെ ജീവിത ചര്യകളിൽ നിന്നും നമുക്കത് വായിച്ചെടുക്കാനാകും. ബാലാവകാശം വ്യവസ്ഥാപിത രീതിയിലേക്കും ചട്ടങ്ങളിലേക്കും മാറുന്നതിന് മുമ്പേ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് യാതൊരു വർഗ, സാമൂഹിക വിത്യാസമില്ലാതെ അതിനെക്കുറി മുഹമ്മദ് നബി സവിസ്തരം സംസാരിച്ചിട്ടുണ്ട്.

അവകാശങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ

ലോകത്തിന്നു മിക്ക രാജ്യങ്ങളിലും കുട്ടികൾ അവകാശ നിഷേധങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നു. അവരുടെ ബാല്യകാലവും സന്തോഷവും അന്യരാൽ കവർന്നെടുക്കപ്പെടുന്നു. മതിയായ പോഷകാഹാരം ലഭിക്കാതെ അവരിൽ പലരും കടുത്ത പട്ടിണി നേരിടുന്നു. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ മൂന്ന് പേരിൽ ഒരാൾ മതിയായ പോഷകാഹാരം ലഭിക്കാതെ പട്ടിണി കിടക്കുന്നുണ്ടെന്നാണ് 2019ലെ യൂണിസെഫ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അന്തർദേശീയ സംഘട്ടനങ്ങളും നയങ്ങളും മൂലം പല വെല്ലുവിളികളും നേരിടുന്നവരാണ് കുട്ടികൾ. ചിലർക്ക് ജനിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നു. കൺതുറക്കും മുമ്പേ ചിലരുടെ സ്വപ്നങ്ങൾ ഇല്ലാതാക്കപ്പെടുന്നു. അവരിൽ പലരും സായുധ പോരാട്ടങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും നിഷ്കരുണം യുദ്ധത്തിന്റെ ഇരകളായി തീരുകയും ചെയ്യുന്നു. യുദ്ധങ്ങൾ ഒരുപാട് കുട്ടികളെയാണ് ശാരീരികവും മാനസികവുമായി വൈകല്യമുള്ളവരാക്കിത്തീർത്തത്. സായുധ പോരാട്ടങ്ങൾ ഒരുപാട് കുട്ടികളെ അനാഥരാക്കുകയും സംരക്ഷണമില്ലാത്ത അഭയാർത്ഥികളാക്കുകയും ചെയ്തു. അമേരിക്കയിൽ അഭയാർത്ഥികളായി വന്ന ആയിരക്കണക്കിന് കുടുംബങ്ങളിൽ നിന്ന് മാതാപിതാക്കളെയും കുട്ടികളും പരസ്പരം വേർതിരിച്ച് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇസ്ലാമിനെ സംബന്ധിച്ചെടുത്തോളം, ഇസ്ലാം കുട്ടികൾക്ക് സ്വന്തം മാതാപിതാക്കൾക്കൊപ്പം തന്നെ അഭയവും സംരക്ഷണവും നൽകിയ മതമാണ്. തിരുനബി(സ്വ) പറയുന്നു: “ഒരു മാതാവിനെയും കുട്ടിയെയും പരസ്പരം വേർതിരിക്കുന്നത് ആരാണോ, അവനെയും അവന്റെ സ്നേഹിതന്മാരെയും അന്ത്യനാളിൽ അല്ലാഹു പരസ്പരം വേർതിരിക്കുന്നതാണ്”(തിർമുദി).

ലൈംഗിക ചൂഷണം, ബാലവേല, മനുഷ്യക്കടത്ത്, ഇന്റർനെറ്റ് വഴിയുള്ള ഭീഷണി തുടങ്ങി നിരവധി ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കുമാണ് പല കുട്ടികൾക്കും വിധേയരാകേണ്ടി വരുന്നത്. ഇന്റർനാഷണൽ ലാബർ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം മുഴുസമയവും അല്ലാതെയും ജോലിയെടുക്കേണ്ടി വരുന്ന 215 മില്യൺ കുട്ടികൾ ലോകത്തുണ്ട്.

മയക്കു മരുന്ന് ഉപയോഗത്തിന്റെയും വിൽപനയുടെയും ചതിക്കുഴിയിൽ നിന്നും കുട്ടികളെ സംരക്ഷിക്കൽ അനിവാര്യമാണ്. കൂടാതെ ബുദ്ധി, ആരോഗ്യം, പ്രായം, നിഷ്കളങ്കത എന്നിവ അവരിൽ നിന്നും എടുത്ത് കളയുന്ന ഇലേക്ട്രോണിക് ഉപകരണങ്ങളുടെ ആസക്തിയുടെ അപകടത്തിൽ നിന്നും അവരുടെ ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ തന്നെ അവരെ അത്തരം കെണിവലകളിൽ നിന്നെല്ലാം ഏതുനിലക്കും രക്ഷിച്ചെടുക്കാനുള്ള മാർഗങ്ങളെക്കുറിച്ചായിരണം നമ്മുടെ ചിന്ത. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും ഓരോരുത്തരുടെയും അവകാശങ്ങൾ വകവെച്ചു കൊടുക്കാനും അതിന്റെ സംരക്ഷകരാകാനും ഖുർആനിലൂടെയും സുന്നത്തിലൂടെയും പരിശുദ്ധ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്. ഒരു കുട്ടി ജനിക്കുന്നതിന് മുമ്പ് തൊട്ട് അത് വളരുന്ന കാലത്തെല്ലാം അനിവാര്യമായും നൽകപ്പെടെണ്ടതാണത്. അവകാശങ്ങൾ എല്ലാം പൂർണ്ണമായും നൽകപ്പെടുന്ന ബാല്യങ്ങൾ എത്ര സന്തുഷ്ടരായിരിക്കും. ഇസ്ലാമിനോളം ഒരു മതവും കുട്ടികൾക്ക് ഇത്രമേൽ അവകാശങ്ങൾ നിർണ്ണയിച്ചു കൊടുത്തിട്ടില്ല. ഇസ്ലാം ചെയ്തത് പോലെ ഒരു മതവും നിയമവും ചട്ടവും രൂപപ്പെടുത്തിയിട്ടില്ല. മുഹമ്മദ് നബിയോളം കുട്ടികളോട് ഇത്രമേൽ കരുണയും വാത്സല്യവും കാണിച്ച ഒരാളും തന്നെ ഉണ്ടാവുകയില്ല.

 

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles