Parenting

സന്താനപരിപാലനം; താല്‍ക്കാലികാശ്വാസമല്ല വേണ്ടത്

ഒരു വിശുദ്ധ റമദാനിലെ സുബ്ഹി നമസ്‌കാരത്തില്‍ എന്റെ മുന്നിലെ സ്വഫ്ഫില്‍ നിന്നിരുന്നത് ഏകദേശം നാല് വയസ്സുള്ള ഒരു കുട്ടിയും അവന്റെ പിതാവുമായിരുന്നു. നമസ്‌കാരത്തിന് കൈ കെട്ടുന്നതിന് മുമ്പ് കുട്ടിയുടെ നമസ്‌കാരം ഉറപ്പാക്കാന്‍ ഉപ്പ അവനെയൊന്ന് നുള്ളുന്നു. ഒന്നാമത്തെ റക്അത്ത് മുഴുവന്‍ നുള്ള് കൊണ്ട ഭാഗത്ത് കൈവെച്ചായിരുന്നു ആ കുട്ടി നമസ്‌കരിച്ചത്. അസ്തഗ്ഫിറുല്ലാഹ്…. ആ റക്അത്തില്‍ എന്റെ ശ്രദ്ധ മുഴുവന്‍ അതിലായിരുന്നു. പിതാവിന്റെ ആ നടപടി നമസ്‌കാരത്തോടും പിതാവിനോടും എന്ത് വികാരമാണ് ആ കുട്ടിയിലുണ്ടാക്കുകയെന്ന് ഞാന്‍ ചിന്തിച്ചു. ഉപ്പയെ കുറിച്ച പേടിയായിരിക്കുമോ, അതല്ല നമസ്‌കാരത്തോട് തന്നെയുള്ള വെറുപ്പായിരിക്കുമോ?

അങ്ങനെയൊരു വികാരം കുട്ടിയിലുണ്ടാകുന്നുവെങ്കില്‍ ആരാണ് അതിനുത്തരവാദി? വലുതായാലും ആ വികാരങ്ങള്‍ കുട്ടിയില്‍ നിനില്‍ക്കുമോ?

എന്റെ കുട്ടിക്കാലത്തുണ്ടായ ഒരു സംഭവം ഞാനിന്നും ഓര്‍ക്കുകയാണ്. ഉപ്പയോടൊപ്പമുള്ള ഒരു യാത്രക്കിടെ നമസ്‌കരിക്കാന്‍ ഒരു പള്ളിയില്‍ കയറി. ഞാന്‍ ഒന്നാമത്തെ സ്വഫ്ഫിലായിരുന്നു നിന്നിരുന്നത്. അപ്പോള്‍ ഒരാള്‍ വന്ന് എന്നെ പിടിച്ച് രണ്ടാമത്തെ സ്വഫ്ഫിലേക്ക് മാറ്റി നിര്‍ത്തി. ഒന്നാമത്തെ സ്വഫ്ഫില്‍ ഒഴിവുണ്ടായിരിക്കെയായിരുന്നു ഇത്. ഇക്കാര്യം ശ്രദ്ധിച്ച ഇമാം എന്നെ ഒന്നാമത്തെ സ്വഫ്ഫില്‍ തന്നെ നിര്‍ത്താന്‍ നിര്‍ദേശിച്ചു. ആ മുതിര്‍ന്ന വ്യക്തിക്കെതിരെ നേടിയ വിജയം എന്റെയുള്ളില്‍ നിറച്ച വികാരങ്ങള്‍ ഞാനൊരിക്കലും മറക്കില്ല. വളരെ പെട്ടന്ന് എന്റെ പ്രയാസം സന്തോഷമായി മാറി. ആ ഇമാമിന് അല്ലാഹു പ്രതിഫലം നല്‍കട്ടെ.

അടിയന്തിര പരിഹാരങ്ങള്‍
മിക്കയാളുകളും അവലംഭിക്കുന്നത് സമീപ ഫലങ്ങളുള്ള അടിയന്തിര പരിഹാര മാര്‍ഗങ്ങളെയാണ്. ഭാവിയില്‍ എന്ത് പ്രതിഫലനമാണ് അതുണ്ടാക്കുകയെന്ന് അവര്‍ ആലോചിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത് പ്രകടമാണ്.

ഭാവിയില്‍ വലിയ ദൂഷ്യഫലങ്ങളുണ്ടാക്കുന്ന വേദനാസംഹാരിയാണ് രോഗിക്ക് വേണ്ടത്. ഇപ്പോള്‍ തനിക്ക് ആശ്വാസം കിട്ടണം എന്നതാണ് അവന് പ്രധാനം. നല്ല ഉറച്ച പേശികള്‍ ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഹാരം ക്രമീകരിക്കുന്നതിനേക്കാളും വ്യായാമം ചെയ്യുന്നതിനേക്കാളും താല്‍പര്യം കച്ചവടക്കാര്‍ വെച്ചുനീട്ടുന്ന ക്യാപ്‌സൂളുകളോടാണ്. മക്കളെ തങ്ങള്‍ക്ക് ശല്ല്യമില്ലാതെ അടക്കിയിരുത്താന്‍ പല ഉമ്മമാരും മൊബൈല്‍ ഫോണ്‍ അവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായ മൊബൈള്‍ ഉപയോഗം കുട്ടിയുടെ ബുദ്ധിക്ക് വരുത്തുന്ന അപകടത്തെ കുറിച്ചവര്‍ ആലോചിക്കുന്നേയില്ല. അല്‍പം വൈകിയാണെങ്കിലും കിട്ടുന്ന നല്ല ഫലങ്ങള്‍ കൊയ്യുന്നതിന് അല്‍പം സഹനം കൈക്കൊള്ളാന്‍ ആരും താല്‍പര്യപ്പെടുന്നില്ല എന്നാണിതെല്ലാം കാണിച്ചു തരുന്നത്. ദ്രുതവേഗത്തിലുള്ള പരിഹാരങ്ങളും സമീപഫലങ്ങളുമാണ് എല്ലാവര്‍ക്കും വേണ്ടത്. പലരുടെയും ആരാധനകളിലുള്ള നിഷ്‌ക്രിയത്വത്തിന് കാരണം ഇതായിരിക്കാം. ഓരോ മുസ്‌ലിമും പരലോകത്തിലും സ്വര്‍ഗനരകങ്ങളിലും വിശ്വസിക്കുന്നവനാണ്. പിന്നെ എന്താണ് നമസ്‌കാരത്തില്‍ നിന്നും മറ്റ് ആരാധനാ കര്‍മങ്ങളനുഷ്ഠിക്കുന്നതില്‍ നിന്നും അവനെ പിന്നോട്ടടിപ്പിക്കുന്നത്? ”നിശ്ചയം, അവരതിനെ വളരെ വിദൂരമായിട്ടാണ് കാണുന്നത്, എന്നാല്‍ നാമതിനെ വളരെ അടുത്ത് കാണുന്നു.” ആ മകന്‍ അനങ്ങാതിരിക്കുന്നതിന് അല്ലെങ്കില്‍ ചെറിയ ശല്ല്യം പോലും അവന്റെ ഭാഗത്തുനിന്നും ഇല്ലാതിരിക്കാന്‍ അവനെ നുള്ളുമ്പോള്‍ ഉപ്പയുടെ അടുത്ത് വളരെ ശാന്തനായി അവന്‍ നിലകൊള്ളും. എന്നാല്‍ ഭാവിയില്‍ ആരാധനകളോട് വെറുപ്പും അലസതയും അവനില്‍ ഉണ്ടാക്കാന്‍ അത് കാരണമാകും. മകനില്‍ നന്മ വളര്‍ത്തേണ്ടതെങ്ങനെയെന്ന് ആ പിതാവിന് അറിയില്ല. ‘സന്താനപരിപാലനം കുറച്ച് ബുദ്ധിമുട്ടുള്ള ഉത്തരവാദിത്വമാണ്.’ താല്‍ക്കാലികാശ്വാസം നല്‍കുന്ന വേദനാസംഹാരികള്‍ കൊണ്ട് വിജയിക്കുന്ന ഒന്നല്ല അത്.

പ്രവാചക മാതൃക
പൗത്രന്‍മാരായ ഹസനോ ഹുസൈനോ പുറത്ത് കയറി കളിക്കുന്ന കാരണത്താല്‍ ചിലപ്പോഴെല്ലാം നബി(സ) നമസ്‌കാരത്തില്‍ സുജൂദ് ദീര്‍ഘിപ്പിക്കാറുണ്ടായിരുന്നു. നബി(സ) ഖുതുബ നിര്‍വഹിക്കുമ്പോള്‍ അവരിലാരെയെങ്കിലും മുമ്പില്‍ കണ്ടാല്‍ മിമ്പറില്‍ നിന്ന് ഇറങ്ങി വന്ന് അവരെ എടുത്തുകൊണ്ട് ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘നിങ്ങളുടെ സമ്പത്തും സന്താനങ്ങളും യഥാര്‍ഥത്തില്‍ പരീക്ഷണോപാധികള്‍ മാത്രമാകുന്നു’ എന്ന് അല്ലാഹു പറഞ്ഞത് എത്ര അര്‍ത്ഥവത്താണ്, ഇവരെ കണ്ടപ്പോള്‍ എനിക്ക് ക്ഷമിക്കാന്‍ പറ്റിയില്ല. തങ്ങളുടെ ജീവിതത്തിലെ ആ സന്ദര്‍ഭങ്ങള്‍ ആ രണ്ട് പേര്‍ക്കും എന്ത് വികാരമായിരിക്കും പകര്‍ന്നു നല്‍കിയിട്ടുണ്ടാവുക? എത്ര വലിയ ആവേശവും ഉത്സാഹവുമാണ് അത് അവരിലുണ്ടാക്കിയിട്ടുണ്ടാവുക? അവരുടെ മനസ്സിലെ വിശ്വാസത്തെ എത്രത്തോളം അത് വര്‍ധിപ്പിച്ചിട്ടുണ്ടാവും?

നബി തിരുമേനി(സ) തന്റെ ജീവിതകാലത്ത് ശത്രുക്കളോടുള്ള യുദ്ധത്തിലല്ലാതെ കുട്ടികളെയോ മുതിര്‍ന്നവരെയോ അടിച്ചിട്ടില്ല. നമസ്‌കാരത്തെയും കുട്ടികളെ അത് ശീലിപ്പിക്കുന്നതിനെ പ്രവാചകന്‍(സ) പറയുന്നു: ”ഏഴ് വയസ്സായാല്‍ നിങ്ങള്‍ മക്കളോട് നമസ്‌കരിക്കാന്‍ കല്‍പിക്കുക, പത്ത് വയസ്സായാല്‍ അതിന് അവരെ അടിക്കുകയും ചെയ്യുക.” തുടക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട പിതാവ് തന്റെ അഞ്ച് വയസ്സ് പോലും തികയാത്ത മകനോട് ചെയ്തത് പോലെയല്ല പ്രവാചകന്‍(സ) പഠിപ്പിച്ച ഏഴാം വയസ്സിലെ കല്‍പനയും പരിശീലിപ്പിക്കലും. ഏഴ് വയസ്സ് തികയാത്ത മകന്‍ നമസ്‌കാരത്തിന് അദ്ദേഹത്തിനൊപ്പം കൂടുന്നുവെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ അവനെ നുള്ളുമ്പാള്‍ ആ കുട്ടിക്കെതിരെയുള്ള കുറ്റകൃത്യമാണത്. നാല് വര്‍ഷക്കാലം നമസ്‌കാരം പഠിപ്പിക്കുകയും അതിന് കല്‍പിക്കുകയും ചെയ്ത ശേഷമല്ലാതെ അതിന്റെ പേരില്‍ കുട്ടിയെ അടിക്കാവതല്ല. നാല് വര്‍ഷത്തിന് ശേഷവും കുട്ടി നമസ്‌കാരം ശീലമാക്കുന്നില്ലെങ്കില്‍ അവന് അടി കിട്ടേണ്ടതുണ്ട്.

ശ്രദ്ധേയമായ ഉദാഹരണം
കീശയില്‍ മധുര പലഹാരവുമായി പള്ളിയില്‍ എത്തിയിരുന്ന ഒരു വൃദ്ധനെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം ഒന്നാമത്തെ സ്വഫ്ഫില്‍ നിന്ന് നമസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വശങ്ങളില്‍ ഏതെങ്കിലും കുട്ടിയുണ്ടെങ്കില്‍ അവനോട് പറയും: രണ്ടാം സ്വഫ്ഫിലേക്ക് ഇറങ്ങി നില്‍ക്കുകയാണെങ്കില്‍ നിനക്ക് ഞാനൊരു പലഹാരം തരാം, നിനക്ക് സമ്മതമാണോ? ഇതിനെ കുറിച്ച് അറിയുന്ന കുട്ടികള്‍ പലഹാരം കിട്ടുന്നതിനായി ബോധപൂര്‍വം അദ്ദേഹത്തിന്റെ അരികില്‍ പോയി നില്‍ക്കുകയും പിന്നീട് പലഹാരത്തിനായി പിന്നിലേക്ക് മാറിക്കൊടുക്കുകയും ചെയ്യും. അതിലൂടെ മുതിര്‍ന്നവര്‍ക്ക് ഒന്നാമത്തെ സ്വഫ്ഫ് വിശാലമായി കിട്ടുകയും ചെയ്തു.

സന്താനപരിപാലനത്തെല ഈ ശൈലി നമസ്‌കാരത്തോടും പള്ളിയോടും താല്‍പര്യവും ഇഷ്ടവും വളര്‍ത്തുന്നു. കുട്ടികളുടെ മനസ്സില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സ്വാധീനമാണ് അതുണ്ടാക്കുക. അതിന് പുറമെ രണ്ടാം സ്വഫ്ഫിനേക്കാള്‍ ഒന്നാം ഒന്നാം സ്വഫ്ഫിനുള്ള പ്രാധാന്യം കുട്ടി തിരിച്ചറിയുകയും ചെയ്യുന്നു.

സ്‌നേഹത്തിലും താല്‍പര്യത്തിലും മക്കളെ നമസ്‌കാരം പഠിപ്പിക്കുന്ന നമുക്കാവശ്യാമായ ശൈലിയാണിത്. പള്ളിയില്‍ കുട്ടികള്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ കുസൃതി കാണിക്കുകയോ ചെയ്താല്‍ അവരോട് ദേഷ്യപ്പെടുകയും പരുഷമായ രീതിയില്‍ അവരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന ചിലരെയെങ്കിലും നമുക്ക് കാണാം. ചിലപ്പോഴെല്ലാം ആ കുട്ടിയെ പള്ളിയില്‍ നിന്ന് ആട്ടിയകറ്റുന്നിടത്ത് വരെ അതെത്താറുണ്ട്. കുട്ടിക്ക് കാര്യങ്ങള്‍ മനസ്സിലാവില്ലെന്നും നമസ്‌കരിക്കുന്നവര്‍ക്ക് അവന്‍ ശല്ല്യമുണ്ടാക്കുമെന്നും ബോധ്യമുണ്ടെങ്കില്‍ അവനെ കൊണ്ടുപോകാതിരിക്കാന്‍ പിതാവ് ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ അവനുമായി പള്ളിയിലെത്തിയാല്‍ അവനുണ്ടാക്കുന്ന അസ്വസ്ഥതകളില്‍ സഹനം കൈക്കൊള്ളുകയാണ് വേണ്ടത്. കാരണം കുട്ടി എല്ലാ പെരുമാറ്റങ്ങളും ശ്രദ്ധിക്കുന്നു. അതവന്റെ ഓര്‍മയില്‍ ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും.

അല്ലാഹുവിനും അവന്റെ ദാസനും ഇടയിലെ ബന്ധമാണ് നമസ്‌കാരം. നമസ്‌കാരം ദീര്‍ഘിപ്പിക്കുകയും അതില്‍ ആസ്വാദനം കണ്ടെത്തുകയും ചെയ്തിരുന്ന മുന്‍ഗാമികളെ കുറിച്ച് നാം കേള്‍ക്കുന്നു. എന്നിട്ടും അഞ്ച് നേരത്തെ നമസ്‌കാരം ഭാരമായി അനുഭവപ്പെടുകയും അലസമായി നിര്‍വഹിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന് പിന്നില്‍ പ്രേരകങ്ങളുണ്ടാവും.

മക്കളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സ്‌നേഹത്തോടെ അവരെ പഠിപ്പിക്കുക. ഭാവിയില്‍ പാകമായ ഫലങ്ങള്‍ അവരില്‍ നിന്നും പറിച്ചെടുക്കാന്‍ സന്താനപരിപാലനം ആസ്വാദ്യകരമാക്കുക.

മൊഴിമാറ്റം: അബൂഅയാശ്

Facebook Comments
Related Articles
Show More
Close
Close