Current Date

Search
Close this search box.
Search
Close this search box.

സന്താന പരിപാലനം

തർബിയത്ത് എന്നാൽ ഒരാളെ പ്രത്യേക രീതിയിൽ പരിശീലിപ്പിക്കുക എന്നാണ് വിവക്ഷ. ഇംഗ്ലീഷ് ഭാഷയിൽ ഇതിന് Training എന്ന് പറയും. എൻറെ അഭിപ്രായത്തിൽ തർബിത്ത് എന്ന പദം Training ൻറെയും Orientation ൻറെയും സമഗ്രമായ അർത്ഥമുൾകൊള്ളുന്നതാണ്. ഒരു വ്യക്തിയെ ശാരിരികമായും മാനസികമായും പരിശീലിപ്പിച്ച് ഒരുത്തമ വ്യക്തിയാക്കുന്നതോട് കൂടെ ഇഹലോകത്തും പരലോകത്തും വിജയനേട്ടങ്ങൾ കൊയ്യാനും പര്യാപ്തമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ഇസ്ലാമിക പരിശീലനമെന്നാൽ ഏതെങ്കിലുമൊരു മേഖലയിൽ നൈപുണ്യം കൈവരിക്കലല്ല, മറിച്ച് ഒരു നല്ല മനുഷ്യനാകുന്നതിലാണ്. എന്തന്നാൽ മനുഷ്യനെ ശരിയായ മനുഷ്യനാക്കുന്നത് അവനിലുള്ള മനുഷ്യത്വം തന്നെയാണ്. മനുഷ്യനെ കുറിച്ച് വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലും വിശദീകരിക്കുന്നുണ്ട്. ഒരിടത്ത് ഇങ്ങനെ കാണാം: لَقَد خَلَقنَا الإِنسانَ في أَحسَنِ تَقويمٍ (തീർച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയിൽ സൃഷ്ടിച്ചു – അത്തീൻ -4 ) മറ്റൊരു അധ്യായത്തിൽ കാണാം: അല്ലയോ മനുഷ്യാ, അത്യുദാരനായ നിൻറെ നാഥൻറെ കാര്യത്തിൽ നിന്നെ ചതിയിൽ പെടുത്തിയതെന്താണ്?, അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവൻ. താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവൻ – ഇൻഫിതാർ 5-8 )

മനുഷ്യൻ സമ്പൂർണ്ണനും ലക്ഷ്യബോധവുമുള്ള സൃഷ്ടിയാണെന്നും സർവ്വശക്തനായ അല്ലാഹു അവന് മുന്നിൽ ഒരുപാട് വഴികൾ നൽകിയിട്ടുണ്ടെന്നും അവൻറെ ലക്ഷ്യ സ്ഥാനം പരലോക ജീവിത മാണെന്നും കൂടാതെ പരലോക ജീവിതത്തിൽ വിജയം നേടൽ ഒരു വ്യക്തി താഴ്മയുള്ള അടിമയാകുന്നതിലൂടെയാണെന്നും പരിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി കാണാം. അത് കൊണ്ട് തന്നെ തർബിയതിൻറെ പ്രധാന ലക്ഷ്യം അവൻ ആത്മീയമായും ശാരീരികമായും മതപരമായും പൂർണ്ണത കൈവരിക്കുകയും ഇഹപരലോകത്ത് വിജയം നേടുകയും ചെയ്യുക എന്നതിലാണ് കുടികൊള്ളുന്നത്.

തർബിയത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സന്താന പരിപാലനം, മനുഷ്യൻറെ കടമകളിലൊന്നായ അത് മറ്റൊരർത്ഥത്തിൽ അവനെ സ്വർഗത്തിലേക്കെത്തിക്കുന്ന ഒരു പാഥേയമാണ്. മനുഷ്യ സമൂഹത്തിൻറെ നിലനിൽപ്പിലും ഇഹപരലോകത്തിലുള്ള വിജയത്തിലും വളരെ വലിയ പങ്ക് തന്നെയാണ് സന്താനങ്ങൾക്കുള്ളത്.

സന്താനങ്ങളെന്നാൽ കണ്ണുകൾക്ക് കുളിരും വേദനകളുടെ പരിഹാരവും മനുഷ്യ സ്വത്വത്തിൻറെ ഉറവിടവുമാണ്. കൂട്ടികളിലൂടെ മനുഷ്യന് പുതിയതായെന്തെങ്കിലും കൈവരിക്കാനുള്ള പ്രേരണ ലഭിക്കുന്നു. അവരിലൂടെ മനുഷ്യർ പ്രശസ്തിയും ഉയർച്ചകളും നേടുന്നു.

സർവ്വശക്തനായ അല്ലഹുവിൻറെ വലിയ അനുഗ്രഹമാണ് കുട്ടികൾ, കുടുംബ ജീവിതത്തിൽ പ്രതീക്ഷകൾക്ക് വക നൽകിയും പ്രായമായവരിൽ സംത്യപ്തി നൽകിയും ദാമ്പത്യ ജീവിതങ്ങൾക്ക് ശക്തി പകർന്നും വ്യത്യസ്ഥ കുടുംബങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളായും അവർ ഒരു സമൂഹത്തിൻറെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സായി മാറുന്നു. ഖുർആനിലും ഹദീസിലും പല സന്ദർഭങ്ങളിലായി സന്താനങ്ങളുടെ നേട്ടങ്ങൾ വിശദീകരിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

وَيُمدِدكُم بِأَموالٍ وَبَنينَ (സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും)
المالُ وَالبَنونَ زينَةُ الحَياةِ الدُّنيا (സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിൻറെ അലങ്കാരമാണ്)
സന്താനങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥന ഇങ്ങനെയും കാണാം رَبَّنا هَب لَنا مِن أَزواجِنا وَذُرِّيّاتِنا قُرَّةَ أَعيُنٍ وَاجعَلنا لِلمُتَّقينَ إِمامًا (ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളിൽ നിന്നും സന്തതികളിൽനിന്നും ഞങ്ങൾക്കു നീ കൺകുളിർമ നൽകണമേ, ഭക്തിപുലർത്തുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കണമേ, അൽഫുർഖാൻ 74)

ഒരു ഹദീസിൽ പെൺകുട്ടിയെ കരളിൻറെ കഷ്ണവും മറ്റൊരു ഹദീസിൽ അവളെ അനുഗ്രഹമെന്നും ഐശ്വര്യമെന്നുമെല്ലാം വിശേഷിപ്പിച്ചിട്ടുണ്ട്, മാത്രവുമല്ല ഖുർആനിൽ കുട്ടികളെ പരാമർശിക്കുന്നതെല്ലാം സന്തോഷവാർത്തകളായിട്ടാണെന്നും നമുക്ക് മനസ്സിലാക്കാം: إِنّا نُبَشِّرُكَ بِغُلامٍ اسمُهُ يَحيىٰ
(സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാർത്ത അറിയിക്കുന്നു. അവൻറെ പേര് യഹ് യാ എന്നായിരിക്കും. മർയം 7)
فَبَشَّرناها بِإِسحاقَ وَمِن وَراءِ إِسحاقَ അപ്പോൾ അവരെ ഇസ്ഹാഖിനെ പറ്റിയും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെ പറ്റിയും നാം ശുഭവാർത്ത അറിയിച്ചു.(ഹൂദ് 71)
فَبَشَّرناهُ بِغُلامٍ حَليمٍ (അപ്പോൾ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച് ശുഭവാർത്ത അറിയിച്ചു, സ്വാഫാത് 101)
തീരെ വിലകൽപിക്കാതിരുന്ന അറബ് നാട്ടിലെ പെൺകുട്ടിയുടെ ജനനം പോലും പരിശുദ്ധ ഖുർആനിൽ ഒരു സന്തോഷവാർത്തയായിട്ടാണ് വന്നിരിക്കുന്നത്: وَإِذا بُشِّرَ أَحَدُهُم بِالأُنثىٰ ظَلَّ وَجهُهُ مُسوَدًّا وَهُوَ كَظيمٌ (അവരിലൊരാൾക്ക് പെൺകുഞ്ഞ് പിറന്നതായി സന്തോഷവാർത്ത ലഭിച്ചാൽ ദുഖത്താൽ അവൻറെ മുഖം കറുത്തിരുളും, നഹ് ല് 58)

ഇസ്ലാമിൽ കുട്ടികളുണ്ടാവാൻ ആഗ്രഹിക്കുന്നതും അവർക്ക് നല്ല നിലയിൽ തർബിയത്ത് നൽകുന്നതുമെല്ലാം വളരെ സ്തുത്യർഹമാണ്. പ്രവാചകൻമാർ അവരുടെ മക്കൾക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: رَبَّنا وَاجعَلنا مُسلِمَينِ لَكَ وَمِن ذُرِّيَّتِنا أُمَّةً مُسلِمَةً لَكَ وَأَرِنا مَناسِكَنا وَتُب عَلَينا
(ഞങ്ങളുടെ നാഥാ നീ ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കണമേ, ഞങ്ങളുടെ സന്തതികളിൽനിന്ന് നിനക്കു കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉയർത്തിക്കൊണ്ടുവരേണമേ, ഞങ്ങളുടെ ഉപാസനാക്രമങ്ങൾ ഞങ്ങൾക്കു നീ കാണിച്ചു തരേണമേ, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ(അൽ ബഖറ 128)

സന്താനങ്ങളാണ് സ്വർഗത്തിലേക്കുള്ള എളുപ്പവഴി എന്ന് സൂചിപ്പിക്കുന്ന നിരവധി പരാമർശങ്ങൾ ഖുർആനിലും ഹദീസിലും വിവരിച്ചിട്ടുണ്ട്. മക്കളെ തീറ്റിപ്പോറ്റാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരെ നല്ലരീതിയിൽ വളർത്തിയെടുക്കാനുമെല്ലാം മാതാപിതാക്കൾ സഹിക്കുന്ന കഷ്ടപ്പാടുകളെല്ലാം അന്ത്യനാളിൽ അവരുടെ സൽഗുണങ്ങളിൽ എഴുതിച്ചേർക്കപ്പെടും. ഒരു മനുഷ്യൻ മരിക്കുകയും അവൻറെ മക്കൾ അവന് വേണ്ടി പ്രാർത്ഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നുണ്ടെങ്കിൽ നിശ്ചയമായും റബ്ബ് അത് സ്വീകരിച്ചിരിക്കും. ഒരു ഹദിസിൽ കാണാം: اذا مات الإنسان انقطع عمله الا من ثلاث،صدقة جارية وعلم ينتفع به وولد صالح يدعو له (ഒരു മനുഷ്യൻ മരിച്ചാൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ മൂന്നെണ്ണമൊഴികെ ബാക്കി എല്ലാം മുറിഞ്ഞ് പോകും, ധാനദർമ്മവും, മറ്റുള്ളവർക്ക് ഉപകരിച്ച അറിവും അവന് വേണ്ടിയുള്ള മക്കളുടെ പ്രാർത്ഥനയുമാണവ. ( മുസ്ലിം))
മറ്റൊരു ഹദിസിൽ കാണാം: ان العبد لترفع له الدرجة فيقول اي رب اني لي هذا فيقول باستغفارك ولدك من بعدك
അന്ത്യ നാളിൽ തൻറെ സ്ഥാനം ഉയർന്നു കൊണ്ടിരിക്കുന്നത് കണ്ട് അടിമ തൻറെ റബ്ബിനോട് ചോദിക്കും: നാഥാ എന്തു കൊണ്ടാണ് എൻറെ സ്ഥാനങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത്? അവൻ പറയും: നിൻറെ മകൻ നിനക്ക് പൊറുക്കലിനെ തേടുന്നത് കൊണ്ടാണത് (ഇബ്‌നു മാജ)
മക്കളെ നല്ല രീതിയിൽ തർബിയത്ത് നൽകുന്നവന് അതിൻറെ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. റസൂൽ പറഞ്ഞത് നോക്കുക: من عال جاريتين حتي تبلغا جاء يوم القيامة انا وهم ضم اصابعه (ഞാനും, പ്രായപൂർത്തിയാകും വരെ രണ്ട് പെൺകുട്ടികളെ പരിപാലിച്ചവനും അന്ത്യനാളിൽ ഇതു പോലെയായിരിക്കും(പ്രവാചകൻ അവരുടെ രണ്ട് വിരലുകൾ കൂട്ടിപ്പിടിച്ചു കാണിച്ചു. – മുസ്ലിം)

കുട്ടികളോട് നല്ല രീതിയിൽ പെരുമാറുന്നതും വളരെ പുണ്യമുള്ള കാര്യമാണ് ഹദീസിൽ കാണാം: قال النبي من ابتلي من البنات بشيئ فاحسن اليهن كان له سترا من النار
റസൂൽ പറയുന്നു: ആരെങ്കിലും തൻറെ പെൺമക്കളാൽ എതെങ്കിലും വിധേന പരീക്ഷിക്കപ്പെടുകയും അവരോട് നല്ല രീതിയിൽ പെരുമാറുകയും ചെയ്താൽ അവൻ ചെയ്ത പ്രവർത്തനത്തെ നരകത്തിൽ നിന്നുള്ള ഒരു മൂടുപടമാക്കി മാറ്റും. – മുസ്ലിം)
മക്കൾക്ക് വേണ്ടി പണം ചിലവഴിക്കലും പുണ്യം തന്നെ. വിശുദ്ധ ഖുർആനിൽ മക്കൾക്ക് വേണ്ടി ചിലവഴിക്കുന്നതെല്ലാം ആഖിറതിൽ ഒരു നിധിയായി കൂടെയുണ്ടാകുമെന്ന് പറയപ്പെട്ടിട്ടുണ്ട്. ഒരു പാട് ഹദീസുകളിലും ഇതിൻറെ മഹത്വങ്ങൾ നമുക്ക് കാണാം. ഒരു ഹദീസിൽ ഇങ്ങനെ കാണാം: افضل دينار نفقه الرجل دينار ينفقه علي عياله മനുഷ്യൻ ചിലവഴിക്കുന്ന ദീനാറിൽ(സമ്പത്ത്) ഏറ്റവും മഹത്വമുള്ളത് അവൻറെ സന്താനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നതിനാണ് (മുസ്ലിം)

മറ്റൊരു ഹദീസിൽ കാണാം: اذا انفق الرجل علي اهله نفقة يحتسبها فهي له صدفة ഒരാൾ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് തൻറെ കുടുംബത്തിനും മക്കൾക്കും വേണ്ടി ചിലവഴിച്ചാൽ അതവന് ഒരു സ്വദഖയായി കണക്കാക്കപ്പെടും. (മുത്തഫഖുൻ അലൈഹി)
ഒരാൾ തൻറെ മക്കളെയെല്ലാം ഒരു പോലെ കാണുകയും കാരണങ്ങളൊന്നുമില്ലാതെ ആൺ പെൺമക്കൾക്കിടയിൽ വേർതിരിവ് കാണിക്കാതിരിക്കുയും ചെയ്താൽ അതവന് സ്വർഗത്തിലേക്ക് കടക്കാനുള്ള ഒരു മാർഗമാണ്. ഹദീസിൽ കാണാം: قال رسول الله، من كانت له انثي فلم يئدها ولم بمعنها ولم يؤثر ولده عليها يعني الذكور ادخله الله الجنة ഒരാൾക്ക് ഒരു പെൺകുട്ടി ജനിക്കുകയും അവളെ കൊന്ന് കളയുകയോ അപമാനിക്കുകയോ ആൺകുട്ടികൾക്ക് അവളേക്കാൾ മുൻഗണന നൽകുകയോ ചെയ്യാതിരുന്നാൽ അല്ലാഹു അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.
തൻറെ മക്കൾക്കിടയിൽ നീതി പുലർത്താത്തവർക്കെതിരെ ഭീഷണിയുയർത്തിയുള്ള ഒന്നിലധികം ഹദീസുകൾ ബുഖാരിയിലും മുസ്ലിമിലും നമുക്ക് കാണാവുന്നതാണ്. റസൂൽ അക്രമികൾ എന്നാണ് അവരെ വിശേഷിപ്പിച്ചത്. പ്രായപൂർത്തിയാകും മുമ്പ് കുട്ടികൾ മരിച്ചാലും മാതാപിതാക്കൾക്ക് ധാരാളം പ്രതിഫലങ്ങളുണ്ട് ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്: ما من مسلم يموت له ثلاثة لم يبلغوا الحنث الا أدخله الله الجنة بفضل الله رحمته اياهم
ഒരു മുസ്ലിമിൻറെ പ്രായപൂർത്തിയാക്കാത്ത മൂന്ന് കുട്ടികൾ മരണപ്പെട്ടാൽ തീർച്ചയായും അല്ലാഹു അവൻറെ കാരുണ്യം കൊണ്ട് അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. (ബുഖാരി- മുസ്ലിം)

ഇതേ ആശയത്തിലുള്ള മറ്റു ചില ഹദീസുകളും നമുക്ക് കാണാം. മറ്റൊരു ഹദീസിൽ രണ്ട് കുട്ടികൾ എന്നും പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ മതപരമായും ഭൗതികമായും അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് കുട്ടികൾ. ഗുണമേന്മയോടെയുള്ള മാർഗനിർദേശത്തിൻറെ വെളിച്ചത്തിൽ അവരെ പരിശീലിപ്പിക്കുകയാണെങ്കിൽ ജീവിതം മുഴുവൻ ഇബാദത്തായി മാറുന്നു. മക്കളെ പരിശീലിപ്പിക്കാൻ അയാൾ നേരിടുന്ന ബുദ്ധിമുട്ടുകളും കഠിനയത്‌നങ്ങളുമെല്ലാം പരലോകത്ത് അയാൾക്ക് ഒരു വലിയ മുതൽകൂട്ടായി മാറുകയും ചെയ്യും.

മതപരവും ഭൗതികവുമായ ജീവിതത്തിൻറെ എല്ലാ മേഖലകളിലും കുട്ടികളുടെ സാന്നിധ്യവും അവർക്കുള്ള ഗുണമേന്മയാർന്ന പരിശീലനവുമെല്ലാം നൽകുന്ന ഉപകാരങ്ങൾ ധാരാളമാണ്. അല്ലാഹുവിൻറെ അനുഗ്രഹങ്ങളിൽ കുട്ടികളേക്കാൾ നല്ലൊരു അനുഗ്രഹം കണ്ടെത്തുക ക്ലേശകരം തന്നെയാണ്. കാരണം ഒരു മനുഷ്യന് തൻറെ പരലോക ജീവിതം വിജയകരമാക്കാനുള്ള ഏറ്റവും വലിയ മാർഗമാണ് അവർ. അതിനാൽ സന്താനപരിപാലനത്തിന് വേണ്ടി എത്രകഠിനാധ്വാനവും മനുഷ്യന് സഹിക്കാം.

ഇന്നത്തെ കാലത്ത് ഭ്രൂണഹത്യയും സന്താനനിയന്ത്രണങ്ങളുമെല്ലാം വർധിച്ച് വരുന്നതായി നമുക്ക് കാണാൻ സാധിക്കും. മാത്രവുമല്ല ഒരു മനുഷ്യന് പരിപാലിക്കാൻ കഴിയാവുന്നത്ര സന്താനങ്ങൾ മതി എന്നും കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങളോട് കൂടിയ നിയന്ത്രണങ്ങൾ ഏർപെടുത്തണമെന്നും ചില ഇസ്ലാമിക മതപണ്ഡിതൻമാരുടെ കാഴ്ചപാടുകളോട് വിയോജിപ്പാണ് എനിക്കുള്ളത്.

ഇസ്ലാമിൽ മനുഷ്യൻറെ എല്ലാ പ്രവർത്തനങ്ങളും പരലോകത്തെ ബന്ധപ്പെടുത്തിയാണ് നിലകൊള്ളുന്നത്. അവിടത്തെ വിജയം തന്നെയാണ് യഥാർത്ഥ വിജയവും. ആയതിനാൽ നമ്മുടെ പരമ്പരയിൽ വരുന്ന കുട്ടികൾ പരലോകത്തെ നേട്ടമാണ് യഥാർത്ഥമെന്ന് ഉൾകൊണ്ട് തൻറെ കടമകളും തന്നോടുള്ള കൽപനകളുമെല്ലാം പാരത്രികവിജയത്തിന് നല്ല രീതിയിൽ വീട്ടുന്ന ഒരു സാഹചര്യമാണ് ശരീഅത്ത് ആവശ്യപ്പെടുന്നത്. ആയതിനാൽ ജനിക്കുന്ന കുട്ടികൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ വെക്കുന്നത്‌ ശരിയല്ല, കാരണം വികലാംഗരായ കുട്ടികളെ പരിപാലിക്കുന്നതും വളരെ പ്രതിഫലമുള്ള കാര്യമാണ്.

സന്താനപരിപാലനത്തിൻറെ പ്രാധാന്യം
സന്താനങ്ങളുടെ ഇത്തരം മഹത്വങ്ങളെല്ലാം വിവരിച്ച സ്ഥിതിക്ക് ഒരു കുട്ടി ജനിക്കുമ്പോൾ ഒരു കുഞ്ഞ് എന്നതിലുപരി അല്ലാഹു നമുക്ക് വലിയ അനുഗ്രഹം കുഞ്ഞിൻറെ രൂപത്തിൽ തന്നു എന്ന് നാം ചിന്തിക്കണം. അല്ലാഹുവിൻറെ മഹത്തായ അനുഗ്രഹമാണെന്നിരിക്കെ അവരെ നല്ല രീതിയിൽ പരിപാലിക്കൽ മാതാപിതാക്കളുടെ കടമ തന്നെയാണ്. അവർക്ക് കാര്യമായ പരിപാലനം നൽകാതിരിക്കുന്നത് അപകടകരമായ വസ്തുതയാണ്. പാരത്രിക ലോകത്ത് കഠിനമായ ചോദ്യം ചെയ്യലിനെ ഭയക്കുകയും ചെയ്യേണ്ടി വരും.

പ്രവാചകൻ പറഞ്ഞു, كلكم راع وكلكم مسئول عن رعيته തൻറെ കടമകളെ അവഗണിക്കാതിരിക്കുക എന്നത് അവൻറെ ഉത്തരവാദിത്തങ്ങളിൽ പെട്ടതാണ്. അത് ചെയതില്ലെങ്കിൽ വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ അവന് സാധിക്കില്ല.
സ്വന്തം മക്കൾക്ക് കാര്യമായ തർബിയത്ത് നൽകുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒരാൾക്കും തടിയൂരാൻ സാധിക്കില്ലെന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്. മക്കളുടെ സ്വഭാവങ്ങളിലും രൂപമാറ്റങ്ങളിലുമെല്ലാം മാതാപിതാക്കൾക്ക് പ്രധാനമായ പങ്കുണ്ട്. ഹദിസിൽ ഇങ്ങനെ കാണാം:
كل مولود يولد علي الفطرة فابواه يهودانه او ينصرانه او يمجسانه എല്ലാ കുട്ടികളും നല്ല ചര്യയിലാണ് ജനിക്കുന്നത്, പിന്നീട് അവരെ യഹൂദിയോ നസ്രാണിയോ ആക്കിമാറ്റുന്നത് അവരുടെ മാതാപിതാക്കൾ ആണ് (മുത്തഫഖുൻ അലൈഹി)

സന്താന പരിപാലനം എന്നാലെന്ത്
സന്താന പരിപാലനം എന്നാൽ ഏതെങ്കിലുമൊരു സമയത്തോ പെട്ടെന്നോ ചെയ്യാൻ കഴിയുന്നതല്ല. യഥാർത്ഥത്തിൽ അത് ഒരുപാട് കാലം നീണ്ട്നിൽക്കുന്ന ഒരു തുടർപ്രക്രിയയാണ്. സന്താനപരിപാലനത്തിൻറെ പ്രക്രിയകൾ കല്യാണത്തിന് മുമ്പേ തുടങ്ങുന്നുണ്ട്. വിവാഹത്തിന് വേണ്ടിയുള്ള ഇണയെ അന്യേഷിക്കൽ ഇതിൻറെ കാര്യമായ അടിത്തറയാണ്. ഹദീസിൽ വരനെയും വധുവിനെയും അന്യേഷിച്ച് കണ്ടെത്തുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നതിൻറെ കൃത്യമായ വിശദീകരണം കാണാൻ സാധിക്കുന്നതാണ്. അതെല്ലാം ഇവിടെ വിശദീകരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ വധൂ വരന്മാരെ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള രണ്ട് ഹദീസുകൾ മാത്രം ശ്രദ്ധിക്കുക: اذا جاءكم من ترضون خلقه ودينه قزوجوه.. الا تفعلو تكن فتنة في الأرض وفساد عريض നിങ്ങൾ വരന്മാരെ അന്യേഷിക്കുമ്പോൾ ദീനും സ്വഭാവവും നല്ലവരെ കണ്ടാൽ വിവാഹം കഴിച്ചു കൊള്ളുക, അതല്ലാത്തവരെ വിവാഹം കഴിച്ചാൽ അത് ഭൂമിയിൽ ഒരുപാട് ആപത്തുകൾ സൃഷ്ടിക്കും.(തുർമുദി)
വധുവിനെ അന്യേഷിക്കുന്ന കാര്യത്തിൽ പ്രശസ്തമായ ഒരു ഹദീസുണ്ട്: تنكح المرأة لأربع لمالها ولحسبها ولجمالها ولدينها فاظفر بذات الدين تربت يداك
( ഒരു സ്ത്രീയുമായുള്ള വിവാഹം നാല് കാരണങ്ങളാൽ നടക്കുന്നു, അവളുടെ സമ്പത്ത്,അവളുടെ തറവാട്,അവളുടെ സൗന്ദര്യം, അവളുടെ മതബോധം, അത് കൊണ്ട് നീ മതബോധമുള്ളവളെ വിവാഹം കഴിക്കുക, നീ വിജയിക്കട്ടെ)
രണ്ട് ഹദീസിലും വിവാഹം കഴിക്കുമ്പോൾ ദീനിബോധത്തെ കാര്യമായി പരിഗണിക്കണമെന്ന് പറഞ്ഞിട്ടുണ്ട്, ആദ്യത്തെ ഹദീസിൽ അങ്ങനെ അല്ലാതെ വിവാഹം കഴിച്ചാൽ ഭൂമിയിൽ ആപത്തുകൾ നിറയുമെന്നും നാം കണ്ടു.

അന്യേഷണങ്ങളെല്ലാം കഴിഞ്ഞ് വധൂവരന്മാർ ദാമ്പത്യജീവിതത്തിലേക്ക് കടക്കുകയും കൂടെ സന്താനങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിത്തീരുകയും ചെയ്യുന്നു. ഈ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട ഒരു പാട് മര്യാദകളുണ്ട്, ഉദാഹരണം സംയോഗവേളയിൽ തങ്ങൾക്കുണ്ടാകാൻ പോകുന്ന കുഞ്ഞിന് പിശാചിൻറെ അപകടങ്ങളിൽ നിന്ന് കാവൽ തേടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന ഒരു പ്രാർഥന ഇങ്ങനെയാണ്: اللهم جنبنا وجنبه من الشيطان الرجيم പ്രസവദിവസങ്ങളിൽ ഉമ്മമാർ ദിക്‌റുകളിലും ഖുർആൻ പാരായണങ്ങളിലും മുഴുകി കുഞ്ഞിൻറെ നല്ലതിന് വേണ്ടി പ്രാർത്ഥിക്കുകയും അല്ലാഹുവിന് നന്ദി ചെയ്യുകയുമെല്ലാം ചെയ്യാവുന്നതാണ്. ഖുർആനിൽ ഒരിടത്ത് മാതാപിതാക്കൾ നന്ദി പറയുന്നതിനെ സൂചിപ്പിക്കുന്നു: لاين انجيتنا
صالحا لنكونن من الشاكرين

കുഞ്ഞുങ്ങൾ നല്ലവരായി ജനിക്കുക എന്നത് റബ്ബിൻറെ വലിയ ഒരു അനുഗ്രഹമാണ്. അതിന് നന്ദി പറയൽ നിർബന്ധവുമാണ്. പ്രസവത്തിന് ശേഷം ഏത് കുഞ്ഞ് ജനിച്ചാലും അല്ലാഹുവിൻറെ സമ്മാനമാണെന്ന് കരുതി സ്വീകരിക്കണം. ആൺകുട്ടിയായാൽ മുഖം പ്രസന്നമാവുകയും അല്ലെങ്കിൽ മുഖം കറുക്കുകയും ചെയ്യരുത്. കാരണം അല്ലാഹുവിൻറെ വിധിയിൽ ആൺകുട്ടിയാണോ പെൺകുട്ടിയാണോ നല്ലത് എന്ന് അവനറിയില്ല. അല്ലാഹു രണ്ട് പേർക്കുമുള്ള വ്യത്യസ്ഥ മഹത്വങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്. ഹദീസിൽ പെൺകുട്ടിയെ അനുഗ്രഹമായിട്ടും ആൺകുട്ടിയെ കരളിൻറെ കഷ്ണമായിട്ടും വിവരിച്ചത് കാണാം. ആയതിനാൽ കുട്ടി ഏതായാലും അല്ലാഹുവിൻറെ അനുഗ്രഹത്തിന് നന്ദി പറയലാണ് നാം ചെയ്യേണ്ടത്.

പ്രസവത്തിന് ശേഷം ഇസ്ലാമികമായുള്ള നടപടിക്രമങ്ങളെല്ലാം ഭംഗിയായി നടത്തുകയും അതിന് നേരത്തെ ഒരുങ്ങിത്തയ്യാറാവുകയും വേണം. കുഞ്ഞ് ജനിച്ചാൽ ആദ്യമായി ചെയ്യേണ്ടുന്ന മധുരം നൽകൽ, ബാങ്കും ഇഖാമത്തും കൊടുക്കൽ, ഏഴാം ദിവസം അഖീഖത് അറുക്കൽ, കുഞ്ഞിന് നല്ലൊരു പേരിടൽ, മുടി മുണ്ഡനം ചെയ്യൽ, തുടങ്ങിയ കാര്യങ്ങളെല്ലാം ഹദീസിൽ വ്യക്തമായി കാണാൻ സാധിക്കുന്നതാണ്.

അഖീഖത് വളരെ പവിത്രമായ സുന്നതാണ്. അല്ലാഹുവിൻറെ തിരൂദൂതർ അത് ചെയ്യാനായി നമ്മോട് കല്പിക്കുകയും അതിൻറെ രൂപങ്ങളും രീതികളും നമുക്ക് പറഞ്ഞുതരികയും ചെയ്തിട്ടുണ്ട്. തിരുവചനങ്ങളുടെ വീക്ഷണത്തിൽ അഖീഖത് ജനിച്ച മുതലുള്ള ഏഴാം ദിവസത്തിലാണെന്ന് മനസ്സിലാക്കാം. ഏഴാം ദിവസം നടത്തിയില്ലെങ്കിൽ അത് പിന്നെ അഖീഖ ആവില്ല, ചിലർ വർഷങ്ങൾ കഴിഞ്ഞും മറ്റു ചിലർ ഒരുപാട് കാലങ്ങൾ കഴിഞ്ഞും അഖീഖത് നടത്താറുണ്ട്. ഇത് ശരിയല്ല അഖീഖത് ഏഴാം ദിവസമാണ് കാരണം ഹദീസിൽ അതിനെ സ്ഥിരപ്പെടുത്തുന്ന വാക്കുകൾ നമുക്ക് കാണാൻ സാധിക്കും. كل غلام مرهون بعقيقة تذبح عنه يوم سابعه ويسمي فيه وبحلق رأسه അഖീഖത്ത് അറുക്കപ്പെടുന്ന കുട്ടികളുടെതെല്ലാം അവരുടെ ഏഴാം ദിവസത്തിൽ നടത്തണം അവന് പേരിടുകയും അവൻറെ തല മുണ്ഡനം ചെയ്യുകയും വേണം.

അഖീഖത്തിന് ശേഷമുള്ള ഒന്നാണ് ആൺകുട്ടികളുടെ ചേലാ കർമ്മം. ഇതിന് പ്രത്യേക സമയമോ കാലമോ ഇല്ലെങ്കിലും എത്ര പെട്ടെന്നാവുന്നോ അത്രയും നല്ലതാണ്. രണ്ട് രണ്ടര വർഷമാണ് ഇസ്‌ലാമിൽ മുലയൂട്ടലിൻറെ കാലാവധി, ഈ കാലത്ത് മുഴുസമയവും ഉമ്മയുടെ മടിത്തട്ടിൽ വളരുന്ന കുട്ടികളെ വ്യത്യസ്ഥ വസ്തുക്കളും വാക്കുകളെല്ലാം പഠിപ്പിക്കുന്നത് അവരുടെ മാതാവ് തന്നെയാണ്, ആയതിനാൽ കുട്ടികളുടെ വായയിൽ നിന്ന് വരുന്ന വാക്കുകളെല്ലാം നല്ലതാവലും അവരുടെ വ്യത്തിയും ആരോഗ്യവുമെല്ലാം ശ്രദ്ധിക്കലും മാതാവിന്റെ ഉത്തരവാദിത്തത്തിൽ പെട്ടതാണ്, കാരണം ഇത്തരം കാര്യങ്ങളിലുള്ള ആദ്യപഠനങ്ങളെല്ലാം ഭാവിജീവിതത്തെയും ബാധിക്കുന്നതാണ്.

ചുരുക്കത്തിൽ കുട്ടികളെ നല്ല വാക്കുകൾ സംസാരിക്കാനും മര്യാദയും സംസ്‌കാരവും ശീലിപ്പിക്കാനും നല്ല സംഭാഷണശൈലി വളർത്തിയെടുക്കാനുമെല്ലാം ഉമ്മമാർ പ്രയത്‌നിക്കണം. ചില ഉമ്മമാർ അവരുടെ മക്കൾ ചീത്തവാക്കുകൾ പറയുമ്പോൾ ഗുണദോശിക്കാതെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു നിലപാടെടുക്കുന്നതായി കാണാറുണ്ട്. ഇതിൻറെ പരിണിതഫലമായി കുട്ടികൾ ഈ വാക്കുകളെല്ലാം പതിവാക്കുകയും ലജ്ജയില്ലാത്തവരായി മാറുമെന്നുള്ളതുമാണ്.

തൻറെ മക്കൾ എന്താണാവേണ്ടതെന്നും അവരെന്താവാനാണ് ആഗ്രഹിക്കുന്നതെന്നുമെല്ലാം സദാസമയവും ചിന്തിക്കുകയും വീക്ഷിക്കുകയും വേണം. അവർ വലിയവരായാൽ നല്ല മനുഷ്യരാവണമെന്നും തൻറെ കുടുംബത്തിനും നാടിനും വേണ്ടപ്പെട്ടവരാവണമെന്നുമെല്ലാം മുഴുസമയവും ചിന്തയിലുണ്ടെങ്കിൽ മക്കളുടെ ഓരോ ചലനങ്ങളെയും ഗുണമേന്മയാർന്ന തർബിയത്തിലൂടെ കൊണ്ടുപോവാൻ നമുക്ക് സാധിക്കും. ഈ ചിന്തകളെല്ലാം മനസ്സിലില്ലെങ്കിൽ നമ്മുടെ കുട്ടികൾ കല്ലിനടിയിലൂടെ മുളച്ചുപൊന്തുന്ന പാഴ്‌ചെടികൾ പോലെ ആർക്കോ വേണ്ടി ജീവിക്കുന്നവരായിത്തീരും.

ഒരു കാര്യം ഓർത്ത് വെക്കുന്നത് നല്ലതാണ്, ലോകത്ത് ഒരു പാട് വിജയങ്ങൾ കൈവരിക്കുന്നവരും പരാജയങ്ങളെ നേരിടേണ്ടി വന്നവരുമെല്ലാം ജനനസമയത്ത് സമന്മാരായിരുന്നു. ജീവിതത്തിൻറെ വ്യത്യസ്ഥ മേഘലകളിൽ മാതാപിതാക്കൾ യുക്തിഭദ്രമായ ഇടപെടൽ നടത്തുകയും ഉപദേശങ്ങൾ നൽകുകയും ചെയ്താൽ തർബിയതത്തിൻറെ ഗുണഫലങ്ങൾ കാണുമെന്നത് നിസ്സംശയമാണ്. കുട്ടികൾ പേരും പെരുമയും പ്രശസ്തിയും സമ്പത്തുമെല്ലാം നേടണമെന്നൊന്നുമില്ല പകരം ശരീഅത്ത് തേടുന്നത് അവർ നല്ല മനുഷ്യരാകണമെന്നാണ്. കൂടാതെ നല്ല മാതാപിതാക്കളായും നല്ല സഹോദരീ സഹോദരൻമാരായും നല്ല അയൽവാസികളായും മാതാപിതാക്കളുടെ കണ്ണിലെ കുളിർമയായിത്തീരണം. അങ്ങനെ മഹ്ഷറയിൽ വെച്ച് തൻറെ മക്കളെ ഓർത്ത് മാതാപിതാക്കൾക്ക് ലജ്ജിക്കേണ്ട അവസ്ഥ ഇല്ലാതിരിക്കുകയും വേണം.
ചില നേരങ്ങളിൽ ജനങ്ങൾ മറ്റുള്ളവരുടെ കുട്ടികളുടെ കുറ്റങ്ങൾ കണ്ടെത്തി അതിനെ വിമർഷിക്കുന്നതായി നാം കാണാറുണ്ട്. അതേ സമയം അവരുടെ കുട്ടികളും ഇതേ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന വസ്തുത അവർ മറക്കുകയും ചെയ്യുന്നു. അതിനാൽ തൻറെ മക്കളെ സദാസമയം വീക്ഷിക്കലും അവരെ ഗുണദോഷിക്കലും തെറ്റുകളെ യുക്തിപരമായി മായ്ച്ചുകളയലും നല്ല കാര്യങ്ങളെ പ്രശംസിക്കലുമെല്ലാം മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ചില മാതാപിതാക്കൾ തൻറെ കുട്ടികൾ വലിയ ഒരാളായിത്തീരണമെന്നും എല്ലാ മേഖലകളിലും വിജയിയാവണമെന്നും നല്ല ഉയർന്ന വിദ്യഭ്യാസം കരസ്ഥമാക്കണമെന്നുമെല്ലാം ദിവാസ്വപ്നം കാണാറുണ്ട്. ഇതെല്ലാം പ്രാവർത്തികമാക്കുന്നുണ്ടെങ്കിൽ അതിലൊരു തെറ്റുമില്ല. പക്ഷെ വെറും ചിന്തയും വ്യാമോഹവും മാത്രമാണെങ്കിലോ.

കുട്ടികൾ വിവേകം കൈവരിക്കുമ്പോൾ അവരിലൊരു സ്വബോധം ഉടലെടുക്കുന്നു. ഈ സമയം അവർക്ക് ശക്തമായ തർബിയത്ത് നൽകേണ്ടുന്ന സമയമാണ്. പതിനാല് വയസ്സ് തികയുമ്പോൾ അവർ കാര്യങ്ങളെല്ലാം ഒരു പ്രത്യേക മേഖലയിൽ കേന്ദ്രീകരിക്കുന്നു. ഞാനിത് കൊണ്ട് ഉദ്ദേശിച്ചത് തർബിയതിൻറെ കാലം ഇതോടെ അവസാനിച്ചു എന്നല്ല, ഒരു ഗുരുനാഥനുണ്ടെങ്കിൽ തർബിയത്ത് ഏത് പ്രായത്തിലും നേടാം. പക്ഷേ പൊതുവേ പതിനാല് വയസ്സ് കവിഞ്ഞാൽ കുട്ടികൾ ഒരു പ്രത്യേക രീതി തിരഞ്ഞെടുക്കുന്നതായി കാണാം, അതിനാൽ ഈ വയസ്സ് വരെ അവരിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ അനിവാര്യമാണ്‌.

ചില മുൻകരുതലുകൾ
കുട്ടികളുടെ കാര്യത്തിൽ ചില വിഷയങ്ങളിൽ നാം അതീവ ശ്രദ്ധചെലുത്തണം.
1) ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നതും ചെറിയ കാര്യങ്ങൾക്ക് ശകാരിക്കുന്നതും യുക്തിക്ക് നിരക്കാത്തവയാണ്. ഇത്തരം കാര്യങ്ങൾ അവരുടെ തർബിയത്തിൽ കാര്യമായി സ്വാധീനിക്കും. ‘നിനക്കെന്താ ബുദ്ധിയില്ലേ’, ‘ നിൻറെ തലക്കകത്തെന്താ വെറും കളിമണ്ണാണോ’ തുടങ്ങിയ വാക്കുകളുടെ കൈപ്പേറിയ ഓർമ്മകൾ വലുതായി വളർന്നാലും അവരുടെ മനസ്സിലുണ്ടാവും. ഈ വാക്കുകളെല്ലാം അവൻറെ മനസ്സിനെ വിദ്വേഷം നിറഞ്ഞതാക്കുകയും അവനിലുള്ള നന്മകൾ കുറഞ്ഞ് വരികയും തെറ്റായ മാർഗത്തിലൂടെ അവൻ വഴിതെറ്റി സഞ്ചരിക്കുകയും ചെയ്യും. ചുരുക്കത്തിൽ മാതാപിതാക്കളുടെ അനാവശ്യമായ ശകാരവാക്കുകൾ കുട്ടികളെ അവരുടെ ഭാവി ജീവിതത്തിൽ അങ്ങേയറ്റം മോശമായി സ്വാധിനിക്കുകയും അവർക്ക് നേരായ പാത കണ്ടെത്തലിനൊരു വിലങ്ങുതടിയായി മാറുകയും ചെയ്യും.

2) കുട്ടികളുടെ പ്രകൃതിപരമായ ശക്തിക്കളെ നിരുത്സാഹപ്പെടത്തരുതെന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. മറിച്ച് അവകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇനി അവരിൽ പോരായ്മകൾ കണ്ടെത്തുകയാണെങ്കിൽ ഗുണമേന്മായാർന്ന ഉപദേശങ്ങൾ നൽകി അവരെ നേരായ മാർഗത്തിലേക്ക് കൊണ്ട് വരാനും ശ്രമിക്കണം.

3) കുട്ടികൾക്ക് അവരിൽ തന്നെ വിശ്വാസം ഉണ്ടായിത്തീരാൻ അവരിൽ നാം ആത്മവിശ്വാസം വളർത്തിയെടുക്കലാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. അവരുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാവും ഇത്, കാരണം ഒരു മനുഷ്യൻറെ ജീവിതത്തിലെ പ്രധാന ആയുധം അവൻറെ ആത്മവിശ്വാസം തന്നെയാണ്. ആത്മവിശ്വാസമുള്ളവർ ജീവിതത്തിലെ സകല തടസ്സങ്ങളും ദുരീകരിക്കുകയും എല്ലാ മേഖലകളിലും വിജയിക്കുകയും ചെയ്യുന്നു, അല്ലാത്തവർ ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങുന്നു.

4) നാലാമതൊരു കാര്യം കുട്ടികളിൽ നേതൃത്വപാഠവം വളർത്തിയെടുക്കുക എന്നതാണ്. ഈ നേട്ടം കൈവരിച്ചാൽ ജീവിതത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാനും അവൻറെ ശരീരവും മനസ്സും ഏതെല്ലാം നല്ല കാര്യങ്ങളിൽ ഉപയോഗിക്കണമെന്നുമെല്ലാം അവൻ സ്വായത്തമാക്കും. ഇബ്‌റാഹീം (അ)നബിയുടെ പ്രാർത്ഥന നോക്കൂ: رَبَّنا هَب لَنا مِن أَزواجِنا وَذُرِّيّاتِنا قُرَّةَ أَعيُنٍ وَاجعَلنا لِلمُتَّقينَ إِمامًا തൻറെ മക്കൾക്ക് നേതൃത്വ കഴിവുകൾ നൽകാനപേക്ഷിക്കുന്ന മറ്റു ചില പ്രാർത്ഥനകളും നമുക്ക് കാണാൻ സാധിക്കുന്നതാണ്.

ഹലാലായ ഭക്ഷണത്തിൻറെ പ്രാധാന്യം
കുട്ടികളുടെ തർബിയത്തിൽ അവരുടെ ഭക്ഷണം ഹലാലാവുകയെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. തന്റെ മക്കളുടെ ജീവിതത്തിലും വളർച്ചയിലുമെല്ലാം അവരെ ഹറാമായ ഭക്ഷണത്തിൽ നിന്നും സമ്പത്തിൽ നിന്നും അകറ്റി നിർത്തൽ മാതാപിതാക്കളുടെ കടമയാണ്. ഹറാമായ ഭക്ഷണം കഴിക്കുന്നവർക്ക് പിന്നീട് ഹലാലായവ സ്വീകരിക്കാൻ പ്രയാസമായിരിക്കും. ഈ വിഷയത്തിൽ പ്രത്യേക നിയമങ്ങളൊന്നുമില്ലെങ്കിലും ഹറാമും ഹലാലും കഴിക്കുന്ന കുട്ടികൾക്കിടയിൽ ധാരാളം വ്യത്യാസങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഹദീസീൽ ഹറാം കഴിക്കുന്നവനെ അധിക്ഷേപിച്ച് നിരവധി പ്രസ്താവനകൾ വന്നതായി കാണാൻ സാധിക്കുന്നതാണ്.

കുട്ടികളുടെ തർബിയതുമായി ബന്ധപ്പെട്ട് അടിസ്ഥാനമായ ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കേണ്ടതായുണ്ട്, അവർക്കൊരു നല്ല അന്തരീക്ഷം ഒരുക്കി കൊടുക്കൽ തർബിയതിന് ആവശ്യമായ കാര്യങ്ങളിലൊന്നാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ നല്ലത് തെരഞ്ഞെടുക്കാനും അല്ലാത്തത് വെടിയാനും എല്ലാ കാര്യങ്ങളെയും അവരുടേതായ വീക്ഷണത്തിൽ കൈകാര്യം ചെയ്യാനും അവർ പഠിക്കുന്നു.
കുട്ടികളിൽ താഴ്മ, ക്ഷമ, സ്വാഭിമാനം, ആത്മവിശ്വാസം, നല്ലതിനെ സ്വീകരിക്കാനുള്ള തൻറേടം തുടങ്ങിയവ കണ്ടു തുടങ്ങിയാൽ തർബിയത്ത് വളരെ അനായാസമാണ്. ഒരു കർഷകൻ കൃഷിക്ക് മുമ്പ് ഭൂമിയെ കൃഷിക്ക് പര്യാപ്തമാക്കുന്നത് പോലെ കുട്ടികൾക്ക് ആദ്യം നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടത്.

തർബിയത്തിൻറെ മണ്ഡലം വിശാലമാണ്, വിദ്യഭ്യാസ പരിശീലനം, സ്വഭാവ പരിശീലനം, കലാ പരിശീലനം, മത പരിശീലനം, രാഷ്ട്രീയ പരിശീലനം, വ്യക്തിപരവും സാമൂഹികവുമായ പരിശീലനം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവ ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെല്ലാം ഇവിടെ വിശദീകരിക്കൽ അസാധ്യമായതിനാൽ ഞാനിവിടെ മത പരിശീലനം മാത്രമാണ് വിവരിച്ചത്.

ജീവിതത്തിൻറെ മറ്റു ചില മേഖലകളിലെ പരീശീലനങ്ങളെ കുറിച്ച് പറയുമ്പോൾ മനുഷ്യൻറെ തിടുക്കത്തിലുള്ള സ്വഭാവം അവന് ചില മികച്ച ക്രമീകരണങ്ങൾ നൽകിയിട്ടുണ്ട്, മാതാപിതാക്കൾക്കും ഇത്തരത്തിലുള്ള പരിശീലനങ്ങൾ ലഭിക്കുന്നുണ്ട്‌. പ്രത്യേകിച്ച് വിദ്യഭ്യാസ പരിശീലനമാണ് ഇന്നേറ്റവും പ്രസക്തിയേറിയത്. വിദ്യാഭ്യാസ പരിശീലനത്തിന് വേണ്ടി ഇന്ന് ജനങ്ങൾ അവരുടെ സമ്പാദ്യത്തിൻറെ വലിയൊരു ഭാഗം ചിലവഴിക്കുന്നു. കലാ പരിശീലനവും വ്യക്തിപരിശീലനവുമെല്ലാം ഇതിൽ പെടുന്നു. അതിനാൽ മറ്റുള്ളതെല്ലാം ഒഴിച്ച് മതപരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നാം ശ്രമിക്കണം. ഇസ്ലാമിൽ കുട്ടികളുടെ മാനസിക പരീശീലനത്തെ കുറിച്ച് പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. മാത്രവുമല്ല മാതാപിതാക്കളുടെ ഒരു സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കിയിട്ടുള്ളത്. കുട്ടികൾക്ക് മാതാപിതാക്കൾ ഏതൊരു മേഖലയിൽ പരിശീലനം നടത്തിയാലും ചില അപ്രാപ്യമായ കാര്യങ്ങളെല്ലാം കാണാനിടയുണ്ട്. എന്നാൽ മതപരിശീലനത്തിൽ അതിനുള്ള യാതൊരു സാധ്യതയും നമുക്ക് കാണാൻ സാധിക്കുന്നതല്ല. അല്ലാഹുവിന്റെ തിരുദൂതർ അരുളി: ما نحل والد ولده من نحل افضل من ادب حسن ഒരു പിതാവിന്ന് തൻറെ മകന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവർക്ക് നല്ല വിദ്യാഭ്യാസവും മര്യാദയും പഠിപ്പിക്കലാണ്(മിശ്കാത്, കിതാബുൽ അദബ്)

കുട്ടികളെ കുറിച്ച് അല്ലാഹു ഒരു പാട് കൽപനകൾ നടത്തിയിട്ടുണ്ട്, يا أَيُّهَا الَّذينَ آمَنوا قوا أَنفُسَكُم وَأَهليكُم نارًا
ഇതു പോലോത്ത പല ആയത്തുകളും നമുക്ക് കാണാം. ഇതിന് പുറമേ കുട്ടികളെ കുറിച്ച് മാതാപിതാക്കളോട് പാരത്രിക ലോകത്ത് ചോദ്യമുന്നയിക്കുമെന്ന് ഹദീസിൽ തിരുദൂതർ പറഞ്ഞിട്ടുണ്ട്. മുമ്പ് പരാമർശിച്ച ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസാണിത്- كلكم راع وكلكم مسئول عن رعيته … والرجل راع في اهله وسئول عن رعيته നിങ്ങളെല്ലാവരും ആട്ടിടയന്മാരാണ്, നിങ്ങളുടെ മേച്ചിൽപുറങ്ങളെ കുറിച്ച് നിങ്ങൾ വിചാരണ ചെയ്യപ്പെടും, മനുഷ്യൻറെ ഉത്തരവാദിത്തത്തിൽ പെട്ടതാണ് അവൻറെ കുടുംബം, അവരെ കുറിച്ച് അവൻ ചോദിക്കപ്പെടുകതന്നെ ചെയ്യും (മുത്തഫഖുൻ അലൈഹി).

ഇബ്‌നു അബ്ബാസ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ കുട്ടികളെ തർബിയത്ത് ചെയ്യുന്ന വേളയിൽ നല്ല വാക്യങ്ങൾ അഥവാ ദീനിൻറെ അടിസ്ഥാനമായ വിശ്വാസപരമായ കാര്യങ്ങൾ കൊണ്ട് തുടങ്ങണമെന്ന് കാണാം. തൗഹീദ്, പ്രവാചകത്വം, ഖുർആൻ, മറ്റു ദൈവീക ഗ്രന്ഥങ്ങൾ, സ്വർഗ്ഗവും നരകവും, അന്ത്യനാൾ തുടങ്ങിയ കാര്യങ്ങൾ അവർക്ക് പരിചയപ്പെടുത്തിയാൽ ഈ വിവരങ്ങൾ അവരെ നല്ല രീതിയിൽ ജീവിക്കാനുള്ള ഒരു വഴികാട്ടിയായി മാറുന്നതാണ്.

ഇന്നത്തെ കാലത്ത് കുട്ടികളുടെ മാനസിക പരിശീലനത്തിന് വേണ്ടി പരിശ്രമിക്കുന്ന നിരവധി സംരംഭങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. കുട്ടികൾ അവരുടേതായ വീക്ഷണത്തിലൂടെ കാര്യങ്ങൾ ഗ്രഹിക്കുയെന്നാണ് ഇവയിലെ വിദ്യഭ്യാസ നയങ്ങൾ. ഇതു വെച്ച് ചിലർ വിശ്വാസപരമായ കാര്യങ്ങളെ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്, തീർത്തും അസംഭവ്യമാണത്. വാസ്തവത്തിൽ പുതിയ കാര്യങ്ങൾ ഗ്രഹിക്കുകയെന്നത് മറ്റ് ശാസത്രങ്ങളിൽ ഉപകാരപ്രദമാണ്. പക്ഷെ വിശ്വാസപരമായ കാര്യങ്ങൾ അങ്ങനെയല്ല, മറിച്ച് അത് പ്രവാചകന്മാർ മുഖേന ലഭിച്ചവയാണ്. പ്രവാചകന്മാർക്ക് പോലും അല്ലാഹുവിന്റെ വഹ് യ് മുഖേന അത് ലഭിച്ചു എന്നല്ലാതെ അവരിതിൽ അവരുടേതായ യാതൊന്നും കൂട്ടിച്ചേർത്തിട്ടില്ല. അതിനാൽ തന്നെ വിശ്വാസ പരമായ കാര്യങ്ങൾ എങ്ങനെയാണോ നമ്മിൽ എത്തിയത് അത് പോലെ നാം അതിനെ സ്വീകരിക്കണം. കുട്ടികൾക്ക് ഒരു വഴികാട്ടിയില്ലെങ്കിൽ അവർ വഴികേടിൻറെ ഗർത്തത്തിൽ പതിക്കും. ഇന്നത്തെ സർവ്വ തത്വശാസ്ത്രങ്ങളും വഴികാട്ടികളിൽ അധിഷ്ഠിതമാണ്. അതിനാൽ തന്നെ വിശ്വാസപരമായ കാര്യങ്ങളിൽ യഥാർത്ഥ വസ്തുതകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി അവരെ തർബിയത്ത് ചെയ്യുകയാണ് വേണ്ടത്.

വിശ്വാസപരമായ കാര്യങ്ങൾ ഒരിക്കലും യുക്തിക്കെതിരല്ല, മറിച്ച പ്രകൃതി കൂടി തേടുന്ന ഒന്നാണത്. ഇന്നത്തെ സർവ്വപഠനങ്ങളും സമർത്ഥിക്കുന്നത് വിശ്വാസവും മതവുമെല്ലാം മനുഷ്യനിലധിഷ്ടിതമാണെന്നാണ്. ഈമാനില്ലാതെ ഒരാൾക്ക് സ്വയം തൻറെ ബുദ്ധി ഉപയോഗിച്ച് ജ്ഞാന ലോകത്തേക്ക് എത്തൽ അസാധ്യമാണ്, ഇനി അഥവാ അതിന് കഴിഞ്ഞാൽ അതവൻ മറ്റൊരാളിൽ നിന്ന് കേട്ട് തെളിവുകൾ സഹിതം മനസ്സിലാക്കുമ്പോൾ മാത്രമാണ്. അങ്ങനെ അവൻ അതിനെ കുറിച്ച അറിഞ്ഞ് കഴിഞ്ഞാൽ ഈമാൻ ഒരു പാരമ്പര്യമായ ഒന്ന മാത്രമല്ല ജീവിച്ചിരിക്കുന്ന വാസ്തവം കൂടിയാണെന്ന് അവൻ തിരിച്ചറിയും.

ഈമാൻ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് നമസ്‌കാരം, അല്ലാഹു പറഞ്ഞു: وأمر اهلك بالصلاة واصطبر عليها
അതിനാൽ തൻറെ കുട്ടികളോട് നമസ്‌കരിക്കാൻ കൽപിക്കണം, കുട്ടികളെ ഏത് സമയത്ത് എങ്ങനെ നമസ്‌കാരം പതിവാക്കി ശീലിപ്പിക്കണമെന്നത് ഹദീസിൽ വ്യക്തമായി കാണാം, ഏഴ് വയസ്സാൽ കുട്ടികളെ നമസ്‌കരിക്കാൻ പ്രേരിപ്പിക്കുകയും പത്ത് വയസ്സാൽ അതുപേക്ഷിച്ചതിന് അവരെ അടിക്കുകയും വേണമെന്ന് ഒരു ഹദീസിൽ പറഞ്ഞിട്ടുണ്ട്. (അബൂ ദാവൂദ് 495)

ഈ ഹദീസ് തുർമുദിയിൽ ചില മാറ്റങ്ങളോടെ വന്നിട്ടുണ്ട്, ഈ ഹദീസ് ‘ഹസനാണെന്ന്’ ഇമാം തുർമുദി പറഞ്ഞിട്ടുമുണ്ട്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് കുട്ടികളെ മതപരമായ തർബിയത്ത് നടത്തൽ നിർബന്ധമാണെന്നാണ്, കാരണം എല്ലാ ഫർളുകളേക്കാളും പ്രധാനമുള്ള ഒന്നാണ് അഞ്ച് നേരവുമുള്ള നമസ്‌കാരം. അല്ലാഹു പറഞ്ഞിട്ടുണ്ട്: يا أَيُّهَا الَّذينَ آمَنوا قوا أَنفُسَكُم وَأَهليكُم نارًا ഈ തീയിൽ നിന്ന് രക്ഷ നേടണമെങ്കിൽ ദീനീ പ്രബോധനം തൻറെ കുടുംബത്തിന് നാം നൽകണം.

ഉദാഹരണം, സ്വദഖയായി ലഭിച്ച കാരക്കയെടുത്ത ഹസൻ(റ) വായിലിട്ടപ്പോൾ നബി തങ്ങൾ അത് തുപ്പാൻ പറയുകയും’ സ്വദഖ് നമുക്ക് സ്വീകരിക്കാൻ പാടില്ലെന്ന് നിനക്കറിയില്ലേ’ എന്ന് പറഞ്ഞ് ഗുണദോഷിക്കുകയും ചെയ്തിരുന്നു.(മുത്തഫഖുൻ അലൈഹി, ബുഖാരി: 3,280,1069)
ഇതിൽ നിന്നും മക്കൾക്ക് ഹലാലും ഹറാമും വേർതിരിച്ച് കൊടുക്കുകയും വേണമെന്ന് നമുക്ക് മനസ്സിലായി. ഇതിന് മാതാപിതാക്കൾക്ക് സാധിച്ചില്ലെങ്കിൽ അവർക്കത് തമ്മിലുള്ള അന്തരം അറിയുക പ്രയാസമായിരിക്കും. ഈ ഹദീസിൽ നിന്ന് കുട്ടികളെ നല്ല ചിട്ടയോടെ വളർത്തണമെന്നും നല്ല കാര്യങ്ങളിൽ പ്രേരിപ്പിക്കണമെന്നും നമുക്ക് പഠിക്കാം. മറ്റൊരു ഹദീസിൽ പത്ത് വയസ്സായാൽ കുട്ടിയുടെ കിടപ്പറയുടെ സ്ഥാനം മാറ്റണമെന്ന്‌ കാണാം.(അബൂദാവൂദ്,495) മറ്റൊരു ഹദീസ് നോക്കൂ علمو اولادكم واهليكم الخير و ادبوهم നിങ്ങൾ നിങ്ങളുടെ മക്കൾക്കും കുടുംബങ്ങൾക്കും നല്ല തർബിയത്ത് നല്കൂ(മുസന്നിഫ് ബ്‌നു അബ്ദുറസാഖ്)

ഖുർആൻ അധ്യാപനങ്ങളിൽ നിന്നും ഹദീസ് പാഠങ്ങളിൽ നിന്നും തർബിയത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും അതിനെ അവഗണിച്ചാൽ വൻ പരാജയമാണെന്നും നാം അറിഞ്ഞു. ഇഹലോകത്തും പരലോകത്തുമെല്ലാം സന്താന പരിപാലനം നിധി തന്നെയാണ്, ഇഹലോകത്ത ജാരിയായ സ്വദഖയായും പരലോകത്ത് വിലമതിക്കാനാവാത്ത ഖനിയായും അത് നമ്മെ സഹായിക്കും.

തൻറെ മക്കളുടെ വിജയം സമ്പൂർണ്ണമാവാൻ ജീവിത കാലം മുഴുവനും അവരുടെ തർബിയതിലായി കഴിയാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നാണ് നാം മനസ്സിലാക്കേണ്ടത്. അവരുടെ ക്ഷേമ വിവരങ്ങൾ അന്യേഷിക്കുക, പെരുമാറ്റ രീതികൾ പഠിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, മികവുറ്റ കലകളിൽ കഴിവ് നൽകുക, സ്വയം പര്യാപ്തനാക്കുക പോലോത്ത ഒരുപാട് നല്ല ശീലങ്ങൾ അവരിൽ വളർത്തിയെടുക്കാൻ ശ്രമിക്കുകയും ഇതൊക്കെ ചെയ്യാൻ പല മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം. നിങ്ങളുടെ ഒരു ചെറിയ അശ്രദ്ധ കാരണം ഐഹികപാരത്രിക ലോകങ്ങളിൽ അവർ പരാജയപ്പെടരുത്.

അല്ലാഹു പരമ കാരുണികനാണ്, ജനങ്ങളെ ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷിക്കുന്നതും അവൻ തന്നെ, മനുഷ്യന് താങ്ങാനാവാത്തവ അവൻ കൽപിക്കുന്നില്ല, വാസ്തവത്തിൽ മനുഷ്യൻ തത്പരനാണെങ്കിൽ തൻറെ ജീവിതത്തിൻറെ മുഴുസമയവും മക്കളെ മികവാർന്ന രീതിയിൽ തർബിയത്ത് നടത്താൻ അവന് സാധിക്കും. സന്താനങ്ങളെ പരിപാലിക്കുന്നതിനെ കുറിച്ചും അവരെ പഠിപ്പിക്കുന്നതിനെ കുറിച്ചുമെല്ലാം മുകളിൽ വന്ന ഹദീസുകളുടെയും ആയതുകളുടെയും രത്‌നച്ചുരുക്കമാണ് ഖുർആനിൽ അവതരിച്ചിട്ടുള്ള ലുഖ്മാൻ(അ)ൻറെ ഉപദേശങ്ങൾ: ലുഖ്മാൻ തൻറെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോർക്കുക: ”എൻറെ കുഞ്ഞുമോനേ, നീ അല്ലാഹുവിൽ പങ്കുചേർക്കരുത്. അങ്ങനെ പങ്കുചേർക്കുന്നത് കടുത്ത അക്രമമാണ്; തീർച്ച.”, മാതാപിതാക്കളുടെ കാര്യത്തിൽ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവൻറെ മാതാവ് മേൽക്കുമേൽ ക്ഷീണം സഹിച്ചാണ് അവനെ ഗർഭം ചുമന്നത്. അവൻറെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാൽ നീയെന്നോടു നന്ദി കാണിക്കുക. നിൻറെ മാതാപിതാക്കളോടും. എൻറെ അടുത്തേക്കാണ് നിൻറെ തിരിച്ചുവരവ്.നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എൻറെ പങ്കാളിയാക്കാൻ അവരിരുവരും നിന്നെ നിർബന്ധിക്കുകയാണെങ്കിൽ അക്കാര്യത്തിൽ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയിൽ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചവൻറെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും. ”എൻറെ കുഞ്ഞുമോനേ, കർമം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.” നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്.”എൻറെ കുഞ്ഞുമോനേ, നീ നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുക. നന്മ കൽപിക്കുക. തിന്മ വിലക്കുക. വിപത്തു വന്നാൽ, ക്ഷമിക്കുക. ഇവയെല്ലാം ഉറപ്പായും ഊന്നിപ്പറയപ്പെട്ട കാര്യങ്ങളാണ്.”നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയിൽ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീർച്ച. ”നീ നിൻറെ നടത്തത്തിൽ മിതത്വം പുലർത്തുക. ശബ്ദത്തിൽ ഒതുക്കം പാലിക്കുക. തീർച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ!”.

വിവ- മുഹമ്മദ് അജ്മല്‍ സഹ്‌രി

Related Articles