Current Date

Search
Close this search box.
Search
Close this search box.

അശ്ലീല ദൃശ്യങ്ങള്‍ കണ്ട മകനോട് എന്ത് പറയും?

അശ്ലീല രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ട മകന്‍ അതിനെ കുറിച്ച് തന്നോട് സംസാരിച്ചു എന്നു പറഞ്ഞാണ് അദ്ദേഹം എന്റെയടുക്കല്‍ എത്തിയത്. മകന്റെ പ്രായം ഞാന്‍ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: അവന് 13 വയസ്സുണ്ട്. അവനേക്കാള്‍ രണ്ട് വയസ്സ് കൂടുതലുള്ള മാതൃസഹോദരിയുടെ മകനൊപ്പമായിരുന്നു അവന്‍. അവന്‍ തന്റെ മൊബൈലില്‍ മകന് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുയും അത്തരം അശ്ലീല അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: നിങ്ങള്‍ ഒന്നാമതായി ചെയ്യേണ്ടത് മകനെ അഭിനന്ദിക്കുകയാണ്. കാരണം അവന്‍ സത്യസന്ധമായി താങ്കളോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. മാതൃസഹോദരി പുത്രനൊപ്പം സംഭവിച്ച കാര്യങ്ങള്‍ താങ്കളില്‍ നിന്നും മറച്ചു വെക്കാതെ അവന്‍ താങ്കളെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: പക്ഷേ, കാണാന്‍ പാടില്ലാത്ത അശ്ലീലമാണല്ലോ അവന്‍ കണ്ടത്. ഞാന്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നത് ശരിയാണ്. അവന്‍ ആ ദൃശ്യം കണ്ടതിന്റെ പേരില്‍ അഭിനന്ദിക്കാനല്ല ഞാന്‍ പറഞ്ഞത്. മറിച്ച് അവന്റെ സത്യസന്ധതയെയാണ് നിങ്ങള്‍ പ്രശംസിക്കേണ്ടത്. കാരണം അവന്‍ അക്കാര്യം താങ്കളോട് തുറന്നു പറഞ്ഞിരിക്കുന്നു. സ്ത്രീക്കും പുരുഷനും ഇടയിലെ വൈകാരിക ബന്ധത്തെ കുറിച്ച് അറിയാനും മനസ്സിലാക്കാനും അവന്‍ ആഗ്രഹിച്ചുണ്ടാവാം.

ആ പിതാവ് പറഞ്ഞു: അത്തരത്തിലല്ല മറ്റൊരു കോണിലൂടെയാണ് ഞാനതിനെ കാണുന്നത്. എന്റെ മകന്‍ കാണാന്‍ പാടില്ലാത്തത് കണ്ടിരിക്കുന്നു. ഞാന്‍ പറഞ്ഞു: നിങ്ങളുടെ മകന്റെ തെറ്റിന് താങ്കള്‍ ദുഖിച്ചത് കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല. എന്നാല്‍ താങ്കളുടെ മകന്റെ സംഭവം സന്താനപരിപാലനത്തില്‍ ഗുണപരമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതെങ്ങനെയെന്ന് ആകാംക്ഷയോടെ അദ്ദേഹം അന്വേഷിച്ചു. ഞാന്‍ തുടര്‍ന്നു: സ്ത്രീക്കും പുരുഷനും ഇടയിലെ വൈകാരിക ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നിങ്ങള്‍ മകനോട് സംസാരിക്കണം. ഹലാലായ പ്രണയത്തിനും ഹറാമായ പ്രണയത്തിനും ഇടയിലെ വ്യത്യാസത്തെ കുറിച്ച് അവനോട് സംസാരിക്കണം. ഇതൊന്നും കുട്ടികള്‍ ചെയ്യേണ്ട കാര്യമല്ലെന്നും മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാണെന്നും അവന് ബോധ്യപ്പെടുത്തി കൊടുക്കണം. ഏതെങ്കിലും രണ്ട് വ്യക്തികള്‍ക്കിടയില്‍ നടക്കേണ്ട ഒന്നല്ല അതെന്നും ദമ്പതികള്‍ക്കിടയില്‍ മാത്രം പരിമിതപ്പെടേണ്ട ഒന്നാണതെന്നും പറഞ്ഞു കൊടുക്കണം. ഭാര്യക്കും ഭര്‍ത്താവിനും മക്കളുണ്ടാവുന്നതിനെ കുറിച്ച് അവനോട് സംസാരിക്കണം. സമ്പത്ത്, സ്ത്രീ, സന്താനങ്ങള്‍ പോലുള്ളവയോടുള്ള മനുഷ്യന്റെ വികാരങ്ങളെ കുറിച്ച് അവനോട് സംസാരിക്കണം. വികാരങ്ങള്‍ തന്നെ നിയന്ത്രിക്കുന്നതിന് പകരം അവയെ നിയന്ത്രിക്കുന്നതെങ്ങനെയെന്ന് അവനെ പഠിപ്പിക്കണം. തെറ്റായ കാര്യങ്ങള്‍ കാണിച്ചു നല്‍കുന്നത് ബന്ധുക്കളോ അല്ലാത്തവരോ ആര് തന്നെയാണെങ്കിലും എന്ത് സമീപനമാണ് അതിനോട് സ്വീകരിക്കേണ്ടതെന്ന് അവനോട് സംസാരിക്കണം. സ്‌നേഹമെന്നെ അനുഗ്രഹത്തെ കുറിച്ചും സ്ത്രീ പുരുഷന്‍മാര്‍ക്കിടയിലെ പരസ്പരാകര്‍ഷണത്തെ കുറിച്ചും പറയുമ്പോള്‍ അതില്‍ അല്ലാഹു വെച്ചിട്ടുള്ള വ്യവസ്ഥകളെ കുറിച്ച് പറഞ്ഞു കൊടുക്കണം. മനുഷ്യന്‍ നിഷിദ്ധവൃത്തികളില്‍ അകപ്പെടാതിരിക്കാന്‍ അല്ലാഹു വെച്ചിട്ടുള്ള വ്യവസ്ഥയാണ് വിവാഹം. ലൈംഗിക രോഗങ്ങളുടെ വ്യാപനത്തിന് കാരമം വൈവാഹികേതര ബന്ധങ്ങളാണെന്ന് അവനെ ബോധ്യപ്പെടുത്തണം.

സ്‌നേഹമെന്നത് അല്ലാഹു നമ്മുടെ മനസ്സുകളില്‍ ഒരുക്കിയിട്ടുള്ള വളരെ മനോഹരമായ ഒരു വികാരമാണത്. പുരുഷന് ഒരു സ്ത്രീയോട് പ്രണയമുണ്ടാകുന്നത് തെറ്റോ ന്യൂനതയോ അല്ല. അവള്‍ക്കൊപ്പം നിഷിദ്ധ വൃത്തിയിലേര്‍പ്പെടലാണ് തെറ്റ്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മകനോട് സംസാരിക്കുകയാണെങ്കില്‍ അവന് സംഭവിച്ച തെറ്റിനെ ശരിയായി ഉപയോഗപ്പെടുത്തലാണത്. ആ തെറ്റിലൂടെ മകന്‍ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കുന്നു എന്ന് മാത്രമല്ല, താങ്കളുമായുള്ള അവന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു. കാരണം താങ്കളില്‍ നിന്നും ധാരാളം വിവരങ്ങള്‍ അവന് ലഭിച്ചിരിക്കുന്നു.അദ്ദേഹം പറഞ്ഞു: എന്നാല്‍ പെട്ടന്നുള്ള ക്ഷോഭത്തില്‍ ഞാനവനോട് ദേഷ്യപ്പെടുകയും മിണ്ടാതിരിക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞു: താങ്കള്‍ക്കിപ്പോള്‍ ആ നിലപാട് തിരുത്താനും മേല്‍പറഞ്ഞ രീതിയില്‍ അവനോട് സംസാരിക്കാനും സാധിക്കും. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഒരൊറ്റ ഇരുത്തത്തില്‍ തന്നെ പറഞ്ഞു തീര്‍ക്കണമെന്നില്ല. വിഷയങ്ങള്‍ വേര്‍തിരിച്ച് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സംസാരിക്കാം. കാരണം അവന് പ്രായപൂര്‍ത്തിയാവുകയാണ്. ഇത്തരം വിഷയങ്ങള്‍ അവനുമായി സംസാരിക്കുന്ന കൂട്ടുകാര്‍ അവന്നുണ്ടാകുമെന്നതും തീര്‍ച്ചയാണ്. ഇന്ന് മാതൃസഹോദരിയുടെ പുത്രനാണെങ്കില്‍ നാളെയത് മറ്റൊരാളായിരിക്കാം. നാം ജീവിക്കുന്ന കാലഘട്ടത്തെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. എന്നാല്‍ ശരിയായ വിവരവും അറിവും വിശ്വാസവും പകര്‍ന്നു നല്‍കി നമ്മുടെ മക്കളെ നമുക്ക് സംരക്ഷിക്കാം. അദ്ദേഹം ചോദിച്ചു: അറിവും വിവരവും കൊണ്ട് എങ്ങനെയതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, വിശ്വാസം കൊണ്ട് എങ്ങനെയാണത്? ഞാന്‍ പറഞ്ഞു: ഖുര്‍ആനിലും പ്രവാചകചര്യയിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ത്രീ-പുരുഷ വൈകാരിക ബന്ധങ്ങളുടെ കഥ പറഞ്ഞു കൊടുക്കുകയും അതിലെ ശരിയായ സമീപനം വ്യക്തമാക്കി കൊടുക്കുകയും വേണം. യൂസുഫ് നബിയുടെ(അ) സദാചാരബോധത്തെ അല്ലാഹു പ്രശംസിച്ചത് ഒരു ഉദാഹരണമാണ്. പ്രഭുവിന്റെ സുന്ദരിയായി ഭാര്യ വൈകാരിക ബന്ധത്തിന് ക്ഷണിച്ചപ്പോള്‍ അത് നിരസ്സിച്ച് ഓടി പുറത്തുകടക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തങ്ങളുടെ മാടുകളെ വെള്ളം കുടിപ്പിക്കാന്‍ കാത്തുനിന്ന രണ്ട് യുവതികളോടുള്ള മൂസാ നബി(അ)യുടെ സമീപനം മറ്റൊരു ഉദാഹരണമാണ്. ആ സഹായം പിന്നീട് അവരിലൊരാളെ വിവാഹം ചെയ്യുന്നതിലേക്ക് എങ്ങനെയെത്തിയെന്നും മക്കള്‍ക്ക് പറഞ്ഞു കൊടുക്കാം. ഏത് കൂട്ടുകാരനാണെങ്കിലും അശ്ലീല രംഗങ്ങള്‍ കാണാന്‍ കൂടെകൂട്ടിയാല്‍ അത് നിരസ്സിക്കണമെന്ന് മകനെ ഉപദേശിക്കാന്‍ മറക്കരുത്. ദേഷ്യത്തിന്റെയും ക്ഷോഭത്തിന്റെയും ശൈലിക്ക് പകരം വളരെ ശാന്തമായ സംഭാഷണ ശൈലിയായിരിക്കണം മകനോട് സ്വീകരിക്കേണ്ടതെന്നത് വളരെ പ്രധാനമാണ്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles