Current Date

Search
Close this search box.
Search
Close this search box.

ശിക്ഷയോ ശിക്ഷണമോ?

beating-parent.jpg

മക്കളെ ശിക്ഷിക്കുകയാണോ നിങ്ങള്‍ ചെയ്യാറുള്ളത് അതല്ല, ശിക്ഷണം നല്‍കുകയാണോ ചെയ്യുന്നത്? ഇവ രണ്ടിനും ഇടയിലെ അന്തരം മിക്ക ആളുകളും മനസ്സിലാക്കുന്നില്ല. മിക്കപ്പോഴും ശിക്ഷണം നല്‍കുകയല്ല, ശിക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ഒരു തെറ്റ് ചെയ്താലുടന്‍ അതിന്റെ പ്രതിഫലമെന്നോണം നടപടി സ്വീകരിക്കലാണ് ശിക്ഷിക്കല്‍. അതിന് പല രൂപങ്ങളും രീതികളുമുണ്ട്. ഭീഷണിയിലും താക്കീതിലും തുടങ്ങി അടിയിലും തടവിലും അവസാനിക്കുന്നതാണ് അതിന്റെ പൊതുസ്വഭാവം. മിക്കപ്പോഴും ശിക്ഷ വേഗത്തിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവസാനിക്കുന്നതുമായിരിക്കും. എന്നാല്‍ ശിക്ഷണം സമയം ആവശ്യമുള്ള സംസ്‌കരണ പ്രവര്‍ത്തനമാണ്. ശിക്ഷയില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും ശാന്തമാണ് അതിന്റെ രീതി. സംസാരവും നല്ല ഗുണങ്ങള്‍ക്കുള്ള പ്രശംസയും അതിന്റെ രീതിയാണ്. ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടിയെ പഠിപ്പിക്കുകയാണ് ശിക്ഷണം. സംഭാഷണം, കഥകള്‍, സദുപദേശം തുടങ്ങി പല മാര്‍ഗങ്ങളും അതിനുണ്ട്.

ഫലങ്ങളുടെ അടിസ്ഥാനത്തിലും അവക്കിടയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ശിക്ഷ കുട്ടിയില്‍ പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുക. പ്രത്യേകിച്ചും ശിക്ഷ അധികരിക്കുമ്പോള്‍. മാതാപിതാക്കളെ എല്ലായ്‌പ്പോഴും ഭീതിയോടെ കാണുന്ന അവസ്ഥ കുട്ടിയില്‍ അതുണ്ടാക്കും. സ്വന്തത്തിലും തന്റെ ശേഷിയിലും ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവനെ നിഷേധാത്മക സ്വഭാവക്കാരനാക്കി അത് മാറ്റുന്നു. മിക്ക സന്ദര്‍ഭങ്ങളിലും താന്‍ അനീതിക്കിരയാക്കപ്പെടുന്നു എന്ന തോന്നലാണ് കുട്ടിയില്‍ അതുണ്ടാക്കുക. കുട്ടി ചെയ്ത തെറ്റിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ ശിക്ഷിക്കുമ്പോള്‍ ആ തെറ്റിനേക്കാള്‍ വലിയ അപരാധമായിട്ടത് മാറാറുണ്ട്. ശിക്ഷയുടെ ആധിക്യം ശിക്ഷ ഒരു വിഷയമേ അല്ലാത്ത അവസ്ഥയിലേക്കാണ് കുട്ടിയെ എത്തിക്കുക. എത്ര ശിക്ഷിച്ചിട്ടും യാതൊരു ഫലവും കാണുന്നില്ലെന്ന് ചില രക്ഷിതാക്കള്‍ ആവലാതിപ്പെടുന്നത് നാം കേള്‍ക്കാറുണ്ട്. അതിന്റെ കാരണം അവനെ സംബന്ധിച്ചടത്തോളം പ്രത്യേക വികാരങ്ങളൊന്നും ഉണ്ടാക്കാത്ത ഒരു ശീലമായി അത് മാറിയിരിക്കുന്നു എന്നതാണ്.

ശിക്ഷണത്തിന്റെ വിജയം രണ്ട് കാര്യങ്ങളെ ആസ്പദിച്ചാണ്. ഒന്ന്, മാതാപിതാക്കളുടെ സഹനവും മാനസിക വിശാലതയുമാണ്. നൈരന്തര്യവും തുടര്‍ച്ചയും ആവശ്യമുള്ള ഒന്നാണത്. രണ്ട്, തെറ്റ് ചെയ്യുമ്പോള്‍ കുട്ടിയോട് സംവദിക്കുകയും തന്റെ തെറ്റെന്താണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുകയും ചെയ്യുക. കുട്ടി ഒരു തെറ്റ് ചെയ്യുമ്പോള്‍ നാം ചോദിക്കേണ്ടത്: നീ ചെയ്തത് തെറ്റാണെന്ന് നിനക്കറിയുമോ? എന്നാണ്. ഒരുപക്ഷേ തെറ്റാണെന്ന് അറിയാതെയായിരിക്കാം കുട്ടി അത് ചെയ്തത്. അങ്ങനെയാണെങ്കില്‍ നാം അവനോട് അട്ടഹസിച്ചിട്ടോ ഒച്ചവെച്ചിട്ടോ കാര്യമില്ല. ക്രിയാത്മകമായ സ്വാധീനമാണ് ശിക്ഷണം ഉണ്ടാക്കുക. അത് കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുകയും അവനില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യും. അതോടൊപ്പം കുട്ടിക്ക് പഠിക്കാനുള്ള പ്രോത്സാഹനവും നല്‍കുന്നു.

എണ്‍പത് ശതമാനം ശിക്ഷണവും ഇരുപത് ശതമാനം ശിക്ഷയും എന്നതാണ് ആരോഗ്യകരമായ സന്താന പരിപാലന സമവാക്യമെന്ന് പറയാം. കഠിനമായ ശിക്ഷയുടെ ദോഷഫലങ്ങള്‍ പ്രകടമാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ദേഷപ്പെട്ട് മകന്റെ ശരീരത്തില്‍ പല തവണ സിഗരറ്റുപയോഗിച്ച് പൊള്ളിച്ച പിതാവ്, കര്‍ണപുടം തകര്‍ക്കും വിധം കുട്ടിയെ അടിച്ച മാതാവ്, ബോധം പോകുന്നത് വരെ കടുത്ത വേനലില്‍ മകനെ കാറിനകത്ത് അടച്ചിട്ട പിതാവ് തുടങ്ങിയ എത്രയോ സംഭവങ്ങള്‍.

ശിക്ഷണത്തിന്റെ ഉത്തമ മാതൃകയാണ് യഅ്ഖൂബ് നബിയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. സഹോദരന്‍ യൂസുഫിനെ കിണറ്റില്‍ എറിയുകയെന്ന ഗുരുതരമായ തെറ്റ് ചെയ്തിട്ടും മക്കളെ ശിക്ഷിക്കുകയല്ല, ശിക്ഷണം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം യൂസുഫ് നബി മടങ്ങി വന്നപ്പോള്‍ അതിന്റെ ഫലങ്ങള്‍ പ്രകടമാവുന്നു. അവര്‍ തങ്ങളുടെ തെറ്റില്‍ ക്ഷമാപണം നടത്തുകയും യൂസുഫ് നബി അവരോട് വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്യുന്നു. സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിന് ശിക്ഷണം നല്‍കുമ്പോള്‍ കുട്ടിക്ക് ധാരാളം അവസരങ്ങള്‍ നല്‍കണം. നമസ്‌കാര ശീലം കുട്ടികളില്‍ വളര്‍ത്താന്‍ പ്രവാചകന്‍(സ) നല്‍കിയ നിര്‍ദേശങ്ങളില്‍ അത് വളരെ പ്രകടമാണ്. അവരെ പഠിപ്പിക്കുക, പരിശീലിപ്പിക്കുക, സഹനം കാണിക്കുക, സംവദിക്കുക അതിലൂടെ നമസ്‌കാരത്തില്‍ നിഷ്ഠയുള്ളവരാക്കി മാറ്റുക എന്നതാണ് ആ രീതി. ഏഴ് വയസ്സു പ്രായമാകുമ്പോള്‍ ആരംഭിക്കുന്ന ശിക്ഷണം അവസാനിക്കുന്നത് പത്ത് വയസ്സാകുമ്പോഴാണ്. പത്ത് വയസ്സായിട്ടും നമസ്‌കരിക്കാന്‍ തയ്യാറാവാതിരിക്കുമ്പോള്‍ സ്വീകരിക്കേണ്ടതാണ് ശിക്ഷ. അതും മുറിവേല്‍പ്പിക്കാത്ത രീതിയിലായിരിക്കണമെന്ന ഉപാധിയോടെയാണ്. മക്കളില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ നാം സ്വീകരിക്കേണ്ട സന്താനപരിപാലന സമവാക്യമാണിത്.

വിവ: നസീഫ്‌

Related Articles