Current Date

Search
Close this search box.
Search
Close this search box.

മാതാക്കളേ.. ക്ഷമാശീലരാകൂ..

mom1.jpg

മക്കളോട് ഇടപഴകുമ്പോള്‍ പരമാവധി ക്ഷമയവലംബിക്കുന്ന മാതാക്കളാണ് ‘സ്‌നേഹനിധിയായ മാതാവ്’ എന്ന വിശേഷണത്തിന് കൂടുതല്‍ അര്‍ഹര്‍. കാരണം സന്താനപരിപാലന ഘട്ടത്തിലനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനുള്ള ഏറ്റവും വലിയ ആയുധമാണ് ക്ഷമ. അതു നഷ്ടപ്പെട്ടാല്‍ മക്കളുമായുള്ള ഗാഢ ബന്ധവും, നന്‍മയും മൂല്യങ്ങളും മക്കളുടെ മനസില്‍ നട്ടുപിടിപ്പിക്കാനുള്ള ശേഷി അവര്‍ക്ക് നഷ്ടമാവുന്നു. പക്ഷെ മാറിയ ചുറ്റുപാടില്‍ ക്ഷമയവലംബിക്കല്‍ അത്ര എളുപ്പമാണോ? പല കാരണങ്ങളാലും ഈയൊരു വിശേഷണം പല മാതാക്കള്‍ക്കും വിനഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നതൊരു ദുഖ സത്യമാണ്. ഇടുങ്ങിയ ജീവിത ചുറ്റുപാടും കഴിവില്‍ കവിഞ്ഞ ജോലിഭാരവും ഭര്‍ത്താവുമായും കുടുംബവുമായുമുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും, പലപ്പോഴും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ ഏറ്റെടുക്കേണ്ടിവരുന്ന കുടുംബ ഭാരവുമൊക്കെ ക്ഷമയെന്ന ഗുണത്തിന്റെ മാറ്റ് കുറക്കുന്ന ഘടകങ്ങളാണ്. സന്താനപരിപാലനത്തെ വളരെ ഗൗരവത്തോടെ കാണുന്ന ഒരുമ്മയാണ് നിങ്ങളെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ എന്നെന്നും മനസില്‍ സൂക്ഷികുക.

സന്താനപരിപാലനത്തില്‍ ക്ഷമക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് തിരിച്ചറിയുക. പ്രകൃത്യാ മക്കള്‍ ഉമ്മമാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് തങ്ങള്‍ ചെയ്യുന്ന തെറ്റുകളെ യുക്തിപൂര്‍വ്വം തിരുത്തി നന്‍മ ഉപദേശിക്കുന്ന രീതിയാണ്. ഈ രീതിയില്‍ മക്കളുമായി ഇടപഴകാന്‍ തെല്ലധികം ക്ഷമ അത്യാവശ്യമാണ്. എന്നാല്‍ ക്ഷിപ്രകോപികളും, മക്കള്‍ കാട്ടുന്ന വികൃതികളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നവരുമായ മാതാക്കളെ മക്കള്‍ നിരന്തരം ഭയത്തോടെയും ദേഷ്യത്തോടെയും മാത്രമേ കാണൂ. ഇത്തരം മാതാക്കളുടെ മക്കള്‍ വളരുമ്പോള്‍ മാര്‍ഗദര്‍ശനത്തിന്റെയും കൃത്യമായ പരിപാലനത്തിന്റെയും കുറവുകള്‍ അവരില്‍ കാണപ്പെടുന്നു.

കുട്ടകളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുക. ഒരുമ്മ എന്ന നിലയില്‍ എപ്പോഴും തുറന്ന മനസോടെ മക്കളെ സമീപിക്കുക. അതുവഴി മക്കളുടെ ഭയാശങ്കകള്‍ ദുരീകരിക്കാനും അവരുടെ മനസിലെ ആശകള്‍ തിരിച്ചറിയാനും സാധിക്കും. സൗമനസ്യത്തോടെ മക്കളുടെ മനസിനെ കീഴ്‌പ്പെടുത്താനും അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍ അറിഞ്ഞു പരിഹരിക്കാനുമുള്ള നിരന്തര ശ്രമം നടത്തുക. എങ്കില്‍ മാത്രമേ സുരക്ഷിത ബോധത്തോടെയും സ്‌നേഹം കൊതിച്ചും അവര്‍ നിങ്ങളെ സമീപിക്കൂ. ഉത്തമ രൂപത്തില്‍ സന്താനപരിപാലനത്തിന് സഹായിക്കുന്ന എറ്റവും വലിയ ഘടകവും ഇത്തരം സൗമനസ്യം തന്നെ.

ആലോചിച്ച് പ്രതികരിക്കുക. ഗുരുതരമായ തെറ്റുകള്‍ ചെയ്യുമ്പോഴോ, അനാവശ്യ സാധനങ്ങള്‍ കിട്ടാന്‍ പിടിവാശി കാണിക്കുമ്പോഴോ ഒക്കെ പെട്ടെന്നുള്ള കടുത്ത പ്രതികരണം മക്കള്‍ക്ക് ആഘാതമാകാനിടയുണ്ട്.  എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉചിതമായ തീരുമാനം മാത്രമേ എടുക്കൂ എന്ന് ഓരോ ദിവസവും രാവിലെ തന്നെ പ്രതിജ്ഞയെടുക്കുക. തന്റെ മക്കളുടെ മനസിന് ആഘാതമേല്‍ക്കാത്ത രൂപത്തില്‍ ഓരോ വിഷയവും കൈകാര്യം ചെയ്യുക.
 
മക്കളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാതിരിക്കുക. വീട്ടിനകത്തും പുറത്തും മക്കള്‍ക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യം വകവച്ചുകൊടുക്കാന്‍ മതാക്കള്‍ക്ക് സാധിക്കണം. തെറ്റുകള്‍ സംഭവിക്കുമ്പോഴും സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമ്പോഴും, കോപിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാന്‍ മുതിരാതെ സ്‌നേഹമസൃണമായി അതിനെ പരിഹരിക്കാന്‍ സാധിക്കണം. ചുറ്റുമുളള ലോകത്തെ അറിഞ്ഞുകൊണ്ട് ജീവിക്കുന്ന തന്റേടമുള്ള സന്താനത്തെയാണ് നിങ്ങള്‍ കൊതിക്കുന്നതെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരമാവധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക.
(അവലംബം : woman.islammessage.com)

വിവ : ഇസ്മാഈല്‍ അഫാഫ്‌

Related Articles