Current Date

Search
Close this search box.
Search
Close this search box.

മക്കള്‍ നിങ്ങളെ വെറുക്കാതിരിക്കാന്‍

parenting2.jpg

തങ്ങളുടെ ഉള്ളില്‍ മക്കളോട് വലിയ സ്‌നേഹമുള്ളവരാണ് നല്ല മാതാപിതാക്കള്‍. മക്കള്‍ വളര്‍ന്ന് വലുതായി ജീവിതത്തെ മനസ്സിലാക്കുകയും സമര്‍പണം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ആ സ്‌നേഹം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മിക്ക ആളുകളും അവഗണിക്കുന്ന ഒരു മറുവശവുമുണ്ട്. തങ്ങളറിയാതെ മക്കളാല്‍ വെറുക്കപ്പെടലാണത്. സ്വന്തം മക്കള്‍ തന്നെ വെറുക്കുകയെന്നത് വലിയ ദുരന്തമാണത്. അതിന് വഴിവെക്കുന്ന ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിക്കുന്നത്.

മക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പിശുക്ക് കാണിക്കലാണ് അതില്‍ ഒന്നാമത്തേത്. സ്വന്തത്തിന് വേണ്ടി ചെലവഴിക്കാന്‍ ഒരു മടിയും കാണിക്കാതെ മക്കള്‍ക്ക് വിലക്കുന്ന കാര്യങ്ങള്‍ പോലും സ്വയം ആസ്വദിക്കുന്ന പിതാവ് അവരില്‍ തന്നോടുള്ള വെറുപ്പാണ് ഉണ്ടാക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി ചെലവഴിക്കല്‍ ഏറെ പ്രതിഫലാര്‍ഹമായ കാര്യമാണെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളതെന്ന് നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നബി തിരുമേനി(സ) പറയുന്നു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ ചെലവഴിച്ച ദീനാര്‍, അടിമയെ മോചിപ്പിക്കാന്‍ നീ ചെലവഴിച്ച ദീനാര്‍, അഗതിക്ക് നീ ദാനമായി നല്‍കിയ ദീനാര്‍, നിന്റെ കുടുംബത്തിന്‍ വേണ്ടി ചെലവഴിച്ച ദീനാര്‍ അവയില്‍ നിന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിനാണ് ഏറ്റവുമധികം പ്രതിഫലമുള്ളത്.’

യാതൊരു സൗമ്യതയുമില്ലാതെ പരുഷമായി മക്കളോട് പെരുമാറലാണ് മറ്റൊരു കാരണം. സ്‌നേഹവും അനുകമ്പയുമൊന്നും പ്രകടിപ്പിക്കാതെ പരുക്കന്‍ രീതിയിലാണ് അവരെ വളര്‍ത്തേണ്ടതെന്നത് തെറ്റിധാരണയാണ്. എനിക്ക് പത്ത് മക്കളുണ്ട് അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ലെന്ന് പറഞ്ഞ വ്യക്തിയോട് നബി(സ) പറഞ്ഞത് ‘കരുണ കാണിക്കാത്തവരോട് കരുണ കാണിക്കപ്പെടുകയില്ല’ എന്നാണ്. ഇബ്‌നു ബത്വാല്‍ പറയുന്നു: ചെറിയ കുട്ടികളോട് കാരുണ്യം കാണിക്കലും അവരെ കെട്ടിപ്പിടിക്കലും ചുംബിക്കലും അനുകമ്പ കാണിക്കലും അല്ലാഹു ഇഷ്ടപ്പെടുന്ന പ്രതിഫലാര്‍ഹമായ കര്‍മങ്ങളില്‍ പെട്ടതാണ്.

അടിയും പീഡനവുമാണ് മൂന്നാമത്തെ കാരണം. പരുഷതയേക്കാള്‍ ഗൗരവപ്പെട്ട കാര്യമാണിത്. അമിതമായ രീതിയിലുള്ള അടിയും മര്‍ദനവും പ്രതിഫലിക്കുക കോപവും വിദ്വേഷവുമായിട്ടാണ്. പ്രവര്‍ത്തനങ്ങളുടെ യുക്തിയും ഉദ്ദേശ്യവുമൊന്നും കുട്ടികള്‍ മനസ്സിലാക്കി കൊള്ളണമെന്നില്ലെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അടിക്കുന്ന പിതാവിനെ വെറുക്കുന്നു എന്നതായിരിക്കും അവന്റെ ന്യായം. ക്രൂരമായ മര്‍ദനങ്ങളാണെങ്കില്‍ കാലങ്ങള്‍ തന്നെ പിന്നിട്ടാലും പലര്‍ക്കും അത് മറക്കാന്‍ സാധിക്കാറില്ല.

ഉപ്പ ഉമ്മയെ മര്‍ദിക്കുന്നത് മക്കളുടെ വെറുപ്പിന് കാരണമാകുന്ന നാലാമത്തെ കാര്യമാണ്. മക്കള്‍ ഉമ്മയെ സ്‌നേഹിക്കുകയെന്നത് പ്രകൃത്യാലുള്ള കാര്യമാണ്. അവരുടെ വാത്സല്യവും സ്വഭാവത്തിലെ നൈര്‍മല്യവുമെല്ലാം ആണതിന് കാരണം. അതുകൊണ്ട് തന്നെ അവരോട് പിതാവ് പരുഷമായി പെരുമാറുന്നത് മക്കളുടെ ഉള്ളില്‍ പിതാവിനോട് വെറുപ്പും അകല്‍ച്ചയുമാണ് ഉണ്ടാക്കുക. പ്രത്യേകിച്ചും മാതാവിനെതിരെയുള്ള ദ്രോഹം തടയാനുള്ള കഴിവ് അവര്‍ക്കില്ലാത്ത അവസ്ഥയിലത് കൂടുതലായിരിക്കും.

പിതാവിന്റെ വഴിവിട്ട ജീവിതമാണ് മറ്റൊരു കാരണം. പിതാവിനെ ഒരു മാതൃകായി കണ്ടാണ് മക്കള്‍ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തെ ഒരു നല്ല മാതൃകയായി കാണാനാണ് എപ്പോഴും അവര്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ പേരില്‍ അഭിമാനം കൊള്ളാനും അവരിലേക്ക് ചേര്‍ത്ത് പറയാനും അവര്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ച സംഭവിക്കുമ്പോള്‍ അവരുടെ മനസ്സിലുള്ള ചിത്രമാണ് തകര്‍ന്നു പോകുന്നത്. അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധം ചെലുത്തുന്നത് അവരുടെ ഉള്ളില്‍ പിതാവിനോടുള്ള വെറുപ്പായി മാറാറുണ്ട്. പലപ്പോഴു വീടുവിട്ട് പോകാന്‍ വരെ അവരെയത് പ്രേരിപ്പിക്കുന്നു. ദീനുമായി ബന്ധപ്പെട്ട നിര്‍ബന്ധ ശാസനകളുടെ കാര്യത്തിലല്ല ഇത് എന്നതും പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്.

പരിഹാസവും കളിയാക്കലുമാണ് മറ്റൊരു കാരണം. എല്ലാം ശേഖരിച്ചു വെക്കുന്ന ഒരു പാത്രം പോലെയാണ് ചെറിയ കുട്ടികള്‍. പിന്നീട് വലുതാകുമ്പോഴാണ് അതിലുള്ളത് മറ്റുള്ളവര്‍ക്ക് മേല്‍ അവര്‍ ചൊരിയുക. കുട്ടിയായിരിക്കുമ്പോഴുള്ള ചുറ്റുപാടില്‍ നിന്നും അതിലെ അനുഭവങ്ങളില്‍ നിന്നുമാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. പിതാവ് മക്കളുടെ ശേഷികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതും ചീത്തപേരുകള്‍ വിളിക്കുന്നതും അവരുടെ കഴിവുകളെ തളര്‍ത്തുകയാണ് ചെയ്യുക. നിരന്തരം അതാവര്‍ത്തിക്കപ്പെടുമ്പോള്‍ പകയും വെറുപ്പുമായിട്ടത് മാറുകയും മക്കളുടെ വ്യക്തിത്വത്തെ ദോഷകരമായ തരത്തിലത് ബാധിക്കുകയും ചെയ്യുന്നു.

മക്കളുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ബുദ്ധിമുട്ടുകള്‍ക്കും പരിഗണന നല്‍കാതെ അവഗണിക്കലാണ് മറ്റൊന്ന്. പിതാവ് മക്കളെയും അവരുടെ ജീവിതത്തെയും ശ്രദ്ധിക്കാതെ പോകുമ്പോള്‍ അനാഥരെ പോലെ അവരെ വിട്ട് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അതവരുടെ മനസ്സിനെ വേദനിപ്പിക്കുകയും വെറുപ്പായി പ്രതിഫലിക്കുകയും പിതാവിനോടുള്ള സ്‌നേഹത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും.

പിതാവിന്റെ ദീനിനിഷ്ഠയും മക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. വിശ്വാസിയായ മകന്‍ തന്റെ പിതാവിനെ ദീനിനിഷ്ഠപുലര്‍ത്തുന്ന സല്‍കര്‍മിയായി കാണാനാണ് താല്‍പര്യപ്പെടുക. അപ്പോഴാണ് അവര്‍ക്ക് നന്മ ചെയ്യണമെന്ന ചിന്ത അവനിലുണ്ടാവുക. എന്നാല്‍ പിതാവ് പരസ്യമായി തെറ്റുകള്‍ ചെയ്യുന്ന ഒരു തെമ്മാടിയാകുമ്പോള്‍ അവരുടെ ഉള്ളിലെ സ്‌നേഹം വെറുപ്പായി മാറുന്നു.

മക്കള്‍ക്കിടയില്‍ സമത്വം കാണിക്കുക എന്നതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി കാണിക്കുക.’ മക്കള്‍ക്ക് എന്തെങ്കിലും നല്‍കുമ്പോള്‍ നീതി കാണിക്കുക എന്നത് മാത്രമല്ല ഇതിന്റെ ഉദ്ദേശ്യം. വീട്ടിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഈ നീതി. പിതാവ് അനീതി കാണിക്കുന്നുണ്ടെന്ന് ഒരു മകന് അല്ലെങ്കില്‍ മകള്‍ക്ക് അനുഭവപ്പെട്ടാല്‍ അവരുടെ മനസ്സില്‍ പകയും വിദ്വേഷവും ജനിപ്പിക്കുന്നതിനത് കാരണമാകും. അനീതി ഹൃദയങ്ങളില്‍ നിന്നും സ്‌നേഹത്തെ തുടച്ചു നീക്കുന്നുവെന്ന് നാം ഓര്‍ക്കുക.

Related Articles