Current Date

Search
Close this search box.
Search
Close this search box.

മക്കള്‍ കളിക്കട്ടെ

toys.jpg

മക്കള്‍ കളിക്കാറുണ്ടോ? അല്ലെങ്കില്‍ അവനെ സ്വതന്ത്രമായി കളിക്കാന്‍ പോലും സമ്മതിക്കാതെ നിങ്ങള്‍ അവനെ പ്രയാസപ്പെടുത്താറുണ്ടോ? കുട്ടികളുടെ ജീവിതത്തില്‍ കളിയും വിനോദങ്ങളും വഹിക്കുന്ന റോളിനെകുറിച്ച് നിനക്കെത്രത്തോളം അറിവുണ്ട്? ഇത്തരം ചോദ്യങ്ങളെല്ലാം നിങ്ങളുടെ മക്കളെ സ്വതന്ത്രരായി കളിക്കാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നവയാണ്.
കുട്ടികളുടെ കളിവിനോദങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് മിക്ക രക്ഷിതാക്കളും അജ്ഞരാണ്. കളികളെല്ലാം ഒരു ഉപകാരവുമില്ലാത്ത സമയം കൊല്ലലുകളാണെന്നാണ് രക്ഷിതാക്കള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അപ്രകാരമല്ല. കുട്ടിയുടെ ശാരീരികവും മാനസികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെ താക്കോലാണ് കളിവിനോദങ്ങള്‍. അവരുടെ ലോകം കണ്ടെത്താനുള്ള അവസരവും സ്വന്തത്തില്‍ നിന്നും പരിസ്ഥിതിയില്‍ നിന്നും കഴിവുകള്‍ നേടിയെടുക്കാനുള്ള സാധ്യതയുമാണത്.
അവസാന കാലത്ത് നടന്ന ചില മനശാസ്ത്ര പഠനങ്ങളില്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയും ചെറുപ്പത്തിലെ കളികളും തമ്മിലുള്ള ബന്ധം പഠനത്തിന് വിധേയമാക്കിയിരുന്നു. അവരുടെ സ്വഭാവങ്ങളുടെയും ചിന്തയുടെയും വളര്‍ച്ചയെ പ്രധാനമായും സ്വാധീനിക്കുന്നത് ചെറുപ്പകാലത്തെ അവരുടെ കളിവിനോദങ്ങളാണെന്നാണ് പഠനം വ്യകത്മാക്കുന്നത്. വ്യത്യസ്ത കളിപ്പാട്ടങ്ങളുമായി കളിയിലേര്‍പ്പെടുന്ന കൊച്ചു കുഞ്ഞിന്റെ വ്യക്തിത്വം വളര്‍ത്തുന്നതില്‍ അത് പങ്ക് വഹുക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ പോലും പണം വെറുതെ കളയലല്ലെന്നാണ് പഠനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് കളിക്കും വിനോദങ്ങള്‍ക്കും കൃത്യമായ സമയവും കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലങ്ങളും നാം നിശ്ചയിച്ച് നല്‍കണം. അതിലൂടെ അവന്റെ ജീവിതത്തല്‍ അടുക്കും ചിട്ടയും പരിശീലിപ്പിക്കാന്‍ സാധിക്കും. അതുപോലെ തന്നെ സംസ്‌കാരത്തെയും സ്വഭാവത്തെയും നല്ല രീതിയില്‍ സ്വാധീനിക്കുന്ന കളിവിനോദങ്ങളാണ് ഉണ്ടാവേണ്ടത്. മറ്റുള്ളവരുടെ സംസ്‌കാരത്തെയും സ്വഭാവങ്ങളെയും പ്രതിനിധീകരിക്കുന്ന കളികളെ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
കുട്ടികളുടെ മനസ്സിനെ കീഴടക്കാനുള്ള മാര്‍ഗമെന്താണെന്ന് എല്ലാ രക്ഷിതാക്കളും ചോദിച്ചുകൊണ്ടും അന്വേഷിച്ചുകൊണ്ടും ഇരിക്കാറുണ്ട്. എന്നാല്‍ ഇവിടെ മനസ്സിലാക്കേണ്ടത് രണ്ട് കുട്ടികളുടെ സാഹചര്യങ്ങളും സ്വഭാവങ്ങളും സമമായിരിക്കില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് അവരോടുള്ള ഇടപഴകലുകളിലൂടെ സ്വയം തീരുമാനിക്കാന്‍ കഴിയണം. അല്ലാതെ മറ്റുള്ളവരുടെ താല്‍പര്യം നോക്കി കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മക്കള്‍ ഒരിക്കലും നേര്‍വഴിയിലെത്തുകയില്ല. ഓരോ മക്കള്‍ക്കും വ്യത്യസ്തവും വൈവിധ്യവുമായ കഴിവുകളും ചായ്‌വുകളും ചിന്തകളും ഉണ്ടെന്ന് നാം തിരിച്ചറിയണം. എല്ലാ കുട്ടികള്‍ക്കും ഒരേ കാര്യങ്ങള്‍ക്കായിരിക്കില്ല കഴിവുണ്ടാവുക. അതിനനുസരിച്ച് അവര്‍ക്ക് മേഖലകള്‍ തീരുമാനിച്ചു നല്‍കണം.

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles