Current Date

Search
Close this search box.
Search
Close this search box.

മക്കളെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കാം

money-childered.jpg

മക്കളെ സാമ്പത്തിക അച്ചടക്കമുള്ളവരാക്കി മാറ്റണമെന്നാഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട് രണ്ട് കാര്യങ്ങളുണ്ട്. കുട്ടിയുടെ രണ്ടാം വയസ്സു മുതല്‍ 15ാം വയസ്സുവരെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കലാണ് ഒന്നാമത്തേത്. രക്ഷിതാവായ നിങ്ങള്‍ മക്കള്‍ക്ക് പ്രായോഗിക മാതൃക കാണിക്കലാണ് രണ്ടാമത്തേത്. പണം സമ്പാദിക്കുന്നതിലും ഉപയോഗിക്കുന്നതിലും നിക്ഷേപിക്കുന്നതിലും മാതൃകയാവാന്‍ സാധിക്കണം.

മക്കളില്‍ സാമ്പത്തിക അച്ചടക്കം വളര്‍ത്താന്‍ ഉതകുന്ന ചില പ്രായോഗിക മാര്‍ഗങ്ങളാണ് ഇവിടെ നിര്‍ദേശിക്കുന്നത്.
1. വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളുടെ വിലയും മൂല്യവും താരതമ്യം ചെയ്ത് സംസാരിക്കുക. ഉല്‍പന്നങ്ങളുടെ ബ്രാന്റോ അവയുടെ വിലയോ അല്ല അതിന്റെ ഗുണം നിശ്ചയിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തുക.
2. നിങ്ങളുടെ പക്കല്‍ ചെക്ബുക്കോ എ.ടി.എം കാര്‍ഡോ ഉണ്ടെങ്കില്‍ അതുപയോഗിച്ച് അവര്‍ക്ക് മുമ്പില്‍ ഇടപാടുകള്‍ നടത്തി കാണിച്ചു കൊടുക്കുക. അവയുടെ ശരിയായ ഉപയോഗം അതിലൂടെ അവരെ പഠിപ്പിക്കാം.
3. യാതൊരു നിയന്ത്രണവുമില്ലാതെ പണം ധൂര്‍ത്തടിക്കുന്ന ഒരാള്‍ നിങ്ങളുടെ പരിചയത്തിലുണ്ടെങ്കില്‍, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നതിനായി അയാളെ കുറിച്ച് മകനോട് സംസാരിക്കാം.
4. അനുവദനീയമായ മാര്‍ഗത്തിലൂടെ പണം സമ്പാദിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയോ വിജയകഥകള്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കാം. അപ്രകാരം അല്ലാഹു നിഷിദ്ധമാക്കിയ വഴികള്‍ സ്വീകരിച്ച് പണം സമ്പാദിച്ച് സമ്പത്തില്‍ ദൈവാനുഗ്രഹമില്ലാത്തവരായവരുടെ ചരിത്രവും അവര്‍ക്ക് വിശദീകരിച്ചു കൊടുക്കണം.
5. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ എത്രവരെ ചെലവഴിക്കാം എന്ന ഒരു ലക്ഷ്യം നിര്‍ണയിച്ചു കൊടുക്കണം. അതിലൂടെ വരവിനനുസരിച്ച് ചെലവഴിക്കുന്ന ഒരു ശീലം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
6. മക്കള്‍ കൗമാര ഘട്ടത്തിലാണെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വീട് പോലുള്ള സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിച്ചതെന്ന് എങ്ങനെയെന്ന് അവര്‍ക്ക് വിവരിച്ചു കൊടുക്കണം. സാമ്പത്തിക ആസൂത്രണം എങ്ങനെ നടത്താമെന്ന് അതിലൂടെ അവരെ പഠിപ്പിക്കാം.
7. വാങ്ങുന്ന ഉല്‍പന്നങ്ങളുടെ ബില്ലുകള്‍ സൂക്ഷിക്കുന്നതിനുള്ള ഒരു ഫയല്‍ സംവിധാനം ഉണ്ടാക്കുക. പേപ്പര്‍ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ ആവാം അത്. അതുപോലെ വാറണ്ടി/ഗ്യാരണ്ടി കാര്‍ഡുകള്‍ സൂക്ഷിക്കുന്നതിനുള്ള ഒരു ഫയലും സംവിധാനിക്കുക.
8. ഒരു വസ്തു വാങ്ങാന്‍ മകന്‍ ആഗ്രഹിക്കുമ്പോള്‍ അതിന്റെ വിലകള്‍ താരതമ്യം ചെയ്യാന്‍ അവനോട് ആവശ്യപ്പെടുക. ഉദാഹരണത്തിന് ഒരു മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ സവിശേഷതകളും വിലയിലുള്ള മാറ്റങ്ങളും അറിയേണ്ടത് അനിവാര്യമാണ്.
9. സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായ വരവ്-ചെലവ് രേഖപ്പെടുത്താനുള്ള പ്രോഗ്രാമുകള്‍ ഉപയോഗപ്പെടുത്തുക.
10. പല പരസ്യങ്ങള്‍ക്കും പിന്നിലുള്ള ചതിയെ കുറിച്ച് കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക. കുട്ടികളെയാണ് അത്തരം പരസ്യങ്ങള്‍ ഏറെ സ്വാധീനിക്കുന്നത്.

ഒരു വസ്തു വാങ്ങുന്നതിന് അനുയോജ്യമായ സമയം, ഡിസ്‌കൗണ്ട് വേളകള്‍, വിലപേശല്‍ രീതി, ഉപയോഗശൂന്യമായി വീട്ടില്‍ കിടക്കുന്ന വസ്തുക്കള്‍ മാസവസാം വിറ്റൊഴിവാക്കല്‍, റീട്ടെയില്‍ വാങ്ങുന്നതിനേക്കാള്‍ ഹോള്‍സെയില്‍ വാങ്ങുമ്പോഴുള്ള നേട്ടം, ആവശ്യമില്ലാത്ത വൈദ്യുത ഉപയോഗം ഒഴിവാക്കുക തുടങ്ങിയ വീട്ടുചെലവിനെ ബാധിക്കുന്ന കാര്യങ്ങള്‍ മക്കള്‍ നിങ്ങളില്‍ നിന്ന് പഠിക്കേണ്ടതുണ്ട്.

അവസാനമായി രക്ഷിതാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശം ഖാറൂന്റെ കഥ മക്കള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നാണ്. മൂസാ നബിയുടെ സമുദായത്തില്‍ പെട്ട ആളായിരുന്നു ഖാറൂന്‍. അളവറ്റ സമ്പത്തിനുടമയായ ഖാറൂന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കേട് കാണിച്ച് പൊങ്ങച്ചവും പെരുമയും കാണിക്കുകയാണ് ചെയ്തത്. എത്രത്തോളമെന്നാല്‍ ഏകനായ ദൈവത്തെ നിഷേധിക്കാന്‍ പോലും അയാള്‍ ധൈര്യപ്പെട്ടു. തന്റെ അധ്വാനവും പരിശ്രമവും കൊണ്ട് മാത്രം ഉണ്ടായതാണ് അതെല്ലാം എന്ന് അയാള്‍ വിശ്വസിച്ചു. അതിന്റെ ഫലമായി അയാളെയും അയാളുടെ സമ്പത്തിനെയും അല്ലാഹു നശിപ്പിച്ചു. സമ്പത്തിനെ അല്ലാഹുവിന്റെ അനുഗ്രഹവുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. നമ്മെ സൂക്ഷിക്കാല്‍ ഏല്‍പിച്ചിരിക്കുന്ന സൂക്ഷിപ്പുമുതലായിട്ടാണ് നാമതിനെ കാണേണ്ടത്.

വിവ: നസീഫ്‌

Related Articles