Current Date

Search
Close this search box.
Search
Close this search box.

മക്കളുടെ ആസ്വാദനങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍

taste.jpg

അവധിക്കാലത്ത് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്ത പിതാവിന്റെ തീരുമാനത്തിനെതിരെ മക്കള്‍ ആവലാതപ്പെട്ടു. സിറിയയില്‍ കുട്ടികള്‍ പ്രയാസപ്പെടുമ്പോള്‍ നാമെങ്ങനെ ആഢംബരത്തോടെ ജീവിക്കും എന്ന ന്യായമാണ് ചെലവുകള്‍ ചുരുക്കുന്നതിനും വെക്കേഷന്‍ കാലത്തെ വിനോദയാത്രകള്‍ ഒഴിവാക്കുന്നതിനും പിതാവ് കാരണമായി പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന അവസ്ഥയാണിത്. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ കുറിച്ച് ശാന്തമായി അദ്ദേഹത്തോട് ഞാന്‍ സംസാരിച്ചു. അദ്ദേഹം പറയുന്നു: മുസ്‌ലിംകളുടെ കാര്യങ്ങള്‍ പരിഗണിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ലോകത്തിന്റെ പല ഭാഗത്തുമായി എത്രയോ മുസ്‌ലിം സഹോദരങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ആ പ്രയാസം മക്കളെ അറിയിക്കുന്നതിനാണ് ആഢംബരങ്ങളും മറ്റും അവര്‍ക്ക് വിലക്കുന്നത്.

ഞാന്‍ പറഞ്ഞു: വളരെ നല്ല ഒരു ആശയമാണിത്. തന്റെ സഹോദരനെ സഹായിക്കേണ്ടത് ഒരു മുസ്‌ലിമിന്റെ ബാധ്യതയാണ്. എന്നാല്‍ ആ ലക്ഷ്യത്തിനായി താങ്കള്‍ തെരെഞ്ഞെടുത്ത മാര്‍ഗവുമായി ഞാന്‍ വിയോജിക്കുന്നു. ലോകത്തെ പ്രയാസപ്പെടുന്ന മുസ്‌ലിംകളുടെ പേരില്‍ മക്കള്‍ക്ക് മൂന്ന് വര്‍ഷത്തോളം ജീവിതത്തിന്റെ ആനന്ദങ്ങളും ആസ്വാദനങ്ങളും തടഞ്ഞുവെക്കുകയെന്നത് ശരിയായ രീതിയല്ല. സ്വാഭാവികമായും നിങ്ങളുടെ പ്രവര്‍ത്തനം ലോകത്തെ പ്രയാസപ്പെടുന്ന മുസ്‌ലിം കുട്ടികളോട് വെറുപ്പാണ് അവരില്‍ ഉണ്ടാക്കുക. പ്രത്യേകിച്ചും നല്ല സാമ്പത്തിക ശേഷിയുള്ള ഒരാളായിരിക്കെ നിങ്ങളത് ചെയ്യുന്നത്. നിങ്ങളുടെ സമ്പത്ത് കൊണ്ട് മക്കളെയും മറ്റ് കുട്ടികളെയും സന്തോഷിപ്പിക്കാന്‍ കഴിയുമെന്ന് മക്കള്‍ക്കറിയാം. അദ്ദേഹം ചോദിച്ചു: പിന്നെ അവരെ ഇതെല്ലാം ബോധ്യപ്പെടുത്തി അവരെ വളര്‍ത്താന്‍ ഞാനെന്ത് ചെയ്യും? ഞാന്‍ പറഞ്ഞു: ഇബാദത്ത് ചെയ്യാന്‍ മക്കയില്‍ കുറച്ച് സ്ഥലം വാങ്ങാന്‍ തീരുമാനിച്ച ഒരു മുതലാളിയുടെ കഥയുണ്ട്. അതിന് വേണ്ടി വലിയ തുക മുടക്കുന്നതിനെതിരെ അയാളുടെ മനസ്സ് തന്ന അയാളെ ആക്ഷേപിച്ചു. അങ്ങനെ അവിടെ രണ്ട് ഫഌറ്റ് വാങ്ങാന്‍ അയാള്‍ തീരുമാനിച്ചു. ഒന്ന് തനിക്കും രണ്ടാമത്തേത് ഹജ്ജിനും ഉംറക്കും എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ വഖ്ഫ് ആയിട്ടും. ആ തീരുമാനത്തിലൂടെ അയാളുടെ മനസ്സിനെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും അയാള്‍ക്ക് സാധിച്ചു. ഇതുകേട്ട് പുഞ്ചിരിച്ചു കൊണ്ട് ആ പിതാവ് പറഞ്ഞു: ബുദ്ധിപരമായ ഒരു തീരുമാനമാണത്. ഞാന്‍ പറഞ്ഞു: നിങ്ങളുടെ മക്കളുടെ കാര്യത്തിലും അതേ കാര്യം നിങ്ങള്‍ക്കും ചെയ്യാം. അതിനായി ചില കാര്യങ്ങളിലൂടെ ഞാനത് വിശദമാക്കാം. ഉദാഹരണത്തിന് നിങ്ങള്‍ മക്കളോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നു. റെസ്‌റ്റോറന്റ് ബില്ലില്‍ വരുന്ന തുക ലോകത്ത് പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി മക്കളുടെ കൂടി പങ്കാളിത്വത്തോടെ ചെലവഴിക്കാന്‍ നിങ്ങള്‍ ധാരണയാവുന്നു. വളരെ നല്ല ആശയമാണല്ലോ ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഞാന്‍ തുടര്‍ന്നു: മൂന്ന് കാര്യങ്ങളാണ് നിങ്ങളതിലൂടെ മക്കളെ പഠിപ്പിക്കുന്നത്. ഒന്നാമതായി മക്കള്‍ ഇഷ്ടപ്പെടുന്നത് നല്‍കി നിങ്ങളവരുടെ സ്‌നേഹം നേടുന്നു. രണ്ടാമതായി പ്രയാസപ്പെടുന്നവരെ സഹായക്കണം എന്ന ചിന്ത അവരില്‍ വളര്‍ത്തുന്നു. മൂന്നാമതായി പ്രയാസപ്പെടുന്നവരുടെ പ്രയാസം നീക്കല്‍ തങ്ങളുടെ കൂടി ബാധ്യതയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അദ്ദേഹം പറഞ്ഞു: ഈ വെക്കേഷനില്‍ ആനന്ദവും ഉപകാരവും ലഭിക്കുന്ന സ്ഥലങ്ങളോടൊപ്പം അനാഥരുടെയും ദരിദ്രരുടെയും വീടുകളും സന്ദര്‍ശിക്കാനും അവരെ സഹായിക്കാനും ഞാന്‍ ഉദ്ദേശിക്കുകയാണ്.

പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ ക്രിയാത്മകമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചിന്ത എന്നെ സംബന്ധിച്ചടത്തോളം പുതിയതും അപരിചിതവുമാണ്. ഞാന്‍ പറഞ്ഞു: മകന് പുതിയ വസ്ത്രം വാങ്ങാന്‍ ഉദ്ദേശിച്ച പിതാവിന്റെ ഒരു കഥയുണ്ട്. അയാള്‍ മകനോട് പറഞ്ഞു: മോനേ, പത്തിലേറെ വസ്ത്രങ്ങള്‍ നിന്റേത് അലമാരയിലുണ്ട്. നിനക്ക് പുതിയ വസ്ത്രം വാങ്ങിത്തരുന്നതില്‍ വിരോധമൊന്നുമില്ല. എന്നാല്‍ നിന്റെ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ നിന്ന് രണ്ടെണ്ണം വസ്ത്രം വാങ്ങാന്‍ കഴിവില്ലാത്ത പാവപ്പെട്ട ആവശ്യക്കാരന് നല്‍കണം. ഈ നിര്‍ദേശം മകനും അംഗീകരിച്ചു. പുതിയ വസ്ത്രം സന്തോഷം നല്‍കിയതോടൊപ്പം ദാനം ചെയ്ത വസ്ത്രം അവന് പ്രതിഫലവും നല്‍കി. മക്കള്‍ക്ക് ഒരു കാര്യം നിഷേധിക്കുകയെന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ആരോഗ്യകരമായ മറ്റൊരു ബദലിനെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല എന്നതാണ് വസ്തുത. ലോകത്ത് മുസ്‌ലിം കുട്ടികള്‍ കൊല്ലപ്പെടുന്നു എന്ന കാരണം മുന്‍നിര്‍ത്തി മക്കളുടെ കളിയും ചിരിയും എല്ലാം അവസാനിപ്പിക്കുന്ന പിതാവിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എന്നാല്‍ ലോകത്തെ പ്രയാസപ്പെടുന്ന ആളുകളുടെ പ്രയാസങ്ങള്‍ മക്കള്‍ക്ക് മനസ്സിലാക്കി നല്‍കുന്നതിന് അല്‍പം ശ്രമവും അവരെ കൂടി പങ്കാളികളാക്കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.

വളരെ ആവേശത്തോടെ അദ്ദേഹം പറഞ്ഞു: ഇന്ന് മുതല്‍ എന്റെ മക്കളെ ഈ രീതിയിലാണ് ഞാന്‍ വളര്‍ത്തുക. ഞാന്‍ പറഞ്ഞു: അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നിടത്തോളം കാലം നിങ്ങള്‍ സ്വയം അത് ആസ്വദിക്കുകയും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനും സഹായിക്കാനും ഉപയോഗപ്പെടുത്തുകയും വേണം. ഈ രീതിയാണ് മക്കളിലേക്ക് നാം പകര്‍ന്ന് നല്‍കേണ്ടതും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ടും ലോകത്ത് പ്രയാസപ്പെടുന്നവരുണ്ടെന്ന കാരണത്താല്‍ മക്കള്‍ക്ക് ആ അനുഗ്രഹങ്ങള്‍ നിഷേധിക്കുന്നവരായി നാം മാറരുത്.

മൊഴിമാറ്റം : നസീഫ്‌

Related Articles