Current Date

Search
Close this search box.
Search
Close this search box.

മക്കളിലൂടെ രക്ഷിതാക്കള്‍ വായിക്കപ്പെടുന്നു

angry.jpg

മാതാവിന്റെ കാല്‍ ചുവട്ടിലെ സ്വര്‍ഗം പ്രാപിക്കാന്‍ സന്താനങ്ങള്‍ ശ്രമിച്ചു കൊള്ളട്ടെ എന്ന വിവക്ഷയേക്കാള്‍ അത് നേടിയെടുക്കാന്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മാതാക്കള്‍ അവസരമൊരുക്കട്ടെ എന്ന പുനര്‍ വായനയാണ് സാധ്യമാവേണ്ടത്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന പ്രവാചക ശിക്ഷണം ഒരു പാഠമെന്നോണം സന്താനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമെങ്കിലും നിധികാക്കുന്ന ഭൂതത്തെപ്പോലെ മാതാപിതാക്കള്‍ കാവലിരിക്കുന്ന പ്രതീതിയാണ് അനുഭവവേദ്യമാക്കി കൊണ്ടിരിക്കുന്നത്.

രക്ഷിതാക്കളും അധ്യാപകരും എന്ന രണ്ട് സുരക്ഷിതമായ കരകള്‍കിടയിലൂടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേയ്ക്ക് പ്രവഹിക്കാന്‍ സന്താനങ്ങള്‍ക്ക് അവസരമുണ്ടാകണം. മക്കളുടെ അഭിരുചികള്‍ പഠനത്തിലായാലും പാഠ്യേതരത്തിലായാലും അംഗീകരിക്കപ്പെടണം. ശിക്ഷയും ശിക്ഷണവും പോലെത്തന്നെ പ്രാധാന്യമുള്ളവയാണ് പ്രോത്സാഹനവും പ്രശംസയും. വ്യക്തി എന്ന വിവക്ഷ പ്രായഭേദങ്ങള്‍ക്ക് വിധേയമാകരുത്. അനുവദനീയമായ വ്യക്തിസ്വാതന്ത്ര്യം രക്ഷിതാക്കളുടെ ഔദാര്യമല്ല മറിച്ച് സന്താനങ്ങളുടെ അവകാശമാണ്. പറയാനുള്ള അവകാശം രക്ഷിതാക്കള്‍ക്കും കേള്‍ക്കാനുള്ള ബാധ്യത മക്കള്‍ക്കും എന്നതിനേക്കാള്‍ സ്‌നേഹോഷ്മളമായ അന്തരീക്ഷത്തിലെ സംഭാഷണമാണ് അഭികാമ്യം. കുട്ടികളുടെ ലോകത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ അജ്ഞത വളര്‍ന്നുവരുന്ന തലമുറയെ അധാര്‍മികതയുടെ ചതുപ്പ് നിലങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടാന്‍ കാരണമാകുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ പോകരുത്.

മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ഉണ്ടായിരിക്കണമെന്ന് ആശിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പാലിക്കുന്നുണ്ടോ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളാല്‍ വായിക്കപ്പെടുന്നു എന്നത് വിസ്മരിച്ചുകൊണ്ടുള്ള സദുപദേശങ്ങളാണ് സന്താനങ്ങള്‍ പരിതിയ്ക്ക് പുറത്താകുന്നതിന്റെ മുഖ്യഹേതു.

ഗര്‍ഭാവസ്ഥയില്‍ നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളില്‍ വളരെ ശാസ്ത്രിയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് സന്താന പരിപാലനം. എന്തിനും ഏതിനും അരുതായ്മകളുടെ കല്പനകള്‍കൊണ്ട് കുട്ടികളെ അനുസരിപ്പിക്കാനുള്ള പോലീസ് മുറകള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ വിപരിത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കുട്ടികളുടെ ദിശ നിര്‍ണയിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ ദൗത്യവും ധര്‍മ്മവും ഗൗരവബുദ്ധ്യാ ഉള്‍കൊള്ളുകയും സര്‍ഗാത്മകമായി കൈകാര്യം ചെയ്യുകയുമാണെങ്കില്‍ ഒരു നല്ല നാളെയുടെ വാഗ്ദാനങ്ങളായ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നിഷ്പ്രയാസം സാധിക്കും.

Related Articles