Current Date

Search
Close this search box.
Search
Close this search box.

പ്രോത്സാഹനത്തിലൂടെ വളര്‍ത്തിയെടുക്കാം

child.jpg

മൊബൈലില്‍ കളിക്കുകയാണ് ഒമ്പത് വയസ്സ് പോലും പ്രായമാവാത്ത  മകള്‍. പിതാവ് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ഭാവിയില്‍ ഒരുപാട് നല്ല ഗെയിമുകള്‍ അവളിലൂടെ പുറത്തുവരണം എന്നാണ് അയാള്‍ സ്വപ്‌നം കാണുന്നത്. പിതാവ് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. അവള്‍ വളര്‍ന്ന് വലുതായി. നല്ലൊരു ഗെയിമും ക്രിയേറ്റ് ചെയ്തു. ഇനി മറ്റൊരു യുവാവ്, യുവാക്കള്‍ക്കായി വിവിധ ആപ്പുകളുടെ ഒരു സൈറ്റ് രൂപകല്‍പന ചെയ്യുകയാണവന്‍. കുഞ്ഞുനാളിലേ ഇത്തരം കാര്യങ്ങള്‍ക്ക് ഉമ്മയവനെ പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ മകന്‍ പ്രസ്തുത മേഖലയില്‍ വിദഗ്ധനായി മാറും എന്ന് ആ മാതാവിനുറപ്പുണ്ടായിരുന്നു. അവരുടെ ഊഹം തെറ്റിയില്ല.

ചെറുപ്പം മുതലെ കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കി പ്രോത്സാഹനം നല്‍കുന്നത് ശ്ലാഘനീയമാണ്. കുറച്ച് മുമ്പ് ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. കോടിക്കണക്കിന് രൂപ അപ്ലിക്കേഷനുകളുടെ ഒരു വെബ്‌സൈറ്റിന് വിലയിട്ടിരിക്കുന്നു. നാല് സര്‍വകലാശാല വിദ്യാര്‍ഥികളുടെതാണ് മാസ്റ്റര്‍ ഐഡിയ. അവര്‍ തമ്മില്‍ സന്ദേശങ്ങള്‍ പങ്ക് വെക്കാന്‍ നിര്‍മ്മിച്ചതായിരുന്നു ആ വെബ്‌സൈറ്റ്. പിന്നീടത് വളര്‍ന്ന് വലിയൊരു സംഭവമായി.

കുട്ടികളായിരിക്കെ തന്നെ പുതിയ സംരംഭങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. അവരുടെ ഭാവിക്ക് വലിയൊരു മുതല്‍കൂട്ടായിരിക്കും അത്. അത്തരത്തിലൊരു മനുഷ്യനെ ഞാന്‍ പരിചയപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ക്കേ പിതാവിന്റെ പ്രോത്സാഹനം അവന് വേണ്ടുവോളമുണ്ടായിരുന്നു. അവന്‍ വളര്‍ന്ന് യുവാവായി. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങുന്ന വേളയില്‍ നമസ്‌ക്കാന്‍ പള്ളിയൊന്നും അവനവിടെ കാണാനായില്ല.  ഒരു ഫ്‌ലാറ്റ് വാടകക്കെടുത്ത് നമസ്‌കരത്തിനും ജുമുഅക്കും നേതൃത്വം നല്‍കാന്‍ ഒരു ചെറുപ്പക്കാരനെ പരിശീലിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപവാസികളായ മുസ്‌ലിംകളെ അങ്ങോട്ട് വെള്ളിയാഴ്ച ജുമുഅക്ക് ക്ഷണിക്കുന്നു. നമസ്‌കാര ശേഷം അവരോട് പറയുന്നു ‘നമസ്‌കാരത്തിനായി നിങ്ങള്‍ ഒരുമിച്ച് കൂടിയ ഈ സ്ഥലം ഞാന്‍ വാടകക്കെടുത്തതാണ്. തുടര്‍ന്നും ഇവിടെ നമസ്‌കരിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ തുടര്‍ന്ന് നിങ്ങള്‍ വാടക നല്‍കികൊണ്ടിരിക്കുക.’ ഈ യുവാവ് നിങ്ങളുടെ നമസ്‌കാരത്തിനും ജുമുഅക്കും നേതൃത്വം നല്‍കും.’ അങ്ങനെ ഇവിടെ വിശ്വാസികള്‍ എല്ലാ നമസ്‌കാരങ്ങള്‍ക്കും ആഴ്ചയിലെ ജുമുഅക്കുമായി സംഗമിക്കുന്നു.

കാല്‍ കാശ് ചിലവഴിക്കാതെ മുന്നൂറോളം നമസ്‌കാര കേന്ദ്രങ്ങളാണ് ഈ മനുഷ്യന്‍ തുറന്നത്. ഈ വിജയഗാഥയുടെ രഹസ്യം ഒന്നുമാത്രമായിരുന്നു. അടിച്ചും ശകാരിച്ചും പഴിപറഞ്ഞും നോക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തുമൊന്നുമല്ല അവന്റെ പിതാവ് അവനെ വളര്‍ത്തിയത്. മറിച്ച് മുന്നിട്ടിറങ്ങാനുള്ള ഗുണം ചെറുപ്പത്തിലെ അവനില്‍ മാതാപിതാക്കള്‍ നട്ടുവളര്‍ത്തുകയും ധാരാളമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടികളിലെ അലസതയും താല്‍പര്യക്കുറവിനെയും കുറിച്ച് ഞാനൊരു പഠനം നടത്തുകയുണ്ടായി. അവരെ വളര്‍ത്തുന്നതിലുള്ള പ്രശ്‌നങ്ങളാണ് ഇവക്ക് കാരണമായി എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ഓരോ കാര്യത്തിനും മുന്നിട്ടിറങ്ങുക എന്ന ഗുണം അവനില്‍ നട്ടുവളര്‍ത്തുന്നിനും പ്രോത്സാഹനം നല്‍കുന്നതിനും മാതാപിതാക്കള്‍ വിമുഖതകാണിക്കുന്നു.

എന്റെയടുക്കല്‍ ഒരിക്കല്‍ ഒരാള്‍ വന്ന് അയാളുടെ വൈവാഹികജീവിതത്തിലെ പ്രയാസങ്ങള്‍ പങ്കുവെച്ചു. ഭാര്യ അയാളുമായി സംസാരിക്കുന്നില്ല എന്നതായിരുന്നു അയാളുടെ പരാതി.
‘ഞാന്‍ പറഞ്ഞു അവളുമായി സംസാരിക്കാന്‍ നീ മുന്‍കയ്യെടുക്കുക’
‘അവളതിന് തയ്യാറായില്ലെങ്കില്‍?’
‘വീണ്ടും ശ്രമിക്കുക’
‘എന്നിട്ടുമവള്‍ തയ്യാറായില്ലെങ്കില്‍?’
‘മൂന്നാമതും ശ്രമിക്കുക എന്നിട്ടും ശരിയായില്ലെങ്കില്‍ അവള്‍ സംസാരിക്കും വരെ വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുക.’
അവന് വിശ്വാസമായില്ല.
‘നിങ്ങള്‍ പോയി ഞാന്‍ പറഞ്ഞതുപോലെ ചെയ്തുനോക്കുക.’
അയാള്‍ പോയി കുറച്ച് നാളുകള്‍ക്ക് ശേഷം വന്ന് എന്നോട്  ‘നാലാം തവണയും ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവളെന്നോട് സംസാരിച്ച് തുടങ്ങി.’
ഞാന്‍ ചിരിുകൊണ്ട് പറഞ്ഞു ‘എങ്കില്‍ നിനക്ക് നിന്റെ പ്രശ്‌നങ്ങളുടെ താക്കോല്‍ ലഭിച്ചിരിക്കുന്നു. നീ മുന്‍കയ്യെടുക്കുക എന്നതത്രെ അത്.’

പ്രോത്സാഹനമാണ് ഏറ്റവും ശക്തമായ ഊര്‍ജ്ജം. സംസാരമാണ് അതിലടങ്ങിയ ഏറ്റവും വലിയ ഘടകം. അങ്ങനെ കാര്യങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നവര്‍ ജീവിതത്തില്‍ വിജയം വരിക്കുകയും ചെയ്യുന്നു. പ്രോത്സാഹനം ഏത് രാഷ്ട്രീയക്കാരനെയും സാമ്പത്തിക വിദഗ്ധനെയും പരിശീലകനെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കാന്‍ ഒരുപോലെ പ്രേരിപ്പിക്കുന്നു. എഴുത്തുകാരനെയത് എഴുതാന്‍ കാരണമാക്കുന്നു. എന്റെ വായനക്കാരുടെ പ്രതികരണങ്ങളില്‍ നിന്ന് ഞാനറിഞ്ഞ പാഠമാണിത്. നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു. കളിക്കാരെയത് കൂടുതല്‍ നന്നായി കളിക്കാന്‍ പ്രേരിപ്പിക്കുന്നു. ഖൈബര്‍ യുദ്ധവേളയില്‍ പ്രവാചകന്‍ പ്രയോഗിച്ചത് ഈ വിദ്യയായിരുന്നു. ‘അല്ലാഹും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന, അല്ലാഹുവെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ക്കേ ഞാനീ പതാക നല്‍കൂ’ എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യനാകാന്‍ എല്ലാ അനുചരന്മാരും ആഗ്രഹിച്ചു. അലി(റ) ആയിരുന്നു ആ ഭാഗ്യവാന്‍. അതുകൊണ്ടുതന്നെ പ്രോത്സാഹനം വൈറ്റമിനുകള്‍ പോലെയാണ്. തന്മൂലും യുവാക്കളും പ്രായം ചെന്നവരും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തങ്ങള്‍ക്ക് താല്‍പര്യപൂര്‍വം മുന്‍കയ്യെടുക്കുന്നത് കാണാം.

മൊഴിമാറ്റം: ഹാബീല്‍ വെളിയംകോട്‌

Related Articles