Current Date

Search
Close this search box.
Search
Close this search box.

പ്രസവത്തിലൂടെ പഠിക്കുന്ന പാഠങ്ങള്‍

baby1.jpg

എന്റെ ജീവിതത്തെ മാറ്റിമറിച്ച അനുഭവങ്ങളെക്കുറിച്ച് ചോദിച്ചാല്‍ വളരെയധികം സംഭവങ്ങളുടെ ഒരു ലിസ്റ്റ് എനിക്ക് പറയാന്‍ സാധിക്കും. എന്റെ ആദ്യ ജോലി, വിവാഹം്, ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് താമസം മാറിയത് അങ്ങനെ പലതും ആ ലിസ്റ്റില്‍ കടന്നു കൂടും.
എന്നാല്‍ ഗര്‍ഭം ധരിക്കുക, പ്രസവിക്കുകയെന്നൊക്കെ പറയുന്നത് സത്യത്തില്‍ ഒരു അത്ഭുതമാണ് എന്നതുകൊണ്ടുതന്നെ എനിക്ക് കുഞ്ഞ് ജനിച്ച സന്ദര്‍ഭം ഈയെല്ലാ കാര്യങ്ങളെക്കാളും ഒന്നാമതായി മികച്ചു നില്‍ക്കും.
തീര്‍ച്ചയായും ഈയനുഭവം എന്നത് ഒരേ സമയം ആഹ്ലാദകരവും പേടിപ്പെടുത്തുന്നതുമായിരിക്കെ, ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ അവന്റെ അല്ലെങ്കല്‍ അവളുടെ മാതാപിതാക്കളില്‍ വന്നു ചേരുമെന്നിരിക്കെത്തന്നെ ഞാന്‍ പറയട്ടെ മാതാവും പിതാവും തങ്ങളുടെ ജീവിതത്തെ ആകപ്പാടെ മാറ്റിയെടുക്കുന്ന ഒരുപാട് പാഠങ്ങള്‍ ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ പഠിക്കുന്നുണ്ട്.
ഗര്‍ഭധാരണം  മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ ധൃഷ്ടാന്തങ്ങളില്‍ ഒന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളില്‍ അതു സംഭന്തിച്ച് പരാമര്‍ശം നടത്തിയിരിക്കുന്നു.  (നിങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട് . 45:4) ഒമ്പതു മാസക്കാലം ഒരു സ്ത്രീയുടെ ശരീരം അല്ലാഹുവിന്റെ തീരുമാനപ്രകാരം മറ്റൊരു ജീവനെ വഹിക്കുന്ന, അതിനു നിലനില്‍ക്കാനും പൂര്‍ണ്ണമനുഷ്യനായി രൂപപ്പെടാനുമാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കപ്പെട്ട ഒരു വെസ്സലായി മാറുന്നു.
ഈ കാലം നമ്മെ പഠിപ്പിക്കുന്ന തെളിമയാര്‍ന്ന ഒരു വലിയ പാഠം സ്‌നേഹത്തിന്റെതാണ്. നാം എത്രമാത്രം നമ്മുടെ കുഞ്ഞിനെ സ്‌നേഹിക്കുന്നു എന്ന് നാം തിരിച്ചറിയുന്നു, നമ്മുടെ മാതാപിതാക്കള്‍ എത്ര സഹിച്ചിട്ടാണ് നമ്മുടെ ജനനം സംഭവിച്ചതെന്ന തിരിച്ചറിവ് അവരുടെ സ്‌നേഹത്തെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. മാത്രമല്ല, ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ സ്‌നേഹവും ഒരളവോളം പ്രകടിതമാകുന്ന നിമിഷമാണ് ഗര്‍ഭകാലം. അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് ഇതൊക്കെ സംഭവിക്കുന്നത്.
ഈയൊരൊറ്റ അനുഭവത്തിലൂടെ നാം നമ്മുടെ കഴിവും കഴിവുകേടും തിരിച്ചറിയുന്നു. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥതയിലും പ്രസവവേദനയിലും സഹനശക്തിയുണ്ട് എന്നതാണ് സ്ത്രീകളുടെ ശക്തി.
പുരുഷന്‍മാരുടെ കാര്യത്തിലാണെങ്കില്‍ അവരുടെ ഭാര്യമാരുടെ പ്രസവസന്ദര്‍ഭങ്ങളില്‍ അവര്‍ അതുമായി എത്രമാത്രം ഇടപെടുന്നു എന്നതിലൂടെ അവര്‍ക്കിടയില്‍ അത് ഒരു ശക്തിമത്തായ ബന്ധം സ്ഥാപിക്കാന്‍ കാരണമാകുന്നു.
എല്ലാത്തിനുമുപരി മറ്റുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുള്ള അറിവ് എന്തു തന്നെയാണെങ്കിലും നാം നമ്മുടെതു മാത്രമായ, അമൂല്യ അനുഭവമായ നമ്മുടെ കുഞ്ഞിനെ ക്ഷമയോടെ എന്നാല്‍ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുകയെന്നത് ഓരോ ഉമ്മക്കും ഉപ്പക്കും ഒരു അനുഭവം തന്നെയാണ്.
വളരെ സങ്കീര്‍ണ്ണമായ ഒരു അവസ്ഥയിലാണ് മനുഷ്യസൃഷ്ടിപ്പിന്റെ സംവിധാനം. ഒരു കുഞ്ഞ് രൂപംകൊള്ളുന്നതിനു മുമ്പ് പല ഘട്ടങ്ങളും കടന്നു പോകുന്നു. അതില്‍ ഒരു ജീന്‍ വ്യത്യാസപ്പെടുമ്പോള്‍ ഫലം തികച്ചും വ്യത്യസ്തമാകുന്നു. എല്ലാത്തിനുമുപരി ഈ പ്രക്രിയകളെല്ലാം തന്നെ നടക്കുന്നത് നമ്മുടെ നിയന്ത്രണത്തിലല്ല എന്നതാണ് യാഥാര്‍ഥ്യം. നമുക്ക് കാണാന്‍ സാധിക്കാത്ത ഒരു ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. അല്ലാഹു പറയുന്നതു കാണുക(നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി ഘട്ടം ഘട്ടമായി അവന്‍ നിങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. 39:6) ഓരോ ഗര്‍ഭധാരണത്തിന്റെയും ഫലം അറിയുന്നത് ആത്യന്തികമായി അല്ലാഹുവിനു മാത്രമാണ്. ഇതു നമ്മുടെ നിയന്ത്രണത്തിലാണെന്ന തോന്നല്‍ ഒരിക്കലും നമുക്കുണ്ടാവേണ്ടതില്ല. നമ്മുടെ ജീവിതത്തില്‍ എല്ലാ തലത്തിലും പുലര്‍ത്താവുന്ന ഒരു പാഠമാണിത്. ആണ്‍ കുഞ്ഞാണോ പെണ്‍ കുഞ്ഞാണോ എന്നതൊക്കെയും അല്ലാഹു തീരുമാനിക്കുന്ന കാര്യങ്ങളാണ്. അവനിഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു. 42:49)
ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ പുതിയ ചികിത്സാ പഠനങ്ങളും കണ്ടു പിടിത്തങ്ങളും നടക്കുന്ന ഇന്നത്തെക്കാലത്ത് അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ മറന്നു പോകരുതെന്നതാണ് നാം മനസ്സിലാക്കേണ്ട മറ്റൊരു പാഠം.
ഡോക്ടര്‍മാര്‍ നിരീക്ഷണം നടത്തുന്നു, ടെസ്റ്റുകള്‍ നടത്തുന്നു, പ്രവചിക്കുന്നു, കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നു;  എന്നാല്‍ ഇതൊക്കെയും ആത്യന്തികമായി അല്ലാഹു നമുക്ക് ഒരുക്കി വച്ചിരിക്കുന്ന അവനുമാത്രമറിയാവുന്ന ഒന്നിലേക്കുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഫലമുണ്ടാകുകയെന്നതിനാല്‍ നാം അവനുമായി ഹൃദയം ചേര്‍ത്തു നിര്‍ത്തി അവനോട്, നമ്മുടെ എല്ലാ വിജയത്തിന്റെയും കേന്ദ്രത്തോട്, പ്രാര്‍ഥിക്കുകയും ചെയ്യുക.
ഗര്‍ഭകാലത്തിന്റെ സൗഖ്യകരമായ ജീവിതത്തിനാവശ്യമായതെല്ലാം നാം ചെയ്യണം. എന്നാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ മറന്നുപോകരുതെന്നു മാത്രം.
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു കാരണമുണ്ടാകും. ചിലപ്പോള്‍ നാം പ്ലാന്‍ ചെയ്തതു പോലെയാവുകയില്ല പ്രസവം കഴിയുമ്പോള്‍ അതിന്റെ ഫലം. അത്തരം സന്ദര്‍ഭങ്ങളില്‍ നാം ഓര്‍ക്കേണ്ട വലിയ പാഠമാണിത്.
ചിലപ്പോള്‍ ഗര്‍ഭകാലം കഴിയുന്നതിനു മുമ്പ് പ്രസവം സംഭവിക്കാം. ചിലപ്പോള്‍ സ്ത്രീകള്‍ പൂര്‍ണ്ണമായും വിശ്രമത്തില്‍ കിടക്കേണ്ടി വരാം. ഇതൊക്കെയാണെങ്കിലും എപ്പോഴാണ് ഒരു കുഞ്ഞ് ജനിച്ച് പുറത്തു വരുകയെന്ന് നമുക്ക് പറയാന്‍ സാധ്യമല്ല. പലപ്പോഴും പറഞ്ഞ ദിവസത്തിലായിരിക്കില്ല പ്രസവം സംഭവിക്കുക.
അപ്പോള്‍ കാര്യങ്ങള്‍ നാം വിചാരിച്ചതു പോലെ നടക്കാതെയാകുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. അപ്പോള്‍ നാം മനസ്സിലാക്കേണ്ടത് അല്ലാഹുവാണ് ഏറ്റവും നന്നായി പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നവന്‍.അവനറിയാം എന്താണ് ശരി എന്ന്. നമ്മളാണെങ്കിലോ അജ്ഞരുമാണ്.
അല്ലാഹുവിന്റെ ജ്ഞാനത്തെ കുഞ്ഞിന്റെ ജനനവുമായി അല്ലാഹു ബന്ധപ്പെടുത്തുന്നതു കാണാം.(42:50)
അല്ലാഹു നമ്മോട് ഏറ്റവും കരുണയുള്ളവനാണെന്ന് അല്ലാഹു തന്നെ പറയുന്നു. ഒരു ഉമ്മാക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തിനെക്കാള്‍ എത്രയോ ഇരട്ടിയാണ് അല്ലാഹുവിന് തന്റെ അടിമയോടുള്ള സ്‌നേഹമെന്ന്  പ്രവാചകന്‍(സ) പഠിപ്പിക്കുന്നു.(ബുഖാരി). ചുരുക്കത്തില്‍ ഗര്‍ഭകാലം എന്നത് അല്ലാഹുവിനെ കൂടുതല്‍ അറിയാനും അവനിലേക്ക് അടുക്കാനുമുള്ള അസുലഭമായ അവസരമാണ്.

വിവ: അത്തീഖുറഹ്മാന്‍
 

Related Articles