Current Date

Search
Close this search box.
Search
Close this search box.

പിതാവുണ്ടായിട്ടും അനാഥരാവുന്ന മക്കള്‍

orange.jpg

മക്കളെ വളര്‍ത്തുന്നതില്‍ മാതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും അതിന്റെ പ്രാധാന്യവും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. മറ്റു തൊഴിലുകള്‍ക്കൊന്നും പോകാതെ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എത്രയോ മാതാക്കളെ നമുക്ക് കാണാം. എന്നാല്‍ പിതാക്കന്‍മാരെ അനുഭവിക്കാന്‍ മക്കള്‍ക്ക് പലപ്പോഴും അവസരം ലഭിക്കുന്നില്ല.

കുടുംബത്തിന് വരുമാനം കൊണ്ടു വരുന്ന ഒരു യന്ത്രം മാത്രമാണ് പല പിതാക്കന്‍മാരും. മക്കളുടെ ആഹാര കാര്യങ്ങളും പഠനവും സംസ്‌കരണവും എല്ലാം മാതാവില്‍ മാത്രം പരിമിതപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ പല വീടുകളും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ അവസ്ഥയിലെത്തിയിരിക്കുന്നു. ആസ്വാദ്യകരമായ ഭക്ഷണവും രാത്രി തങ്ങാനുള്ള അഭയ കേന്ദ്രവും മാത്രമാണ് അത്തരം വീടുകള്‍.

ജോലി ചെയ്ത് ക്ഷീണിച്ച് വൈകിയാണ് പിതാവ് വീട്ടിലെത്തുന്നത്. പിന്നെ ഭക്ഷണവും കഴിഞ്ഞ് ചെറുതോ വലുതാ ആയ സ്‌ക്രീനിനു മുന്നിലാണ് ഇരുത്തം. അവര്‍ കുട്ടികളോട് സംസാരിക്കുന്നില്ലെന്ന് മാത്രമല്ല, അതിനിടയില്‍ കുട്ടികള്‍ വല്ലതും പറഞ്ഞാല്‍ അതവര്‍ക്ക് ശല്ല്യവുമാണ്. അതും കഴിഞ്ഞ് ഉറങ്ങുന്ന അവരുടെ ജീവിതത്തില്‍ പുതുതായി ഒന്നും ഉണ്ടാവുന്നില്ല, ഇതിന്റെ ആവര്‍ത്തനം തന്നെയാണ് അടുത്ത ദിവസങ്ങളിലും. അത്തരം പിതാക്കന്‍മാര്‍ക്കായി ‘ഓറഞ്ചിന്റെ രഹസ്യം’ എന്ന ഒരു കൊച്ചു കഥ പറയാം.

ഒരു പിതാവ് തന്റെ കൊച്ചു മകനോടൊപ്പം അടുത്തുള്ള തോട്ടത്തിലൂടെ നടക്കുകയായിരുന്നു. കുറച്ച് കാലടികള്‍ വെച്ച ശേഷം പിതാവ് തന്റെ അടുത്തുണ്ടായിരുന്ന കവറില്‍ നിന്ന് ഒരു ബോട്ടില്‍ പുറത്തെടുത്തു. അതിനകത്ത് വലിയൊരു ഓറഞ്ച് ഉണ്ടായിരുന്നു. കുട്ടിയെ ഇത് അത്ഭുതപ്പെടുത്തി. ബോട്ടിലിന്റെ ചെറിയ വായിലൂടെ അത് പുറത്തെടുക്കാന്‍ അവന്‍ ശ്രമിച്ചു നോക്കി. എങ്ങനെ പിടിച്ചിട്ടും അതിന് സാധിക്കാതെ വന്ന കുട്ടി പിതാവിനോട് ചോദിച്ചു : എങ്ങനെയാണ് ഉപ്പാ ഇത് ഇതിന്റെ അകത്ത് എത്തിയത്?

സ്‌നേഹത്തോടെ കുട്ടിയുടെ കൈ പിടിച്ച് അയാള്‍ തോട്ടത്തിന്റെ മറ്റൊരു വശത്തേക്ക് പോയി. ഒരു ഒഴിഞ്ഞ ബോട്ടിലെടുത്ത് പുതുതായി ഉണ്ടായ ഒരു മൊട്ട് അതിനുള്ളിലേക്ക് കടത്തി മരത്തില്‍ തൂക്കിയിട്ടു. ഇങ്ങനെ ചെറുതായപ്പോള്‍ തന്നെ അതിനെ ബോട്ടിലിനകത്താക്കുകയാണ് ഞാന്‍ ചെയ്തത് എന്ന് കുട്ടിക്ക് വിശദീകരിച്ചും കൊടുത്തു. ഓറഞ്ഞ് കുപ്പിയില്‍ കിടന്ന് വലുതായപ്പോള്‍ കുട്ടിയുടെ അത്ഭുതവും നീങ്ങി. എന്നിട്ടയാള്‍ കുട്ടിയോട് പറഞ്ഞു: ജീവിതത്തില്‍ ധാരാളം ആളുകളെ കണ്ടു മുട്ടും. നല്ല വിദ്യാഭ്യാസവും സ്ഥാനവും പദവിയും എല്ലാം ഉള്ളതോടൊപ്പം തന്നെ ധാര്‍മികതക്കും മര്യാദക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും അവരിലുണ്ടാവും. അവരുടെ പ്രവൃത്തികള്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതായിരിക്കില്ല. അവരുടെ ആ ചീത്തഗുണങ്ങള്‍ ചെറുപ്പത്തിലേ അവരില്‍ വേരുറച്ച് പോയതാണ്. വളര്‍ച്ചയെത്തിയ ഓറഞ്ച് ബോട്ടിലില്‍ നിന്ന് നിനക്ക് പുറത്തെടുക്കാന്‍ കഴിയാത്ത പോലം, അവര്‍ വളര്‍ന്ന് വലുതായപ്പോള്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

പ്രിയ വായനക്കാരെ, നമ്മുടെ മക്കളില്‍ കാണുന്ന മോശമായ പെരുമാറ്റത്തിനും ആദരവില്ലായ്മക്കും നമുക്ക് കൂടി ഉത്തരവാദിത്വമുണ്ട്. മക്കളെ കൊണ്ട് നന്മകള്‍ ചെയ്യിക്കാത്ത, അവരില്‍ സംസ്‌കരണത്തിന്റെ വിത്തുകള്‍ പാകാത്ത രക്ഷിതാക്കള്‍ ഖലീഫ ഉമര്‍(റ)വിന്റെ വാക്കുകള്‍ ഓര്‍ക്കണം, ‘നിന്റെ കുട്ടി നിന്നോട് അനുസരണക്കേട് കാണിക്കുന്നതിന് മുമ്പ് നീയവനോട് അനുസരണക്കേട് കാണിച്ചിരിക്കുന്നു.’ മക്കളുടെ വിശപ്പ് മാറ്റാന്‍ കഷ്ടപ്പെടുകയാണെന്ന് പിതാവിന് ന്യായമുണ്ടാവും. എന്നാല്‍ പിതാവ് മനസ്സില്‍ നട്ടുപിടിപ്പിക്കേണ്ട നന്മയുടെ വിത്തുകള്‍ വിലക്കപ്പെടുന്ന മക്കളെ എന്തുവിളിക്കും? മാതാപിതാക്കള്‍ മരണപ്പെട്ടു പോയവരല്ല അനാഥര്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അവര്‍ തിരക്കുകളില്‍ പെട്ട് അവരുടെ ശ്രദ്ധ കിട്ടാത്ത മക്കളാണ് യഥാര്‍ഥ അനാഥര്‍ എന്നു പറയുന്ന അറബി കവി ശൗഖിയുടെ വാക്കുകള്‍ ഏറെ അര്‍ഥവത്താണ്. കുട്ടികളില്‍ നന്മയുടെ ഓറഞ്ചുകള്‍ക്ക് വിത്തുപാകുന്ന രക്ഷിതാക്കളെയാണ് നമുക്കിന്നാവശ്യം. അതുണ്ടാക്കുന്ന ഫലം അത്ഭുതകരമായിരിക്കും.

വിവ : അഹ്മദ് നസീഫ്‌

Related Articles