Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ മക്കള്‍ അടിപിടി കൂടുന്നവരാണോ

fight.jpg

കുട്ടികള്‍ നിരന്തരം വഴക്കിടുകയും അടിപിടി കൂടുകയും ചെയ്യുന്നതിനാല്‍ മിക്ക മാതാപിതാക്കളും ഒരു വിധത്തിലുള്ള ആത്മ സംഘര്‍ഷത്തിലും നിരാശയിലും കഴിയുന്നതായി കാണാം. ഈ പ്രശ്‌നം അഭിമുഖീകരിക്കാത്ത വീടുകള്‍ വിരളമാണ്. രക്ഷിതാക്കള്‍ യുക്തിപൂര്‍വകമല്ലാതെ ഇടപഴകുന്നതാണ് ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം. മാത്രമല്ല, കുട്ടികളുടെ മുമ്പില്‍ വെച്ചു നിരന്തരം തര്‍ക്കങ്ങളിലും വാക്കേറ്റങ്ങളിലുമായി കഴിഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കള്‍, മക്കളോടുള്ള സമീപനങ്ങളില്‍ വരുന്ന ആണ്‍-പെണ്‍ വേര്‍തിരിവ്, ചില മക്കളോട് പ്രത്യേക സ്‌നേഹം പ്രകടിപ്പിക്കലും അവര്‍ക്ക് സമ്മാനങ്ങളും ഗിഫ്റ്റുകളും നല്‍കല്‍ എന്നീ രീതിയിലുള്ള ഇടപെടലുകള്‍ കാരണമായി മക്കള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് എണ്ണയൊഴിച്ചു കൊടുക്കുന്നവരാണ് മിക്ക മാതാപിതാക്കളും. കുട്ടിയുടെ ഹൃദയത്തിലുള്ള കോപവും വേദനയും ഇറക്കിവെക്കാനാണ് അവര്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാനും പരസ്പരം ഏറ്റുമുട്ടാനും ഒരുങ്ങുന്നത്.

തങ്ങളുടെ മക്കള്‍ക്ക് യഥാര്‍ഥ ശിക്ഷണം നല്‍കാന്‍ കഴിയാത്ത തങ്ങളുടെ ദുര്‍ബലാവസ്ഥയാണ് കുട്ടികള്‍ക്കിടയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്ന് വിശ്വസിക്കുന്ന മാതാപിതാക്കളുണ്ട്. ചെറിയവര്‍ വലിയവരെ ആദരിക്കുക, വലിയവര്‍ ചെറിയവരോട് കരുണയോടും ദയാവായ്‌പോടും പെരുമാറുക, അടിക്കുക ചീത്തപറയുക തുടങ്ങിയ രീതിയില്‍ ഒരാളും മറ്റൊരാളെ ഒരു രീതിയിലും ഉപദ്രവിക്കാതിരിക്കുക, പരസ്പരം സ്‌നേഹത്തോടെയും കാരുണ്യത്തോടെയും വിട്ടുവീഴ്ചയോടും കൂടി പെരുമാറുക…തുടങ്ങിയ രീതിയില്‍ ഇടപഴകുന്നതില്‍ അവര്‍ക്കു വരുന്ന വീഴ്ചയാണ് ഈ പരാജയത്തിന് കാരണമെന്നത് വ്യക്തമാണ്. മക്കള്‍ക്കിടയിലുള്ള ഇത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് അവരുടെ ശക്തിയുടെയും ദൗര്‍ബല്യത്തിന്റെയും പോയിന്റുകള്‍ തിരിച്ചറിയുക, സ്വയം പ്രതിരോധിക്കുന്നതിനും ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിലുമുള്ള മികവും ഇകവും മനസ്സിലാക്കുക, വിജയത്തിന്റെ മാധുര്യവും പരാജയത്തിന്റെ കൈപും അവര്‍ എപ്രകാരം അഭിമുഖീകരിക്കുന്നു എന്ന് തിരിച്ചറിയുക, കോപത്തിന്റെയും മറ്റു ആത്മ സംഘര്‍ഷങ്ങളുടെയും സന്ദര്‍ഭത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുക തുടങ്ങിയ ആരോഗ്യകരമായ സമീപനത്തെ കുറിച്ചും മിക്കവരും അശ്രദ്ധരാണ്.

മക്കള്‍ക്കിടയിലുണ്ടാകുന്ന വഴക്കുകളുടെയും പ്രശ്‌നങ്ങളുടെയും കാര്യം മാതാപിതാക്കള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലെ തന്നെയാണ്. സഹന ശേഷി, യുക്തിപരമായ ഇടപെടല്‍, പരസ്പരമുള്ള മൗനം ദീക്ഷിക്കല്‍ തുടങ്ങിയവയിലൂടെ ഇവ അതിജയിക്കാവുന്നതെയുളളൂ…

പ്രശ്‌നങ്ങളെ എപ്രകാരം അഭിമുഖീകരിക്കാം
1.മക്കള്‍ക്കിടയില്‍ ശത്രുതയും വിദ്വേശവും വെറുപ്പും ഉടലെടുക്കാന്‍ തങ്ങള്‍ കാരണക്കാരാവരുത് എന്ന് മാതാപിതാക്കള്‍ക്ക് നിര്‍ബന്ധ ബുദ്ധി ഉണ്ടായിരിക്കണം. നീതിയോടും സമവായത്തോടും ഉള്ള ഇടപെടലിലൂടെ ഇത് സാക്ഷാല്‍കരിക്കാം. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മക്കളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ഉളവാക്കുമെന്ന ഉത്തമബോധ്യത്തോടെ മാതാപിതാക്കള്‍ മക്കളുടെ മുമ്പില്‍ വെച്ച് എല്ലാവിധ വഴക്കുകളും ഉപേക്ഷിക്കേണ്ടതുണ്ട്.

2. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പെട്ടെന്നുള്ള ഇടപെടല്‍ : ഒരാള്‍ മറ്റൊരാളെ വേദനിപ്പിക്കുകയോ അടിക്കുകയോ ചെയ്യുന്നതു കണ്ടാല്‍ ഉടന്‍ വടംവലി അവസാനിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുക.

3. പരസ്പരം വഴക്കടിക്കുമ്പോള്‍  അതവസാനിപ്പിച്ച് ശാന്തമാക്കിയതിനു ശേഷം രണ്ടു പേരെയും വിളിച്ച് ഇരുവര്‍ക്കും പറയാനുളളത് ശ്രദ്ധയോടെ കേള്‍ക്കുക. ആരാണ് തുടങ്ങിയത്, എന്താണ് കാരണം എന്നിവ തിരിച്ചറിയാന്‍ പരിശ്രമിക്കുക, ഇരുവരും ഞങ്ങളല്ല പ്രശ്‌നക്കാര്‍ എന്ന് ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുക്തിപൂര്‍വകമായി യാഥാര്‍ഥ്യം മനസ്സിലാക്കുകയും തെറ്റുകാരനോടും നിരപരാധിയോടും നീതിയോടെ സമീപിക്കുകയും ചെയ്യുക.

4.കാര്യമായുള്ള അടി, മര്‍ദ്ധനം, വേദനിപ്പിക്കല്‍ തുടങ്ങിയവയൊന്നുമില്ലാത്ത ചെറിയ രീതിയിലുള്ള വഴക്കുകളാണെങ്കില്‍ അവയില്‍ മാതാപിതാക്കള്‍ ഇടപെടാതിരിക്കുക. സ്വാഭാവികമായുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളിലൂടെ കുറേ കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കുന്നുണ്ട് എന്ന് തിരിച്ചറിയുക. കുട്ടികളുടെ എല്ലാ കാര്യവും തങ്ങളുടെ ചൊല്‍പടിയിലാകണമെന്ന് വാശിപിടിക്കുന്ന മാതാപിതാക്കള്‍ ഒന്നിനും ശേഷിയില്ലാത്തവരായി അവരെ ദുര്‍ബലമാക്കിയേക്കും.

5. മക്കള്‍ തന്നെ സ്വയം തങ്ങളുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യതയുള്ള ഇടങ്ങളില്‍ മാതാപിതാക്കള്‍ അതില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

6.മക്കള്‍ തമ്മില്‍ പ്രായത്തില്‍ വലിയ അന്തരമുണ്ടാകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായേക്കും. അതുകൊണ്ട് തന്നെ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തുക.
7. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഒരാളുടെ പക്ഷം ചേരുന്നു എന്ന് മക്കള്‍ക്ക് ബോധ്യപ്പെടാനിടവരരുത്.

8. കുറ്റം ചെയ്തവനെ ശിക്ഷിക്കുന്നതില്‍ ധൃതി കാണിക്കാതിരിക്കുക, അത് അവര്‍ക്കിടയില്‍ പകയും വിദ്വേഷവും നീറിപ്പുകയാന്‍ കാരണമാകും. ചിലപ്പോള്‍ നിരപരാധിയെയും ഇതിലൂടെ ശിക്ഷിക്കാനിടവരും. അത് മാതാപിതാക്കളുടെ വിധിയിലെ നീതിബോധത്തെ കുറിച്ച് മക്കളില്‍ സംശയങ്ങളുണ്ടാകാനിടവരും.

9.മക്കളെ പരസ്പരം താരതമ്യം ചെയ്ത് ഇകഴ്ത്താനും പുകഴ്ത്താനും ശ്രമിക്കാതിരിക്കുക. നിന്റെ പ്രായത്തില്‍ ജ്യേഷ്ടന്‍ വളരെ ഉഷാറായിരുന്നു…എന്നത് പോലുള്ള പരാമര്‍ശങ്ങള്‍ കുട്ടിയില്‍ സ്വന്തത്തെ കുറിച്ച കുറ്റബോധം വളരാനും മറ്റുള്ളവനോട് പകയുമുണ്ടാകാനിടവരുത്തുന്നു.

10. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായ കുട്ടികളുടെ കഴിവുകളെ ക്രിയാത്മകമായ വശങ്ങളിലൂടെ തിരിച്ചുവിടുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് നല്ലവരാക്കിത്തീര്‍ക്കുക.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles