Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ മക്കളെ ദീനീ ബോധമുള്ളവരായി എങ്ങനെ വളര്‍ത്താം?

തങ്ങളുടെ മക്കള്‍ നമസ്‌കരിക്കുന്നവരും അല്ലാഹുവുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുന്നവരുമാകുക, മികച്ച ശിക്ഷണത്തില്‍ അവരെ വളര്‍ത്തുക എന്നത് ഓരോ രക്ഷിതാക്കളുടെയും വലിയ ആഗ്രഹമാണ്. ഒന്നാമത്തെ കുട്ടിയെ ഇസ്‌ലാമിക സംസ്‌കാരത്തോടെ വളര്‍ത്താന്‍ മിക്കവരും ശ്രദ്ധകാണിക്കും. ക്രമേണ ആവേശം കെട്ടടങ്ങുകയും അവരെ ഇസ്‌ലാമിക ശിക്ഷണത്തില്‍ വളര്‍ത്താന്‍ എനിക്ക് സാധിക്കുകയില്ല എന്ന മനോഭാവത്തിലെത്തുകയും ചെയ്യുന്നത് കാണാം.

നമ്മുടെ മക്കളെ മികച്ച ശിക്ഷണം (തര്‍ബിയത്ത്) നല്‍കി വളര്‍ത്തുക എന്നത് കൊണ്ട് എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് ഓരോ രക്ഷിതാക്കളും നിര്‍ണ്ണയിക്കണം. അരുമ സന്താനങ്ങള്‍ നമസ്‌കാര നിഷ്ടയുള്ളവരും അല്ലാഹുവും ഖുര്‍ആനുമായി നിരന്തരബന്ധമുള്ളവരും നല്ല സ്വഭാവ സംസ്‌കരണത്തിന്റെ ഉടമകളുമാകുക എന്നത് മിക്ക രക്ഷിതാക്കളുടെയും അതിയായ ആഗ്രഹമായിരിക്കും. എന്നാല്‍ പ്രായോഗിക ജീവിതത്തിലെത്തുമ്പോള്‍ മിക്ക രക്ഷിതാക്കളും പ്രസ്തുത ലക്ഷ്യങ്ങള്‍ അവഗണിക്കുന്നതാണ് നമ്മുടെ അനുഭവം. അതിനാല്‍ തന്നെ കുട്ടികളെ ഈമാനികമായി വളര്‍ത്തുമ്പോള്‍ ഏഴ് ഘട്ടങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

ഇണയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ തന്നെ ദീനിനോടുള്ള പ്രതിബദ്ധത പരിഗണിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മക്കളുടെ ശിക്ഷണ രംഗത്തും ഭാവി ജീവിതത്തില്‍ തന്നെയും അത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഉമ്മയുടെ ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥ ശിശുവായി കഴിയുന്ന സന്ദര്‍ഭമാണ് രണ്ടാമത്തേത്. പ്രസ്തുത ഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം കുട്ടിയെ ധാരാളമായി കേള്‍പ്പിക്കേണ്ടതുണ്ട്. തങ്ങളുടെ അരുമ സന്താനത്തെ ഈമാനികമായി എപ്രകാരം വളര്‍ത്താന്‍ കഴിയും എന്ന ബോധ്യം മാതാപിതാക്കള്‍ക്ക് തുടക്കത്തില്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. പ്രസവം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള കാലയളവാണ് മൂന്നാമത്തെ ഘട്ടം. ഈ കാലയളവില്‍ മാതാപിതാക്കള്‍ നമസ്‌കരിക്കുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കുട്ടികള്‍ ധാരാളമായി കാണേണ്ടതുണ്ട്. ദിനേനയുള്ള ദിക്‌റുകളും പ്രാര്‍ഥനകളും മാതാപിതാക്കള്‍ ഉരുവിടുന്നതിന് കുട്ടി സാക്ഷ്യം വഹിക്കുകയും വേണം.

രണ്ട് വയസ്സു മുതല്‍ ആറ് വയസ്സു വരെയുള്ള സമയമാണ് നാലാമത്തെ ഘട്ടം. കുട്ടി എന്തും അനുകരിക്കുന്ന വളരെ പ്രധാനപ്പെട്ട കാലയളവാണിത്. ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ പരിശീലിപ്പിക്കുക, അല്ലാഹുവിനോടും റസൂലിനോടും സ്‌നേഹമുളവാക്കാനുതകുന്ന മനോഹരമായ ഗാനങ്ങള്‍ പഠിപ്പിക്കുക, ഭക്ഷണം കഴിക്കുന്നതിനിടയിലും ഉറങ്ങാന്‍ കിടക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം നല്ല കഥകള്‍ കേള്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആറ് മുതല്‍ പത്ത് വയസ്സു വരെയുള്ള സന്ദര്‍ഭമാണ് അഞ്ചാമത്തെ ഘട്ടം. മനുഷ്യന്‍ ആരാണ്, അവനെ സൃഷ്ടിച്ചതാര്, ദൈവത്തോടുള്ള ഉത്തരവാദിത്തം എപ്രകാരം നിര്‍വഹിക്കേണം, നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം, നല്ല കൂട്ടുകാരെ എന്തിന് തെരഞ്ഞെടുക്കണം തുടങ്ങിയവ സന്ദര്‍ഭോചിതം കുട്ടികളുടെ അകതാരിലേക്ക് സന്നിവേശിപ്പിക്കേണ്ട സന്ദര്‍ഭമാണിത്.

പത്ത് വയസ്സു മുതല്‍ പ്രായപൂര്‍ത്തി എത്തുന്നത് വരെയുള്ള സന്ദര്‍ഭമാണ് ആറാമത്തെ ഘട്ടം. കുട്ടികള്‍ കൂട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സമയമാണിത്. സകാത്ത് സംരംഭങ്ങള്‍, പഠന ക്ലാസുകള്‍ തുടങ്ങിയ സംരംഭങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും വലിയവരെ ബഹുമാനിക്കേണ്ട വിധം, പ്രയാസമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടത്, രോഗിയോട് അനുകമ്പ പുലര്‍ത്തേണ്ട വിധം തുടങ്ങിയ കാര്യങ്ങള്‍  പ്രായോഗികമായി അവരെ പഠിപ്പിക്കുക. അവരില്‍ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകളെ അവഗണിക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ യുക്തിസഹിതം തെറ്റുകളെ കുറിച്ച് അവരെ ബോധവല്‍കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത കാലയളവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തി എത്തിയതു മുതല്‍ തുടര്‍ന്നങ്ങോട്ടുള്ള ജീവിതമാണ് ഏഴാമത്തെ ഘട്ടം. നാം അവരെ സ്‌നേഹിക്കുകയും ആവശ്യാനുസൃതം ദീനി ശിക്ഷണത്തില്‍ വളരാനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കുകയും നമുക്ക് അല്ലാഹു കനിഞ്ഞരുളിയ അതിരറ്റ അനുഗ്രഹങ്ങളെ കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ട് നന്ദിയുള്ള അടിമകളായി ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നിര്‍വഹിക്കേണ്ടത്.

ഈ ഏഴ് ഘട്ടങ്ങളിലും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍  യുക്തിഭദ്രമായി ഏത് രീതിയില്‍ നടപ്പിലാക്കാം എന്നതിന് മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത രീതികള്‍ മക്കള്‍ക്ക് ഇഷ്ടപ്പെടുന്നതാകണം എന്ന നിബന്ധന മാത്രമേയുള്ളൂ. സന്ദര്‍ഭോചിതമായ അറിവും അവബോധവുമാണ് ഏറ്റവും പ്രധാനമെന്നതിനാല്‍ ഈമാനികമായ വികാരം അവരില്‍ രൂഢമൂലമാകുന്ന രീതിയില്‍ നിരന്തരം അവരെ ഉല്‍ബോധിപ്പിക്കേണ്ടതുണ്ട്. ഒരു ദരിദ്രനെ കാണുമ്പോള്‍ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ അനുഗ്രഹത്തെ കുറിച്ച് അവരെ ഓര്‍മിപ്പിക്കുക, വലിയ പരീക്ഷണത്തിനു വിധേയരായവരെ കാണുമ്പോള്‍ അല്ലാഹു നമ്മോട് പുലര്‍ത്തിയ അലിവിനെ കുറിച്ച് വിവരിക്കുക, മനോഹരമായ പ്രകൃതി ദൃശ്യങ്ങളും മറ്റും കാണുമ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക, രോഗം വരുമ്പോള്‍ വലിയ രോഗങ്ങളാല്‍ പരീക്ഷിക്കപ്പെട്ടവരെ കുറിച്ച് ഓര്‍മിപ്പിക്കുക തുടങ്ങിയ ജീവിതം മുഴുവന്‍ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരാത്മബന്ധം അവനില്‍ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

സദ്‌സ്വഭാവത്തിലും ദീനി അനുഷ്ഠാനങ്ങളിലും താല്‍പര്യമുള്ളവരാക്കി വളര്‍ത്തുക എന്നതാണ് ഈമാനുള്ളവരാക്കി അവരെ വളര്‍ത്തുക എന്നതിന്റെ പ്രായോഗികരൂപം. അല്ലാഹുവെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ട് അവനുമായി നിരന്തര ബന്ധം കാത്തുസൂക്ഷിക്കുക എന്നതാണ് ബൗദ്ധികമായ അതിന്റെ രൂപം. ആദ്യത്തെ ഘട്ടത്തിലൂടെ സഞ്ചരിച്ചാണ് പൊതുവെ മനുഷ്യര്‍ രണ്ടാമത്തെ ഈ ഘട്ടത്തിലെത്താറുള്ളത്. രക്ഷിതാക്കള്‍ക്ക് അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാനുതകുന്ന ഏറ്റവും ഉത്തമമായ മാര്‍ഗമാണ് മക്കളെ മികച്ച ശിക്ഷണത്തില്‍ ഈമാനികമായി വളര്‍ത്തുക എന്നത്. കാരണം ഏറ്റവും ശ്രേഷഠകരമായ പ്രവര്‍ത്തനമേത് എന്ന് പ്രവാചകനോട് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ മറുപടി അല്ലാഹുവിലും തിരുദൂതരിലുമുള്ള വിശ്വാസം, ദൈവിക മാര്‍ഗത്തിലെ ജിഹാദ്, സ്വീകാര്യയോഗ്യമായ ഹജ്ജ് എന്ന ക്രമത്തിലാണ്. എന്നാല്‍ മക്കളെ ഇസ്‌ലാമികമായ ശിക്ഷണത്തില്‍ വളര്‍ത്തുന്നതിലൂടെ മാത്രമേ അവരില്‍ ഈ ബോധ്യം ഉണ്ടാകുമെന്നതിനാല്‍ അതിനു വേണ്ടി പ്രയത്‌നിക്കുന്നതാണ് അവയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് എന്ന് നാം തിരിച്ചറിയണം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles