Current Date

Search
Close this search box.
Search
Close this search box.

ദൈവനിരാസവും തീവ്രവാദവും നമ്മുടെ മക്കളെ പിടികൂടിയിട്ടുണ്ടോ?

addict.jpg

കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ചെറിയ കുട്ടി അവനിഷ്ടപ്പെട്ട ഗെയിം കളിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ സ്‌ക്രീനിലേക്ക് കടന്നു വന്ന അപരിചിതന്‍ അവനെ പരിചയപ്പെടുന്നു. ആ ബന്ധം തുടര്‍ന്ന് ശക്തമായ സുഹൃദ്ബന്ധത്തിന്റെ തലത്തിലേക്കത് വളര്‍ന്നു. പിന്നീട് ആ അപരിചിതന്‍ കുട്ടിയോട് ചോദിച്ചത് കുടുംബത്തെ പരിചയപ്പെടുന്നതിനുള്ള ചോദ്യങ്ങളായിരുന്നു. നിന്റെ ഉപ്പ നമസ്‌കരിക്കുന്ന ആളാണോ? നിന്റെ ഉമ്മ ഹിജാബ് ധരിക്കുമോ? നിന്റെ ഇക്കയുടെ കൂട്ടുകാര്‍ നല്ലവരാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍. അതിലൂടെ തന്റെ കുടുംബം മുഴുവന്‍ നിഷേധികള്‍ (കാഫിറുകള്‍) ആണെന്നും അവരെ വധിക്കുന്നതിലൂടെ മാത്രമേ നിനക്ക് സ്വര്‍ഗത്തിലക്കുള്ള പാതയില്‍ പ്രവേശിക്കാനാകൂ എന്ന ബോധം കുട്ടിക്ക് പകര്‍ന്നു കൊടുക്കുകയുമാണ് അയാള്‍ ചെയ്തത്. എട്ടു വയസ്സു പോലും തികയാത്ത കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം പിതാവിനോട് പറഞ്ഞു.

ഒമ്പത് വയസ്സ് തികഞ്ഞിട്ടില്ലാത്ത മറ്റൊരു പെണ്‍കുട്ടിയുടെ താല്‍പര്യം അന്യഭാഷയില്‍ രചിക്കപ്പെട്ട നോവലുകള്‍ വായിക്കുന്നതിലായിരുന്നു. ഭാവനകളാലും അമാനുഷിക പ്രവര്‍ത്തനങ്ങളാലും നിറഞ്ഞവയായിരുന്നു അവയുടെ ഉള്ളടക്കം. തന്റെ മകള്‍ നന്നായി വായിക്കുമെന്ന് അവളുടെ മാതാവ് സ്ത്രീകള്‍ ഒത്തു ചേരുന്ന സദസ്സുകളില്‍ അഭിമാനത്തോടെ പറഞ്ഞു. എന്നാല്‍ ആളുകള്‍ക്കിടയില്‍ നിരവധി അന്ധവിശ്വാസങ്ങള്‍ ഉണ്ടെന്നും അതിലൊന്നാണ് അല്ലാഹു ഉണ്ടെന്ന് പറയുന്നതെന്നും ഒരു ദിവസം കുട്ടി പറഞ്ഞത് ഉമ്മയെ ഞെട്ടിച്ചു. അവളുടെ വാക്കുകളെ ഉമ്മ ശക്തമായി എതിര്‍ത്തു. എന്നാല്‍ മതം മറ്റൊരു അന്ധവിശ്വാസമാണെന്നും മനുഷ്യന് സന്തോഷം ലഭിക്കാന്‍ അവന്‍ ഉദ്ദേശിക്കുന്ന പോലെ ജീവിച്ചാല്‍ മതിയെന്നുമായിരുന്നു അവളുടെ മറുപടി.

സംഭവിച്ച രണ്ട് കഥകളാണിത്. ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്ന ഒരു കുട്ടി തീവ്രവാദിയായ സുഹൃത്ത് മുഖേനെ തീവ്രവാദത്തിലേക്ക് എത്തുന്നതാണ് ഒന്നാമത്തേത്. ദൈവനിഷേധ ചിന്തകള്‍ വളര്‍ത്തുന്ന പുസ്തകങ്ങള്‍ വായിച്ച് അതിലേക്ക് എത്തപ്പെട്ട പെണ്‍കുട്ടിയുടേതാണ് രണ്ടാമത്തേത്. ഈ രണ്ട് കഥയിലേയും ആളുകളെ എനിക്ക് വ്യക്തിപരമായി തന്നെ അറിയാവുന്നവരാണ്. സമാനമായ വേറെയും സംഭവങ്ങള്‍ എന്റെയടുത്തുണ്ട്. എന്നാല്‍ നാം ജീവിക്കുന്ന കാലത്തെ മനസ്സിലാക്കുന്നതിന് ഈ രണ്ട് സംഭവങ്ങള്‍ തന്നെ മതിയായതാണ്. കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുന്ന ചിന്തകളുടെ ഏത് സ്വഭാവത്തിലുള്ളതാണെന്നും അതില്‍ നിന്ന് മനസ്സിലാക്കാം.

അത്തരം ചിന്തകളുടെയും വിവരങ്ങളുടെയും സ്രോതസ്സുകളെ മാറ്റി വെച്ചു കൊണ്ട് ഞാന്‍ ചോദിക്കുന്നത്: നാം ജീവിക്കുന്ന ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിന് മാതാപിതാക്കള്‍ ഒരുങ്ങിയിട്ടുണ്ടോ? കുട്ടികളുമായി ബന്ധപ്പെട്ട തീവ്രവാദ ചിന്തകള്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വര്‍ധിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നുണ്ടോ? വരും തലമുറയുടെ ചിന്താപരവും സാംസ്‌കാരികവും മതപരവുമായ പരിണതിയെ കുറിച്ച് നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ടതാണ് ഈ ചോദ്യങ്ങള്‍. സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയും നമ്മുടെ കിടപ്പുമുറികളില്‍ വരെ എത്തിയിരിക്കുന്ന അതിന്റെ കരങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ നമ്മുടെ മക്കളുടെ ചിന്തയിലേക്ക് പ്രവേശിക്കാന്‍ കഴിയും. തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണും ഐപാഡും ഉപയോഗിച്ച് രാവും പകലും പുറം ലോകവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നവരാണ് മക്കള്‍ എന്നതാണ് വസ്തുത.

നമ്മുടെ മക്കളുടെ മസ്തിഷ്‌കത്തെ സംരക്ഷിക്കുന്നതിന് രണ്ട് നയങ്ങള്‍ നാം അനിവാര്യമായും സ്വീകിക്കേണ്ടതുണ്ട്. മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നാം കൂടി പങ്കാളിയാവുക എന്നതാണ് അതില്‍ ഒന്നാമത്തേത്. അവര്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍, അവര്‍ കളിക്കുന്ന കളികള്‍, അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍, ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ടെലിവിഷനിലൂടെയും അവര്‍ കാണുന്ന സിനിമകളും സീരിയലുകളും തുടങ്ങിയവയിലെല്ലാം അവരോടൊപ്പം പങ്കുചേരാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു കൊടുക്കുന്ന രീതിയാണ് സന്താനപരിപാലനത്തില്‍ നമുക്ക് സംഭവിക്കുന്ന ഏറ്റവും വലിയ വീഴ്ച്ച. ചെറിയ കുട്ടികളെ പോലും അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയാണ് പലരും ചെയ്യുന്നത്. തീവ്രവാദ ചിന്തകളും വ്യതിചലിച്ച ആശയങ്ങളും ചിതലിനെ പോലെ അരിച്ചു കയറി കൊണ്ടിരിക്കുകയാണ്. വലിയവരെന്നോ കുട്ടികളെന്നോ വേര്‍തിരിക്കാതെ എല്ലാവരിലേക്കുമത് പ്രവേശിക്കുന്നു.

മാതാപിതാക്കള്‍ വൈജ്ഞാനികമായും സാങ്കേതികമായും പുരോഗതി പ്രാപിക്കുകയും കാലഘട്ടത്തിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തേത്. അപ്പോള്‍ മാത്രമേ മക്കളുടെ ചിന്തകള്‍ക്കൊപ്പം നീങ്ങാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. ജോലിത്തിരക്കുകളുകളുടെയോ മറ്റാവശ്യങ്ങളുടെയോ ന്യായം പറഞ്ഞ് കൂടുതല്‍ അവരില്‍ നിന്ന് മാറിനില്‍ക്കരുത്. മക്കള്‍ കാണുന്നതിനെയും കേള്‍ക്കുന്നതിനെയും പരിചയപ്പെടുന്നതിനെയും കുറിച്ചെല്ലാം സംസാരിക്കുന്നതിന് ദിവസവും കുറച്ച് സമയമെങ്കിലും അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ നാം സന്നദ്ധരാവണം. കല്‍പനകള്‍ക്കും അടിച്ചേല്‍പ്പിക്കലുകള്‍ക്കും പകരം ഈ രണ്ട് വഴികളിലൂടെ ആസ്വാദ്യകരമായ രീതിയില്‍ മടുപ്പോ മുഷിപ്പോ ഇല്ലാതെ മക്കളിലേക്ക് ദീന്‍ പകര്‍ന്നു നല്‍കാന്‍ നമുക്ക് സാധിക്കും. ‘ദൈവനിഷേധവും തീവ്രവാദവും നമ്മുടെ മക്കളിലേക്ക് എത്തിയിട്ടുണ്ടോ?’ എന്ന ചോദ്യത്തെ വളരെ ഗൗരവത്തോടെ തന്നെ നാം കാണേണ്ടതുണ്ട്.

മൊഴിമാറ്റം: നസീഫ്‌

Related Articles