Current Date

Search
Close this search box.
Search
Close this search box.

കൗമാരം പ്രശ്‌നവും പരിഹാരവും

teenage1.jpg

സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് സന്താനപരിപാലനം മുമ്പത്തെ അത്രതന്നെ എളുപ്പമുള്ള ഒന്നല്ല. കുട്ടികള്‍ വഴിതെറ്റാന്‍ നാം കയ്യില്‍ കൊണ്ടു നടക്കുന്ന മൊബൈല്‍ ഫോണിന്റെ ബട്ടണ്‍ അമര്‍ത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഇന്ന്. ശിക്ഷണ രീതികളില്‍ മാറ്റം വരാന്‍ പാടില്ലെന്ന് ശഠിക്കുന്ന രക്ഷിതാക്കള്‍ സ്വയം കുട്ടികളുടെ അനുസരണക്കേടിന് കാരണക്കാരായി മാറുന്നു. ‘നിങ്ങളുടെ കാലത്തിനനുസരിച്ചല്ല നിങ്ങളുടെ മക്കളെ വളര്‍ത്തേണ്ടതെന്ന അലി(റ) ഉപദേശത്തെ കുറിച്ച് ഒരു പക്ഷെ അവര്‍ അജ്ഞരായിരിക്കാം. പണ്ടു  രക്ഷിതാക്കളുടെ ഉപദേശം കേള്‍ക്കാന്‍ കുട്ടികള്‍ക്ക് അല്‍പമെങ്കിലും സമയം കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് ഉപദേശം കേള്‍ക്കാന്‍ കുട്ടികള്‍ക്ക് സമയമോ താല്‍പര്യമോ ഇല്ല. അത് അവരുടെ കുറ്റമല്ല. ഈ വേഗത കാലത്തിന് മൊത്തം ബാധിച്ചിരിക്കുന്ന ഒന്നാണ്. എല്ലാം വളരെ ചുരുക്കി നല്‍കുക എന്നതാണ് ഇന്നത്തെ കാലത്തിന്റെ സവിശേഷത.  അതുകൊണ്ടു തന്നെ നാം സ്വപ്‌നം കാണുന്ന നവോത്ഥാനത്തിന്റെ വാഹകരായ തലമുറയെ സൃഷ്ടിക്കാന്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന കാലത്തിന് അനുയോജ്യമായ സന്താനപരിപാലന രീതികള്‍ ആവിഷ്‌കരിക്കാന്‍ രക്ഷിതാക്കള്‍ക്കും സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഇസ്‌ലാമിക അസ്ഥിതം കൈവെടിഞ്ഞു കൊണ്ടായിരിക്കരുത് അത്.

മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന കൗമാര പ്രായത്തിലെ സന്താനപരിപാലത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമാണ്. മാതാപിതാക്കള്‍ക്ക് പലപ്പോഴും ഇതില്‍ ആശങ്കകളും പരിഭ്രമവും ഉണ്ടാവാറുണ്ട്. കൗമാരത്തിലെ ഈ മാറ്റങ്ങളെയും അവയെ കൈകാര്യം ചെയ്യേണ്ടതിനെയും കുറിച്ച ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. കൗമാരത്തിലുണ്ടാകുന്ന മാനസികപ്രശ്‌നങ്ങള്‍, പെരുമാറ്റദൂഷ്യങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമാക്കാം. രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഘട്ടമാണ് കൗമാരഘട്ടം.

മനുഷ്യജീവിതത്തിലെ മറ്റുഘട്ടങ്ങളെപ്പോലെ തന്നെയാണ് കൗമാര കാലഘട്ടവും. എന്നാല്‍ പെട്ടെന്ന് മാറ്റങ്ങള്‍ പ്രകടമാകുന്ന ഘട്ടമാണത്. കൗമാരത്തിന്റെ തുടക്കത്തോടെ തന്നെ അതിന്റെ പ്രതിസന്ധികളും ആരംഭിക്കുന്നുണ്ട്. പല അപകടങ്ങള്‍ക്കും സാധ്യതയുള്ള ഘട്ടമാണിത്. അതിന്റെ ആദ്യഘട്ടം ശാന്തമായി തരണം ചെയ്യാന്‍ സാധിച്ചാല്‍ അതിന് ശേഷമുള്ള ഘട്ടങ്ങള്‍ അതിനേക്കാള്‍ എളുപ്പമായിരിക്കും. കൗമാരത്തിന് വിവിധ ഘട്ടങ്ങളെ നമുക്ക് ഇങ്ങനെ വേര്‍തിരിക്കാം

1. പ്രാഥമിക ഘട്ടം : പ്രായപൂര്‍ത്തിയുടെ ഘട്ടമായ ഇത് 12-നും 15-നും ഇടയിലുള്ള കാലമാണ്.
2. മധ്യഘട്ടം : പതിനഞ്ച് മുതല്‍ പതിനേഴ് വയസ് വരെയുള്ള കാലം.
3. അന്ത്യഘട്ടം :18 മുതല്‍ 21 വയസ് വരെയുള്ള കാലമാണിത്.

പ്രാഥമിക ഘട്ടത്തിലുണ്ടാകുന്ന പ്രധാന  പ്രശ്‌നമാണ് പഠനനിലവാരം കുറയുന്നതും പഠനത്തോട് താല്‍പര്യം ഇല്ലാതാകുന്നുതും. അതിന് പല കാരണങ്ങളും ഉണ്ടായിരിക്കാം. കുടുംബത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാകാനുള്ള കുട്ടിയുടെ താല്‍പര്യമാണ് അതില്‍ ഒന്ന്. അതോടൊപ്പം ആത്മവിശ്വാസക്കുറവും അവരനുഭവിക്കുന്നു. കുടുംബത്തില്‍ നിന്നെല്ലാം അകന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് താനെന്ന തോന്നല്‍ തന്നെ സംബന്ധിച്ചടത്തോളം പഠനം പ്രധാനമല്ല എന്ന ബോധം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

മാനസിക പിരിമുറുക്കവും സമ്മര്‍ദ്ധവും വര്‍ദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. തന്റെ ശരീരത്തിലും മനസ്സിലും പെട്ടന്ന ഉണ്ടാകുന്ന മാറ്റങ്ങളെ അവന് തന്നെ ഉള്‍ക്കൊള്ളാന്‍ പ്രയാസം ഉണ്ടാകുന്നു. സ്വന്തത്തെ അംഗീകരിക്കാന്‍ കഴിയാതിരിക്കുന്നതിന്റെ ഫലമായി മാനസിക സമ്മര്‍ദത്തിനും പ്രയാസത്തിനും അവന്‍ വിധേയനാവുന്നു.

ആത്മവിശ്വാസം കുറയുന്നതാണ് മൂന്നാമത്തെ പ്രശ്‌നം. യുവാക്കള്‍ക്കും യുവതികള്‍ക്കും തങ്ങളുടെ പെട്ടെന്നുള്ള ശാരീരിക വളര്‍ച്ചയോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ വരുമ്പോഴാണിത് സംഭവിക്കുന്നത്. തന്റെ ശരീര ഭാഗങ്ങളുടെ വളര്‍ച്ചയില്‍ നാണം അനുഭവപ്പെടുകയും ചില ശരീരഭാഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമവും ഉണ്ടാകും. ഇക്കാരണം കൊണ്ട് പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ വരെയുണ്ടാവാറുണ്ട്. സന്താനപരിപാലനത്തില്‍ കാണിക്കുന്ന അമിത കാര്‍ക്കശ്യവും ലാളനയും അതിന്റെ മറ്റു കാരണങ്ങളില്‍ പെട്ടതാണ്. അതിന്റെ ഫലമായി അവര്‍ക്ക് സ്വന്തത്തിലുള്ള വിശ്വാസം കുറയുകയും എല്ലാത്തിനും മുതിര്‍ന്നവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു.

അലസതയും മടിയും അധികരിക്കുന്നതാണ് ഈ പ്രായത്തില്‍ കണ്ടു വരുന്ന മറ്റൊരു പ്രശ്‌നം. പെട്ടന്നുണ്ടാകുന്ന വളര്‍ച്ചയും അതോടൊപ്പം സ്‌നേഹം പോലുള്ള അവരുടെ വ്യക്തിപരമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് സാമൂഹ്യബന്ധങ്ങളില്‍ കൗമാരം സൃഷ്ടിക്കുന്ന ഘടകങ്ങളും അതിന് കാരണമാകുന്നു.
സാമൂഹ്യ ഇടപെടലുകളിലൂടെ സ്‌നേഹവും അനുബന്ധ ആവശ്യങ്ങളും ലഭിക്കുമെന്നതിനാല്‍ ഇക്കാലത്ത് കുടുംബവുമായുള്ള ബന്ധം കുറയുകയും ചെയ്യും.

രണ്ടാം ഘട്ടം
ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് മാനസിക സന്തുലിതാവസ്ഥ വര്‍ദ്ധിച്ച് സ്വന്തത്തെ അംഗീകരിക്കാനുള്ള ത്രാണി വര്‍ദ്ധിക്കുകയും  പുറം ലോകവുമായി ബന്ധപ്പെടാന്‍ ആരംഭിക്കുകയും ചെയ്യുന്നു. പിന്നീട് ഘട്ടംഘട്ടമായി പഠനരംഗത്തേക്ക് തിരിച്ച് വരുന്നതിലൂടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുന്നു. ഇക്കാലത്ത്  ബാഹ്യ ബന്ധങ്ങള്‍ ശക്തിപ്രാപിക്കുകയും കൂട്ടുകാരുമായി ഇടപഴകുന്നത് അധികരിക്കുകയും ചെയ്യും.

മൂന്നാംഘട്ടം
ഇക്കാലത്ത് കുട്ടിയുടെ മാനസിക വളര്‍ച്ച സാധാരണ നിലയിലാകുകയും മാതാപിതാക്കളുടെ സമീപത്തിലേക്ക് മടങ്ങുകും ചെയ്യും. ഇതവരുടെ പെരുമാറ്റത്തില്‍ വളരെയധികം പ്രകടമാവുകയും ചെയ്യും. അപ്രകാരം പഠനത്തോടും താല്‍പര്യം വര്‍ധിക്കും.

കൗമാരത്തിന്റെ ഇനങ്ങള്‍
കൗമാരത്തിന്റെ അസ്വസ്ഥകള്‍ കുട്ടികളില്‍ വ്യത്യസ്തമായാണ് അനുഭവപ്പെടുക. ചില രക്ഷിതാക്കള്‍ കുട്ടിയുടെ സ്വഭാവ വ്യതിയനങ്ങളെക്കുറിച്ച് പരാതി പറയുമ്പോള്‍ ചിലര്‍ക്ക് കുട്ടികളില്‍ ഇക്കാലത്തുണ്ടായ നല്ല ഗുണങ്ങളെക്കുറിച്ചും പറയാനുണ്ടാകും. ചില രക്ഷിതാക്കള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംതൃപ്തരാണ് .ഈ വ്യത്യാസം കുട്ടികളുടെ വ്യക്തിത്വവുമായും വളര്‍ന്ന സാമൂഹ്യ സാഹചര്യവുമായും ബന്ധപ്പെട്ടതാണ്. ഇതനനുസരിച്ച് കൗമാരത്തെ മൂന്നായി തരം തിരിക്കാം
1. പക്വത നേടിയ കൗമാരം
2. അന്തര്‍മുഖ കൗമാരം
3. അക്രമണോല്‍സുക കൗമാരം

വിവ: അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles