Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുക

parenting.jpg

ഒരു കുട്ടിയെ തനിക്ക് ചുറ്റുമുള്ള ലോകം കണ്ടെത്തുന്നതിന് സഹായിക്കുന്നത് അവന്റെ ആത്മവിശ്വാസമാണ്. അതിലൂടെയാണവന്‍ സാമൂഹിക ബന്ധങ്ങള്‍ കെട്ടിപടുക്കുകയും നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നത്. അതിലുപരിയായി സ്വന്തത്തെ നിയന്ത്രിക്കുന്നതിനുള്ള ശക്തി നേടിയെടുക്കുന്നതും അതിലൂടെയാണ്. സ്വന്തം പരിശ്രമങ്ങളോട് സ്‌നേഹവും വാത്സല്യവും പ്രചോദനവും ഉണ്ടാകുന്ന ഒരു കുട്ടിക്ക് ആത്മവിശ്വാസത്തെ കെടുത്തി കളയുന്ന കാര്യങ്ങളെ മറികടക്കാന്‍ വളരെ എളുപ്പമായിരിക്കും.

ജീവിതത്തെ നല്ല രൂപത്തില്‍ അഭിമുഖീകരിക്കുന്നതിന് അനിവാര്യമായ ആത്മവിശ്വാസം ജനനം മുതല്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മുലകുടി പ്രായത്തിലുള്ള കുട്ടിക്ക് എങ്ങനെ ആത്മവിശ്വാസം പകരുമെന്ന സംശയം ഉണ്ടായേക്കാം. അതിന് ധാരാളം മാര്‍ഗങ്ങളുണ്ട്. ചെറിയ കുട്ടിയോട് ജനനം മുതല്‍ തന്നെ സംസാരിച്ചു തുടങ്ങുക, ആ സമയത്ത് അവന്റെ കണ്ണുകളില്‍ തന്നെ നോക്കുകയും ചെയ്യുക. താന്‍ പരിഗണിക്കപ്പെടുകയും പ്രാധാന്യം അര്‍ഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെന്ന ബോധം അവന് പകര്‍ന്ന് നല്‍കുകയാണതിലൂടെ നാം ചെയ്യുന്നത്. നിങ്ങളവനെ സ്‌നേഹിക്കുന്നുണ്ടെന്ന് ഇടക്കിടെ പറയുകയും സ്‌നേഹപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുക. എനിക്ക് സവിശേഷമായ ഒരു വ്യക്തിത്വമുണ്ടെന്ന് തോന്നിപ്പിക്കുന്നതിനത് കാരണമാകും. അവനെ പ്രശംസിക്കുകയും നന്നായി വിശേഷിപ്പിക്കുയും ചെയ്യുക. നിങ്ങളുടെ വാക്കുകള്‍ അവന് മനസിലാകില്ലെങ്കിലും നിങ്ങളുടെ പുഞ്ചിരിയെയും വികാരങ്ങളെയും ഉള്‍കൊള്ളാന്‍ അവന്റെ ബുദ്ധിക്ക് സാധിക്കും. ചെറിയ കുട്ടികളുടെ ഓരോ ചലനവും നിങ്ങള്‍ സശ്രദ്ധം വീക്ഷിക്കുക.

ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ പരാജയം സംഭവിക്കുമോ എന്ന ഭയത്താല്‍ അതില്‍ അവരെ നിരുത്സാഹപ്പെടുത്തരുത്. നിരുത്സാഹപ്പെടുത്തല്‍ അവരുടെ ആത്മവിശ്വാസത്തെയാണ് കെടുത്തുന്നതെന്ന് നാം മനസിലാക്കണം. അത് ചെയ്യുന്നതിലുള്ള ആദ്യപടിയായി അതിനെ മനസിലാക്കി നാം കാത്തിരിക്കണം. അത് ചെയ്യുന്നതിനായി കൂടുതല്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. ഓരോ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള ശ്രമത്തെയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് തുടരുന്നതിന് പ്രേരണയാകുന്നു. കുട്ടികളോടുള്ള വാത്സല്ല്യവും സ്‌നേഹവും പ്രകടിപ്പിക്കുകയും ആശ്ലേഷിക്കുകയും ചെയ്യേണ്ടതുണ്ട്.

കുട്ടികളുമായി കൂടുതല്‍ ഇടപഴകുന്നതും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതും അവരുടെ ബുദ്ധി വികാസത്തില്‍ വളരെയധികം പങ്കുവഹിക്കുന്നുണ്ടെന്ന് മനശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കൂടുതല്‍ ആലിംഗനങ്ങളും ആശ്ലേഷണങ്ങളും ലഭിക്കുന്ന കുട്ടി ആത്മനിയന്ത്രണത്തിന് കൂടുതല്‍ കഴിവ് നേടുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അത് ലഭിക്കാത്തവരിലാണ് മാനസിക സമ്മര്‍ദ്ധങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ട് വരുന്നത്. നിങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ആത്മനിയന്ത്രണം കാണിക്കുകയും ചെയ്യുന്നതിന്റെ ഫലം കുട്ടികളിലും പ്രതിഫലിക്കുന്നതാണ്. തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും തങ്ങളെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരുണ്ടെന്നും ഉള്ള ബോധം കുട്ടികളില്‍ ശാന്തതയും സ്വസ്ഥതയും ഉണ്ടാക്കുയും ചുറ്റുപാടില്‍ വികസിക്കാന്‍ ശക്തി പകരുകയും ചെയ്യുന്നു.

മുലകുടി പ്രായത്തിന് മുകളിലുള്ള കുട്ടികളില്‍ ആത്മവിശ്വാസം പകരുന്നതിനുള്ള മാര്‍ഗങ്ങള്‍ വ്യത്യസ്തമാണ്. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയെന്നത് അതില്‍ വളരെ പ്രധാനമാണ്. ചെടികള്‍ക്ക് വെള്ളം ഒഴിക്കുക പോലുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ അവരെ ഏല്‍പ്പിക്കണം. മറ്റുള്ളവരെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രവണത അതവരില്‍ വളര്‍ത്തും. ഓരോ കാര്യങ്ങള്‍ വിജയകരമായി ചെയ്യുന്നതിനും അവരുടെ സഹായത്തിന്റെ ആവശ്യകത വളരെ ലളിതമായി അവരെ ബോധ്യപ്പെടുത്തണം. എന്നിലൂടെ ഒരു കാര്യം നടന്നിരിക്കുന്നു എന്ന ബോധം അതവരില്‍ സൃഷ്ടിക്കും. കുടുംബത്തില്‍ അവരെ സ്‌നേഹവും വാത്സല്ല്യവും കൊണ്ട് പൊതിയുന്നതോടൊപ്പം ചില കാര്യങ്ങള്‍ അവനെ സ്വതന്ത്രമായി ചെയ്യാന്‍ അനുവദിക്കുക. ഒരു കാര്യവും ഒറ്റക്ക് അവരെ അനുവദിക്കാതിരിക്കുന്നത് താന്‍ അത് ചെയ്യുന്നതില്‍ പരാജയപ്പെട്ട കാരണത്താലാണ് മറ്റുള്ളവര്‍ അത് ചെയ്തത് എന്ന ബോധം ഉണ്ടാക്കുന്നതിന് കാരണമാകും. അതില്‍ വരുന്ന വീഴ്ചകളുടെ പേരില്‍ കുറ്റപ്പെടുത്തരുത്. വീഴ്ച എന്താണെന്ന് സ്‌നേഹപൂര്‍വം മനസിലാക്കി കൊടുത്താല്‍ അത് തവണ ചെയ്യുമ്പോള്‍ അവരത് ശ്രദ്ധിച്ച് തിരുത്തും. തെറ്റുകളുടെ പേരില്‍ വിമര്‍ശിക്കുന്നത് വീണ്ടും അത് ചെയ്യുന്നതിന് ഭയപ്പെടുന്നതിന് കാരണമാകും. ഒരു പ്രവൃത്തി ചെയ്യാന്‍ കല്‍പിക്കുന്നതിന് പകരം അത് ചെയ്ത് കാണിച്ചു കൊടുക്കുകയാണ് ഉത്തമം. ഒരു കാര്യം കൃത്യമായി ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് അവനില്‍ നിരാശയുണ്ടാക്കുന്നതിന് കാരണമാകരുത്. അവരെ അതില്‍ ആശ്വസിപ്പിക്കുകയും തുടര്‍ന്ന് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയുമാണ് വേണ്ടത്.

കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ തന്നെ കേള്‍ക്കണം. അവരുദ്ദേശിക്കുന്നത് മനസിലാക്കുന്നതിനും അവരുടെ വികാരങ്ങള്‍ പരിഗണിക്കുന്നതിനും ശ്രമിക്കണം. അവര്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ തന്നെ നിങ്ങള്‍ നോക്കിയിരിക്കണം. അവര്‍ പറയുന്നതിന് നിങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അവരെ അറിയിക്കുന്നതിനാണത്. ഇതെല്ലാം അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതാണ്.

കുട്ടികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങളില്‍ പോലും അവരെ പ്രശംസിക്കുകയും അവരുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുകയും ചെയ്യുക. അവരുടെ ദൗര്‍ബല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം ശക്തിക്ക് ഊന്നല്‍ നല്‍കുകയാണ് വേണ്ടത്. അപ്രകാരം തന്നെ കുട്ടികളോട് എപ്പോഴും സത്യസന്ധത പുര്‍ത്തുക. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവരുടെ പ്രായത്തിനിണങ്ങുന്ന സത്യസന്ധമായ മറുപടി നല്‍കുക. നിങ്ങള്‍ എപ്പോഴും അവരുടെ സഹായിയായിരിക്കണം. എത്ര പ്രയാസകരമായ ഉത്തരവാദിത്വമായാലും അത് നിര്‍വഹിക്കുന്നതിന് എപ്പോഴും അവര്‍ക്ക് സഹായം നല്‍കണം. അവര്‍ പങ്കെടുക്കുന്ന മത്സരങ്ങളിലും പരിപാടികളിലും പങ്കെടുക്കണം. നിങ്ങളുടെ സാന്നിദ്ധ്യം അവരില്‍ നീരസം ഉണ്ടാക്കുന്നതായിരിക്കരുത്. അവര്‍ ടെലിവിഷന്‍ കാണുന്ന സമയത്തില്‍ നിങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ നിങ്ങളതില്‍ മാതൃക കാണിക്കേണ്ടതുണ്ട്. കുട്ടികള്‍ തങ്ങളുടെ വിലക്കുകള്‍ ഏതൊക്കെയാണെന്ന് അറിയല്‍ അനിവാര്യമാണ്. അവരിലെ വ്യക്തിത്വത്തെയല്ല അവരിലെ ചീത്ത സ്വഭാവങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. തെറ്റുകള്‍ കാണുമ്പോള്‍ തെറ്റ് എന്താണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അത് പിഴുതെറിയുന്നതിനുള്ള പ്രേരണയാണ് അവര്‍ക്ക് ലഭിക്കേണ്ടത്.

കുട്ടികള്‍ക്ക് നിബന്ധനകളും പരിധികളും നിര്‍ണ്ണയിച്ച് കൊടുക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ടാവരുത്. അവര്‍ക്കുണ്ടാകുന്ന ആശങ്കകളെ നിസ്സാരമായി തള്ളികളയരുത്. അവരുടെ ജോലികള്‍ ചെയ്യുന്നതിന് നിങ്ങളുടെ സഹായം ആവശ്യമുള്ളപ്പോള്‍ അത് നല്‍കുന്നില്‍ മടികാണിക്കരുത്. എന്നാല്‍ അതൊരു ചൂഷണോപാധിയായി അവര്‍ മാറ്റുന്നത് ശ്രദ്ധിക്കുകയും വേണം. പ്രശ്‌നങ്ങള്‍ എങ്ങനെ സ്വയം പരിഹരിക്കാമെന്നതാണ് അവരെ പഠിപ്പിക്കേണ്ടത്.

കൗമാരമെന്നത് ഒരാളുടെ ജീവിതത്തിലെ വളരെ സുപ്രധാനമായ ഘട്ടമാണ്. അതുകൊണ്ട് തന്നെ ആ സമയത്ത് ആത്മവിശ്വാസം പകരല്‍ വളരെ അനിവാര്യവുമാണ്. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിച്ച് അവരില്‍ ആത്മവിശ്വാസം നാം വളര്‍ത്തേണ്ടതുണ്ട്. അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിലൂടെ അവര്‍ക്കുള്ള പ്രാധാന്യവും ബോധ്യപ്പെടുത്തണം. അവരുടെ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും അംഗീകരിച്ചു കൊണ്ടായിരിക്കണം നാം പെരുമാറേണ്ടത്. അപ്രകാരം തന്നെ മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവയുടെ അപകടങ്ങളെ പറ്റി അവരെ ബോധവാന്‍മാരാക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളവരെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന ബോധം അവര്‍ക്ക് നഷ്ടപെടാനിടവരുന്നത് ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു കാര്യം പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിങ്ങളുടെ തന്നെ ആദരവ് ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് ബോധം കൈവിടരുത്. അവരില്‍ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രശംസകള്‍ അവര്‍ക്ക് നല്‍കണം. ഇതെല്ലാം അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ വളരെയധികം സഹായകമായിരിക്കും.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

Related Articles