Current Date

Search
Close this search box.
Search
Close this search box.

കുട്ടികളും കമ്പ്യൂട്ടര്‍ ഗെയ്മുകളും

game.jpg

‘പെട്ടെന്ന് അവന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു വല്ലാതെ ഒച്ച വച്ചു. അവനുമായി യുദ്ധത്തിലേര്‍പ്പെട്ടയാളെ കൊല്ലാന്‍ കഴിയാതിരുന്നതില്‍ അവന്‍ വളരെ അസ്വസ്ഥനായിരുന്നു. അവന്‍ വീണ്ടും പരിശ്രമിച്ചുകൊണ്ടിരുന്നു. തന്റെ എതിരാളിയെ മലര്‍ത്തിയടിക്കാനുള്ള ഭ്രാന്തമായ പരിശ്രമത്തിലാണവന്‍. അയാളെ കാര്യമായിത്തന്നെ പരിക്കേല്‍പ്പിച്ചിരിക്കുന്നു അവന്‍. എതിരാളി രക്തത്തില്‍ കുളിച്ചു കിടക്കുമ്പോള്‍ അവന്‍ ആര്‍ത്തു ചിരിച്ചു. മാത്രമല്ല, തന്റെ ചെയ്തികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തന്റെ അമ്മ ഭക്ഷണത്തിനായി ക്ഷണിക്കുന്നത് ശ്രദ്ധിക്കുക പോലും ചെയ്യാതെ എതിരാളിയെ അക്രമിക്കാന്‍ തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്യുകയാണവന്‍. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിയാത്ത വിധം അവന്‍ ആ കളിയുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നു.’ ഇത്തരം കാഴ്ചകള്‍ പല വീടുകളിലും ഇന്റര്‍നെറ്റ് കഫെകളിലും ഇന്ന് വ്യാപകമാണ്. കുട്ടികളും ചെറുപ്പക്കാരും ഇന്ന് തങ്ങളുടെ സമയത്തിലധികവും ചെലവഴിക്കുന്നത് കമ്പ്യൂട്ടര്‍ ഗെയ്മുകളിലാണ്. കുട്ടികളുടെ പഠന സഹായി എന്ന അര്‍ഥത്തില്‍ ആധുനിക കാലത്ത് കമ്പ്യൂട്ടറുകള്‍ വീടുകളില്‍ അനിവാര്യമായ ഘടകമാണെന്ന് രക്ഷിതാക്കള്‍ കരുതുമ്പോള്‍ കുട്ടികളിലധികവും അതിനെക്കാണുന്നത് ഒരു കളിപ്പാട്ടം എന്ന രീതിയിലാണ്.
ആദ്യ ഘട്ടത്തില്‍ വളരെ നിഷ്‌കളങ്കമായ ആഗ്രഹത്തിലാണ് അവര്‍ ആരംഭിക്കുന്നതെങ്കിലും പതിയെ പതിയെ അവരുടെ കാഴ്ചപ്പാടില്‍ മാറ്റം വരും.വളരെ പ്രഗല്‍ഭരായവര്‍ക്കു പോലും പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നമായിരിക്കുന്നു കമ്പ്യൂട്ടറുകളുടെ അനിയന്ത്രിത ഉപയോഗം. എങ്ങനെയാണ് കമ്പ്യൂട്ടറുകള്‍ കുട്ടികളുടെ ഉപഭോഗ മനസ്സിനെയും ഭാവി ജീവിതത്തെയും ബാധിക്കുന്നത്?
     കമ്പ്യൂട്ടര്‍ ഗെയ്മുകളെ രണ്ടു തരത്തില്‍ തിരിക്കാവുന്നതാണ്. വിനോദകരമായ ഉപയോഗത്തിലൂടെ കുട്ടികളുടെ കഴിവുകളെ വളര്‍ത്തുന്നതും ജീവിതത്തിലെ പരീക്ഷണങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ നല്‍കുന്നതുമായ കളികളാണ് ഒന്ന്. കുട്ടികളുടെ ഭാവനാ, ചിന്താ,ശേഷികളില്‍  പ്രത്യേകിച്ച് പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാത്ത എന്നാല്‍ അവരില്‍ അക്രമവാസനയും അധാര്‍മികതയും  വളര്‍ത്തുന്ന തരത്തിലുള്ള കളികളാണ് രണ്ടാമത്തേത്. കളികളുടെ ഉള്ളടക്കവും സമയവുമായി ബന്ധപ്പെട്ടാണ് അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്താനാകുക. കളിയുടെ സമയം വല്ലാതെ കുറവോ കൂടുതലോ ആകാന്‍ പാടില്ല. കുട്ടികളെ സമയം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നതിനെക്കുറിച്ച് ബോധവാന്‍മാരാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. സമയം അനാവശ്യമായി ചെലവഴിക്കുന്ന കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ തങ്ങളുടെ സമയം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കാര്യബോധമില്ലാത്തവരാകും. തീര്‍ച്ചയായും കുട്ടികള്‍ സമയത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാന്‍മാരാകണം. കമ്പ്യൂട്ടറുകളുടെ മുന്നില്‍ സമയം പാഴാക്കുന്ന കുട്ടികളും ചെറുപ്പക്കാരും ജീവിതത്തില്‍ കൂടുതല്‍ ഉള്‍വലിഞ്ഞവരായി മാറും. കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ അത് കാരണമാകും. വളരെ സജീവരായിരുന്ന കുട്ടികളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം അവര്‍ നിര്‍ജ്ജീവരായിപ്പോകുകയും അവരുടെ സ്വഭാവത്തെത്തന്നെ അത് സാരമായി ബാധിക്കുകയും ചെയ്യും. വ്യത്യസ്ത കളികളിലൂടെയും കായിക വിനോദങ്ങളിലൂടെയും കിട്ടുന്ന ഊര്‍ജ്ജം ശാരീരിക, മാനസിക വളര്‍ച്ചക്കും അതിലൂടെ സാമൂഹിക ബോധം വളരുന്നതിനുമെല്ലാം ഉപകരിക്കും. എല്ലാറ്റിനുമുപരിയായി, ഇത്തരം കമ്പ്യൂട്ടര്‍ കളികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കൂടിയിരുന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും അവരെ തടയുന്നതിന് കാരണമാകുന്നു. നമ്മുടെ കുട്ടികള്‍ അവരുടെ കഴിവുകള്‍ കാര്യമായി പ്രകടിപ്പിക്കുന്നില്ല, സാഹചര്യവുമായി അവര്‍ നന്നായി ഇണങ്ങിച്ചേരുന്നില്ല എന്നിങ്ങനെ നാം നമ്മുടെ മക്കളെക്കുറിച്ച് പരാതി പറായറുണ്ട്. എല്ലാ കമ്പ്യൂട്ടര്‍ ഗെയ്മുകളിലും അക്രമങ്ങള്‍ക്ക് പ്രാധാന്യമേറുന്നതായി നാം കാണുന്നു. കളികള്‍ നിര്‍മിക്കുന്നവര്‍ കുട്ടികളെ എങ്ങനെ ആകര്‍ഷിക്കാം എന്നാണ് പരിഗണിക്കുക. കുട്ടികളുടെ ഉപഭോഗ മനസ്സില്‍ ഒതുങ്ങാത്ത കാഴ്ചകള്‍ അവര്‍ അങ്ങനെ പടച്ചുണ്ടാക്കുന്നു. ഇത്തരം ഗെയ്മുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികള്‍ പെട്ടെന്ന് ദേഷ്യം വരുന്നവരും, അക്രമവാസനയുള്ളവരും, അസ്വസ്ഥതയനുഭവിക്കുന്നവരുമാണെന്നു കാണാം. തങ്ങള്‍ക്കു ചുറ്റുമുള്ളവരോട് അവര്‍ വളരെ രോഷത്തോടെ പെരുമാറുന്നതായി കാണപ്പെടുന്നു. വളരെ ചെറിയ വിയോജിപ്പുകള്‍ ഉണ്ടാകുമ്പോള്‍ പോലും മറ്റുള്ളവരെ ഉപദ്രവിക്കാന്‍ അവര്‍ മുതിരുന്നു. മാത്രമല്ല ഇങ്ങനെയുള്ള കുട്ടികള്‍ ഉറക്കത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി കാണുന്നു. നമുക്ക് മുമ്പില്‍ ഉദാഹരണങ്ങള്‍ ഏറെയാണ്. അക്രമസിനിമ കണ്ട മൂന്നുവയസ്സുകാരന്‍ താന്‍ കണ്ടത് തന്റെ ഇളയ സഹോദരന്റെ ശരീരത്തില്‍ നടപ്പിലാക്കിയപ്പോള്‍ പൊലിഞ്ഞു പോയത് ഒരു ജീവനാണ്. മറ്റൊരു കുട്ടി തന്നെ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി കരുതുകയും ഏഴു നിലയുള്ള കെട്ടിടത്തില്‍ നിന്നും ചാടുകയും ചെയ്തു. ഫ്രാന്‍സില്‍ ഒരു കുട്ടി നിരന്തരമായി ഗെയ്മുകളില്‍ തോല്‍ക്കുന്നതു മൂലം വളരെ വിഷാദനും ദേഷ്യക്കാരനുമായി മാറി. തങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നതില്‍ നിന്നും കുട്ടികളെ ഇത്തരം കളികള്‍ വിലക്കുന്നു. അവരുടെ വസ്ത്ര ധാരണ രീതികള്‍ മാറുന്നു. അങ്ങനെ മൊത്തത്തില്‍ അവരെ അത് സാരമായി ബാധിക്കുന്നു. ഇതിനെല്ലാമുപരി ഈ കളികളിലൊക്കെയും ഇസ്‌ലാം വളരെ മോശമായും മുസ്‌ലിംകള്‍ കണ്ടുപിടിച്ചു കൊല്ലേണ്ടുന്ന ഭീകരവാദികളായും ചിത്രീകരിക്കപ്പെടുന്നതായിക്കാണാം. സുഹൃത്തുക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു, സ്വയം തന്നെ ഒറ്റപ്പെടുന്നു, കമ്പ്യൂട്ടറുകളുടെ അടിമകളായി മാറുന്നു എന്നിങ്ങനെ നിരവധി ദൂഷ്യങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. സമയമിങ്ങനെ ചിലവഴിക്കുമെങ്കിലും കുട്ടി തന്നില്‍ തന്നെ ഒരു ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടാകും. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുന്നിടത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും ഇത്തരം കമ്പ്യൂട്ടര്‍ ഗെയ്മുകള്‍. കമ്പ്യൂട്ടറുകളില്‍ നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കുട്ടികളില്‍ സംശയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രമല്ല, അങ്ങനെയുള്ള കുട്ടികള്‍ക്ക് കുടുംബ ബന്ധങ്ങളുടെ വില വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ പറ്റാതാകുന്നു.
    തീര്‍ച്ചയായും ഈ ആധുനിക കാലഘട്ടത്തില്‍ കമ്പ്യൂട്ടറുകളുടെ ഉപകാരത്തെ നാം വിലകുറച്ചു കാണേണ്ടതില്ല. അതു കൊണ്ട് രക്ഷിതാക്കള്‍ കുട്ടികളുടെ കമ്പ്യൂട്ടറിനു മുമ്പില്‍ ചെലവഴിക്കുന്ന സമയത്തിന് പരിധികള്‍ വക്കണം. അവര്‍ക്ക് നല്ല നല്ല കളികള്‍ സംഘടിപ്പിച്ചു കൊടുക്കണം. മാത്രമല്ല, അവര്‍ കാണുന്നതിലെ മോശമായതിനെ തടയുകയും വേണം. ചുരുക്കത്തില്‍ ഇത്തരം കളികള്‍ കുട്ടികളില്‍ ഇതൊരു കളി മാത്രമാണെന്നും ജീവിതത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ക്കപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഉള്ള വികാരം വളര്‍ത്താനുതകുന്നതായിരിക്കണം.

വിവ : അത്തീഖുറഹ്മാന്‍
 

Related Articles