Current Date

Search
Close this search box.
Search
Close this search box.

കുട്ടികളില്‍ എന്തിന് മൂല്യങ്ങള്‍ വളര്‍ത്തണം?

girl2.jpg

മക്കളുടെ ധാര്‍മികത്തകര്‍ച്ച, സ്വഭാവ വ്യതിചലനങ്ങള്‍ എന്നിവയില്‍ പരിഭവപ്പെടുകയും അതിന് യഥാവിധി ചികിത്സ കണ്ടെത്തുന്നതില്‍ അശക്തരാകുകയും ചെയ്യുന്ന നിരവധി രക്ഷിതാക്കളെ കാണാം. ആണ്‍-പെണ്‍കുട്ടികളുടെ മനസ്സില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. കുട്ടികള്‍ അധ്യാപകരെയും ഉസ്താദുമാരെയും അടിക്കുന്ന ഘട്ടം വരെ ഇത് എത്തിനില്‍ക്കുന്നതായി കാണാം. കുട്ടികളുടെ നാവില്‍ നിന്നും തെറി കേള്‍ക്കേണ്ടിവരുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും കാര്യം പിന്നെ വിവരിക്കേണ്ടതില്ലല്ലോ! കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു സ്‌നേഹിതന്‍ എന്നെ വിളിച്ചു പറഞ്ഞു:’ അദ്ദേഹം തന്റെ സുഹൃത്തായ അധ്യാപകനോടൊപ്പം ഒരു യാത്രയിലായിരുന്നു. അധ്യാപകന്‍ വാഹനമോടിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ശിഷ്യന്‍ തന്റെ വാഹനം കൊണ്ട് യാത്രക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടിരുന്നു. പിന്നീട് അവന്റെ കാറ് അധ്യാപകന്റെ കാറിന് ബ്ലോക്കിട്ടു. പിന്നീട് അവനും അവന്റെ സുഹൃത്തും അതില്‍ നിന്ന് ഇറങ്ങിവന്നു അധ്യാപകനെ അപമര്യാദയോടെ വാഹനത്തില്‍ നിന്നിറക്കി മര്‍ദ്ധിച്ചു. അധ്യാപകന് തിരിച്ച് പ്രതികരിക്കാനാകാതെ സതംഭിച്ചു നില്‍ക്കുകയും ചെയ്തു’. എപ്പോഴാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിലെ അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കുക! ഇതിന് എന്തു നിയമങ്ങളാണ് നമ്മുടെ നാടുകളില്‍ നിലവിലുള്ളത്. അധ്യാപകരെ മാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് പഠിപ്പിച്ച മതമാണല്ലോ നമ്മുടേത്?! അധ്യാപകരുടെ ഉല്‍കൃഷ്ട പദവിയെയും സ്ഥാനത്തെയും കുറിച്ച് എത്രയെത്ര വരികളിലാണ് കവികള്‍ വര്‍ണിച്ചിട്ടുള്ളത്. നിരന്തരമായി കേള്‍ക്കുന്ന ഇത്തരം പരാതികളും ഈ സംഭവവും എന്നില്‍ നാല് രീതിയിലുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

എന്തിനാണ് നാം നമ്മുടെ മക്കളില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്? മൂല്യാധിഷ്ടിതമായി അവരെ വളര്‍ത്തുന്നതിന് മുമ്പിലെ വിഘാതങ്ങള്‍ എന്തെല്ലാം? മക്കളില്‍ വിജയകരമായി മൂല്യങ്ങള്‍ വളര്‍ത്താന്‍ എന്തെല്ലാം അടിസ്ഥാനങ്ങളാണ് നാം പരിഗണിക്കേണ്ടത്? മൂല്യങ്ങള്‍ പരിപോഷിപ്പിക്കാന്‍ എന്തെല്ലാം സ്ട്രാറ്റജികളാണ് നാം സ്വീകരിക്കേണ്ടത്?

മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത് വളരെ അനിവാര്യമായ ഒന്നാണ്. അധ്യാപകന്‍ ഇതിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. നിരന്തരമായ ശ്രദ്ധയും പരിരക്ഷയും ഇതില്‍ ആവശ്യമാണെന്നതിന്റെ കാരണങ്ങള്‍:

1. കുട്ടിയുടെ ശരിയായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണ് അവനില്‍ മൂല്യങ്ങള്‍ വളര്‍ത്തല്‍, അതിലൂടെ മാത്രമാണ് ഇസ്‌ലാമിക കുടുംബം രൂപപ്പെടുന്നത്. വീട്ടില്‍ ഇസ്‌ലാമിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ പ്രധാന കണ്ണിയാണ് കുട്ടി. ഭദ്രമായ സമൂഹത്തിന്റെ സൃഷ്ടിപ്പിനും ഇത് അനിവാര്യമാണ്. നിരവധി കുടുംബങ്ങളുടെ സമുഛയമാണ് യഥാര്‍തത്തില്‍ സമൂഹം. അതിന്റെ അടിത്തറ ഭദ്രമാക്കുകയാണെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പും ഭദ്രമാകും.
2. ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അതിനെ നല്ലരീതിയില്‍ തിരിച്ചുവിടാന്‍ മൂല്യങ്ങള്‍ വിദ്യാര്‍ഥികളെ സഹായിക്കും.
3. ധാര്‍മിക മൂല്യങ്ങളാണ് ഭാവിയില്‍ അവന്റെ വ്യക്തിജീവിതവും സാമൂഹിക ജീവിതവും കരുപ്പിടിപ്പിക്കുക.
4. ധാര്‍മിക മൂല്യങ്ങള്‍ സ്വഭാവദൂഷ്യങ്ങളില്‍ നിന്നും തെറ്റുകളിലകപ്പെടുന്നതില്‍ നിന്നും അവനെ സംരക്ഷിക്കുന്നു.
5. മൂല്യങ്ങള്‍ അന്യമാകുമ്പോള്‍ വ്യക്തിയില്‍ അസ്വസ്ഥതയും അപരിചിതത്വവും അനുഭവപ്പെടുന്നു. അത് സമൂഹത്തിന്റെ തന്നെ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയും സമൂഹത്തിന്റെ പിന്നോട്ടുള്ള നടത്തിന് ആക്കം കൂട്ടുകയും ചെയ്യും.

 സംസ്‌കരണ സന്നദ്ധരായ പ്രബോധകരും അധ്യാപകരും കുരുന്ന് ഹൃദയങ്ങളില്‍ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ അനുഭവിക്കുന്ന ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.
1. മാതൃകകളുടെ അഭാവം : കളവ് പറയുന്ന അധ്യാപകനും രക്ഷിതാവിനും ഒരിക്കലും കുട്ടികളില്‍ സത്യസന്ധത എന്ന മൂല്യം പകര്‍ന്നു നല്‍കാന്‍ സാധിക്കുകയില്ല. കാരണം ഒരു വസ്തു നഷ്ടപ്പെട്ടുപോയവന് മറ്റൊരാള്‍ക്കത് നല്‍കാനാവില്ലല്ലോ. പ്രവാചക ജീവിതം അനുചരന്മാര്‍ക്ക് ഉത്തമ മാതൃകയായിരുന്നു. അതിനാല്‍ തന്നെ അവരെ സംസ്‌കാര സമ്പന്നരാക്കി വളര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്.
2.കുട്ടികളുടെ സവിശേഷതകളെ കുറിച്ച് മുതിര്‍ന്നവരുടെ തെറ്റായ ധാരണ : കൗമാരത്തിന്റെ വ്യത്യസ്ത ദശകളിലൂടെ കടന്നു പോകുന്നവരാണ് കുട്ടികള്‍. ഇതില്‍ ഓരോ ഘട്ടത്തിനും അതിന്റെതായ സവിശേഷതകളുണ്ട്. അവരുമായി നല്ല അടുപ്പവും ബന്ധവും പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും മാനസികമായും ശാരീരികമായും ബുദ്ധിപരമായുമുള്ള ഈ സവിശേഷതകള്‍ മനസ്സിലാക്കിക്കൊണ്ട് അവരോട് ഇടപഴകണം. കുട്ടികള്‍ അവരുടെ ചെറുപ്പത്തില്‍ അവനും അവന്റെ വീട്ടുകാരുമായി മാത്രം ഇടപഴകും. പിന്നീട് അതിന്റെ വൃത്തം സമൂഹത്തിലേക്ക് വികസിപ്പിക്കുകയും മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യും. ഇതിലൂടെ തനിക്ക് ചില അവകാശങ്ങളും ബാധ്യതകളുമുണ്ടെന്ന് തിരിച്ചറിയുന്നു. ഞാന്‍ ജീവിക്കുന്ന സമൂഹവുമായി ചേര്‍ന്നു നില്‍ക്കണമെങ്കില്‍ ജീവിതത്തില്‍  ചില മര്യാദകളും മൂല്യങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് അവന്‍ മനസ്സിലാക്കുന്നു. അതില്‍ നിന്നും സമൂഹത്തില്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യത അവന്‍ ഗ്രഹിക്കുകയും തന്റെ ജീവിതത്തില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്‌കൂള്‍ അന്തരീക്ഷത്തിലെ വിളക്കാണ് അധ്യാപകര്‍, മാതാപിതാക്കള്‍ വീട്ടിലെയും വിളക്കുമാടങ്ങളാണ്. കൗമാരക്കാരായ കുട്ടികളില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുക അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശിക്ഷണം നല്‍കുന്ന വ്യക്തി അതില്‍ വിജയിക്കണമെങ്കില്‍ ചില അടിസ്ഥാനങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
1. പരിശീലനം ലഭിച്ച യോഗ്യരായ അധ്യാപകരുണ്ടാകുക.

2.സഹന ശേഷി : ബൈത്തുല്‍ മാലില്‍ നിന്നും പണമാവശ്യപ്പെട്ടുവന്ന വ്യക്തിയോട് പ്രവാചകന്‍(സ) സ്വീകരിച്ച നിലപാട് ശ്രദ്ദേയമാണ്. അദ്ദേഹം പരുഷമായ ഭാഷയിലായിരുന്നു തന്റെ ആവശ്യമുന്നയിച്ചത്. മുഹമ്മദ്, അല്ലാഹുവിന്റെ ധനത്തില്‍ നിന്നും എനിക്ക് നല്‍കുക, ഇത് നിന്റെയോ നിന്റെ മാതാപിതാക്കളുടേതോ അല്ലല്ലോ! പ്രവാചകന്‍(സ) പരുഷമായ പെരുമാറ്റത്തെ സഹനത്തോടെയും വിവേകത്തോടെയും അഭിമുഖീകരിക്കുകയുണ്ടായി. പ്രവാചകനോട് അപമര്യാദയായി പെരുമാറിയ ഗ്രാമീണവാസിയെ പ്രതിരോധിക്കാന്‍ അനുചരന്മാരുദ്ദേശിച്ചപ്പോള്‍ പ്രവാചകന്‍ അവരെ തടയുകയുണ്ടായി. പിന്നീട് ബൈത്തുല്‍ മാലില്‍ നിന്ന് ഒരു സംഖ്യ പ്രവാചകന്‍ ഗ്രാമീണവാസിക്ക് നല്‍കിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. വളരെ നല്ലത്! അല്ലാഹു ഇതിന് ഉത്തമ പ്രതിഫലം നല്‍കട്ടെ. പിന്നീട് ഗ്രാമീണവാസിയെയും കൂട്ടി പ്രവാചകന്‍ തന്റെ അനുചരന്മാരുടെ അടുത്ത് പോയി അദ്ദേഹത്തിന്റെ ഉത്തമമായ പ്രതികരണം അവരെ കേള്‍പ്പിച്ചു. അലിവിന്റെയും വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ ഇതിലൂടെ പ്രവാചകന്‍ അവരെ പഠിപ്പിക്കുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന കൈപ്പേറിയ അനുഭവത്തെ മധുരമുള്ള പാനീയമാക്കി എത്രസുന്ദരമായാണ് പ്രവാചകന്‍ പരിവര്‍ത്തിപ്പിച്ചത്!

3. കുടുംബത്തിലും സ്‌കൂളിലും മൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുക. മൂല്യങ്ങള്‍ നട്ടുവളര്‍ത്താനുള്ള നല്ല സാഹചര്യത്തിന് ചില ഗുണഗണങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഗുരു ശിഷ്യന്മാര്‍ക്കിടയിലുള്ള സ്‌നേഹബന്ധം, കൗമാരക്കാരായ കുട്ടികളുടെ പ്രകൃതം മനസ്സിലാക്കല്‍, ശിക്ഷണത്തിനുള്ള നൂതന ശൈലികളും മാര്‍ഗങ്ങളും സ്വീകരിക്കല്‍, മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു മുമ്പിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കല്‍ എന്നിവ ഇതില്‍ പ്രധാനമാണ്.

4. കുട്ടികളില്‍ സ്വാധീനമുളവാക്കുന്ന തരത്തിലുള്ള ശിക്ഷണ ആക്ടിവിറ്റികളും ശൈലികളും ആസൂത്രണം ചെയ്യുക

5. ബുദ്ധിപരമായ വളര്‍ച്ചക്ക് മുന്‍ഗണന നല്‍കുക: ബുദ്ധിപരമായ ശിക്ഷണം തന്റെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും മൂല്യങ്ങള്‍ പരിരക്ഷിക്കേണ്ടതിന്റെ അനിവാര്യത വിദ്യാര്‍ഥിയെ ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം അവരുടെ വൈവിധ്യമായ ശേഷികളെ ഉപയോഗപ്പെടുത്തിക്കൊണ്ടും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുകയാണെങ്കില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. മാതൃക വ്യക്തിത്വമാകുക എന്നതാണ് ഇതിന് ഏറ്റവും ഉചിതമായ മാര്‍ഗം. അപ്രകാരം തന്നെ ഓരോരുത്തരുടെയും ശേഷികള്‍ തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ ദിശയില്‍ അവരെ വളര്‍ത്തിയെടുക്കുക. ആരോഗ്യവാനായ ഒരാള്‍ യാചനക്കായി പ്രവാചകന്റെയടുത്ത് വന്നപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാനാവശ്യമായ മഴു വാങ്ങിക്കൊടുത്ത് വിറക് വെട്ടാന്‍ പറഞ്ഞയച്ചത് ഇതിന്റെ ഉത്തമ മാതൃകയാണ്. യാചന എന്ന ദുശ്ശീലത്തില്‍ നിന്ന് അധ്വാനിച്ച് സംതൃപ്തി കൈവരിക്കുക എന്ന മാന്യതയിലേക്ക് അയാളെ കൈപിടിച്ചുയര്‍ത്തുന്ന പ്രായോഗിക പ്രവര്‍ത്തന മാതൃക കാണിച്ചുകൊടുക്കുകയായിരുന്നു പ്രവാചകന്‍.
പ്രവാചക ജീവിതത്തിലെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നമുക്ക് മഹിതമായ നിരവധി മാതൃകകള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. സഅ്ദുബ്‌നു അബീ വഖാസ്(റ) വിരിക്കുന്നു. ഹജ്ജതുല്‍ വിദാഇന്റെ ദിനം എന്നെ സന്ദര്‍ശിക്കാനായി പ്രവാചകന്‍ വന്നു. അല്ലാഹുവിന്റെ തിരുദൂതരേ! എന്റെ വേദന കഠിനമായിരിക്കുന്നു(രോഗം മൂര്‍ച്ചിച്ചിരിക്കുന്നു). ഞാന്‍ ധാരാളം സ്വത്തിന്റെ ഉടമയാണ്. പിന്‍ഗാമിയായിട്ട് ഒരു മകള്‍ മാത്രമാണ് എനിക്കുള്ളത്. അതിനാല്‍ ഞാന്‍ എന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗം ചിലവഴിക്കട്ടെ! പറ്റില്ല എന്നു പ്രവാചകന്‍ പറഞ്ഞു. എന്നാല്‍ പകുതി ഞാന്‍ ചിലവഴിക്കട്ടെ എന്നു ചോദിച്ചപ്പോഴും അതെ ഉത്തരം നല്‍കി. മൂന്നിലൊന്ന് ചിലവഴിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു: അതെ, മൂന്നിലൊന്ന് തന്നെ ധാരാളമാണ്. നിന്റെ അനന്തരാവകാശികളെ ജനങ്ങളോട് യാചിക്കുന്ന ദരിദ്രരാക്കി വിട്ടേച്ചു പോകുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് അവരെ ഐശര്യവാന്മാരായി വിട്ടയച്ചു പോകുന്നതാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നീ ചിലവഴിക്കുന്ന ഓരോ നാണയത്തുട്ടിനും നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല, നിന്റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഉരുള പോലും നിനക്കുള്ള ദാനധര്‍മങ്ങളാണ്.(ബുഖാരി). ശിക്ഷണ വ്യവസ്ഥയുമായി ബന്ധപ്പെടുത്തി ഈ ഹദീസ് വിശകലനം ചെയ്യുകയാണെങ്കില്‍ നമുക്ക് ചില യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാം. 1. സമ്പത്തിന്റെ ആധിക്യവും ബന്ധുക്കളുടെ കുറവുമായിരുന്നു സഅ്ദു ബ്‌നു അബീ വഖാസ് അഭിമുഖീകരിച്ച പ്രധാന പ്രശ്‌നം 2. ഇതിന് പരിഹാരം സഅ്ദ് (റ) പ്രവാചകന്റെ മുമ്പില്‍ സമര്‍പ്പിച്ചപ്പോള്‍ പ്രവാചകന്‍ ഉടന്‍ പരിഹാരം നിര്‍ദ്ദേശിച്ചില്ല, മറിച്ച് ചിന്തിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമുള്ള അവസരം നല്‍കി. സഅ്ദ് (റ) സ്വയം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നായിരുന്നു പ്രവാചകന്‍ ആഗ്രഹിച്ചത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles