Current Date

Search
Close this search box.
Search
Close this search box.

കുട്ടികളിലെ അക്രമവാസന പരിഹരിക്കാം

angry-child.jpg

കുട്ടിയുടെ അക്രമവാസനയെ കുറിച്ച് ആവലാതിയുമായെത്തിയ ഉമ്മയോട് ഞാന്‍ പറഞ്ഞു, ടിവിയിലും അവന്റെ പക്കലുള്ള ടാബ്‌ലറ്റിലും അവനെന്താണ് കാണുന്നതെന്ന് നിരീക്ഷിക്കാന്‍. അക്രമണോത്സുകമായ പരിപാടികളാണ് അവന്‍ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. മറ്റൊരിക്കല്‍ എന്റെയടുത്തെത്തിയ ഭര്‍ത്താവിന്റെ പ്രശ്‌നം ഭാര്യയുടെ അക്രമണ സ്വഭാവവും പെരുമാറ്റത്തിലെ പരുഷതയുമായിരുന്നു. അവളുടെ ചെറുപ്പകാലത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഉമ്മ അവളെ വല്ലാതെ അടിക്കാറുണ്ടായിരുന്നു എന്നതാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നിത്യവും നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. കുട്ടികളില്‍ അക്രമണോത്സുക സ്വഭാവം കാണുമ്പോള്‍ അത് പരിഹരിക്കാന്‍ സഹായകമാകുന്ന ഏതാനും കാര്യങ്ങളാണ് വായനക്കാരന്റെ മുന്നില്‍ വെക്കുന്നത്.

1. അക്രമണോത്സുക സ്വഭാവത്തിന്റെ കാരണമെന്താണെന്ന് നാം അന്വേഷിക്കണം. ഒരുപക്ഷേ അത് അവര്‍ കാണുന്ന അക്രമണോത്സുകത വളര്‍ത്തുന്ന ടെലിവിഷന്‍ പരമ്പരകളോ സിനിമകളോ ആവാം. അക്രമ സ്വഭാവത്തിനുടമകളായ മാതാപിതാക്കളോ ബന്ധുക്കളോ ആയ ആരെങ്കിലും ഉണ്ടാക്കിയ സ്വാധീനമോ ആവാം. ഒരിക്കല്‍ അക്രമത്തിന്റെ രീതി സ്വീകരിച്ച് അതിലൂടെ തന്റെ ആവശ്യം നേടിയെടുത്ത് തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആ രീതി തന്നെ അവംലംബിക്കുന്നവരുമാകാം. അവരുമായി സംസാരിച്ച് ടെലിവിഷന്‍ പരമ്പരകളെയും വ്യക്തികളെയും അനുകരിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് പ്രധാനം.
2. നമ്മുടെ പ്രവാചകന്‍(സ) തന്നോട് ദ്രോഹം ചെയ്തവരോടും തെറ്റുകാരോടും എങ്ങനെയായിരുന്നു പ്രതികരിച്ചിരുന്നതെന്ന് അക്രമണോത്സുക സ്വഭാവമുള്ള വ്യക്തിയെ ബോധ്യപ്പെടുത്തണം. ചില സന്ദര്‍ഭങ്ങില്‍ തന്റെ അവകാശം വാങ്ങിയിരുന്ന നബി(സ) ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണ് ചെയ്തിരുന്നത്. മറ്റു ചിലപ്പോള്‍ പുറമെ നിന്നുള്ള മറ്റൊരാളുടെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് ചെയ്തിരുന്നത്. എല്ലായ്‌പ്പോഴും ഒരുപോലെയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. അതോടൊപ്പം തന്നെ അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുള്ള കാര്യം ‘യാതൊന്നിലും സൗമ്യതയുണ്ടാകില്ല, അത് അതിനെ അലങ്കരിച്ചിട്ടല്ലാതെ. യാതൊന്നില്‍ നിന്നും സൗമ്യത ഊരിപ്പോകുന്നില്ല, അതിനെ വിരൂപമാക്കിയട്ടല്ലാതെ’ എന്നാണ്.
3. ഒരു കുട്ടി അല്ലെങ്കില്‍ വ്യക്തി അക്രമസ്വഭാവം വെടിയണമെന്ന നിര്‍ദേശം സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ അവനിഷ്ടപ്പെട്ട കാര്യങ്ങള്‍ വിലക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ അവന്‍ ശാരീരികമായോ വാക്കുകളാലോ ഉപദ്രവിച്ചവരോട് ക്ഷമാപണം നടത്താന്‍ അവനെ നിര്‍ബന്ധിക്കാം.
4. കുട്ടികളെ അക്രമി, തെമ്മാടി, വികൃതി എന്നൊന്നും വിളിക്കരുത്. മാറ്റിയെടുക്കാന്‍ പറ്റാത്തവിധം ആ ഗുണങ്ങള്‍ കുട്ടിയില്‍ ഉറച്ചു പോകുന്നതിനത് കാരണമാകും.
5. ശക്തി പ്രകടിപ്പിക്കാന്‍ കുട്ടികളില്‍ ഉണ്ടാവുന്ന താല്‍പര്യം കായികശേഷി ആവശ്യമുള്ള വിനോദങ്ങളില്‍ അവരെ പങ്കെടുപ്പിച്ചു കൊണ്ട് പരിഹരിക്കണം. മാര്‍ഷല്‍ ആര്‍ട്‌സുകളും മലകയറ്റം, ഓട്ടമത്സരം പോലുള്ളവ അതിന് ഉദാഹരണങ്ങളാണ്. അക്രമപ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്ന കുട്ടിയിലെ ഊര്‍ജ്ജത്തെ ഇത്തരത്തില്‍ തിരിച്ചു വിടാം.
6. കുട്ടിയെ ശ്രവിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു കൊടുക്കല്‍ അക്രമണോത്സുകതക്ക് ചികിത്സ നല്‍കുന്നതില്‍ വളരെ പ്രധാനമാണ്. അവരിലുള്ള ആത്മസംഘര്‍ഷങ്ങളുമായി അവര്‍ ഒറ്റപ്പെടുന്നതും താന്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നതലും മറ്റുള്ളവരുമായിട്ടുള്ള അമിതമായ താരതമ്യവുമാണ് മിക്കപ്പോഴും അക്രമണോത്സുകതയുടെ കാരണങ്ങളായി മാറാറുണ്ട്.
7. കുട്ടിയുടെ അക്രമണോത്സുകതയെ ചികിത്സിക്കുന്ന ആള്‍ അക്രമണോത്സുകനാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന്റെ പേരില്‍ അവനെ അടിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം അക്രമമാണെന്ന പാഠമാണ് പകര്‍ന്നു നല്‍കുന്നത്. കള്ളത്തെ കള്ളം കൊണ്ട് ചികിത്സിക്കുന്നത് പോലെയാണത്. സ്വഭാവം കൂടുതല്‍ ചീത്തയാക്കുകയാണത് ചെയ്യുക. എന്തിന് അത് ചെയ്തു എന്ന് അവനോട് ചോദിക്കുകയും സംവദിക്കുകയുമാണ് വേണ്ടത്. പിന്നെ അക്രമണത്തിന്റേതല്ലാത്ത രീതിയില്‍ എങ്ങനെ തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കാമെന്ന് അവനെ പഠിപ്പിക്കണം.
8. പലപ്പോഴും ആക്രമണ സ്വഭാവം ദേഷ്യപ്രകടനത്തിന്റെ ഭാഗമായിട്ടാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് തന്നെ ദേഷ്യമെന്ന വികാരത്തെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് കുട്ടിയെ പഠിപ്പിക്കണം.  ദേഷ്യം വരുമ്പോള്‍ എന്തു ചെയ്യണമെന്നും അതിന്റെ ശരിയായ പ്രകടനം എങ്ങനെയാണെന്നും അവന് മനസ്സിലാക്കാന്‍ സാധിക്കണം.
9. മക്കളോടുള്ള മാതാപിതാക്കളുടെ ഉച്ചത്തിലുള്ള ശകാരവും അട്ടഹാസവും നിര്‍ത്തേണ്ടത് കുട്ടികളിലെ അക്രമണോത്സുകതക്കുള്ള ചികിത്സയില്‍ വളരെ പ്രധാനമാണ്. സ്വഭാവം മാറ്റുന്നതിലുള്ള പ്രധാന മാര്‍ഗമാണ് അതിന് മാതൃകയാവല്‍.
10. മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ പലപ്പോഴും അവഗണിക്കുന്ന ആയുധമാണ് പ്രാര്‍ഥന. സന്താനപരിപാലനത്തില്‍ പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹരിക്കാനാവാത്ത കാര്യങ്ങള്‍ പ്രാര്‍ഥനകളാല്‍ പരിഹരിക്കപ്പെട്ട എത്രയോ സംഭവങ്ങളുണ്ട്. മക്കള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്ന മൂന്ന് പ്രാര്‍ഥനകളിലൊന്നാണെന്ന് പ്രവാചകന്‍(സ) നമ്മോട് പറഞ്ഞിരിക്കുന്നു. മര്‍ദിതന്റെ പ്രാര്‍ഥനയും യാത്രക്കാരന്റെ പ്രാര്‍ഥനയുമാണ് മറ്റു രണ്ടെണ്ണം.

മൊഴിമാറ്റം: നസീഫ്‌

Related Articles