Current Date

Search
Close this search box.
Search
Close this search box.

ഒരു പേരിലെന്തിരിക്കുന്നു?

name.jpg

ഒരു വ്യക്തിയോ വസ്തുവോ സ്ഥലമോ അറിയപ്പെടുന്നത് അവയുടെ പേരിലാണ്. പേരുകള്‍ സുന്ദരവും ആകര്‍ഷകവുമായിരിക്കണം. ഒരു മനുഷ്യന്‍ ജനനം മുതല്‍ അവന്റെ ജീവിതകാലം മുഴുവന്‍ അറിയപ്പെടുന്നത് അവന്റെ പേരിലാണ്. അതു കൊണ്ട് തന്നെ സുന്ദരവും ആകര്‍ഷകവുമായ പേരുകള്‍ തെരെഞ്ഞെടുക്കാന്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നു.

മക്കള്‍ക്ക് പേരുകള്‍ നല്‍കുമ്പോള്‍ പലപ്പോഴും രക്ഷിതാക്കളെ അവരുടെ ആദര്‍ശവും കുടുംബ പാരമ്പര്യവും സ്വാധീനിക്കാറുണ്ട്. കുട്ടിയുടെ സൗന്ദര്യം ജനന സമയത്തെ അവസ്ഥ ജനിച്ച സമയത്തിന്റെ പ്രത്യേകത എന്നിവ പരിഗണിച്ച് പേരുകള്‍ നല്‍കുന്നവരുമുണ്ട്. പലപ്പോഴും പ്രകൃതിയിലെ ഘടകങ്ങളും ഭാവി പ്രതീക്ഷകളും വരെ പേരുകളായി പരിണമിക്കാറുണ്ട്. സകരിയ നബി(അ)ക്ക് യഹ്‌യ എന്ന പേരില്‍ ഒരു മകനെ നല്‍കിയതിനെ കുറിച്ച ഇമാം ഖുര്‍ത്വുബിയുടെ വ്യാഖ്യാനം കൗതുകകരമാണ്. ‘അല്ലയോ സകരിയാ, യഹ്‌യാ എന്നു പേരുള്ള ഒരു കുട്ടിയെ കുറിച്ച് നാം നിന്നെ സന്തോഷ വാര്‍ത്തയറിയിക്കുന്നു.’ വന്ധ്യയായ യഹ്‌യാ നബിയുടെ മാതാവിന്റെ ഗര്‍ഭാശയത്തെ ജീവിപ്പിച്ചതു കൊണ്ടാണ് ആ പേര് നല്‍കിയിരിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

പേരുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍
ആദര്‍ശത്തിലും ശരീഅത്തിലും സംസ്‌കാരത്തിലും സ്വഭാവങ്ങളിലും മര്യാദകളിലുമെല്ലാം തികച്ചും വ്യതിരിക്തമായ സമൂഹമാണ് ഇസ്‌ലാമിക സമൂഹം. ഉത്തമ സമുദായം എന്ന വിശേഷണത്തിന് അര്‍ഹരാക്കിയിട്ടുള്ളതും പ്രസ്തുത സവിശേഷതകളാണ്. പേരുകളിലും ആ സവിശേഷത കാണാവുന്നതാണ്. പണ്ഡിതന്‍മാര്‍ പേരുകളെ നാലായി തരം തിരിച്ചിട്ടുണ്ട്.

അനുവദനീയമായ പേരുകള്‍ : നാട്ടുനടപ്പ്, സാഹചര്യം തുടങ്ങിയവയെ അവലംബിച്ച് അനുസരിച്ച് ആളുകള്‍ തെരെഞ്ഞെടുത്തിരുന്ന നല്ല ആശയത്തെ കുറിക്കുന്ന പേരുകള്‍ ഈ ഗണത്തിലാണ് ഉള്‍പ്പെടുക. അത്തരം പേരുകളെ ഇസ്‌ലാം വിലക്കുന്നില്ല. അത്തരം പേരുകള്‍ക്കുദാഹരണമാണ് സഅദ്, സഇീദ്, ജമീല്‍, ഹസന്‍, ഖാലിദ്, ഉമര്‍, സൈദ്, ബശീര്‍, സല്‍മാന്‍, ഫാത്വിമ, സൈനബ്, ആഇശ, ഹബീബ, ഫരീദ, മുനാ, ബുശ്‌റാ തുടങ്ങിയവ. ഇത്തരം പേരുകള്‍ സ്വീകരിക്കാന്‍ ഇസ്‌ലാം കല്‍പിക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. അനുവദനീയമായ പേരുകളാണ് അവയെന്നതിന് തെളിവാണ് നബി(സ) തന്റെ കുടുംബത്തില്‍ പെട്ടവര്‍ക്ക് അവയില്‍ ചില നാമങ്ങള്‍ തെരെഞ്ഞെടുത്തു എന്നത്.

അഭിലഷണീയമായ നാമങ്ങള്‍ : ദീനിന്റെ ആശയങ്ങളും അല്ലാഹുവിന്റെ മഹത്വവും അവന്‍ അടിമകള്‍ക്കേകിയ അനുഗ്രഹങ്ങളും ഓര്‍മപ്പെടുത്തുന്ന നാമങ്ങളാണവ. അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍, അബ്ദുറഹീം, അബ്ദുല്‍ മുന്‍ഇം, അബ്ദുല്‍ മലിക്, അബ്ദുല്‍ ഖുദ്ദൂസ് തുടങ്ങിയ പേരുകള്‍ അതിനുദാഹരണമാണ്. ഇത്തരത്തിലുള്ള പേരുകള്‍ സ്വീകരിക്കുന്നത് അഭിലഷണീയമാണെന്നതില്‍ പണ്ഡിതന്‍മാര്‍ക്ക് തര്‍ക്കമില്ല. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇതിനെ ശക്തിപ്പെടുത്തുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും പ്രിയപ്പെട്ട നാമം അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ്.’ മുഹമ്മദ്, അഹ്മദ്, ഹാമിദ്, മഹ്മൂദ് പോലുള്ള പേരുകളും ചിലര്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനലഭിലഷണീയമായ നാമങ്ങള്‍ : ദീനീപരമായോ സാമൂഹികമോ വാക്കുകളാലോ അനഭിലഷണീയമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാമങ്ങളാണിവ. ശകാര വാക്കുകളോ അഹങ്കാരം ധ്വനിപ്പിക്കുന്ന പദങ്ങളോ ആയിരിക്കാം അത്. അല്ലെങ്കില്‍ സ്വന്തത്തെ തന്നെ പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നവയായിരിക്കും. അത്തരത്തിലുള്ള പേരുകളാണ് റസൂല്‍, ഹസീന്‍ (Hazeen), ഹര്‍ബ് (യുദ്ധം), ജബ്ബാര്‍ (പരമാധികാരി), ഖാഹിര്‍ (അടക്കിവാഴുന്നവന്‍), ഖാതില്‍ (കൊലയാളി) തുടങ്ങിയവ. ഇത്തരം പേരുകള്‍ അനഭിലഷണീയമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനം അബൂദാവൂദ് ഉദ്ധരിച്ച ഹദീസാണ്. പ്രവാചകന്‍(സ) പറയുന്നു: ‘പ്രവാചകന്‍മാരുടെ നാമങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക, അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നാമം അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ്. ഉത്തമമായ പേരുകളാണ് ഹാരിഥും ഹമ്മാമും. ഏറ്റവും മോശപ്പെട്ട പേരുകളാണ് ഹര്‍ബും മുര്‍റയും.’ ഇബ്‌നു ഹജര്‍ പറയുന്നു: ഹര്‍ബ് (യുദ്ധം) ഉപദ്രവകാരിയായതു കൊണ്ടും മുര്‍റ കയ്പ്പിനെ കുറിക്കുന്നതു കൊണ്ടുമാണ് മോശം പേരുകളായി പറഞ്ഞിരിക്കുന്നത്.

ഇമാം ബുഖാരി ഉദ്ധരിക്കുന്നു : സഈദ് ബിന്‍ മുസയ്യബിന്റെ പിതാമഹനായ ഹസ്ന്‍ (Hazn ) നബി(സ)യുടെ അടുത്ത് ചെന്നു. നബി(സ) അദ്ദേഹത്തോട് പേര് എന്താണെന്ന് അന്വേഷിച്ചു. എന്റെ പേര് ഹസ്ന്‍ ആണെന്ന് അദ്ദേഹം മറുപടി നല്‍കി. നബി(സ) പറഞ്ഞു : എന്നാല്‍ നീ സഹ്ല്‍ ആണ്. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് വിളിച്ച പേര് ഞാന്‍ മാറ്റുകയില്ല. സഈദ് ബിന്‍ മുസയ്യബ് പറയുന്നു : അതിന് ശേഷം അദ്ദേഹത്തെ ദുഖിതനായിട്ട് മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. നബി(സ) പല പേരുകളും മാറ്റി അതിലേറെ നല്ല പേരുകള്‍ വിളിച്ചിട്ടുണ്ടെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ബര്‍റ എന്ന പേര് മാറ്റി പകരം സൈനബ് എന്നും ജുവൈരിയ എന്നും വിളിച്ചിട്ടുണ്ട്. ആസ്വിയ എന്ന പേര് ജമീല എന്നാക്കി മാറ്റിയിട്ടുണ്ട്.

നിഷിദ്ധമായ നാമങ്ങള്‍ : ഇസ്‌ലാമിക ആദര്‍ശത്തിനും അതിന്റെ വിശുദ്ധിക്കും നിരക്കാത്ത നാമങ്ങള്‍ വിളിക്കുന്നത് അനുവദനീയമല്ല. ചില നാമങ്ങള്‍ വിളിക്കുന്നത് നിഷിദ്ധമാകുന്നത് അല്ലാവിന് മാത്രം അര്‍ഹമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ്. ഖാലിഖുല്‍ ഖല്‍ഖ്, മലികുല്‍ മുലൂക് പോലുള്ള പേരുകള്‍ അതിന് ഉദാഹരണമാണ്. അല്‍-ഖാലിഖ്, അല്‍-മുഹൈമിന്‍, അല്‍-ഖുദ്ദൂസ്, അബ്ദുദ്ദാര്‍, അബ്ദുല്‍ ഹജര്‍, അബ്ദുശ്ശംസ്, അബ്ദുല്‍ മസീഹ്, സയ്യിദുന്നാസ്, പേര്‍ഷ്യന്‍ ഭാഷയിലെ ഷാഹാന്‍ ഷാഹ് തുടങ്ങിയ പേരുകളും അതിന് ഉദാഹരണങ്ങളാണ്.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നിന്ദ്യമായ പേര് മലികുല്‍ അംലാക് എന്നതാണെന്ന പ്രവാചകന്‍(സ)യുടെ വാക്കുകളാണ് ഇതിന് തെളിവ്. അല്ലാഹുവല്ലാതെ ഒരു ഉടമസ്ഥനുമില്ലെന്ന് ഇബ്‌നു അബീശൈബ വിശദീകരിച്ചിട്ടുണ്ട്. മുസ്വന്നഫ് എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു: നബി(സ)യുടെ അടുക്കല്‍ ഒരു പ്രതിനിധി സംഘം എത്തി. അവര്‍ അബ്ദുല്‍ ഹജര്‍ എന്ന് വിളിക്കുന്നത് നബി(സ) കേട്ടു. അപ്പോള്‍ നബി(സ) അയാളെ വിളിച്ച് പറഞ്ഞു: നീ അല്ലാഹുവിന്റെ മാത്രം അടിമയാണ്.

അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്(റ) ജാഹിലിയാ കാലത്ത് അബ്ദുല്‍ ഹാരിഥ് എന്നാണ് അറിയപ്പെട്ടിരുന്നത് എന്നും നബി(സ)യാണ് അദ്ദേഹത്തെ അബ്ദുറഹ്മാന്‍ എന്നു വളിച്ചതെന്നും ഇബ്‌നുല്‍ ജൗസി അദ്ദേഹത്തിന്റെ ‘സ്വഫ്‌വത്തു സ്വഫ്‌വയില്‍’ പറയുന്നു.

അഭികാമ്യവും അനുവദനീയവുമായ നിരവധി നാമങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. അത്തരം പേരുകളാണ് വിശ്വാസികള്‍ തെരെഞ്ഞെടുക്കേണ്ടത്. നല്ലതല്ലാത്ത അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന നാമങ്ങളെയും ഏകദൈവത്വത്തിന് നിരക്കാത്ത പേരുകളെയും നാം ഉപേക്ഷിക്കണം.

വിവ : അഹ്മദ് നസീഫ്‌

Related Articles