Current Date

Search
Close this search box.
Search
Close this search box.

എന്തിനാണ് ദൈവം കുഞ്ഞുങ്ങളെ പ്രയാസപ്പെടുത്തുന്നത്?

tensed1.jpg

അയാള്‍ പറഞ്ഞു: ‘എന്റെ മകന്‍ എന്നോടൊരു ചോദ്യം ഉന്നയിച്ചു. എങ്ങനെയാണ് അതിന് മറുപടി നല്‍കുക എന്നെനിക്കറിയില്ല. എന്തുകൊണ്ടാണ് അല്ലാഹു കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത്? എന്നതായിരുന്നു ആ ചോദ്യം. ചില കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിക്കുന്നു. അല്ലെങ്കില്‍ ചിലര്‍ക്ക് കാന്‍സര്‍ പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ ബാധിക്കുന്നു. ഇങ്ങനെ വേദനയില്‍ നീറി ജീവിക്കാനായി എന്തിനാണ് അല്ലാഹു അവരെ ഇഹലോകത്തേക്ക് പടച്ചുവിടുന്നത്?’ ഞാന്‍ പറഞ്ഞു: ‘ഇത് സുപ്രധാനമായൊരു ചോദ്യമാണ്. കുഞ്ഞുങ്ങള്‍ കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിശേഷിച്ചും. സംഭവങ്ങളെയും ഖദ്‌റിനെയും സ്രഷ്ടാവിനെയും പ്രപഞ്ചത്തെയും കുറിച്ച് ധാരാളം ചിന്തിക്കുന്ന കാലഘട്ടമാണത്. കണ്‍മുന്നില്‍ കാണുന്ന എന്തിനെ കുറിച്ചും അവര്‍ സംസാരിക്കും. അവയുടെ ഭാവിയെ സംബന്ധിച്ച് അവര്‍ക്കറിയില്ലെങ്കിലും’. ആ സഹോദരന്‍ പറഞ്ഞു: എന്റെ മകന്‍ ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ മറ്റാരോടെങ്കിലും അന്വേഷിക്കുകയോ അല്ലെങ്കില്‍ അതിനെ സംബന്ധിച്ച് എഴുതപ്പെട്ടിട്ടുള്ള വല്ലതും വായിച്ചുനോക്കിയിട്ടോ മറുപടി തരാം എന്നാണ് ഞാന്‍ പ്രതികരിച്ചത്.

ഞാന്‍ പറഞ്ഞു: വളരെ നന്നായി. മൂന്ന് കാര്യങ്ങളില്‍ ഊന്നിക്കൊണ്ട് താങ്കള്‍ക്ക് ഈ ചോദ്യത്തിന് ഉത്തരം നല്‍കാം. ദൈവവിധിയുടെ, പ്രത്യേകിച്ചും മനുഷ്യനെ ബാധിക്കുന്ന ദുരിതങ്ങളുടെയും പരീക്ഷണങ്ങളുടെയും യുക്തിയെ (ഹിക്മത്ത്) അടിസ്ഥാനമാക്കിയുള്ള വിവരണമാണ് അവയില്‍ ഒന്നാമത്തേത്. ഗുണമാണെങ്കിലും ദോഷമാണെങ്കിലും ദൈവവിധിയെ എങ്ങനെ വീക്ഷിക്കണം, അവയുടെ യുക്തി ബോധ്യപ്പെട്ടില്‍ പോലും എങ്ങനെ അതില്‍ വിശ്വസിക്കണം എന്നതാണ് രണ്ടാമത്തേത്. മൂസാനബിയും സച്ചരിതനായ ഒരു ദാസനും തമ്മിലുണ്ടായ സംഭവം പോലെ, അതിഭൗതിക യാഥാര്‍ഥ്യങ്ങളുടെ പൊരുള്‍ മനസിലാക്കാന്‍ ഉതകുന്ന കഥകള്‍ താങ്കളുടെ മകന് പറഞ്ഞു കൊടുക്കുക എന്നതാണ് മൂന്നാമത്തേത്. അദ്ദേഹം പറഞ്ഞു താങ്കള്‍ കുറച്ചു കൂടി വിശദീകരിക്കാമോ? ഞാന്‍ പറഞ്ഞു പിന്നെന്താ വിശദീകരിക്കാമല്ലോ.
ശിശുവാകട്ടെ, മുതിര്‍ന്നയാളാവട്ടെ പ്രായഭേദമന്യേ അല്ലാഹു മനുഷ്യനെ പരീക്ഷിക്കുമ്പോള്‍ തീര്‍ച്ചയായും അതില്‍ ദൈവികമായ ചില യുക്തികളുണ്ടാവും. പല കാരണങ്ങളാല്‍ അല്ലാഹു മനുഷ്യനെ പരീക്ഷിക്കാറുണ്ട്. പാപം പൊറുക്കുക, നന്മകള്‍ വര്‍ധിപ്പിക്കുക, ഈമാന്‍ ദൃഢമാക്കുക, അല്ലാഹുവിന്റെ വിധി അംഗീകരിക്കുന്നുണ്ടോ എന്നറിയുക, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തിരിച്ചറിയുകയും അതിന് നന്ദി കാണിക്കുകയും ചെയ്യുക തുടങ്ങിയവക്ക് വേണ്ടി പരീക്ഷണങ്ങള്‍ ഉണ്ടാവാം. ഒരു പിഞ്ചുകുഞ്ഞിനെ പരീക്ഷണത്തിന് വിധേയമാക്കുന്നതിലൂടെ മാതാപിതാക്കളിലും കുടുംബക്കാരിലും ഇവിടെ പറയപ്പെട്ട കാര്യങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയാവാം ഉദ്ദേശ്യം.

അല്ലാഹുവിന്റെ ജ്ഞാനവും മനുഷ്യന്റെ വിവരവും വ്യത്യസ്തമാണെന്ന് തിരിച്ചറിയലാണ് രണ്ടാമത്തെ സംഗതി. നാം ഓരോ കാര്യത്തെയും അതിന്റെ നിലവിലുള്ള സ്ഥിതി വെച്ചുകൊണ്ടാണ് വീക്ഷിക്കുന്നത്. എന്നാല്‍ അല്ലാഹുവാകട്ടെ ഉണ്ടായിരുന്നതിനെയും ഉണ്ടാവാന്‍ പോകുന്നതിനെയും നിലവിലുള്ളതിനെയും ഉണ്ടായിട്ടില്ലാത്തതിനെയും ഇനി അതുണ്ടാവുകയാണെങ്കില്‍ എങ്ങനെയായിരിക്കും അതെന്നതിനെയും കുറിച്ച് അറിവുള്ളവനാണ്. ഭൂതവും വര്‍ത്തമാനവും ഭാവിയും അറിയുന്നവനാണവന്‍. മനുഷ്യന് ഗുണകരമായതാണ് അവന്‍ വിധിക്കുന്നത്. അതിനാല്‍ ഗുണമായാലും ദോഷമായാലും നാം വിധിയില്‍ വിശ്വസിക്കണം. അല്ലാഹു മനുഷ്യന് വിധിച്ചിട്ടുള്ള എല്ലാറ്റിലും അവന് ഗുണമുണ്ടാകും. പ്രത്യക്ഷത്തില്‍ രോഗം, അംഗവൈകല്യം എന്നിവ പോലെ ദോഷകരമായിട്ടാണ് അവയില്‍ പലതും അനുഭവപ്പെടുന്നതെങ്കിലും. താങ്കളുടെ മകനോട് ഒരു ദന്തഡോക്ടറുടെ ഉദാരണം പറഞ്ഞു കൊടുക്കുക. ചികിത്സാവേളയില്‍ അയാള്‍ താങ്കളെ വേദനിപ്പിക്കുന്നു. താങ്കളുടെ രോഗം മാറാന്‍ വേണ്ടിയാണത്. തല്‍സമയം വേദന അനുഭവപ്പെടുന്നുവെങ്കിലും ആ രോഗം ശമിക്കുന്നത് പിന്നീടാണ് (ശസ്ത്രക്രിയ, രോഗം ബാധിച്ച അവയവം മുറിച്ചുമാറ്റല്‍ തുടങ്ങിയവ ഇതിനോട് ചേര്‍ത്തുവായിക്കാം). ഇതുപോലെ ദൈവവിധിയിലും വേദനാജനകമായ ചിലതൊക്കെ ഉണ്ടാവും. അന്തിമ വിശകലനത്തില്‍ അതെല്ലാം ഗുണകരമായിരിക്കും.

മൂന്നാമത്തേത് താങ്കള്‍ അവന് മൂസാനബിയുടെ കഥ പറഞ്ഞുകൊടുക്കലാണ്. ആ സച്ചരിതനായ ദാസന്‍ കപ്പലില്‍ ദ്വാരമുണ്ടാക്കാന്‍ ഉദ്യമിച്ചപ്പോള്‍ മൂസാ നബി അതിനെ എതിര്‍ത്തു. കപ്പല്‍ മുങ്ങുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ആ ദാസന്‍ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോള്‍ മൂസാ നബിക്ക് അതും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. യാതൊരു തെറ്റും ചെയ്യാത്ത ആ കുഞ്ഞിനെ കൊലപ്പെടുത്തിയതിനെ മൂസാ നബി ചോദ്യം ചെയ്തു. പിന്നീട് ഒരു ഗ്രാമത്തിലെത്തിയ അവരിരുവരും അവിടുത്തുകാരോട് തങ്ങള്‍ക്ക് ആതിഥ്യമേകാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ തയ്യാറായില്ല. ആ സന്ദര്‍ഭത്തിലും, അവിടെ തകര്‍ന്നുവീഴാറായിരുന്ന ഒരു മതില്‍ അദ്ദേഹം ഭദ്രമായ രൂപത്തില്‍ പണിതുകൊടുത്തു. നമുക്ക് ആതിഥ്യമരുളാന്‍ തയ്യാറാകാത്ത ഒരു ജനതക്ക് എന്തിനാണ് സൗജന്യസേവനം ചെയ്തുകൊടുക്കുന്നത് എന്ന രീതിയില്‍ മൂസാ ആ ചെയ്തിയെ വിമര്‍ശിച്ചു. കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങളെ ആസ്പദമാക്കിയായാണ് മൂസാ നബി പ്രതികരിച്ചത്. എന്നാല്‍ ആ ദാസന് അല്ലാഹു സവിശേഷജ്ഞാനം നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മൂസാ നബിക്ക് യോജിക്കാന്‍ സാധിക്കാതിരുന്ന ആ പ്രവൃത്തികളുടെ കാരണം ബോധ്യപ്പെടുത്തി. ആ കപ്പല്‍ സഞ്ചരിക്കുന്ന ദിശയില്‍ ഒരു രാജാവ് കാത്തുനില്‍പ്പുണ്ടെന്നും കപ്പല്‍ യാതൊരു കേടുപാടുമില്ലാത്തതാണെങ്കില്‍ അയാള്‍ അത് പിടിച്ചെടുക്കുമെന്നുമായിരുന്നുമായിരുന്നു ഒന്നാമത്തേതിന്റെ വിശദീകരണം. അതുപോലെ, താന്‍ കൊലപ്പെടുത്തിയ ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളാണ്, എന്നാല്‍ അവന്‍ വലുതായാല്‍ അവരെ കഷ്ടപ്പെടുത്തും, അവരെ കുഫ്‌റിലേക്ക് കൊണ്ടുപോകും. അതിനാല്‍ അവന്‍ കൊല്ലപ്പെടുന്നതാണ് നല്ലത് എന്നാണ് രണ്ടാമത്തെ സംഭവത്തെ അദ്ദേഹം വിശദീകരിച്ചത്. പിന്നെ ആ മതിലിന്റെ ചുവട്ടില്‍ അനാഥരായ രണ്ട് കുട്ടികള്‍ക്കുള്ള സമ്പത്ത് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അത് തകര്‍ന്നാല്‍ ആ സമ്പത്ത് ആളുകള്‍ കൈവശപ്പെടുത്തും. അതിനാല്‍ ഭാവിയില്‍ അത് ആ മക്കള്‍ക്ക് തന്നെ കിട്ടണമെന്നതിനാലാണ് ഞാന്‍ അത് പുനര്‍നിര്‍മിച്ചത് എന്നായിരുന്നു മൂന്നാമത്തെ സംഭവത്തിന് അദ്ദേഹം നല്‍കിയ വിശദീകരണം.

അയാള്‍ പറഞ്ഞു ഈ മൂന്ന് സംഗതികളും വളരെ പ്രധാനപ്പെട്ടവ തന്നെ. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മൂസാനബിയുടെ ചരിത്രത്തിലുള്ള ആ കുഞ്ഞിന്റെ കഥയാണ്. അതില്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരമുള്ളതുപോലെ തോന്നുന്നു. ഞാന്‍ പറഞ്ഞു കൗമാരപ്രായമത്തില്‍ നമ്മുടെ കുട്ടികളില്‍ കാണപ്പെടുന്ന ആശാവഹമല്ലാത്ത രണ്ട് പ്രധാന സംഗതികളുണ്ട്. ഒന്ന്, പരലോകത്തെ വിസ്മരിച്ചുകൊണ്ട് ഇഹലോകത്തെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നു. രണ്ട് അവര്‍ സംഭവലോകത്തെ കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. അതിന്റെ അപ്പുറത്തുള്ള കാര്യങ്ങള്‍ (അദൃശ്യലോകം) അവരുടെ പരിഗണനയില്‍ വരുന്നേയില്ല. ഏത് വിധിയെയും ദൈവികമായ കാഴ്ചപ്പാടോടെ കാണാന്‍ താങ്കളുടെ മകന്‍ ശീലിക്കണം. വര്‍ത്തമാനവും ഭാവിയും നോക്കിക്കാണണം. എങ്കിലേ ഖദ്‌റിനെ കുറിച്ച പൂര്‍ണവും ശരിയുമായ വീക്ഷണം രൂപപ്പെടുകയുള്ളൂ. എന്നാല്‍ ഇത്തരമൊരു കാഴ്ച നന്നേ പ്രയാസകരമായതിനാല്‍ ഗുണമായാലും ദോഷമായാലും ഖദ്‌റില്‍ വിശ്വസിക്കണമെന്ന് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു. നാം പറയുന്നു: അല്ലാഹു നമുക്ക് വിധിച്ചിട്ടുള്ളതിലെല്ലാം നമുക്ക് ഗുണമുണ്ട്. താങ്കള്‍ മകനുമായുള്ള സംഭാഷണം തുടരുക. അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും നല്‍കുക.

മൊഴിമാറ്റം: അബൂദര്‍റ് എടയൂര്‍

Related Articles