Current Date

Search
Close this search box.
Search
Close this search box.

ഉത്തരമല്ല, നമ്മുടെ ചോദ്യമാണ് തെറ്റിയത്

question.jpg

മക്കള്‍ നമ്മോട് തുറന്ന് സംസാരിക്കുന്നില്ലെന്നുള്ള പലരും ഉന്നയിക്കുന്ന പരാതിയാണ്. അതിന്റെ കാരണം എന്താണെന്ന് സൂക്ഷ്മമായി പരതുമ്പോള്‍ നമ്മുടെ ചോദ്യത്തിനാണ് കുഴപ്പമെന്ന് കാണാം. ‘ഇന്ന് സ്‌കൂളില്‍ നിന്ന് എന്താണ് നീ പഠിച്ചത്?’ എന്ന തുറന്ന ചോദ്യം അവരുടെ മുന്നില്‍ വെക്കുമ്പോള്‍ ഒന്നുമില്ല എന്നോ അല്ലെങ്കില്‍ പഠിച്ച ഏതെങ്കിലും കാര്യമോ പറയുമ്പോള്‍ അവര്‍ വിശദമായി വിവരിക്കുന്നില്ലെന്ന് നാം പരിഭവപ്പെടുകയാണ്. എന്നാല്‍ നാം ചോദ്യത്തിന്റെ രൂപമൊന്ന് മാറ്റി ‘കണക്കിന്റെ ടീച്ചര്‍ എന്താ നിന്നോടിന്ന് പറഞ്ഞത്?’ അല്ലെങ്കില്‍ ‘ഇന്റര്‍വെല്ലിന് ആരോടൊപ്പമാണ് നീ കളിച്ചത്?’ എന്നോ ആണെങ്കില്‍ മറുപടി തീര്‍ത്തും വ്യത്യസ്തമായിരിക്കും. സംഭവിച്ചതെല്ലാം കഥകളായി തന്നെ അവര്‍ വിവരിക്കും. ചോദ്യത്തിന്റെ ശൈലിയില്‍ വന്ന മാറ്റമാണതിന് കാരണം.

അപ്രകാരം ഉപ്പയിലെ ഏത് കാര്യമാണ് നിനക്കിഷ്ടം എന്ന് മകനോട് ചോദിച്ചാല്‍ പൊതുവെ ലഭിക്കുന്ന മറുപടി എല്ലാം കാര്യവും എന്നായിരിക്കും. ഉപ്പയില്‍ നിനക്കിഷ്ടപ്പെട്ട മൂന്ന് കാര്യങ്ങള്‍ പറയാനാവശ്യപ്പെട്ട് ചോദ്യത്തിന്റെ ശൈലിയൊന്ന് മാറ്റിയാല്‍ അവന്‍ വിശദമായി തന്നെ അത് വിവരിക്കും. നമ്മുടെ മുന്നില്‍ കുട്ടികളുടെ വാചാലതയും മൗനവും നിശ്ചയിക്കുന്നത് ചോദ്യത്തിന്റെ രൂപമാണ്. ചോദ്യം വളരെ നിര്‍ണിതമായിരിക്കുമ്പോള്‍ അതിലൂടെ ഉള്ള് തുറന്ന് സംസാരിക്കാന്‍ അവരെ സഹായിക്കുകയാണ് നാം. അതിലൂടെ മനസ്സിന്റെ ഉള്ളിലുള്ളത് പുറത്തുവരും.

ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ചോദ്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും എന്തെങ്കിലും വിവരം നല്‍കുന്നതിന് മുമ്പ്. പല പ്രഭാഷകരും ചോദ്യങ്ങള്‍ ചോദിച്ചാണ് തങ്ങളുടെ സംസാരം തുടങ്ങാറുള്ളത്. ചോദ്യം ശ്രദ്ധയെ ശക്തിപ്പെടുത്തുകയും ബുദ്ധിയെ ഉണര്‍ത്തുകയും ചെയ്യുമെന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെയായിരിക്കാം പ്രവാചകന്‍(സ)യും ചിലപ്പോഴെല്ലാം ചോദ്യങ്ങളുടെ മുഖവുരയോടെയാണ് ചില വിഷയങ്ങള്‍ ഉണര്‍ത്തിയിരുന്നതെന്ന് കാണാം. അതിനൊരു ഉദാഹരണം നമുക്ക് നോക്കാം. പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലയോ മുആദ്, അല്ലാഹുവിന് തന്റെ അടിമകളുടെ മേലുള്ള അവകാശമെന്താണെന്ന് അറിയുമോ? അടിമകള്‍ക്ക് അല്ലാഹുവിന്റെ മേലുള്ള അവകാശമെന്താണ്? ഇത്തരത്തിലുള്ള ചോദ്യം കേള്‍ക്കുന്നയാള്‍ വളരെ ശ്രദ്ധയോടെ അതിനായി ഉറ്റുനോക്കും. അപ്രകാരം ‘വന്‍പാപങ്ങളില്‍ ഏറ്റവും വലിയ വന്‍പാപത്തെ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ?’ എന്ന് നബി(സ) ചോദിക്കുമ്പോള്‍ സഹാബികള്‍ വളരെ ശ്രദ്ധയോടെ അതിന്റെ മറുപടിക്കായി കാതോര്‍ക്കും. ഇത്തരത്തിലുള്ള നിരവധി പ്രയോഗങ്ങള്‍ പ്രവാചകന്‍(സ) വാക്കുകളില്‍ നമുക്ക് കാണാന്‍ സാധിക്കും. തന്റെ കുരുവി ചത്തതില്‍ ദുഖിച്ച് ഒറ്റക്കിരിക്കുന്നു കുട്ടിയുടെ അടുത്ത് നബി(സ) സ്വീകരിച്ചതും ചോദ്യത്തിന്റെ ശൈലി തന്നെയായിരുന്നു. അവന്റെ ഉള്ളിലുള്ള ദുഖം തുറന്നു പറയുന്നതിനായി നബി(സ) ചോദിച്ചു: അബാ ഉമൈര്‍, കുരുവി എന്താണ് ചെയ്തത്?

ചോദ്യത്തെ അല്ലാഹു അറിവ് നേടാനുള്ള ഒരു മാര്‍ഗമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അറിവുള്ളവരോട് നിങ്ങള്‍ ചോദിക്കുക.’ മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ ഒരു കുട്ടി ഒരു ദിവസം ശരാശരി 300 ചോദ്യം ചോദിക്കുമെന്നാണ് പഠനങ്ങളും ഗവേഷണങ്ങളും അഭിപ്രായപ്പെടുന്നത്. ഇത്രയധികം ചോദ്യങ്ങള്‍ മാതാപിതാക്കളെ പഠിക്കാനും തങ്ങളുടെ വിവരം വളര്‍ത്താനും പ്രേരിപ്പിക്കും. ഇത്രയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അതാവശ്യമായി വരുന്നു. ഈ ഘട്ടത്തില്‍ ഒരു കുട്ടി സംസാരത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ‘എന്തുകൊണ്ട്’ എന്നതായിരിക്കും. കാരണം അവര്‍ ജീവിതം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. ചോദ്യങ്ങളുടെ കാര്യത്തില്‍ ചില മാതാപിതാക്കള്‍ രണ്ട് ഗുരുതരമായ തെറ്റാണ് പലപ്പോഴും ചെയ്യാറുള്ളത്. ചോദ്യങ്ങള്‍ അധികരിക്കുമ്പോള്‍ കുട്ടിയെ നിശബ്ദനാക്കലാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കലാണ്. ചോദ്യത്തിനും ഉത്തരത്തിനുമുള്ള ശേഷി നാം ആര്‍ജ്ജിച്ചെടുക്കേണ്ട ഗുണം തന്നെയാണ്. ഇബ്‌നു അബ്ബാസ്(റ)നോട് അദ്ദേഹത്തിന്റെ വിജ്ഞാനത്തെ കുറിച്ച്, അതെവിടെ നിന്ന് നേടി എന്ന് ചോദിച്ചപ്പോള്‍ ‘ചോദിക്കുന്ന നാവും മനസ്സിലാക്കുന്ന ഹൃദയവും’ എന്ന മറുപടിയായിരുന്നു അതിനദ്ദേഹം നല്‍കിയത്.

മൊഴിമാറ്റം: നസീഫ്‌

Related Articles