Current Date

Search
Close this search box.
Search
Close this search box.

ഇതാണ് മക്കളെ കൊല്ലുന്ന സ്‌നേഹം

father2.jpg

കാമുകിയോടുള്ള കടുത്ത പ്രണയമാണ് യുവാവിനെ കൊന്നതെന്ന് പലപ്പോഴും കവികളൊക്കെ പ്രയോഗിക്കാറുള്ള ഒന്നാണ്. എന്നാല്‍ കവി ഭാവനയില്‍ മാത്രം പരിമിതപ്പെടുന്ന ഒന്നല്ല ഇത്. മക്കളെ വളര്‍ത്തുമ്പോള്‍ ആവശ്യത്തിലേറെ സ്‌നേഹം അവര്‍ക്ക് നല്‍കിയാല്‍ അതവരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്യും. ഒരു ദിവസം ഭര്‍ത്താവിനെ കുറിച്ച ആവലാതിയുമായി ഒരു സ്ത്രീ എന്റെയടുക്കലെത്തി. അദ്ദേഹത്തിന്റെ ആവശ്യത്തിന് അപ്പപ്പോള്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന അട്ടഹാസത്തെയും ആധിപത്യമനോഭാവത്തെയും ധിക്കാരപരമായെ പെരുമാറ്റത്തെയും കുറിച്ചാണ് അവര്‍ ആവലാതിപ്പെടുന്നത്. അതിന്റെ കാരണങ്ങളെ കുറിച്ച് ഞാനന്വേഷിപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച ഒരു കാര്യം തന്റെ ഉമ്മയുടെ ഏക ആണ്‍കുട്ടിയാണ് അദ്ദേഹമെന്നതാണ്. അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍ അയാളുടെ ഒരാവശ്യവും നിരാകരിക്കപ്പെട്ടിട്ടില്ല. ഉമ്മയുടെ അമിത സ്‌നേഹം അയാളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും തകര്‍ക്കുകയായിരുന്നു. സ്‌നേഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഇടയില്‍ ഒരു സംന്തുലിതത്വം പാലിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഇന്നവരുടെ പെരുമാറ്റം ഇത്തരത്തില്‍ നരകതുല്യമാവില്ലായിരുന്നു.

കര്‍ശനമായ നിലപാടു സ്വീകരിക്കുന്നത് സ്‌നേഹത്തിന് വിരുദ്ധമാണെന്ന് മിക്ക മാതാപിതാക്കളെയും പോലെ അവരും കരുതി. എന്നാല്‍ കര്‍ശന നിലപാട് സ്വീകരിക്കല്‍ സ്‌നേഹത്തിന്റെ ഭാഗമാണെന്നതാണ് വസ്തുത. സന്താന പരിപാലനത്തില്‍ വളരെ ആവശ്യമായ ഒന്നായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. എന്റെ തന്നെ അനുഭവങ്ങളുടെയും എന്റെ മുന്നിലെത്തിയ കേസുകളുടെയും കഥകളുടെയും അടിസ്ഥാനത്തില്‍ ഒരാളെ നശിപ്പിക്കുന്ന ആറ് തരത്തിലുള്ള സ്‌നേഹത്തെ കുറിച്ചാണ് ഈ ലേഖനം.

1. നിരന്തരമായ ഭയം: മക്കളുടെ കാര്യത്തിലുള്ള അങ്ങേയറ്റത്തെ ഭയം പലപ്പോഴും അവരുടെ വ്യക്തിത്വത്തെ തകര്‍ക്കുകയും തുടച്ചു നീക്കുകയും ചെയ്യുന്ന മാനസികമായ ആശങ്കയിലെത്തുന്നു. ബാറ്ററിയില്‍ ഓടുന്ന ഒരു ഉപകരണമാക്കി മക്കളെയത് മാറ്റുകയാണ് ചെയ്യുക. ഇരുട്ട്, പ്രാണികള്‍, കൂട്ടുകാര്‍, ടെക്‌നോളജി ഇങ്ങനെ പലതുമാകാം ഭയത്തിന്റെ കാരണങ്ങള്‍. കാരണം എന്തു തന്നെയാണെങ്കിലും മാതാവിനും പിതാവിനും തന്റെ കാര്യത്തിലുള്ള അമിതമായ ഭയം കാരണം അവന്‍ ബുദ്ധിയെയും ബോധത്തെയും മാറ്റിവെക്കുന്നു.

2. അഭിപ്രായങ്ങളെല്ലാം സ്വീകരിക്കല്‍: മക്കള്‍ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഒരു കാര്യം പറയുമ്പോള്‍ അതിനെതിരെ സമ്മര്‍ദം ചെലുത്താന്‍ ഭയക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ഉദാഹരണത്തിന് കുട്ടി ആവശ്യപ്പെടുന്നു തനിക്ക് ഒരു ക്ലബില്‍ അംഗ്വതം നേടണമെന്ന്. ആവശ്യം നിരാകരിച്ചാല്‍ അവന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അത് ബാധിക്കുമോ എന്ന ഭയത്താല്‍ രക്ഷിതാക്കള്‍ അതിന് വഴങ്ങുന്നു. ഇതിലൂടെ കുട്ടി തന്നെ സ്വയം രക്ഷിതാവും നിയന്ത്രിക്കുന്നവനുമായി മാറുകയാണ് ചെയ്യുന്നത്. രക്ഷിതാക്കള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവരായി മാറുന്നു. ആത്മവഞ്ചനയിലും അഹങ്കാരത്തിലും അകപ്പെടുന്ന അവര്‍ ആരുടെ അഭിപ്രായവും വിലവെക്കുകയില്ല, മാതാപിതാക്കളാണെങ്കില്‍ പോലും.

3. ആഹാരവും വസ്ത്രവും: വളര്‍ന്ന് വലുതായാലും മക്കള്‍ക്ക് നിരന്തരം വസ്ത്രം തെരെഞ്ഞടുത്തു കൊടുക്കുന്നവരാണ് മിക്ക മാതാപിതാക്കളും. മക്കള്‍ക്ക് എത്രത്തോളം ഭക്ഷണം നല്‍കുന്നുവോ അത്രത്തോളം സ്‌നേഹം പ്രകടിപ്പിക്കുന്നു എന്നാണ് ചിലര്‍ മനസ്സിലാക്കുന്നത്. തിന്നാന്‍ വേണ്ടി മാത്രം ജനിച്ചവനാണ് കുട്ടി എന്ന് തോന്നിപ്പിക്കും വിധമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് അവസ്ഥയിലും സ്വന്തം വസ്ത്രം തെരെഞ്ഞെടുക്കുന്നതില്‍ പോലും തീരുമാനമെടുക്കാന്‍ സാധിക്കാത്ത ദുര്‍ബലനായ ഒരു വ്യക്തിത്വമാക്കി അവനെ മാറ്റുകയാണ് ചെയ്യുന്നത്. സ്വന്തം ആവശ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയാത്തവനാക്കിയാണ് അവര്‍ വളര്‍ത്തപ്പെടുന്നത്. കാരണം നിരന്തരം അവന് ഭക്ഷണം കൊടുത്തുകൊണ്ടേയിരിക്കുകയാണ്. വ്യക്തിത്വത്തെ നശിപ്പിക്കുന്ന ഒരു സ്വഭാവമായിട്ടാണിതിനെ മനസ്സിലാക്കേണ്ടത്.

4. അമിത ലാളന: സ്‌നേഹത്തിന്റെ പേരിലാണെങ്കിലും തെറ്റായ നടപടികളാണ് കുട്ടികള്‍ക്ക് ആവശ്യത്തിലേറെ സമ്മാനങ്ങളും വസ്തുക്കളും വാങ്ങി നല്‍കുകയും അവര്‍ക്ക് വേണ്ടി ഗൃഹപാഠങ്ങള്‍ ചെയ്തു കൊടുക്കലും, ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പെട്ടന്ന് മാറ്റിക്കൊടുക്കലും. ഇത് കുട്ടികളില്‍ നാല് സ്വഭാവങ്ങള്‍ക്ക് കാരണമാകും. ഒന്ന്, അവന്‍ അതിമോഹിയായി മാറും. രണ്ട്, സ്വാര്‍ത്ഥനായി തീരും. മൂന്ന്, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കില്ല. നാല്, എപ്പോഴും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ യാതൊരുവിധ അധ്വാന പരിശ്രമങ്ങളും കൂടാതെ നേടണമെന്നായിരിക്കും അവന്‍ ആഗ്രഹിക്കുക.

5. വീട്ടില്‍ തളച്ചിടല്‍: മാതാപിതാക്കളുടെ ഭയം കാരണം പലപ്പോഴും അവര്‍ മക്കളെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാറുണ്ട്. പുറത്ത് പോയി മറ്റാരുടെയെങ്കിലും കൂടെ കളിക്കാന്‍ അവര്‍ക്കനുവാദമുണ്ടാകില്ല. പുറത്തെ കൂട്ടുകെട്ടുകള്‍ അവനെ ബാധിക്കുമെന്ന് അവര്‍ ഭയക്കുന്നു. കുട്ടിയുടെ വ്യക്തിത്വത്തെ തന്നെ തകര്‍ക്കുന്ന പേടിയാണിത്.

6. കുറവുകള്‍ നഷ്ടപരിഹാരത്തിലൂടെ നികത്തല്‍: ജോലിത്തിരക്കുകളോ, വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങളോ, നിരന്തര യാത്രകളോ കാരണമുണ്ടാകുന്ന കുറവ് മക്കള്‍ ചോദിക്കുന്നതെന്നും വാരിക്കോരി നല്‍കി പരിഹരിക്കുകയെന്നത് പല രക്ഷിതാക്കളിലുമുള്ള ശീലമാണ്. ഇത് മക്കളുടെ സ്വഭാവത്തെ ദുഷിപ്പിക്കുന്നതിന് കാരണമായി മാറും.

നശിപ്പിക്കുന്ന തരത്തിലുള്ള ആറ് ഇനം സ്‌നേഹത്തിന്റെ അവസ്ഥകളെ കുറിച്ചാണ് നാം പറഞ്ഞത്. എന്നാല്‍ അവയെ പൂര്‍ണമായി അവഗണിക്കുന്നതും സന്താനപരിപാലനത്തില്‍ വരുത്തുന്ന വലിയ വീഴ്ച്ചയാണ്. സ്‌നേഹത്തിനും കര്‍ശന നിശ്ചയദാര്‍ഢ്യത്തിനും ഇടയില്‍ സന്തുലിതത്വം പാലിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വിശുദ്ദ ഖുര്‍ആന്‍ ‘ഖൗഫ്’ (ഭയം) എന്നത് 124 തവണ ഉപയോഗിച്ചിട്ടുണ്ട്. അതിന് ഏഴ് അര്‍ഥങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചു തന്നിട്ടുള്ളത്. മക്കളുടെ ദൗര്‍ബല്യം കാരണം അവരുടെ കാര്യത്തില്‍ ഭയമുണ്ടാവുക എന്നത് സ്വാഭാവികമാണ്. മക്കളുടെ കാര്യത്തിലുള്ള ഭയത്തെ കുറിച്ച് മൂസാ നബിയുടെ മാതാവിലൂടെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ‘നാം മൂസായുടെ മാതാവിനു വെളിപാട് നല്‍കി: `കുഞ്ഞിനെ മുലയൂട്ടിക്കൊള്ളുക അവന്റെ കാര്യത്തില്‍ ഭയമുണ്ടായാല്‍ അവനെ പുഴയിലെറിഞ്ഞേക്കുക. ഒന്നും ഭയപ്പെടേണ്ടതില്ല; ദുഃഖിക്കേണ്ടതുമില്ല. നാം അവനെ നിന്റെയടുക്കലേക്കുതന്നെ തിരിച്ചെത്തിക്കുന്നതാകുന്നു.’ (അല്‍-ഖസസ്: 7) രണ്ടു തവണ ഈ സൂക്തത്തില്‍ ഭയത്തെ കുറിച്ച് പറയുന്നു. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഭയമുണ്ടാവുകയെന്നത് സ്വാഭാവികമാണെന്ന് ‘അവന്റെ കാര്യത്തില്‍ ഭയമുണ്ടായാല്‍’ എന്നത് വ്യക്തമാക്കുന്നു. എങ്ങനെയാണ് ആ ഭയത്തെ കൈകാര്യം ചെയ്യേണ്ടതെന്നാണ് പിന്നെ വ്യക്തമാക്കി തരുന്നു. മുലകുടി പ്രായത്തിലുള്ള കുട്ടിയുടെ കാര്യത്തില്‍ ഭയപ്പെടുന്ന മൂസാ നബിയുടെ മാതാവ് സുരക്ഷിതമായ ഒരിടത്തോ കുടുംബത്തിലെ ആരുടെയെങ്കിലും പക്കലോ രഹസ്യമാക്കി വെക്കാനാണ് സ്വാഭാവികമായും ശ്രമിച്ചേക്കുക. എന്നാല്‍ അല്ലാഹു കല്‍പിക്കുന്നത് തികച്ചും അപ്രതീക്ഷിതമായ ഒന്നാണ്. പുഴയില്‍ ഒഴുക്കാനാണ് അല്ലാഹുവിന്റെ കല്‍പന. അതിലൂടെ നമ്മെ അല്ലാഹു ഒരു പാഠം പഠിപ്പിക്കുന്നുണ്ട്. സന്താനപരിപാലനത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ നാം പിന്തുടരുന്നിടത്തോളം കാലം മൂസാ നബിയെ സംരക്ഷിച്ച പോലെ നമ്മുടെ മക്കളെയും അല്ലാഹു സംരക്ഷിച്ചു കൊള്ളും. മുലകുടി പ്രായത്തില്‍ നദിയില്‍ മുങ്ങിപ്പോകാതെ അദ്ദേഹത്തെ സംരക്ഷിച്ച അല്ലാഹു ഫിര്‍ഔനും സൈന്യവും പിടികൂടാനായി പിന്തുടര്‍ന്നപ്പോഴും കടലില്‍ മുങ്ങാതെ കാത്തുസംരക്ഷിച്ചു.

മൊഴിമാറ്റം : നസീഫ്‌

Related Articles