Current Date

Search
Close this search box.
Search
Close this search box.

അവര്‍ സ്വന്തത്തെ കുറിച്ച് മതിപ്പുള്ളവരായി വളരട്ടെ

girl1.jpg

ആന്റണി ഡി മെല്ലോ തന്റെ ‘Awareness’ എന്ന പുസ്തകത്തില്‍ ചിന്തോദ്ദീപകമായൊരു കഥ പറയുന്നുണ്ട്. ഒരിക്കല്‍ പരുന്തിന്റെ മുട്ട ലഭിച്ച ഒരാളത് കോഴിയുടെ കൂട്ടില്‍ വെച്ചു. നാളുകള്‍ക്ക് ശേഷം വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം പരുന്തിന്റെ മുട്ടയും വിരിഞ്ഞു. കോഴിക്കുഞ്ഞുങ്ങള്‍ ചെയ്യുന്നത് പോലെയെല്ലാം ചെയ്ത് പരുന്തിന്‍ കുഞ്ഞും അവക്കൊപ്പം വളര്‍ന്നു. ചെറിയ പുഴുക്കള്‍ക്കും പ്രാണികള്‍ക്കുമായി അതും അവക്കൊപ്പം മണ്ണില്‍ ചിക്കിചികഞ്ഞു. തന്റെ ചിറക് വിടര്‍ത്ത് ഭൂമിയില്‍ നിന്ന് ഏതാനും ഇഞ്ച് മാത്രം ഉയര്‍ന്ന് പറക്കുന്നതിനെ കുറിച്ച് പോലും അത് ചിന്തിച്ചില്ല. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു, പരുന്ത് പിന്നെയും വളര്‍ന്നു. ഒരു ദിവസം തെളിഞ്ഞ ആകാശത്ത് വലിയ ചിറകുകള്‍ വിടര്‍ത്തി കാറ്റിനോട് മത്സരിച്ച് പറക്കുന്ന വലിയൊരു പക്ഷിയെ അത് കണ്ടു. അതിന്റെ മനോഹരമായ സ്വര്‍ണ നിറമുള്ള തൂവലുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. അത് ഉറക്കെ വിളിച്ചു ചോദിച്ചു: ഏതാണ് ആ പക്ഷി? ‘പരുന്താണത്, പക്ഷികളുടെ രാജാവ്. ആകാശത്താണതിന്റെ ജീവിതം, നമ്മള്‍ കോഴികള്‍ ഭൂമിയില്‍ കഴിയുന്നവരല്ലേ.’ അങ്ങനെ ആ പരുന്ത് ഒരു കോഴിയായി ജീവിച്ച് മരിച്ചുവെന്നാണ് കഥ.

സ്വന്തത്തെ കുറിച്ചും തന്റെ സാധ്യതകളെ കുറിച്ചും അറിയുകയെന്നതിന് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടായിരിക്കാം സ്വന്തത്തെ മറക്കുകയെന്നത് അല്ലാഹുവിനെ മറക്കുന്നവര്‍ക്കുള്ള ശിക്ഷയായി അല്ലാഹു നിശ്ചയിച്ചത്. ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കുന്നു: ‘അല്ലാഹുവിനെ ഭയപ്പെട്ടിരിക്കുവിന്‍. നിശ്ചയം, അല്ലാഹു നിങ്ങള്‍ ചെയ്യുന്ന സകല പ്രവൃത്തികളെ കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ വിസ്മരിച്ച ജനത്തെപ്പോലെ ആയിത്തീരരുത്. അപ്പോള്‍ അല്ലാഹു അവരെക്കുറിച്ചുതന്നെ അവരെ വിസ്മൃതരാക്കിക്കളഞ്ഞു. അവരാകുന്നു തെമ്മാടികള്‍.’ (59:19) സ്വന്തത്തെ കുറിച്ച പ്രാധാന്യവും സാധ്യതകളും തിരിച്ചറിയുമ്പോഴാണ് അതിന്റെ മഹത്വം നമുക്ക് ബോധ്യപ്പെടുക. അപ്പോള്‍ അമൂല്യമായ അതിനെ ചെറിയ അളവില്‍ പോലും മാലിന്യം പുരളാതെ നാം സൂക്ഷിക്കും. സ്വന്തത്തെ കുറിച്ചുള്ള ഈ ബോധം അവനെ സംരക്ഷിക്കുകയും ഉന്നതമായ കാര്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യും.

കുട്ടികളില്‍ സ്വന്തത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ജീവിതത്തില്‍ ഉന്നതമായ തലത്തിലെത്താന്‍ അതവരെ സഹായിക്കും. അതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1) ശരിയായ തീരുമാനം: ശരിയുടെ പാതയിലുള്ള ഒന്നാമത്തെ കാല്‍വെപ്പാണിത്. തീരുമാനങ്ങളെടുക്കാന്‍ മക്കളെ പഠിപ്പിക്കുന്നതിന് വലിയ പ്രധാന്യമാണുള്ളത്. തെരെഞ്ഞെടുപ്പിനുള്ള അവസരങ്ങള്‍ അവര്‍ക്ക് നല്‍കണം. കുടുംബത്തില്‍ ചില തീരുമാനങ്ങളൊക്കെ അവര്‍ക്കും വിട്ടുകൊടുക്കണം. പലപ്പോഴും അത് ശരിയായ തീരുമാനം ആയിരിക്കണമെന്നില്ല. എന്നാല്‍ അതിലൂടെ തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള പരിശീലനം അവര്‍ക്കത് നല്‍കും. ഇനി ശരിയില്‍ നിന്ന് വളരെയധികം വ്യതിചലിച്ച തീരുമാനം അവരില്‍ നിന്നുണ്ടാവുമെന്ന് ഭയപ്പെട്ടാല്‍ ചില ചോയ്‌സുകള്‍ അവര്‍ക്ക് നല്‍കണം. അവരുടെ തീരുമാങ്ങളില്‍ പങ്കാളിത്വം വഹിച്ച് അവര്‍ക്ക് മാതൃകയായി നാം മാറണം. നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ക്ക് സാക്ഷിയാവുന്ന അവര്‍ക്കും തീരുമാനമെടുക്കാനുള്ള അവസരങ്ങള്‍ നല്‍കാം.

2) വേദനിപ്പിക്കുന്ന വാക്കുകളോ പരിഹസിക്കുന്ന പരാമര്‍ശങ്ങളോ നടത്തി അവരിലുള്ള സ്വന്തത്തോടുള്ള ആദരവിനെ ഇല്ലാതാക്കരുത്. ജീവിതത്തിന്റെ പരുക്കന്‍ വശങ്ങള്‍ പഠിപ്പിക്കാനെന്ന ന്യായത്തില്‍ മോശമായ തരത്തില്‍ പെരുമാറി അവരുടെ മനുഷ്യത്വം തകര്‍ക്കരുത് എന്ന് മാത്രമല്ല, മറിച്ചാണ് വേണ്ടത്. വിശിഷ്ടവും ഉന്നതവുമായ വിശേഷണങ്ങള്‍ അവര്‍ക്ക് നല്‍കണം. ഉത്തരവാദിത്വങ്ങള്‍ വഹിക്കാന്‍ പ്രാപ്തരായ വ്യക്തികളെന്ന നിലക്കാണ് അവരോട് പെരുമാറേണ്ടത്. അതിലൂടെ അവരില്‍ ആത്മവിശ്വാസം വളര്‍ത്തണം. എന്നാല്‍ അതൊരിക്കലും പൊങ്ങച്ചത്തിന്റെയും അഹങ്കാരത്തിന്റെയും തലത്തിലേക്ക് എത്തുകയുമരുത്.

3) മറ്റുള്ളവരെ ആദരിക്കാന്‍ പഠിപ്പിക്കുക. സ്വന്തത്തെ ആദരിക്കുന്നതിലേക്കുള്ള മാര്‍ഗമാണത്. സ്വന്തത്തെ കുറിച്ചുള്ള ബോധം മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ച് മനുഷ്യനെ ബോധവാനാക്കും. അപ്പോള്‍ അവന്‍ അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി കയ്യേറുകയോ അതില്‍ നിന്ന് കവര്‍ന്നെടുക്കുകയോ ചെയ്യില്ല.

4) കളിക്കാന്‍ ആവശ്യമായ സമയം അവര്‍ക്ക് അനുവദിച്ച് നല്‍കുക. അവരുടെ മാത്രം സവിശേഷമായ ലോകത്ത് അവര്‍ ജീവിക്കുന്ന സമയമാണത്. അവരുടെ കളികളെയും കൂട്ടുകാരെയും അവര്‍ തെരെഞ്ഞെടുക്കട്ടെ. ചിലപ്പോള്‍ ഭാവനാ ലോകത്തുള്ള കൂട്ടുകാരും അവര്‍ക്കുണ്ടാകും. അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന വ്യത്യസ്തമായ ലോകത്തേക്ക് പോവുകയാണവര്‍.

5) അവരുടെ സൃഷ്ടിപ്പിന്റെ മഹത്വത്തിലേക്ക് അവരെ കൂട്ടി കൊണ്ടുപോവുക. ‘സുബ്ഹാനല്ലാഹ്! നിനക്കാരാണ് ഈ പുതിയ ചിന്ത നല്‍കിയത്’, ‘ഈ വാക്കുകള്‍ കുറിച്ച വിരലകുളെ അല്ലാഹു കാത്തു സംരക്ഷിക്കട്ടെ’, ‘അല്ലാഹു സൃഷ്ടിച്ച സുന്ദരമായ ഈ കണ്ണുകളെ ഞാനൊന്ന് കാണട്ടെ’ തുടങ്ങിയ തരത്തിലുള്ള വാക്കുകള്‍ ഇടക്കിടെ ആവര്‍ത്തിക്കുക. അവരുടെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളെ കുറിച്ച് അവരോട് അവരോട് സംസാരിക്കുക. മനുഷ്യനിലെ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തെ കുറിച്ചുള്ള സംസാരത്തിന് ശാസ്ത്ര പാഠങ്ങള്‍ ആമുഖമായി സ്വീകരിക്കാവുന്നതാണ്. ഈ അനുഗ്രഹങ്ങളെ ദോഷകരമായി ബാധിക്കുന്ന എല്ലാറ്റില്‍ നിന്നും അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് അവര്‍ക്ക് മനസ്സിലാകണം.

6) അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും കുറ്റപ്പെടുത്ത ശീലം ഉപേക്ഷിക്കേണ്ടതാണ്. പ്രത്യേകിച്ചും അത് മറ്റുള്ളവരുടെ മുന്നില്‍ വെച്ചുള്ള കുറ്റപ്പെടുത്തല്‍. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അവരുടെ വീഴ്ച്ചകളെ കുറിച്ച് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് സംസാരിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നത്. പിന്നീട് അവരുടെ മുന്നിലെത്തുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും അവരെയത് പിന്തിരിപ്പിക്കും.

7) ചെറിയ കുട്ടികളുടെ അടുത്ത് നിന്നും തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അവനെ കുറ്റപ്പെടുത്തുന്നതിന് പകരം ആ തെറ്റിനെയാണ് വിമര്‍ശിക്കേണ്ടത്. ഉദാഹരണത്തിന്, ‘നീ ചീത്ത കുട്ടിയാണ്, നീയിത് ചെയ്തല്ലോ’ എന്ന് പറയുന്നതിന് പകരം ‘നീ ചെയ്ത ഇക്കാര്യം മോശമാണ്, അത് തിരുത്തേണ്ടതുണ്ട്’ എന്നാണ് പറയേണ്ടത്.

8) ഒരു തെറ്റിന്റെ പേരില്‍ ശിക്ഷിക്കുകയാണെങ്കില്‍ – അത് വീട്ടിലാണെങ്കിലും സ്‌കൂളിലാണെങ്കിലും – എന്ത് തെറ്റിന്റെ പേരിലാണ് അതെന്ന് കുട്ടിയെ ബോധ്യപ്പെടുത്തണം. അവനെ നന്മക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണതെന്ന് അവര്‍ക്ക് ബോധ്യമാവേണ്ടതുണ്ട്. ഒരു തെറ്റ് സംഭവിച്ചതോടെ തന്റെ ലോകം അവിടെ അവസാനിച്ചു എന്ന തോന്നല്‍ അവരിലുണ്ടാവരുത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അത് ആവര്‍ത്തിക്കാതിരിക്കുകയാണ് വേണ്ടത്. തെറ്റ് ചെയ്താല്‍ ശിക്ഷിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിന്റെ പേരില്‍ പ്രശംസിക്കാനും പ്രോത്സാഹനം നല്‍കാനും മറക്കുകയും അരുത്.

മൊഴിമാറ്റം : നസീഫ്‌

Related Articles