Current Date

Search
Close this search box.
Search
Close this search box.

അധ്യാപകര്‍ക്ക് കുട്ടികളെ അടിക്കാമോ?

beat.jpg

നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുക, നിഷിദ്ധകാര്യങ്ങള്‍ ഉപേക്ഷിക്കുക, ഉത്തമമായ ശിക്ഷണം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി കുട്ടികളെ അടിക്കല്‍ അനുവദനീയമാണെന്നാണ് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി ഫുഖഹാക്കളുടെ അഭിപ്രായം. ‘നിങ്ങളെല്ലാം ഉത്തരവാദിത്തമുള്ളവരാണ്, ഉത്തരവാദിത്വത്തെ പറ്റി നിങ്ങളോരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്’ എന്ന പ്രവാചക വചനമാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. പ്രജകളുടെ കാര്യം ഏല്‍പിക്കപ്പെട്ട ഓരോ അടിമയോടും- ആ ബാധ്യത എത്ര ചെറുതാകട്ടെ വലുതാക്കട്ടെ- തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തെ പറ്റി അല്ലാഹു പരലോകത്ത് ചോദ്യം ചെയ്യുന്നതാണ്. തന്റെ വീട്ടുകാരുടെ കാര്യത്തില്‍ പ്രത്യേകം ചോദ്യം ചെയ്യപ്പെടും. എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു.

മുകളില്‍ പ്രസ്താവിച്ച രണ്ട് ഹദീസുകളും രക്ഷിതാവും അധ്യാപകരുമടങ്ങുന്ന അടിമകളുടെ മേല്‍ അല്ലാഹു ചുമതലപ്പെടുത്തിയിട്ടുള്ള വലിയ ഉത്തരവാദിത്വത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. ശിക്ഷണത്തിനും സംസ്‌കരണത്തിനും ബാധ്യതയുള്ള രക്ഷാകര്‍ത്താക്കള്‍ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കണമെന്നാണ് ഇതിന്റെ താല്‍പര്യം.
പ്രവാചകന്‍ പഠിപ്പിച്ചു: ‘ഏഴു വയസ്സായാല്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ നിസ്‌കാരം കൊണ്ട് കല്പിക്കണമെന്നും പത്തു വയസായാല്‍ അതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ അടിക്കുകയും ചെയ്യുക’
അധ്യാപകന് തന്റെ വിദ്യാര്‍ഥികളെ അടിക്കാം എന്നതിന് ഈ ഹദീസ് തെളിവാണ്. ചെറുപ്രായത്തില്‍ കുട്ടിയുടെ കൈകാര്യകര്‍തൃത്വം ഏറ്റെടുത്ത പിതാവ്, പിതാവ് ഏല്‍പിക്കപ്പെട്ടവര്‍, അധ്യാപകന്‍…തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ അനിവാര്യമായ ഘട്ടത്തില്‍ അവരെ അടിക്കാവുന്നതാണ്.
പഠന ആവശ്യാര്‍ഥവും ഉത്തരവാദിത്തനിര്‍വഹണവും ലക്ഷ്യം വെച്ചുകൊണ്ട് കുട്ടികളെ അടിക്കാമോ എന്ന ചോദ്യത്തിന് ശൈഖ് ഇബ്‌നു ബാസ് ഇപ്രകാരം പ്രതികരിച്ചു: ‘പ്രസ്തുത ലക്ഷ്യങ്ങള്‍ക്കായി കുട്ടികളെ അടിക്കുന്നതില്‍ കുഴപ്പമില്ല. അധ്യാപകര്‍, രക്ഷിതാവ് തുടങ്ങിയവര്‍ കുട്ടികളെ നിരീക്ഷിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഉല്‍കൃഷ്ട ഗുണങ്ങള്‍ പതിവാക്കുന്നതു വരെ അതില്‍ വീഴ്ച വരുത്തുമ്പോള്‍ ആവശ്യമായ ശിക്ഷണനടപടികള്‍  സ്വീകരിക്കേണ്ടതാണ്. പ്രവാചകന്‍(സ) പറഞ്ഞു: ഏഴ് വയസ്സായാല്‍ നിങ്ങള്‍ നിങ്ങളുടെ മക്കളോട് നമസ്‌കാരത്തിനായി കല്‍പിക്കുക, പത്ത് വയസ്സായാല്‍ അതിന്റെ പേരില്‍ അവരെ അടിക്കുക’. നമസ്‌കാരം പോലെ തന്നെ പഠനത്തിലും മറ്റു വീട്ടുകാര്യങ്ങളിലും വീഴ്ചവരുത്തുമ്പോള്‍ ലക്ഷ്യസാധൂകരണത്തിനായി ഇത്തരം ലഘുവായ ശിക്ഷണ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ശൈഖ് മുഹമ്മദ് ഖുതുബ് വിവരിക്കുന്നു: ‘ മനുഷ്യര്‍ക്ക് പൊതുവിലും കുട്ടികള്‍ക്ക് പ്രത്യേകിച്ചും ശിക്ഷ നല്‍കിക്കൊണ്ടുള്ള ശിക്ഷണ രീതി സ്വാഭാവികമായ ഒന്നാണ്. എന്നാല്‍ അതിന്റെ പേരില്‍ കുട്ടികളോടോ അധ്യാപകനോടോ ഉളള ദയാപരമായ സമീപനം നിഷേധിക്കാന്‍ പാടില്ല. ശിക്ഷാ നടപടികള്‍ തടയപ്പെടുകയും ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് വളര്‍ത്തപ്പെടുന്ന തലമുറ ജീവിതത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരും ഗൗരവമില്ലാത്തവരുമായിരിക്കും. തത്വങ്ങള്‍ എത്രതന്നെ ആകര്‍ഷകരവും തിളക്കവുമുള്ളതാണെങ്കില്‍ പോലും അവ അനുധാവനം ചെയ്യല്‍ വളരെ പ്രധാനമാണ്. കുട്ടികളോടുള്ള യഥാര്‍ഥ ദയാപ്രകടനം എന്നു പറയുന്നത് അവരുടെ ഭാവിയിലെ നേട്ടങ്ങളും വിജയവും പരിഗണിച്ചുകൊണ്ടായിരിക്കണം; അല്ലാതെ ഭാവിയെ തകര്‍ക്കുന്ന രീതിയിലായിരിക്കരുത’്.

കുട്ടികളെ ശിക്ഷണത്തിനുള്ള നിബന്ധനകള്‍
കുട്ടികളുടെ ശിക്ഷണ മാര്‍ഗങ്ങളില്‍ പ്രധാനമായ ഒരു ആയുധമാണ് അടി. പക്ഷെ, അവന്റെ സംസ്‌കരണവും പഠനവും ലക്ഷ്യം വെച്ച്‌കൊണ്ടായിരിക്കണമത്. അല്ലാതെ അവനെ ഉപദ്രവമേല്‍പിക്കലോ പ്രതികാരമോ ലക്ഷ്യമാകരുത്. കുട്ടികളെ അടിക്കുമ്പോള്‍ പാലിക്കേണ്ട പ്രധാന മര്യാദകള്‍.

1. വിദ്യാര്‍ഥിയില്‍ വല്ല വീഴ്ചയും പ്രകടമാകുമ്പോള്‍ ആദ്യമായി അധ്യാപകന്‍ അവനെ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക, പിന്നീട് ഗുണകാംക്ഷയോടെ ഉപദേശിക്കുക, എന്നിട്ടും ഫലമില്ലെങ്കില്‍ ശിക്ഷ നല്‍കും എന്ന രീതിയിലുള്ള താക്കീതുകള്‍ നല്‍കുക. സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങള്‍ നടത്തരുത്. ഇതൊന്നും ഫലിച്ചില്ലെങ്കില്‍ ആണ് ആവശ്യമായ രീതിയില്‍ അടിക്കുക എന്ന രീതി അവലംബിക്കേണ്ടത്.

ഹാറൂന്‍ റഷീദ് തന്റെ മകന്‍ മുഹമ്മദ് അമീന്റെ ഗുരുവിന് നല്‍കിയ ഉപദേശം ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ വിവരിക്കുന്നുണ്ട്: ‘നീ അവന്റെയരികില്‍ ചിലവഴിക്കുന്ന സമയമത്രയും അവന് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. അവന്റെ ധിഷണയെ മരവിപ്പിക്കാതിരിക്കാനും  വ്യസനിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. സഹിഷ്ണുതയോടെ സമീപിക്കരുത്; അത് അവന്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ഒരു ജനതയോട് എത്രത്തോളം അനുകമ്പയിലും ദയയോടും പെരുമാറുന്നുവോ അവരുടെ അനുസരണക്കേട് അത്രത്തോളം കാഠിന്യമേറിയതായിരിക്കും’.

2. കുട്ടിയുടെ ബുദ്ധി വളര്‍ച്ച പരിഗണിച്ചായിരിക്കണം ശിക്ഷിക്കേണ്ടത്. അടിക്കുന്ന സമയത്ത് അവന്റെ പ്രായവും തെറ്റിന്റെ അളവും പ്രത്യേകം പരിഗണിക്കണം.
‘അധ്യാപകന്‍ തന്റെ ശിഷ്യന്മാരെ അടിക്കേണ്ടതിന്റെ അളവിനെ കുറിച്ച് ഇമാം അഹ്മദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: അവരുടെ തെറ്റിന്റെ അളവ് പരിഗണിച്ചുകൊണ്ടായിരിക്കണം അവരെ അടിക്കേണ്ടത്.

3. ശിക്ഷിക്കുന്നത് മൂലം അവനില്‍ മാറ്റമുണ്ടാകും   എന്ന് അധ്യാപകന് ബോധ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് അത് നടപ്പിലാക്കേണ്ടത്. അല്ലെങ്കില്‍ അടിക്കല്‍ അനുവദനീയമല്ല.

4.അധ്യാപകന്‍ നേരിട്ടായിരിക്കണം ശിക്ഷണരീതി നടപ്പിലാക്കേണ്ടത്. അത് മറ്റുളള കുട്ടികളെ ഏല്‍പിക്കരുത്. അവരില്‍ വിദ്വേഷവും പകയും ഉടലെടുക്കാന്‍ അത് ഇടവരുത്തും.

5. കോപമുള്ള അവസ്ഥയില്‍ കുട്ടിയെ അടിക്കാതിരിക്കുക. കാരണം അത് തന്റെ ദേഷ്യത്തെ അടക്കിനിര്‍ത്താന്‍ സാധിച്ചേക്കുമെങ്കിലും സംസ്‌കരണം, മര്യാദ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിന് ഉപകരിക്കുകയില്ല.

6. അനുവദനീയമായ അളവിലും സ്ഥലങ്ങളിലുമാകുക. ലഘുവായ രീതിയിലായിരിക്കണം അടിക്കേണ്ടത്. ഇബ്‌നു ഖുദാമയുടെ അഭിപ്രായത്തില്‍ മൂന്ന് പ്രവശ്യത്തില്‍ കൂടുതല്‍ അടിക്കരുത.് അപ്രകാരം മുഖം, തല, നെഞ്ച്, വയര്‍, തുടങ്ങിയ സ്ഥലങ്ങളിലൊന്നും അടിക്കാന്‍ പാടില്ല. വേദനിപ്പിക്കുന്നതും എന്നാല്‍ അവയവങ്ങള്‍ക്കൊന്നും പരിക്കേല്‍ക്കാത്ത രീതിയിലുമായിരിക്കണം അടിക്കുന്നത്.

7. അധ്യാപകന് കുട്ടികളെ അടിക്കാനുള്ള അനുവാദം രക്ഷിതാവില്‍ നിന്ന് ലഭിക്കണം. അബൂ ഹനീഫ, മാലിക് തുടങ്ങിയ പണ്ഡിതന്മാരുടെ വീക്ഷണമിതാണ്.,കാരണം കുട്ടികളെ അടിക്കുക എന്നത് സംസ്‌കരണ മര്യാദ ഉദ്ദേശിച്ചുകൊണ്ടുള്ള ശിക്ഷയാണ്. യഥാര്‍ഥത്തില്‍ അതിനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണ്. മറ്റുള്ളവര്‍ക്ക് രക്ഷിതാവിന്റെ അനുവാദം വേണമെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാല്‍ കുട്ടികളെ മര്യാദ പഠിപ്പിക്കുമ്പോള്‍  രക്ഷിതാക്കളുടെ അനുവാദം ആവശ്യമെന്നതിന് പ്രത്യേകിച്ച് തെളിവുകളൊന്നുമില്ല. അതിനാല്‍ രക്ഷിതാക്കളുടെ അനുവാദം ആവശ്യമില്ല എന്ന അഭിപ്രായത്തിനാണ് പണ്ഡിതന്മാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles