Parenting

മക്കള്‍ സദാചാര ബോധമുള്ളവരാവാന്‍

മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും വഴി മക്കളുടെ കൈകളില്‍ എത്തുന്ന വീഡിയോ ക്ലിപ്പുകളെയും ചിത്രങ്ങളെയും കുറിച്ച് വളരെ വേദനയോടെ സംസാരിച്ച് ഒരാള്‍ എന്റെയടുത്ത് വന്നു. തീര്‍ത്തും അശ്ലീലമാണ് അവയില്‍ പലതും. മിക്കതും ലജ്ജയെ ഇല്ലാതാക്കുന്നതാണ്. കുട്ടികള്‍ കാണുന്ന ആനിമേഷന്‍ ചിത്രങ്ങളില്‍ പോലും നാമിന്ന് കാണുന്നത് കാമുകീ കാമുകന്‍മാര്‍ക്കിടയിലെ ചുംബനങ്ങളും വസ്ത്രമുരിയുന്നതും ആലിംഗനങ്ങളും സ്‌നേഹ പ്രകടനങ്ങളുമാണെന്ന് പറഞ്ഞു കൊണ്ട് അയാള്‍ തുടര്‍ന്നു: ‘എന്റെ ചെറിയ മകള്‍ ആവശ്യപ്പെടുന്നത് എല്ലാ ദിവസവും ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്നത് പോലെ അവളുടെ ചുണ്ടില്‍ ഞാന്‍ ഉമ്മ കൊടുക്കണമെന്നാണ്.’

ഞാന്‍ അയാളോട് പറഞ്ഞു: മക്കളെ സദാചാര ബോധമുള്ളവരായി വളര്‍ത്തല്‍ സന്താനപരിപാലന രംഗത്ത് ഇന്ന് രക്ഷിതാക്കളനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാല്‍ സദാചാരവും ലജ്ജയും പഠിപ്പിക്കേണ്ട രക്ഷിതാക്കള്‍ തന്നെ അത്തരത്തിലുള്ള തെറ്റുകള്‍ ചെയ്യുന്ന തലതിരിഞ്ഞ അവസ്ഥയാണ് ചിലപ്പോഴെല്ലാം കാണപ്പെടുന്നത്. ഞാന്‍ പറഞ്ഞതിനെ ശരിവെച്ചു കൊണ്ട് അയാള്‍ പറഞ്ഞു: ഒരു ബോയ്ഫ്രണ്ട് ഇല്ലാത്തതിന്റെ പേരില്‍ കൂട്ടുകാരികള്‍ കളിയാക്കാറുണ്ടെന്ന് എന്റെ മകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാര്‍ ക്ലാസ്സില്‍ കൊണ്ടുവരുന്ന അശ്ലീല ചിത്രങ്ങളെ കുറിച്ച് മകനും പറഞ്ഞിട്ടുണ്ട്. അതുമാത്രല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ചുംബനങ്ങള്‍ കൈമാറുക വരെ ചെയ്യുന്നു. ഇതിനൊക്കെ എന്ത് പരിഹാരമാണുള്ളത്?

കുട്ടികളെ സദാചാരത്തില്‍ ലജ്ജയുള്ളവരായി വളര്‍ത്തണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ട ഒന്നാമത്തെ കാര്യം സദാചാരത്തിന്റെ അര്‍ഥം എന്താണെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കലാണ്. സ്ത്രീ പുരുഷ ബന്ധത്തില്‍ അല്ലാഹു വിലക്കിയിട്ടുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ് സദാചാരം. രണ്ട് തരം വികാരങ്ങളാണ് അല്ലാഹു മനുഷ്യന് നല്‍കിയിരിക്കുന്നത്. ഒന്ന് അവന്റെ ആമാശയവുമായി ബന്ധപ്പെട്ടതാണ്. തിന്നാനും കുടിക്കാനുമുള്ള വികാരമാണത്. സന്താനപരമ്പര നിലനിര്‍ത്തുന്നതിന് വേണ്ടി സംവിധാനിച്ചിരിക്കുന്ന ലൈംഗിക വികാരമാണ് രണ്ടാമത്തേത്. ഒന്നാമത്തേത് ജീവിക്കാന്‍ വേണ്ടിയാണെങ്കില്‍ രണ്ടാമത്തേത് പരമ്പര നിലനിര്‍ത്താനാണ്.

സദാചാരത്തിലും ലജ്ജയിലും മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാവല്‍ വളരെ പ്രധാനമാണ്. മക്കളുടെ ചെവികളില്‍ സദാചാരവുമായി ബന്ധപ്പെട്ട പദങ്ങള്‍ (ഉദാ: ശരീരം മറക്കല്‍, നാണം, ലജ്ജ, മാനം) ഇടക്കിടെ കേട്ടുകൊണ്ടിരിക്കണം. ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സ്വഭാവികമായും സദാചാരത്തിന്റെ അര്‍ഥം അവര്‍ മനസ്സിലാക്കും. കുട്ടികള്‍ വലുതാകുമ്പോള്‍ കിടപ്പറയില്‍ നിന്ന് അവരെ മാറ്റിക്കിടത്തലാണാ മറ്റൊരു കാര്യം. അതോടൊപ്പം ബെഡ്‌റൂമിലേക്ക് കടന്നു വരുമ്പോള്‍ അനുവാദം ചോദിക്കാന്‍ അവരെ പഠിപ്പിക്കണം. ചാരിത്ര്യശുദ്ധിയുടെ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കലാണ് മറ്റൊരു കാര്യം. യൂസുഫ് നബിയുടെയും മര്‍യം ബീവിയുടെയുമെല്ലാം ചരിത്രങ്ങള്‍ അതിനുദാഹരങ്ങളാണ്. സഭ്യമല്ലാത്ത ഒരു സന്ദര്‍ഭമോ അല്ലെങ്കില്‍ അശ്ലീല ചിത്രമോ കണ്‍മുന്നില്‍ പെടുമ്പോള്‍ എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടതെന്ന് മക്കളെ നാം പഠിപ്പിക്കേണ്ടതുണ്ട്. ഒന്നുകില്‍ അതില്‍ നിന്ന് കണ്ണുതിരിക്കാം. അല്ലെങ്കില്‍ അവിടം വിട്ടുപോകാം. അതുമല്ലെങ്കില്‍ അത് പ്രദര്‍ശിപ്പിച്ച ആളോട് അത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ധീരമായി നമ്മുടെ നിലപാട് വ്യക്തമാക്കാം.

‘രണ്ട് താടകള്‍ക്കിടയിലുള്ള ഒന്നിന്റെയും, രണ്ട് തുടകള്‍ക്കിടയിലുള്ള ഒന്നിന്റെയും കാര്യത്തില്‍ എനിക്ക് ഉറപ്പു തരുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പു തരാം.’ എന്ന പ്രവാചക വചനം മക്കളെ ഓര്‍മപ്പെടുത്തണം. നാവിന്റെയും ലൈംഗികാവയവത്തിന്റെയും നിയന്ത്രണം ആത്മനിയന്ത്രണം ആവശ്യമുള്ള ശ്രമകരമായ പ്രവര്‍ത്തനമാണ്. കാരണം മനുഷ്യന്റെ വികാരവുമായിട്ടാണ് അവ രണ്ടും ബന്ധപ്പെട്ടു കിടക്കുന്നത്.

സമൂഹത്തിന്റെ സദാചാരവും ധാര്‍മികതയും സംരക്ഷിക്കുന്നതിന് ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ എന്നെ വളരെയേറെ ആകര്‍ഷിച്ച ഒന്നാണ് അനറ്റോളിയയിലെ വിവാഹ നിയമം. വിവിധ ഖണ്ഡികകളുള്ള അതിലെ ചില ഖണ്ഡികകള്‍ എടുത്തുപറയേണ്ടതാണെന്ന് തോന്നുന്നു. നിര്‍ബന്ധിത വിവാഹത്തെ കുറിച്ച് വിവരിക്കുന്ന ഒന്നാം വകുപ്പില്‍ യുവാക്കളുടെ വിവാഹ പ്രായം 18നും 25നും ഇടക്കാണെന്ന് വ്യക്തമാക്കുന്നു. 25 വയസ്സായിട്ടും വിവാഹം കഴിക്കാത്ത യുവാവിന് വിവാഹിതനാകുന്നത് വരെ സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കാനാവില്ലെന്നാണ് നിയമത്തിന്റെ ആറാം ഖണ്ഡിക അനുശാസിക്കുന്നത്. 25 വയസ്സായിട്ടും ന്യായമായ കാരണമൊന്നുമില്ലാതെ വിവാഹം കഴിക്കാത്തവരുടെ വരുമാനത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് കാര്‍ഷിക ബാങ്കില്‍ അടക്കണമെന്നാണ് നാലാം ഖണ്ഡികയില്‍ പറയുന്നത്. വിവാഹ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത ദരിദ്രരായ ആളുകളുടെ വിവാഹത്തിന് വേണ്ടിയാണ് ആ പണം നീക്കിവെക്കുന്നത്. വിവാഹിതനായ ഒരാള്‍ ദീര്‍ഘയാത്രയില്‍ ഭാര്യയെ കൂടെ കൂട്ടാന്‍ സാധിക്കാതെ വരികയാണെങ്കില്‍ യാത്രക്കിടയില്‍ രണ്ടാമതൊരു വിവാഹം ചെയ്യാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നാണ് നിയമത്തിന്റെ അഞ്ചാം ഖണ്ഡിക വ്യക്തമാക്കുന്നത്. പ്രസ്തുത നിയമത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. മുസ്തഫ കമാലിന്റെ കാലത്ത് സമൂഹത്തിന്റെ ധാര്‍മിക സുരക്ഷക്കും യുവാക്കള്‍ വഴിപിഴക്കാതിരിക്കുന്നതിനും വിവാഹം എളുപ്പമാക്കുന്നതിനും സ്വീകരിച്ചിരുന്ന നിയമത്തിന്റെ ചില വശങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സദാചാരവും ചാരിത്ര്യവും ഒരു സാമൂഹ്യ വിഷയമാണ്. അതുറപ്പാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ വീട്ടിലും സ്‌കൂളിലും സമൂഹത്തിലും ഉണ്ടാവേണ്ടതുണ്ട്. ഒരു കാര്യം തെറ്റാണെന്നോ നിഷിദ്ധമാണെന്നോ യുവാക്കളോട് പറയുന്നത് കൊണ്ട് മാത്രം അത് പൂര്‍ത്തിയാവുന്നില്ല. സമ്പൂര്‍ണമായ സന്താന പരിപാലന വ്യവസ്ഥയിലൂടെ മാത്രമേ സദാചാര തകര്‍ച്ചയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനാവൂ.

വിവ: നസീഫ്

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close