Parenting

മക്കള്‍ കാര്യപ്രാപ്തി ഉള്ളവരാവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്

‘എന്റെ മകന്‍ അങ്ങേയറ്റെ മടിയനാണ്. എന്തെങ്കിലും കാര്യം ചെയ്യണമെങ്കില്‍ ഞാന്‍ പുറകെ തന്നെയുണ്ടാവണം. ഇങ്ങനെ ഓരോ കാര്യവും അവന്റെ പുറകെ കൂടി നിര്‍ബന്ധിച്ച് ഞാന്‍ മടുത്തു. ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത്.’ ഒരു രക്ഷിതാവിന്റെ മകനെ കുറിച്ചുള്ള ആവലാതിയാണിത്. ഞാനയാളോട് പറഞ്ഞു: ഒരു കുട്ടിയെ എന്താണോ നിങ്ങള്‍ ശീലിപ്പിക്കുന്നത് അതാണ് അവന്റെ ശീലമായി മാറുന്നത്? എപ്പോഴും അവന്റെ പുറകെ നിന്ന് കാര്യങ്ങള്‍ ചെയ്യിക്കുന്നത് നിങ്ങള്‍ പതിവാക്കുമ്പോള്‍ നിങ്ങളുടെ മേല്‍നോട്ടവും ശ്രദ്ധയുമില്ലെങ്കില്‍ അത് ചെയ്യേണ്ടതില്ലെന്ന് പാഠമാണ് അവന്‍ പഠിക്കുന്നത്. അതിലൂടെ ഉത്തരവാദിത്വ ബോധം അവന് നഷ്ടമാകുന്നു. മറ്റുള്ളവരെ ആശ്രയിച്ച് കാര്യങ്ങള്‍ നടപ്പാക്കാനാണ് അവന്‍ ശ്രമിക്കുക. അയാള്‍ പറഞ്ഞു: ഇതു തന്നെയാണ് എന്റെ മകന്റെ പ്രശ്‌നം.

ഞാന്‍ പറഞ്ഞു: നിങ്ങളുടെ മകന്റെ അലസത കളഞ്ഞ് കാര്യപ്രാപ്തി കൈവരിക്കാന്‍ സഹായകമാകുന്ന 12 പ്രായോഗിക കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം. കാരണം ഇപ്പോഴത്തെ അവസ്ഥ തുടരുന്നത് നിങ്ങളുടെ മകന്റെ ഭാവി ജീവിതത്തെയാണ് തകര്‍ക്കുക. യാതൊരു ഉത്തരവാദിത്വവും വഹിക്കാതെ എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കുന്ന ഭര്‍ത്താവിനെ കുറിച്ച് പരാതിയുമായെത്തിയ ഭാര്യയെ എനിക്കറിയാം. അവള്‍ നൂറുതവണയെങ്കിലും ആവശ്യപ്പെട്ടാലല്ലാതെ ഒരു കാര്യം അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കാനാവില്ല. അതിനെ കുറിച്ചുള്ള അപഗ്രഥനത്തില്‍ നിന്ന് ബോധ്യമായത് അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ഉമ്മ നൂറു തവണയെങ്കിലും പറഞ്ഞ് പുറകെ കൂടിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാറുണ്ടായിരുന്നു എന്നാണ്. പിന്നീട് അതായാളുടെ ശീലമായി മാറി. മനുഷ്യന്‍ അവന്റെ ശീലത്തിന്റെ അടിമയാണെന്ന് പറയുന്നത് അക്കാരണത്താലാണ്.

നിങ്ങളുടെ കുട്ടിയുടെ അലസതയെ മാറ്റിയെടുക്കാനുള്ള ആ പന്ത്രണ്ട് കാര്യങ്ങളില്‍ ഒന്നാമത്തേത് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിങ്ങളൊരു മാതൃകയായി അവന്റെ മുമ്പില്‍ നിലകൊള്ളുകയെന്നതാണ്. ഒരു ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ന് ചെയ്യേണ്ടത് ഒരിക്കലും നാളേക്ക് മാറ്റിവെക്കരുത്. മക്കളില്‍ കാര്യനിര്‍വഹണ ശേഷിയുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണിത്. അവര്‍ ജീവിക്കുന്ന ക്രിയാത്മകവും സജീവവുമായ അന്തരീക്ഷം അവരെ സ്വാധീനിക്കുക തന്നെ ചെയ്യും. സ്വന്തമായി എന്തെങ്കിലും കുട്ടി ചെയ്ത് തീര്‍ക്കുമ്പോള്‍ നല്ല വാക്കുകളാലോ കയ്യടിച്ചോ അവനെ പ്രോത്സാഹിപ്പിക്കലാണ് രണ്ടാമത്തെ കാര്യം. നിസ്സാരമായി തോന്നാമെങ്കിലും ഏറെ പ്രാധാന്യമുള്ള ഒന്നാണിത്. മൂന്നാമത്തെ കാര്യം കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ലക്ഷ്യങ്ങള്‍ രേഖപ്പെടുത്തി വെക്കാനും അവനെ പഠിപ്പിക്കലാണ്. എഴുതിവെക്കപ്പെട്ട ലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ധൃതി സ്വാഭാവികമാണ്. പരാജയപ്പെടുമോ തെറ്റുപറ്റുമോ തുടങ്ങിയ ഭയവും എങ്ങനെ തുടങ്ങണമെന്ന് അറിയാതിരിക്കലും പലപ്പോഴും ഒരു കാര്യം ചെയ്യുന്നതിന് തടസ്സമായി മാറാറുണ്ട്. തെറ്റുകളും പരാജയങ്ങളും ജീവിതത്തിന്റെ സ്വാഭാവികതയില്‍ പെട്ടതാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നാണിത്. ഇതാണ് നാലാമത്തെ കാര്യം. തെറ്റുപറ്റിയാല്‍ അത് ജീവിതത്തിലെ ഒരു അനുഭവമായി കണക്കാനാവണം. എത്രയെത്ര തെറ്റുകളാണ് അത് ചെയ്തവരെ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. ഇനി എങ്ങനെ തുടങ്ങണമെന്ന് അറിയാത്തതാണ് പ്രശ്‌നമെങ്കില്‍ തുടങ്ങേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുകയും അതിന് സഹായിക്കുകയും ചെയ്യണം.

ഒന്നിലേറെ കാര്യങ്ങള്‍ മുന്നിലുണ്ടാകുമ്പോള്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ പഠിപ്പിക്കലാണ് അഞ്ചാമത്തെ കാര്യം. നിരവധി കാര്യങ്ങള്‍ ചെയ്യാനുള്ളത് കൊണ്ട് ഒന്നും ചെയ്യാതിരിക്കുന്ന എത്രയോ പേരുണ്ട്. ഏത് കാര്യം ആദ്യം ചെയ്യണമെന്ന് അറിയാത്തതാണ് അവരുടെ പ്രശ്‌നം. ആറാമത്തെ കാര്യം നിഷ്‌ക്രിയരും അലസന്‍മാരുമല്ലാത്തവരുടെ സഹവാസത്തിന് ശ്രദ്ധവെക്കുക എന്നതാണ്. കാരണം ഒരാളുടെ സഹവാസം അയാളുടെ പ്രകൃതത്തെ സ്വാധീനിക്കുന്നു. ഏഴ്, കുട്ടികളുടെ കഴിവും സമയവും വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കുന്ന കൂട്ടായ്മകളുടെ ഭാഗമാക്കി മാറ്റുക. മകന്റെ അലസതയെ കുറിച്ച് എന്റെയടുത്ത് പരാതി പറഞ്ഞ് വന്ന രക്ഷിതാവിനോട് മകനെ സ്‌കൂളിലെ ഒഴിവുകാല പരിപാടിക്ക് അയക്കാന്‍ പറഞ്ഞു. വലിയൊരു മാറ്റവുമായിട്ടാണ് അവന്‍ അത് കഴിഞ്ഞ് തിരിച്ച് വന്നത്. കാര്യങ്ങള്‍ വ്യവസ്ഥാപിതമായി ചെയ്യാനുള്ള ഒരു കഴിവ് അതിലൂടെ അവന്‍ സ്വായത്തമാക്കിയിരുന്നു. ശിക്ഷാനടപടികള്‍ സ്വീകരിക്കലാണ് എട്ടാമത്തെ കാര്യം. ചില സന്ദര്‍ഭങ്ങളില്‍ അത് ആവശ്യമായി വരും. എന്നാല്‍ അവസരത്തിനൊത്ത് വളരെ യുക്തിയോടെ ഉപയോഗിക്കേണ്ട ഒന്നാണത്. ഒമ്പത്, ഉത്തരവാദിത്വങ്ങളും ബാധ്യതകളും നമസ്‌കാര സമയവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. കാരണം നമസ്‌കാരത്തിന് നിര്‍ണിതമായ ഒരു സമയമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തി മനുഷ്യന് തന്റെ ജീവിതത്തെ മുഴുവന്‍ വ്യവസ്ഥപ്പെടുത്താന്‍ സാധിക്കും.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ

(അല്ലാഹുവേ, പ്രയാസങ്ങളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും അലസതയില്‍ നിന്നും ലുബ്ദില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും കടം കയറുന്നതില്‍ നിന്നും ആളുകളാല്‍ അതിജയിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.) എന്ന പ്രാര്‍ഥന പഠിപ്പിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയെന്നതാണ് പത്താമതായിട്ടുള്ളത്.

സാമൂഹ്യമാധ്യമങ്ങളും ഫോണും ഉപയോഗിക്കുന്ന സമയത്തില്‍ നിയന്ത്രണം പാലിക്കാന്‍ കുട്ടിയെ പഠിപ്പിക്കലാണ് പതിനൊന്നാമത്തെ കാര്യം. കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നതിന് വളരെയേറെ തുണക്കുന്ന ഒന്നാണത്. അവസാനത്തെ കാര്യം മറ്റുള്ളവരുടെ ലക്ഷ്യങ്ങളെക്കാളും ജോലികളെക്കാളും തന്റെ സ്വന്തം ലക്ഷ്യങ്ങള്‍ക്കും ബാധ്യകള്‍ക്കും മുന്‍ഗണന നല്‍കുന്നവനാക്കി അവനെ മാറ്റണം. അതിലൂടെ സമയം വെറുതെ കളയുന്നത് തടയാനാവും.

മൊഴിമാറ്റം: നസീഫ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close