Parenting

മക്കളോട് അലിവുള്ളവരാകാം

മക്കള്‍ക്ക് നേരെയുള്ള മാതാപിതാക്കളുടെ ധിക്കാരം ഒരുപക്ഷെ പുതിയ പ്രമേയമായിരിക്കാം. എന്നാല്‍ മക്കളോടുള്ള പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണത്. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘എല്ലാവരും നേതാക്കളാണ്. ഓരോരുത്തരും തങ്ങള്‍ക്ക് കീഴിലുള്ളവരുടെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടും.’ ഒരാള്‍ക്ക് രോഗമുണ്ടാവുമ്പോള്‍ അതിനോടുള്ള ഭയം കാരണം അത് മറച്ച് വെക്കുന്നത് ബുദ്ധിയല്ല. അത് രോഗം മൂര്‍ച്ചിക്കുന്നതിലേക്കും അവന്റെ ശരീരത്തിലാകെ വ്യാപിക്കുന്നതിലേക്കും അവസാനം മരണത്തിലേക്കും കൊണ്ടെത്തിക്കുന്നു. സമൂഹത്തിന്റെ രോഗങ്ങളോടുള്ള നിശബ്ദതയും സമാനമാണ്. അത് സമൂഹത്തിന്റെ ഘടനയെത്തന്നെ ആകെ ശിഥിലമാക്കുന്നു.

സമൂഹത്തില്‍ ഒരു രോഗം ബാധിച്ചാല്‍ പ്രവാചകന്‍(സ) അനുയായികളെ വിളിച്ച്കൂട്ടി അവരുമായി സംവദിക്കും: ‘സമൂഹത്തിന്റെ ഇത്തരം ചെയ്തികള്‍ എത്ര മോശമാണ്…’ തങ്ങള്‍ എത്തിപ്പെട്ടേക്കാവുന്ന അപകടത്തെക്കുറിച്ച് അവരെ ഉണര്‍ത്തും. ആവശ്യമായ ചികിത്സ നല്‍കും. ഇതായിരുന്നു പ്രവാചകന്റെ രീതിശാസ്ത്രം.
സമൂഹത്തിലെ ഇത്തരം പെരുമാറ്റ ദൂഷ്യങ്ങളെ കേവലം കാഴ്ചക്കാരായി നിന്ന്‌കൊണ്ട് ‘ഇത് നിര്‍ബന്ധമാണ്, ഇത് നിഷിദ്ധമാണ്, മറ്റേത് അനുവദിനീയമാണ്, ആ ചെയ്തത് ശരിയായില്ല, അങ്ങനെ ചെയ്യരുതായിരുന്നു…’ എന്നിങ്ങനെയുള്ള സംസാരങ്ങള്‍ പോരാ. മറിച്ച് സമൂഹത്തിന്റെ ഇത്തരം അവസ്ഥകളിലേക്ക് ഇറങ്ങിച്ചെന്ന് ഈ പ്രതിഭാസങ്ങളുടെ സമഗ്രമായ ഒരു ചിത്രം രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക് സാധിക്കണം.

മാതാപിതാക്കള്‍ക്ക് സംഭവിക്കുന്ന പ്രധാന വീഴ്ച്ചകള്‍
രക്ഷിതാക്കള്‍ ചിലപ്പോള്‍ അവരുടെ മക്കളില്‍ ചിലരോട് കൂടുതല്‍ ഹൃദയബന്ധമുള്ളവരായിരിക്കും. അവരുടെ പെരുമാറ്റത്തില്‍ അത് പ്രകടമാക്കുകയും ചെയ്യും. ഇത് മറ്റു സഹോദരങ്ങളില്‍ വിദ്വേഷവും വെറുപ്പുമുണ്ടാകാന്‍ കാരണമാകുന്നു. അധികമായി ഉണ്ടാകുന്ന സ്‌നേഹത്തെ പിടിച്ച് നിറുത്താനും നമുക്കാവില്ല. യഅ്ഖൂബ്(അ) യൂസുഫ്(അ)യെ മറ്റു മക്കളേക്കാള്‍ സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹമാണ് യൂസുഫിനെ കൊലപ്പെടുത്താന്‍ അവരെ പ്രേരിപ്പിച്ചത്. അങ്ങനെ അവരദ്ദേഹത്തെ കിണറ്റിലേക്കെറിഞ്ഞു. യഅ്ഖൂബ്(അ)ക്ക് ഇതെല്ലാം അറിയാമായിരുന്നെങ്കിലും ആരോടും വെളിപ്പെടുത്തിയില്ല.

പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും തനിക്ക് സുജൂദ് ചെയ്യുന്നതായി യൂസുഫ്(അ) സ്വപ്‌നം കണ്ടപ്പോള്‍ യഅ്ഖൂബ്(അ) അദ്ദേഹത്തോട് പറഞ്ഞു: ‘മോനെ, ഈ സ്വപ്‌നം നീ നിന്റെ സഹോദരങ്ങളോട് പറയരുത്. അവര്‍ നിനക്കെതിരില്‍ ഗൂഢാലോചന നടത്തും.’ എന്നിട്ട് സ്വപ്‌നം അദ്ദേഹത്തിന് വിവരിച്ച് കൊടുത്തു. സഹോദരങ്ങള്‍ ഈ വിവരമറിഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്ന അപകടം അദ്ദേഹം മനസ്സിലാക്കി. അത് തനിക്കെതിരിലുള്ള ഗൂഢാലോചനയുടെ ആക്കം കൂട്ടും. ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം പറഞ്ഞു. ഒന്നാമതായി സഹോദരങ്ങളില്‍ ഇക്കാര്യം മറച്ചുവെക്കാന്‍ ഉപദേശിക്കുകയും പിന്നീട് കാരണം വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
 
ഹൃദയത്തെ നിയന്ത്രിക്കാനും സ്‌നേഹം തുല്ല്യമായി വീതിക്കാനും ഒരുപക്ഷേ നമുക്ക് സാധിച്ചില്ലെന്ന് വരാം. എന്നാല്‍ ഭൗതികമായ പെരുമാറ്റങ്ങളില്‍ തുല്ല്യത പ്രകടിപ്പിക്കണം. മക്കള്‍ക്ക് എന്തെങ്കിലും കൊടുക്കുമ്പോഴും അവരോട് പുഞ്ചിരിക്കുമ്പോഴും ചുംബിക്കുമ്പോഴുമെല്ലാം പരമാവധി സമത്വം കാണിക്കാന്‍ ശ്രമിക്കണം. മക്കളില്‍ ഒരാള്‍ക്ക് മാത്രം സമ്മാനം കൊടുക്കാന്‍ തുനിഞ്ഞ ഒരുപ്പയെ വിലക്കിക്കൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു: ‘ഞാന്‍ അതിക്രമത്തിന് കൂട്ട് നില്‍കുകയില്ല.’ അതായത് മറ്റു മക്കളേക്കാള്‍ ഒരാളോട് കൂടുതല്‍ സ്‌നേഹം തോന്നുമെന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് മനസ്സില്‍ ഒതുങ്ങണം.

രക്ഷിതാക്കളില്‍ ചിലരെങ്കിലും മനസ്സിലാക്കിയിരിക്കുന്നത് ചുരുക്കം ചില മതകാര്യങ്ങളില്‍ മക്കളോട് കര്‍ശനമായിപ്പെരുമാറിയാല്‍ ദീന്‍ പൂര്‍ത്തിയായി എന്നാണ്. എന്നാല്‍ മക്കളോടുള്ള ബാധ്യതയില്‍ വീഴ്ച വരുത്തുന്നവരുമാണവര്‍. അവന്‍ തെമ്മാടിയാണ്, താന്തോന്നിയാണ്, സംഗീതവും വിനോദവും മാത്രമാണ് അവന് താല്‍പര്യം.. ഇതൊക്കെ ഹറാമാണ്.. ഇങ്ങനെ തുടങ്ങി മക്കളിലെ ചില പെരുമാറ്റ രീതികളില്‍ മാത്രമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ ഇവയൊക്കെ നിഷേധിക്കപ്പെട്ട കാര്യങ്ങളല്ലെങ്കില്‍ പോലും. ഇത്തരം കുടിസ്സായ പെരുമാറ്റ രീതി കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നു. മാതാപിതാക്കളുടെ കാര്‍ക്കശ്യം അവരെ ദോഷകരമായി ബാധിക്കും എന്നതാണതിന് കാരണം.
 
രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചും പുതിയ തലമുറയെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ചുറ്റുപാടിന്റെ സ്വാധീനത്താല്‍ അവരില്‍ സംഭവിക്കുന്ന പലവിധ മാറ്റങ്ങള്‍ തിരിച്ചറിയണം. ജനങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പ്രവാചകന്റെ സമീപനങ്ങള്‍ ഏറ്റവും നല്ല മാതൃകയാണ്. ഒരിക്കല്‍ ഒരു യുവാവ് വ്യഭിചരിക്കാന്‍ അനുമതി തേടിക്കൊണ്ട് ദൂതനെ സമീപിച്ചു. നീചമായ ഈ ആവശ്യത്തിന്റെ പേരില്‍ സ്വഹാബികള്‍ അയാളെ കൈകാര്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പ്രവാചകന്‍ അയാളെ അടുത്ത് വിളിച്ച് ബുദ്ധിപരമായി സംവദിക്കുകയാണ് ചെയ്തത്. അയാളുടെ ആഗ്രഹത്തെ നിര്‍വീര്യമാക്കുന്ന ചോദ്യങ്ങളടങ്ങയ സംഭാഷണമാണ് അവിടെ നടന്നത്. പ്രവാചകന്‍ ചോദിച്ചു: താങ്കളുടെ ഉമ്മ വ്യഭിചരിക്കപ്പെടുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ? അയാള്‍ പറഞ്ഞു: ഒരിക്കലുമില്ല റസൂലെ. പ്രവാചകന്‍ പറഞ്ഞു: ജനങ്ങളാരും സ്വന്തം ഉമ്മമാര്‍ വ്യഭിചരിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നവരല്ല. സഹോദരിയെയാണെങ്കിലോ? പ്രവാചകന്‍ ആവര്‍ത്തിച്ചു. ഒരിക്കലുമില്ല ദൂതരേ. റസൂല്‍ പറഞ്ഞു: സ്വന്തം സഹോദരി വ്യഭിചരിക്കപ്പെടുന്നത് ഒരാളും ഇഷ്ടപ്പെടുകയില്ല. മാതൃസഹോദരി പിതൃസഹോദരി… പ്രവാചകന്‍ ചോദ്യം തുടര്‍ന്നു. എന്നിട്ട് അയാളുടെ കൈ ഹൃദയത്തിന് മേല്‍ വെച്ച്‌കൊണ്ട് നേര്‍മാര്‍ഗ്ഗത്തിനായി പ്രാര്‍ത്ഥിച്ചു. അയാള്‍ ഇങ്ങനെ പറഞ്ഞകൊണ്ട് അവിടന്ന് പോയി: അല്ലാഹുവിന്റെ റസൂലെ, എന്റെ ഹൃദയത്തിന് ഏറ്റവും ഇഷ്ടം വ്യഭിചാരത്തോടായിരുന്നു. ഇപ്പോള്‍ എന്റെ ഹൃദയം ഏറ്റവും കൂടുതല്‍ വെറുക്കുന്നത് വ്യഭിചാരത്തേയാണ്. രക്ഷിതാക്കള്‍ വെറുക്കുന്ന എന്തെങ്കിലും മക്കളില്‍ കണ്ടാല്‍ അതിനെക്കുറിച്ച് അവരുമായി സംവദിക്കലാണ് അവരെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം.
 
ന്യായം രക്ഷിതാക്കളുടെ ഭാഗത്ത് മാത്രമാണ്, തെറ്റെപ്പോഴും മക്കളുടെ ഭാഗത്താണ് എന്ന മനോഭാവത്തോടുകൂടിയ പെരുമാറ്റവും മക്കളോടുള്ള അപമര്യാദയാണ്. തങ്ങളോട് സംസാരിക്കാന്‍ പോലും രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല, എപ്പോഴും ഞങ്ങളെ അപമാനിക്കുകയാണ് എന്ന് അവരതിനെക്കുറിച്ച് മനസ്സിലാക്കും. ഇത് മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ വലിയ അകല്‍ച്ചയുണ്ടാക്കുന്നു.

മക്കളുടെ അഭിപ്രായങ്ങളെ പരിഗണിക്കുന്നതും അവരുമായി സംവദിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതുമാണ് ഉത്തമ സംസ്‌കരണ രീതി. മാതാപിതാക്കള്‍ തെറ്റുകള്‍ സംഭവിക്കാത്ത മലക്കുകളാണെന്നുള്ള ഭാവം തികഞ്ഞ അബദ്ധമാണ്. രക്ഷിതാക്കളുടെ തെറ്റുകള്‍ മക്കളറിഞ്ഞാല്‍ മക്കള്‍ക്ക് മുന്നില്‍ തങ്ങളുടെ ചിത്രം തകര്‍ന്നടിയുമെന്ന ധാരണ മാറ്റണം. തുടക്കത്തില്‍ ചെറിയ പ്രയാസങ്ങളുണ്ടാവുമെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തുക എന്ന പാഠമാണ് അതിലൂടെ മക്കള്‍ക്ക് നല്‍കുന്നത്. അത് അവരുടെ ജീവിതത്തില്‍ ഏറെ ഗുണം ചെയ്യും.

അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ് മറ്റൊന്ന്. മക്കളുമായി മാത്രം ബന്ധപ്പെട്ട തീരുമാനങ്ങളിലായിരിക്കാം അത്. പെണ്‍കുട്ടിയെ അവളുടെ തൃപ്തിയില്ലാതെ വിവാഹം ചെയ്ത്‌കൊടുക്കുന്നതൊക്കൊ അതിന്റെ തീവ്രമായ അവസ്ഥയാണ്. ഇത് കഠിനമായ പീഢനമാണ്. ദാരിദ്ര്യത്തില്‍നിന്ന് രക്ഷനേടാന്‍ പിതാവ് ബന്ധുവിന് വിവാഹം കഴിച്ച്‌കൊടുക്കാന്‍ തീരുമാനിച്ചുവെന്ന പരാതിയുമായി ഒരു സ്ത്രീ പ്രവാചകന്റെയടുക്കല്‍ വന്നു. റസൂല്‍ ആ വിവാഹം റദ്ദ് ചെയ്തു. തീരുമാനാധികാരം തനിക്കാണെന്ന് മനസ്സിലാക്കിയ സ്ത്രീ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഉപ്പ തീരുമാനിച്ചതിന് ഞാന്‍ അനുവാദം കൊടുക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനാധികാരം ഉപ്പക്കല്ലെന്ന് എനിക്ക് പിന്നിലുള്ള സ്ത്രീസമൂഹം അറിയണമെന്നേ ഞാന്‍ ആഗ്രഹിച്ചുള്ളു. വിവാഹാഭ്യര്‍ത്ഥനയുമായി വരുന്നയാള്‍ പെണ്‍കുട്ടിയുമായാണ് യോജിപ്പിലെത്തേണ്ടത് എന്ന പാഠമാണ് പ്രസ്തുത ഹദീസ് പിതാക്കള്‍ക്ക് നല്‍കുന്നത്. നിരസിക്കാന്‍ നിര്‍ബന്ധിതയായാല്‍ അവളുടെ തീരുമാനമാണ് പിതാവിന്റെ തീരുമാനത്തേക്കാള്‍ ശരിയായതും ശറഈയായതും. കാരണം ഇത് അവളുടെ ജീവിതമാണ് പിതാവിന്റേതല്ല. എന്നാല്‍ പിതാവിന്റെ അനുമതിയും നിര്‍ബന്ധമാണ്. കാരണം അദ്ദേഹമാണല്ലോ അവളുടെ സുക്ഷിപ്പുകാരന്‍.
 
മകനെയോ മകളേയോ അവര്‍ക്കിഷ്ടമില്ലാത്ത കോളേജില്‍ ചേര്‍ക്കുന്നതും, അവര്‍ക്കിഷ്ടമില്ലാത്ത പണിചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും, അവര്‍ക്ക് യാതൊരുവിധ പ്രചോദനവുമില്ലാത്ത കരിയര്‍ നിര്‍ബന്ധിക്കുന്നതുമെല്ലാം രക്ഷിതാക്കള്‍ ഒഴിവാക്കേണ്ട അടിച്ചേല്‍പ്പിക്കലുകളാണ്.

ബാഹ്യഘടകങ്ങള്‍
മാതാപിതാക്കളുടെ അവഹിത ബന്ധങ്ങള്‍ അതില്‍ പ്രധാനമാണ്. മക്കളോടു ചെയ്യുന്ന വലിയ ക്രൂരതയാണ്. ഒരു വിഭാഗം പിതാക്കന്മാര്‍ അന്യസ്ത്രീകളുമായി സ്‌നേഹ ബന്ധം പുലര്‍ത്തുന്നവരാണ്. ഇത് മക്കളുടെ സംസ്‌കരണത്തെ മോശമായാണ് ബാധിക്കുക. എന്നാല്‍ മക്കള്‍ ഇത്തരം ബന്ധങ്ങള്‍ മറച്ച് വെക്കാറാണ് പതിവ്. അവര്‍ തങ്ങളുടെ പിതാക്കളില്‍ കാണുന്ന ആദര്‍ശമെല്ലാം ഇതുമൂലം തകര്‍ന്നടിയും. ഉപ്പയെക്കുറിച്ച് അവര്‍ക്കു മുന്നിലുള്ള ചിത്രം അപ്പാടെ തകര്‍ന്ന് വീഴും. ഇത് മക്കളെ ദോഷകരമായി ബാധിക്കും. അവരും അത്തരം നിഷിദ്ധ ബന്ധങ്ങളിലേര്‍പ്പെടും. സംസ്‌കരണത്തിന്റെ അഭാവം പിതാക്കള്‍ ചെയ്യുന്ന തിന്മകള്‍ മക്കളിലുമുണ്ടാവാന്‍ കാരണമാകും.

ഇത്തരം ബന്ധങ്ങള്‍ പ്രത്യക്ഷമായിരിക്കണം. അനുവദിനീയമായ പരിധിയില്‍ നിന്ന്‌കൊണ്ടാണെങ്കില്‍. അല്ലെങ്കില്‍ നിരനിരസിക്കണം. റസൂല്‍(സ) പറഞ്ഞു: നിഷിദ്ധങ്ങളെ സൂക്ഷിക്കുക. എങ്കില്‍ ജനങ്ങളില്‍ ഏറ്റവും നല്ല ദൈവദാസനാവും. അധിക പിതാക്കളും തെറ്റിദ്ധരിച്ചിരിക്കുന്നത്; മക്കള്‍ക്ക് ആവിശ്യമായ ഭക്ഷണ പാനീയങ്ങള്‍ നല്‍കിയാല്‍ അവരുടെ ഉത്തരവാദിത്വം പൂര്‍ത്തിയായി എന്നാണ്. മക്കളുടെ നല്ല ജീവിതത്തിന് വേണ്ടി പ്രവാസിയാവാന്‍ വരെ അവര്‍ തയ്യാറാണ്. അതൊക്കെ നല്ലതാണെങ്കിലും കാര്യങ്ങള്‍ എല്ലാ വശത്തിലൂടെയും നന്നായി പഠിക്കല്‍ അനിവാര്യമാണ്. ഭാര്യയെയും മക്കളേയും ഉപേക്ഷിച്ച് പോകുമ്പോള്‍ അത് കുട്ടികളില്‍ എത്രത്തോളം ബാധിക്കും, എന്നരൂപത്തിലുള്ള ചര്‍ച്ചകള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അനിവാര്യമായും നടക്കേണ്ടതുണ്ട്. പണം വാരിക്കൂട്ടുന്നതിന് വേണ്ടി മക്കളുടെ കാര്യം ഭാര്യയെ ഏല്‍പിച്ച് യാത്രപോകുന്ന ആളുകളുമുണ്ട്. മറ്റു ചിലര്‍ അവരുടെ യാത്ര കാരണമായി മക്കളെ നഷ്ടപ്പെടുത്തിയവരാണ്. കൂട്ടത്തില്‍ ഭാര്യമാരെ തന്നെ നഷ്ടപ്പെടുത്തിയവരുമുണ്ട്. ആത്മാവിനേയും ശരീരത്തേയും ഉന്മൂലനം ചെയ്യുന്ന യാത്രകളാണ് ഏറ്റവും അപകടകരം. പിതാവ് മക്കളുമായി അന്യനാട്ടിലേക്ക് കുടിയേറി ദുനിയാവിന് വേണ്ടി ദീനിനെ നഷ്ടപ്പെടുത്തുന്ന യാത്രകളാവുമ്പോള്‍ വിശേഷിച്ചും.

ആളുകള്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ്. എന്നാല്‍ ചില വിവേകിളുണ്ട്, അവരുടെ നിക്ഷേപം മക്കളാണ്. നല്ല രീതിയിലുള്ള സംരക്ഷണത്താലും പരിഗണനയാലും ഉന്നതരായ എത്രയെത്ര ദരിദ്രരുടെ മക്കളാണുള്ളത്. ഉന്നതമായ സംസ്‌കാരത്തിന് ദാരിദ്രത്തോടോ സമ്പന്നതയോടോ യാതൊരു വിധ ബന്ധവുമില്ല. എന്നാല്‍ സംസ്‌കരണവും പരിശ്രമവും അനിവാര്യമാണ്.
 
മക്കളോടുളള അപമര്യാദ നിര്‍ബന്ധമായും ജാഗ്രത പുലര്‍ത്തേണ്ട സമൂഹത്തിന്റെ രോഗങ്ങളിലൊന്നാണ്. അതിന് വ്യത്യസ്തമായ ഉദ്‌ബോധന യജ്ഞങ്ങളുണ്ടാവണം. പണ്ഡിതന്മാര്‍ ജുമുഅ ഖുതുബകളിലും വിജ്ഞാന സദസുകളിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ടി.വിയിലൂടെയും റേഡിയോയിലൂടെയും ജനങ്ങളിലേക്ക് വിഷയം എത്തിക്കണം. ഈ വിഷയവുമായി ബന്ധപ്പെടുത്തി ചില നോവലുകള്‍ രചിക്കുകയാണെങ്കില്‍ ഒരുപക്ഷെ അതായിരിക്കും നന്നാവുക. അത് പിന്നീട് സീരിയലോ സിനിമയോ ആക്കി മാറ്റാനും സാധിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇത്തരം മേഖലയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താവുന്നതാണ്. ആളുകളെ സ്വാധീനിക്കാന്‍ മീഡിയ ഏറ്റവും നല്ല മാര്‍ഗമാണെന്നതില്‍ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് ആശയ വിനിമയ വിപ്ലവത്തിന്റെ ഫലമായുണ്ടായ നാഗരികതകളുടെ പരസ്പര സ്വോധീനമുള്ള ഈ ആഗോളീകരണത്തിന്റെ കാലത്ത്.

വിവ: ഉമര്‍ ഫാറൂഖ്‌

Facebook Comments
Related Articles
Close
Close