Parenting

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍

അതാ അവളുടെ വയറിന് ആര്‍ദ്രതയും ലോലതയും അനുഭവപ്പെടുന്നു. അതിനകത്ത് നിശബ്ദമായി വിശ്രമിക്കുന്ന കുഞ്ഞിലേക്കാണ് അവളുടെ എല്ലാ നോട്ടവും. ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ഈ ലോകത്തേക്ക് വരാനിരിക്കുന്ന ആ കുഞ്ഞിലാണ് അവളുടെ പ്രതീക്ഷ തളച്ചിടപ്പെട്ടിരിക്കുന്നത്. തന്റെ കണ്ണുകള്‍ ഇതുവരെയും ദര്‍ശിച്ചിട്ടില്ലാത്ത ആ കുഞ്ഞാണ് അവളുടെ ലക്ഷ്യസ്ഥാനം. സ്വന്തത്തെ അതിനായി സമര്‍പ്പിക്കാനും അവള്‍ തയാറാണ്. അവള്‍ മാസങ്ങളോളം ക്ഷമയോടെ തന്റെ ഗര്‍ഭം ധരിക്കാന്‍  തയാറാവുകയാണോ?  തനിക്കിഷ്ടപ്പെട്ട ആഹാരവും വസ്ത്രവും അവള്‍ക്ക് അപ്രിയമാവുകയാവുകയാണോ?  തന്റെ നിത്യശീലങ്ങള്‍ നിര്‍വ്വഹിക്കുന്നതിലൂടെ അവള്‍ക്ക് ഞെരുക്കം അനുഭപ്പെടുകയാണോ? തനിക്ക് അനുഭവപ്പെടുന്ന ചെറിയ വേദനകള്‍ പോലും ആ ശിശുവിന് ഏല്‍ക്കാതിരിക്കാന്‍ അവള്‍ ബദ്ധശ്രദ്ധയാണോ ?

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ മാതാക്കള്‍ പരിചരിക്കുന്നത് ഇവ്വിധമാണ്. ഉമ്മയുടെ തൊലിയോട് തന്റെ തൊലി ചേര്‍ത്ത് അവളുടെ നെഞ്ചിലുറങ്ങുന്ന, അവളുടെ ആഹാരത്തിലും സമയത്തിലും മുഴു ജീവിതത്തിലും പങ്കുചേരുന്ന ആ കുഞ്ഞിനെ കാണാനുള്ള അവളുടെ ആഗ്രഹം അദമ്യമായിരിക്കുമല്ലൊ. പെണ്ണായിപ്പിറന്ന ഏതൊരുവളും രുചിക്കാന്‍ കൊതിക്കുകയും അത്യധികം അഭിലഷിക്കുകയും ചെയ്യുന്ന അതുല്യമായ ഒന്നാണത് എന്നതില്‍ രണ്ടുപക്ഷമില്ല. ആ അനുഭുതി അനുഭവിക്കുന്നേടത്ത്  ആവര്‍ത്തനവിരസത അവളെ മടുപ്പിക്കില്ല. പരിപാവനമായ മാതൃത്വം ഇങ്ങനെയാണ്. തനിക്കേല്‍പ്പിക്കപ്പെടാനിരിക്കുന്ന മഹത്തായ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഉറച്ചബോധ്യമുള്ളതിനാല്‍ അവള്‍ ഗര്‍ഭംധരിക്കാനായി നേരത്ത ഒരുങ്ങും. കാര്യങ്ങള്‍ മനസിലാക്കിയും പഠിച്ചും. ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടം മുതല്‍തന്നെ സക്രിയതയിലായിരിക്കും അവള്‍. അവളുടെ ഗര്‍ഭപാത്രം കുഞ്ഞിന്റെ കിടക്കയായും, അവളുടെ മടിത്തട്ട് കുഞ്ഞിന്റെ തൊട്ടിലായും, അവളുടെ ശരീരം കുഞ്ഞിന്റെ രക്ഷാകവചമായും, അവളുടെ ആഹാരം കുഞ്ഞിന്റെ അന്നമായും പരിണമിക്കുന്നു.

ജീവിതയാത്രയില്‍ അവര്‍ രണ്ടുപേരും ഒരുമിച്ചായിരിക്കും. രണ്ടു ശരീരവും സുഖത്തിലും ദുഖത്തിലും പങ്കുചേരുന്നു. അവര്‍ക്കിടയിലുള്ള ബന്ധം ഗാഢമാണത്രെ. ഉമ്മയുടെ വേദന കുട്ടിയെ വേദനിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ വേദന അവളെയും വേദനിപ്പിക്കുന്നു. അവളുടെ ആശ്വാസവും ക്ഷീണവും ശിശുവിനെ ബാധിക്കുന്നു. യഥാര്‍ത്ഥ മാതാവായിക്കൊണ്ടുള്ള ജീവിതം അവളെ അത്ഭുത സൃഷ്ടിയായി പരിവര്‍ത്തിപ്പിക്കുന്നു. കുഞ്ഞിനുണ്ടാവുന്ന അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളെ സ്വാധീനിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു. രണ്ടുശരീരവും രണ്ടാത്മാവും ഒരു ചട്ടക്കുടില്‍ ഒന്നിക്കുന്നു. ദൈവത്തിന്റെ ഇംഗിതമനുസരിച്ച് ആ കുഞ്ഞ് അവളില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു. അവള്‍ സഞ്ചരിക്കുന്നിടത്തേക്ക് കുഞ്ഞും സഞ്ചരിക്കുന്നു.  ഒമ്പത് മാസത്തിലധികം അവള്‍ കുഞ്ഞിനോടും കുഞ്ഞ് അവളോടുമൊത്തിരിക്കുന്നു. അവര്‍ണ്ണനീയമായ, വാക്കുകള്‍ക്കതീതമായ ബന്ധമാണ് മാതാവും ശിശുവും തമ്മിലുള്ളത്. സഹിക്കാനാവാത്ത ഏറ്റവും വലിയ വേദനയിലൂടെ ഇരു ശരീരവും വേര്‍പ്പെടുന്നു. ശരീരത്തിന് സഹിക്കാന്‍ പറ്റില്ലെന്നറിയാമെങ്കിലും മയക്കുഗുളിക പോലും ഉപേക്ഷിക്കുന്നു. അവള്‍ അതിനക്കുറിച്ച് പറയുന്നത് ഇപ്രകാരമായിരിക്കും :  കുറച്ച് നേരം അതെന്നെ വേദനിപ്പിച്ചേക്കാം. കുഞ്ഞിന് പോറലോ വിഷമമോ ഇല്ലാതിരുന്നാല്‍ മതി.

ലോകത്തുള്ള മറ്റേത് നിയമസംഹിതയും നല്‍കുന്നതിനേക്കാള്‍ ശ്രേഷ്ടവും അനുയോജ്യവുമായ പരിചരണത്തിലൂടെ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ മാതാപിതാക്കളെ ജാഗരൂഗരാക്കാന്‍ ഇസ്‌ലാമിക നിയമം ശ്രദ്ധയൂന്നുന്നു. ഉമ്മയുടെ വയറെന്ന അദൃശ്യലോകത്തായിരിക്കുമ്പോള്‍ മുതല്‍ തന്നെ ശിശുവിനുള്ള  അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു. കാരണം, നീതിയും കാരുണ്യവും മുഴുവന്‍ ജനങ്ങളിലും ചൂഴ്ന്നുനില്‍ക്കുന്ന വിധം സന്തുലിതമായ ഇസ്‌ലാം, എല്ലാ കാലത്തിനും സന്ദര്‍ഭത്തിനും യോജിച്ചതാണ് എന്നതു തന്നെ.

ജനനത്തിനു മുമ്പുള്ള ശിശുവിന്റെ അവകാശങ്ങള്‍
നല്ലവളായ ഉമ്മയെയും നല്ലവനായ ഉപ്പയെയും നല്ല കുടുംബത്തെയും തെരഞ്ഞെടുക്കുക എന്നതാണ്  ശിശുവിന് ലഭിക്കേണ്ടുന്ന ഒന്നാമത്തെ അവകാശം. നിങ്ങള്‍ക്ക് യോജിച്ച ഇണകളെ കണ്ടെത്തുകയെന്ന പ്രവാചക വചനം ശ്രദ്ധേയം. ഇങ്ങനെയുള്ള ശ്രദ്ധേയമായ തെരഞ്ഞെടുപ്പിന്റെ ഫലമായിക്കിട്ടുന്ന ഉമ്മയും ഉപ്പയും അമ്മാവന്‍മാരും അമ്മായിമാരും വല്യുപ്പ വല്യുമ്മമാരുമടക്കം മുഴുവന്‍ കുടുംബാംഗങ്ങളും ആ കുഞ്ഞിന്റെ വളര്‍ച്ചയിലും ജീവിതത്തിലും അത്യധികം സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് മാതാപിതാക്കള്‍. കുട്ടിയുടെ വളര്‍ച്ചയിലും സംസ്‌കാരത്തിലും സ്വഭാവശീലങ്ങളിലും പെരുമാറ്റത്തിലും ധാര്‍മ്മികതയിലും അവരിരുവരും വഹിക്കുന്ന പങ്ക് നിസ്തുലമത്രെ. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവരുടെ മാതാപിതാക്കളാണ് അവരെ യഹൂദരും കൃസ്ത്യാനികളും മജൂസികളുമാക്കിത്തീര്‍ക്കുന്നത് എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ടല്ലോ. അതിനാല്‍ തന്നെയാണ്, കുഞ്ഞിനെ നല്ല രൂപത്തില്‍ പരിചരിക്കുന്ന സദ്‌വൃത്തയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ കല്‍പിച്ചത്. സമ്പത്ത്, സൗന്ദര്യം, തറവാട്, ദീനിനിഷ്ഠ തുടങ്ങിയ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹം കഴിക്കാമെന്നും ദീനിനിഷ്ഠക്ക് മുന്‍ഗണനകൊടുക്കണമെന്നും, ഭൗതിക വിഭവത്തില്‍ ഏറ്റവും നല്ലത് സദ്‌വൃത്തയായ സ്ത്രീയാണെന്നുമൊക്കെ പ്രവാചകവചനങ്ങളില്‍ ദര്‍ശിക്കാനാവും. ദീനിനിഷ്ടയും സല്‍സ്വഭാവവുമൊത്ത ഒരാള്‍ വിവാഹാലോചനയുമായി വന്നാല്‍ അവന് നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കണമെന്നും പ്രവാചകന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ദൈവബോധവും സല്‍സ്വഭാവവും ഒത്തിണങ്ങിയവര്‍ക്കേ മക്കള്‍ക്ക് ധാര്‍മ്മികരീതിയിലുള്ള ശിക്ഷണം നല്‍കാനും ഉത്തമ സ്വഭാവഗുണങ്ങള്‍ അവരില്‍ നട്ടുവളര്‍ത്താനും സാധിക്കൂ.

കുഞ്ഞിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ടത്. ദാമ്പത്യത്തിന്റെ ആരംഭം മുതല്‍ , കുഞ്ഞ് ശുക്ലകണം മാത്രമായിരിക്കുന്നതുമുതല്‍ അതിന്റെ സംരക്ഷണത്തിന്റെ കാര്യത്തിലേക്ക് പ്രവാചകന്‍ ദമ്പതികളുടെ ശ്രദ്ധക്ഷണിക്കുന്നതായി കാണാം. ശാരീരികമായി ബന്ധപ്പെടുന്നതിനു മുമ്പ് ‘ അല്ലാഹുവേ, നമ്മളില്‍ നിന്നും നമുക്ക് ലഭിക്കാനിരിക്കുന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ. പിശാചിന്റെ ഉപദ്രവമേല്‍ക്കാത്ത കുഞ്ഞിനെ നീ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യേണമേ ‘ എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചുട്ടുണ്ട്. സുന്ദരമായ പഴത്തിന് തുല്യമായ മക്കളെ നല്‍കാന്‍ ആഗ്രഹത്തോടെ പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു പറയുന്നതായി കാണാം. ‘ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ അനുവദിച്ചത് തേടുക.'(അല്‍ ബഖറ : 187) അതിനര്‍ത്ഥം മക്കളെ ആഗ്രഹിക്കുക എന്നാണ് എന്ന് ഇബ്‌നു അബ്ബാസ്(റ)വിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

നശിപ്പിക്കാന്‍ അവകാശമില്ലാത്ത പവിത്രമായ സൃഷ്ടിയാണ് ഓരോകുഞ്ഞും. ഗാമിദി ഗോത്രക്കാരിയയും ഗര്‍ഭിണിയുമായ ഒരു സ്ത്രീ വന്ന് ‘താന്‍ വ്യഭിചരിച്ചിരിക്കുന്നു, എനിക്ക് ശുദ്ധയാവണം ‘ എന്ന് പറഞ്ഞപ്പോള്‍  ‘നീ പ്രവസവിച്ച ശേഷം വരൂ’ എന്നായിരുന്നു പ്രവാചകന്‍ നല്‍കിയ മറുപടി. ന്യായമായ കാരണത്തിന്റെ പുറത്ത് അത്യപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊഴികെയല്ലാതെ ഇസ്‌ലാമിക ശരീഅത്ത്, ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല. എന്നു മാത്രമല്ല, ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കുടുംബത്തിലെ അംഗങ്ങള്‍ കൂടുമെന്ന ഭയത്താലോ, ഭാവിയില്‍ പ്രശ്‌നമുണ്ടാവുമെന്ന ആശങ്കയാലോ, ദാരിദ്യം ഭയന്നോ, ശിശു പെണ്‍കുഞ്ഞാണെന്നതിനാലോ അവയെ നശിപ്പിക്കരുതെന്ന് ഇസ്‌ലാം കൃത്യമായി വിലക്കിയിട്ടുണ്ട്.  ‘ദാരിദ്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത് നാമാകുന്നു ‘ (അന്‍ആം 151).  ‘പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയ കുറ്റം തന്നെ ‘(ഇസ്‌റാഅ് : 31) നിലവിലും ഭാവിയിലുമുള്ള പിതാവിന്റെയും കുട്ടിയുടെയും അന്നം അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. ഈ ആയത്തില്‍ നിന്നും അല്ലാഹുവാണ് പിതാക്കളേക്കാള്‍ കാരുണ്യവാനെന്ന് മനസിലാക്കാം.

ഗര്‍ഭാവസ്ഥയില്‍ സൂക്ഷമതയോടെ പരിചരിക്കലാണ് മറ്റൊന്ന്. എല്ലാവിധം ഉപദ്രവത്തില്‍ നിന്നും കുഞ്ഞിനെ പരിപൂര്‍ണ്ണമായും സംരക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കളില്‍ അര്‍പ്പിതമാണ്. ശിശുവിന് ദോഷകരമായി ബാധിക്കുന്ന മരുന്നുകളും ഭാരമുള്ള ജോലികളും ഒഴിവാക്കാന്‍ ഗര്‍ഭിണികളായ മാതാക്കള്‍ ശ്രദ്ധിക്കണം. സ്വന്തത്തേയും ശിശുവിനെയും ക്ഷീണിപ്പിക്കുന്ന തരം ജോലികള്‍ ഗര്‍ഭിണികള്‍ നിര്‍വ്വഹിക്കേണ്ടതില്ല.

മാതാവിനും കുഞ്ഞിനും ചെലവിനു നല്‍കലാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പിതാവോ അല്ലെങ്കില്‍ വലിയ്യോ(കൈകാര്യ കര്‍ത്താവ്) നിര്‍ബന്ധമായും ചെലവിനു കൊടുക്കണം. അവള്‍ വിവാഹമോചിതയാണെങ്കിലും ശരി. ‘അവര്‍ ഗര്‍ഭരിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക’ (ത്വലാഖ് 6).  കാരണം കുഞ്ഞിനുള്ള പോഷകാഹാരം അവളിലൂടെയാണ് ലഭിക്കുക. ശരീരത്തെ ക്ഷീണിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന കായികാധ്വാനങ്ങളും അവള്‍ ചെയ്യരുത്. ദൗര്‍ബല്യമുണ്ടാക്കുന്ന കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. പുകവലിയും മറ്റു ലഹരി വസ്തുക്കളും ഏല്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ‘സ്വയം ഉപദ്രവം ഉണ്ടാക്കരുത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഏല്‍പ്പിക്കുകയും അരുത് ‘ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവള്‍ക്ക് റമദാനിലെ നോമ്പെടുക്കുന്നതില്‍ വരെ ഇളവ് നല്‍കപ്പെട്ടത്.

ശുദ്ധവും ഈമാനികവുമായ അന്തരീക്ഷമൊരുക്കുക. കാരണം ഗര്‍ഭസ്ഥശിശു വയറ്റിനകത്തു നിന്നും പുറമെയുള്ളത് കേള്‍ക്കുകയും ആ കേള്‍ക്കുന്ന കാര്യങ്ങള്‍ അവയെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജനനത്തിനു ശേഷം അത് തിരിച്ചറിയാനും അതിലേക്ക് ചായാനും സാധ്യതയുണ്ട്.  ശിശു ആരോഗ്യത്തോടെയും സുരക്ഷിതമായും പ്രവസിക്കപ്പെടണമെങ്കില്‍, ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനും പ്രസവത്തിന്റെ സമയത്ത് സ്ത്രീരോഗ വിദഗ്ധരായ ഭിഷ്വഗ്വരന്‍മാരെ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് മുമ്പോ ഗര്‍ഭിണിയായിരിക്കുമ്പോഴോ എന്തെങ്കിലും രോഗം ബാധിച്ചാല്‍ ആ രോഗത്തിന്റെ വിദഗ്ദന്റെയടുത്ത് പോയി ചികിത്സിച്ചാല്‍ സുഖപ്രവസവം ഒരു പരിധിവരെ സാധ്യമാവുമെന്ന് ഡോ. അഹമദ് ഈസ പറയുന്നു. പ്രസവം നാല്‍പത് വയസിന് മുമ്പായിരിക്കുന്നതാണ് ഉത്തമം. അതു പോലെ മുലകുടി പ്രായത്തിലുള്ള കുഞ്ഞുണ്ടായിരിക്കെ ഗര്‍ഭധാരണം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. രണ്ട് വര്‍ഷം മുലകൊടുക്കാന്‍ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടല്ലോ. പെട്ടെന്നുള്ള പ്രസവങ്ങള്‍ കാരണം ഉമ്മമാര്‍ ക്ഷീണിതരാവുന്നതിനാല്‍ അത് ശിശുവിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ മുലയൂട്ടല്‍ ലഭിക്കാത്തതിനാല്‍ ശിശുവിന്റെ  തൊട്ടു മുന്നിലുള്ള സഹോദരങ്ങളെയും അത് പരോക്ഷമായി ബാധിക്കുന്നു. ആഗതനാവാനിരിക്കുന്ന കുഞ്ഞിന്റെ സുരക്ഷക്കായി പോഷകാഹാരം കഴിക്കാന്‍ ഗര്‍ഭിണികള്‍ പ്രത്യകം ശ്രദ്ധിക്കണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗര്‍ഭധാരണത്തിന്റെ അവസാന ആഴ്ചകളിലുള്ള ദീര്‍ഘദൂര യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. തിരക്കുള്ള സ്ഥലത്തേക്കും രോഗാണുക്കള്‍ നിറഞ്ഞ സ്ഥലത്തേക്കും പ്രവേശിക്കാതിരിക്കുക. ശക്തിയും ആരോഗ്യവും സുരക്ഷിതത്വും നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളാണ് മുകളിലുദ്ധരിച്ചത്. ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ശക്തനായ വിശ്വാസിയെയാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം എന്ന നബിവചനം ശ്രദ്ധേയം.

ചാപിള്ളയായി പിറന്നു വീഴുന്നവയെ കുളിപ്പിക്കുകയും അതിനുവേണ്ടി മയ്യിത്ത് നമസ്‌ക്കരിക്കുകയും അതിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന്റെ അനന്തരാവകാശം
ജനിക്കുന്നതിനു മുമ്പേ കുഞ്ഞിന്റെ സമ്പത്ത് സംരക്ഷിക്കപ്പെണം.അത് ഗര്‍ഭസ്ഥശിശുവിന്റെ  അവകാശമാണ്. ‘ ഗര്‍ഭസ്ഥ ശിശുവിന് അനന്തരാവകാശമുണ്ട്. അത് പ്രസവിക്കപ്പെടുന്നത് വരെ അനന്തരാവകാശ സ്വത്ത് വിതരണം ചെയ്തുകൂട. വീതം വെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാപിള്ളയാണെങ്കില്‍ അനന്തരവാകാശമില്ല. എന്നാല്‍ കുഞ്ഞ പ്രസവിക്കപ്പെടുമ്പോള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റ വിഹിതമെടുത്ത ശേഷം ബാക്കി സ്വത്ത് അന്തരാവകാശികള്‍ക്ക് വിതരണം ചെയ്യുക. ‘( ശറഹു കിതാബില്‍ ഫറാഇദ്, ശൈഖ് ഹമദ് അല്‍ ഹമദ് ഖുത്വ്‌വ). പണമെന്താണെന്ന് കാണുകയും അറിയുകയും ചെയ്യാത്ത സന്ദര്‍ഭത്തില്‍ പോലും ശിശുവിന്റെ ധനം സംരക്ഷിക്കപ്പെടണമെന്ന മഹത്തായ നിയമം നടപ്പാക്കിയ, ജീവിച്ചിരുക്കുമ്പോഴും മരിച്ച അവസ്ഥയിലും ശിശുവിനുള്ള ആദരവ് വകവെച്ചു കൊടുത്ത സര്‍വ്വലോക പരിപാലകന് സര്‍വ്വ സ്തുതിയും.

വിവ : ഇസ്മായില്‍ അഫാഫ്‌

Facebook Comments
Related Articles
Close
Close