Parenting

കുട്ടികള്‍ യന്ത്രങ്ങളല്ല

കുട്ടികളോടുള്ള ഇടപഴകല്‍ ഒരു കലയും ശാസ്ത്രവുമാണ്. ജീവിതത്തില്‍ വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിക്കുന്ന പോലെ പരിശീലനം നേടേണ്ട ഒന്നാണിത്. നിയമങ്ങളെല്ലാം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നതിന് പഠിക്കുന്നത് പോലെ പഠിക്കേണ്ടതും. ഈ പ്രപഞ്ചത്തില്‍ യന്ത്രങ്ങളേക്കാളും വാഹനങ്ങളേക്കാളുമെല്ലാം സങ്കീര്‍ണമായ സൃഷ്ടിയാണ് മനുഷ്യന്‍. അതില്‍ തന്നെ ഏറ്റവും സങ്കീര്‍ണമായ കാലഘട്ടമാണ് ബാല്യവും കൗമാരവും.

മിക്കപ്പോഴും കുട്ടികളോട് കല്‍പിക്കുന്നവരാണ് നാം. എന്നാല്‍ അത് എന്തിനാണെന്നോ അതിന്റെ കാരണമെന്തെന്നോ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നോ പലപ്പോഴും അവര്‍ക്ക് വിശദീകരിച്ചു കൊടുക്കാറില്ല. അവന്‍ ചെറിയ കുട്ടിയല്ലേ, അവന് ഇതൊന്നും മനസ്സിലാവില്ല എന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ നമ്മുടെ ആ ധാരണ തികച്ചും തെറ്റാണ്. നാം കരുതുന്നതിനേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുള്ളവരാണവര്‍. അവര്‍ക്ക് മനസ്സിലാവില്ലെന്ന് നാം വിശ്വസിക്കുന്ന കാലത്തോളം അവരോടുള്ള നമ്മുടെ കല്‍പനകളും തുടര്‍ന്നു കൊണ്ടിരിക്കും. ഉപയോഗിക്കുന്ന ആളുടെ കല്‍പനകള്‍ക്കനുസരിച്ച്, അമര്‍ത്തുന്ന ബട്ടണുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേവലം ഉപകരണമാക്കി നാമവരെ മാറ്റുകയും ചെയ്യും. കല്‍പനകള്‍ നടപ്പാക്കുന്ന ഒരു ഉപകരണമായി മക്കള്‍ മാറണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും രക്ഷിതാവുണ്ടാവുമോ? കല്‍പനകള്‍ പുറപ്പെടുവിക്കുന്ന ഒരു യന്ത്രമായി മാറാന്‍ നമ്മിലാരെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ?

മക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയിലുള്ള ബന്ധം കല്‍പന പുറപ്പെടുവിക്കലിന്റെതും അത് അനുസരിക്കലിന്റേതുമായി മാറുമ്പോള്‍ കുട്ടിയുടെ വ്യക്തിത്വത്തെ ദോഷകരമായിട്ടാണത് ബാധിക്കുന്നത്. അന്തര്‍മുഖരും അലസരുമായി കുട്ടികള്‍ മാറുന്നതിനത് കാരണമാകും. മനുഷ്യനെ പുതിയ കണ്ടെത്തലുകള്‍ക്കും കഴിവുകള്‍ക്കും യോഗ്യനാക്കുന്ന എല്ലാ ക്രിയാത്മക ശേഷികളും അത്തരക്കാരില്‍ നിന്ന് അപ്രത്യക്ഷമാകും.

നീ ഇത് ചെയ്യണം, അത് ചെയ്യരുത്, ഭക്ഷണം കഴിക്ക്, ഉറങ്ങ്, പുറത്തു പോ, നീ കളിക്കരുത് തുടങ്ങിയ കല്‍പനകള്‍ മാത്രം നാം കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ മൂല്യങ്ങള്‍ തിരിച്ചറിയാനുള്ള മാനദണ്ഢം അവര്‍ക്ക് ലഭിക്കുന്നില്ല. ശരിയും തെറ്റും, സത്യവും അസത്യവും, പ്രയോജനവും ഉപദ്രവും വേര്‍തിരിച്ചെടുക്കാന്‍ അവര്‍ക്ക് സ്വയം സാധിക്കാത്ത അവസ്ഥയിലാണ് അവര്‍ വളര്‍ന്ന് വരിക. നമ്മുടെ പെരുമാറ്റത്തില്‍ നിന്നും നാം അവരിലേക്ക് പകര്‍ന്നു നല്‍കുന്ന അറിവുകളിലൂടെയുമാണ് അതിനുള്ള മാനദണ്ഡം അവരില്‍ ഉണ്ടാവേണ്ടത്.

ഓരോ ഉപ്പയും ഉമ്മയും കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്ന വിധം കാര്യങ്ങള്‍ വിശദീകരിച്ചും യാഥാര്‍ഥ്യം വ്യക്തമാക്കിയുമാണ് കല്‍പനകള്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ നിത്യജീവിതം തന്നെ കുട്ടികള്‍ക്ക് ഒരു സ്‌കൂളായി മാറുമായിരുന്നു. ഉദാഹരണത്തിന് നീ ആപ്പിള്‍ തിന്നണമെന്ന് പറയുമ്പോള്‍, അതില്‍ നിന്റെ വളര്‍ച്ചക്കും എല്ലുകളുടെ ശക്തിക്കും ആവശ്യമായ വിറ്റമിനുകളുണ്ടെന്ന് വിശദീകരിക്കാം. നീ മിഠായി അധികം കഴിക്കരുതെന്ന് പറുമ്പോള്‍, അത് പല്ലുകളെ കേട് വരുത്തുകയും വേദനക്ക് കാരണമാവുകയും ചെയ്യുമെന്ന കാരണം അവനെ ബോധ്യപ്പെടുത്തണം. നേരത്തെ ഉറങ്ങണമെന്ന് പറയുമ്പോള്‍ അത് ആരോഗ്യത്തെ നിലനിര്‍ത്തുമെന്നും അധികസമയം ടെലിവിഷന്‍ കാണുന്നത് കണ്ണുകള്‍ക്ക് കേടാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതാണ്.

രാത്രി വളരെ വൈകിയ സമയത്ത് കളിക്കരുതെന്ന് പറയുമ്പോള്‍ അത് നമ്മുടെ അയല്‍വാസികള്‍ക്ക് ശല്ല്യമാകുമെന്ന പാഠം കുട്ടിയെ പഠിപ്പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അപ്രകാരം ഏതൊക്കെ കാര്യങ്ങളാണ് നമുക്ക് ചേരുന്നത് ഏതൊക്കെയാണ് ചേരാത്തത് എന്നതിന്റെ മാനദണ്ഡം കുട്ടിക്ക് ലഭിക്കുന്നു. അതിലൂടെ കുട്ടികളുടെ ജീവിതത്തില്‍ ഒരു ക്രിയാത്മകതയുണ്ടാക്കാന്‍ നമുക്ക് സാധിക്കുന്നു. അവരോട് തുറന്ന് സംസാരിക്കാന്‍ നാം സമയം കണ്ടെത്തണം. അതുപോലെ അവര്‍ പറയുന്നത് കേള്‍ക്കാനും നമുക്ക് സാധിക്കണം. നമുക്ക് അവരോടുള്ള സ്‌നേഹവും അവര്‍ക്ക് വല്ലതും പറ്റുമോയെന്ന നമ്മുടെ പേടിയും പ്രകടിപ്പിക്കണം. നമുക്കും അവര്‍ക്കുമിടയിലെ ശക്തമായ ബന്ധത്തിലൂടെയായിരിക്കണം നമ്മുടെ കല്‍പനകളും നിര്‍ദേശങ്ങളും അവരിലേക്ക് എത്തേണ്ടത്. നമ്മുടെ കല്‍പനകള്‍ക്ക് കാരണങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ശൈലി നഷ്ടപ്പെടുമ്പോള്‍, നമ്മുടെ മക്കളുടെ മനസ്സുകളില്‍ മറ്റുള്ളവരെ കുറിച്ചൊന്നും ചിന്തിക്കാത്ത സ്വാര്‍ത്ഥന്‍മാരായി നാം മാറുന്നു. മക്കളുടമായി ഇടപഴകുമ്പോള്‍ എട്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്:

1- മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം അവരുടെ കൂടി തൃപ്തിയോടെ കാര്യങ്ങള്‍ ചെയ്യിക്കുക.
2- കല്‍പനയുടെ ശൈലി ഉപേക്ഷിക്കുക.
3- ഉത്തരവ് പുറപ്പെടുവിക്കുന്ന ഒരു ഉപകരണമായി നാം മാറാതിരിക്കുക.
4- ഉത്തരവ് നടപ്പാക്കാനുള്ള ഒരു ഉപകരണാക്കി മക്കളെ മാറ്റാതിരിക്കുക.
5- ഒരു കാര്യം വിലക്കുമ്പോള്‍ അവരെ വെറുപ്പിക്കാതെ മക്കളെ ആദരിക്കുക.
6- ഒരു കാര്യത്തില്‍ അധികം സമ്മര്‍ദം ചെലുത്താതിരിക്കുക, അസ്വസ്ഥതക്കും വെറുപ്പിനും അത് കാരണമാവും.
7- കുട്ടികളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
8- എപ്പോഴും നിങ്ങളുടെ ശക്തമായ നിയന്ത്രണത്തിലാണെന്ന് തോന്നുന്ന തരത്തില്‍ നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കാതിരിക്കുക.

വിവ : അഹ്മദ് നസീഫ്‌

Facebook Comments
Related Articles
Show More
Close
Close