Parenting

ഓണ്‍ലൈന്‍ ഗെയിമുകള്‍ നമ്മുടെ മക്കളെ വഴി തെറ്റിക്കാതിരിക്കട്ടെ

ഒരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അയാള്‍ തന്റെ മകനോട് പറഞ്ഞു: നിന്റെ ഓണ്‍ലൈന്‍ ഗയിമുകളുടെ കഥ അങ്കിളിന് പറഞ്ഞു കൊടുക്ക്. ഇതുകേട്ട കുട്ടി സംസാരിക്കാന്‍ മടിച്ചു കൊണ്ട് എന്നെ നോക്കി. അത് പറയാന്‍ പ്രേരിപ്പിച്ചു കൊണ്ട് ഞാനവനെ നോക്കി. എന്താണ് നിനക്ക് സംഭവിച്ചതെന്ന് വിവരിക്കാന്‍ അവനോട് പറയുകയും ചെയ്തു. അവന്‍ പറഞ്ഞു: ദിവസവും മണിക്കൂറുകള്‍ ഞാന്‍ ഓണ്‍ലൈന്‍ യുദ്ധ ഗെയിമുകള്‍ കളിക്കാറുണ്ട്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുകയും ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കൊപ്പമാണ് ഞാനത് കളിക്കാറുള്ളത്. ലക്ഷ്യം നേടുന്നതില്‍ ഞാന്‍ നല്ല വൈദഗ്ദ്യം നേടിയിരുന്നതിനാല്‍ ഞാന്‍ തന്നെയാണ് എല്ലായ്‌പ്പോഴും ജയിക്കാറുള്ളത്. അപൂര്‍വമായി മാത്രമേ എന്റെ ലക്ഷ്യങ്ങള്‍ തെറ്റാറുള്ളൂ. ഒരു ദിവസം കളിയിലെ എന്റെ വൈഭവത്തെ കുറിച്ച് ഒരു കൂട്ടുകാരന്‍ ഇന്റര്‍നെറ്റിലൂടെ എന്നോട് സംസാരിച്ചു. ലക്ഷ്യം നേടുന്നതിലുള്ള എന്റെ കൃത്യതയെ പ്രശംസിച്ച അയാള്‍ ഈ യുദ്ധക്കളി ഭാവനാ ലോകത്തും നിന്നും യാഥാര്‍ഥ്യ ലോകത്തേക്ക് പറിച്ചു നടുന്നതിനെ കുറിച്ച് ചോദിച്ചു. എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. നമ്മുടെ കളിയെ എങ്ങനെ ഭാവനാ ലോകത്തു നിന്നും യാഥാര്‍ഥ്യ ലോകത്തേക്ക് മാറ്റുമെന്ന് ഞാന്‍ ചോദിച്ചു. ഒരു നാട് തെരെഞ്ഞെടുത്ത് നമുക്ക് അവിടേക്ക് പോവാമെന്നും ഓണ്‍ലൈന്‍ യുദ്ധ ഗെയിമിലൂടെ നാം പഠിച്ച പാഠങ്ങള്‍ യാഥാര്‍ഥ്യ ലോകത്ത് നടപ്പാക്കാമെന്നും അയാളെന്നോട് പറഞ്ഞു. അയാളെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. അയാള്‍ പറഞ്ഞു: ”ഞാനും നീയും സിറിയയിലേക്ക് പോയി അവിടെ ഇതുപോലുള്ള കളി കളിക്കുന്നു. എന്നാല്‍ ആളുകള്‍ക്ക് നേരെയാണത്. ഗെയിമില്‍ യുദ്ധം ചെയ്യാനും ലക്ഷ്യങ്ങള്‍ കൃത്യമായി വീഴ്ത്താനും നിനക്ക് പ്രത്യേക കഴിവുണ്ട്. നിന്റെ ആ കഴിവ് യഥാര്‍ഥ് ലോകത്ത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”

കുട്ടിയുടെ പിതാവ് ഇടപെട്ടു കൊണ്ട് പറഞ്ഞു: മകന്‍ എന്നോട് ഈ കഥ വിവരിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ചെറിയ പ്രായത്തിലുള്ളവരെ വേട്ടയാടുകയാണെന്നും അവരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ാക്കി ഉപയോഗിക്കാനാണതെന്നും ഞാനവന് പറഞ്ഞു കൊടുത്തു. കുട്ടികള്‍ ഇഷ്ടപ്പെടുന്ന, അവരുടെ മനസ്സിനെ ആകര്‍ഷിക്കുന്ന മാര്‍ഗങ്ങളിലൂടെ തങ്ങളുദ്ദേശിക്കുന്നതിലേക്ക് അവരെ എത്തിക്കാന്‍ വളരെ എളുപ്പമാണെന്ന് അവര്‍ക്കറിയാം.

ആ മകനോട് ഞാന്‍ ചോദിച്ചു: പിന്നെ നീ എന്താണ് ചെയ്തത്? അവന്‍ പറഞ്ഞു: അയാളുമായി ഇനി കളിക്കരുതെന്നും ഇന്റര്‍നെറ്റിലൂടെ കൂട്ടുകാരെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഉപ്പയെന്നോട് പറഞ്ഞു. കളിക്കിടയില്‍ സംഭവിക്കുന്നതെല്ലാം ഉപ്പയെ അറിയിക്കാനും എന്നോട് പറഞ്ഞിരുന്നു. ഞാനവനോട് പറഞ്ഞു: നല്ല നടപടിയാണത്. എന്നാല്‍ ആ കളിയെയും മറ്റ് കളിക്കാരെയും മനസ്സിലാക്കുന്നതിന് ഉപ്പയും നിന്നോടൊപ്പം കളിക്കണം എന്നാണ് ഞാന്‍ പറയുക.

പിന്നീട് ദുഷ്ചിന്തകളും ചീത്ത സ്വഭാവങ്ങളും വളര്‍ത്തുന്നതിന് എങ്ങനെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ കുറിച്ച് ഞാനവനോട് സംസാരിച്ചു. ഒരു കുട്ടിയുടെ ചിന്തയെയും വ്യക്തിത്വത്തെയും അവന്‍ പോലും അറിയാതെ എങ്ങനെയാണവ സ്വാധീനിക്കുന്നതെന്ന് ഞാന്‍ വിശദീകരിച്ചു. ചില ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളില്‍ ആക്രമണോത്സുകതയും നശീകരണ പ്രവണതയും ഉണ്ടാക്കുന്നു. അല്ലെങ്കില്‍ നമ്മുടെ ആദര്‍ശത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്ത ചിന്തകളുടെ ഉടമയാക്കി അവരെയത് മാറ്റുന്നു. ലൈംഗിക വൈകൃതകള്‍ പ്രചരിപ്പിക്കുന്ന എത്രയോ ഗെയിമുകളുണ്ട്. അതോടൊപ്പം അതിന് സഹായകമായി മാറുന്ന സിനിമകളും ടെലിവിഷന്‍ പരമ്പരകളുമുണ്ട്. അത്തരം ഉള്ളടക്കങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്.

സദാചാരത്തില്‍ നിന്നും മതാധ്യാപനങ്ങളില്‍ നിന്നും വഴിതെറ്റിക്കല്‍ പുതുതലമുറക്ക് വേണ്ടി പ്രോഗ്രാമുകള്‍ ഒരുക്കുന്ന കമ്പനികളുടെയും രാഷ്ട്രങ്ങളുടെയും ലക്ഷ്യമായി മാറിയിരിക്കുന്നു. അവരുടെ ഉല്‍പന്നത്തിലൂടെ കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുകയാണവര്‍. അതിലൂടെ അവരെ സ്വവര്‍ഗാനുരാഗികളും മതതീവ്രവാദികളും ആക്കിത്തീര്‍ക്കാനാണവര്‍ ശ്രമിക്കുന്നത്. ഇതില്‍ നിന്ന് രക്ഷപ്പെടുന്ന ചിലരെല്ലാം കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കെണിയിലും അകപ്പെടുന്നു. അത്യധികം വിനാശകാരികളാണ് ഈ മൂന്ന് കാര്യങ്ങളാണ് നമ്മിലേക്ക് വരുന്നത്.

ഇത്തരം വഴികേടുകളില്‍ നിന്ന് മക്കളെ സംരക്ഷിച്ചു നിര്‍ത്താന്‍ ഒന്നാമതായി രക്ഷിതാക്കള്‍ ചെയ്യേണ്ടത് അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നതിനൊപ്പം തന്നെ അവരോട് സഹവസിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കലുമാണ്. അതോടൊപ്പം സദാചാര വിഷയങ്ങളിലും മതാധ്യാപനങ്ങളിലും നാം അവര്‍ക്ക് മാതൃകയായി മാറേണ്ടതുണ്ട്. കേള്‍വിയേക്കാള് അവരെ സ്വാധീനിക്കുക കാഴ്ച്ചയാണ്. അതുകൊണ്ട് തന്നെ നാം കല്‍പനകള്‍ കുറക്കുകയും പെരുമാറ്റത്തിലൂടെ മാതൃകയാവുകയും വേണം. മക്കളുടെ കാര്യത്തില്‍ നാം പ്രഥമമായി ശ്രദ്ധിക്കേണ്ടത് അവരുടെ മനസ്സില്‍ വിശ്വാസം (ഈമാന്‍) നട്ടുപ്പിടിപ്പിക്കാനും അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹം വളര്‍ത്താനുമാണ്. അപ്രകാരം ധാര്‍മികതക്കും പെരുമാറ്റത്തിനും പ്രാധാന്യം കല്‍പിക്കുന്ന സ്‌കൂളിലാണ് കുട്ടികളെ അയക്കേണ്ടത്. പഠനത്തോടൊപ്പം ധാര്‍മിക പാഠങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്ന സ്‌കൂളുകളാണെങ്കില്‍ അതാണ് നല്ലത്.

വിവ: നസീഫ്‌

Facebook Comments
Show More

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Close
Close