Counselling

വ്യക്തിത്വ വികസനത്തിലെ തെറ്റായ പ്രവണതകൾ

വിജ്ഞാനം, കല തുടങ്ങി ജീവിതത്തിലെ ഏതൊരു കാര്യവും അതിന്റെ യഥാര്‍ത്ഥ യോഗ്യതയും കഴിവും ഇല്ലാത്തവരിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ ആ വിജ്ഞാനത്തോടുള്ള അല്ലെങ്കില്‍ കലയോടുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാട് തന്നെ വികൃതമാകുന്നു. മാനവവിഭവ ശേഷി വളര്‍ത്തല്‍, വ്യക്തിത്വ വികാസ കോഴ്‌സുകളിലും ഈ രോഗം പ്രകടമാണ്. ഇത്തരം കോഴ്‌സുകള്‍ക്ക് വാണിജ്യമുഖം കൈവരികയും പെട്ടന്ന് വിജയം നേടാനും ലാഭം കൊയ്യാനും മോഹിക്കുന്ന ചിലരെല്ലാം ഈ മാര്‍ക്കറ്റിലേക്ക് കടന്നുവരികയും ചെയ്യുന്നു. മൂന്ന് ദിവസം കൊണ്ടെങ്ങനെ ഒരു ഭാഷ അനായാസം സ്വായത്തമാക്കാനാവും? ഒരാഴ്ച്ച കൊണ്ടെങ്ങനെ കോടീശ്വരനാകും? കഴിവും യോഗ്യതകളും നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ പരിശ്രമം പോലും നടത്താതെ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ചിലര്‍ ട്രെയിനര്‍മാരും അതില്‍ നിന്ന് അന്താരാഷ്ട്ര ട്രെയിനര്‍മാരുമായി മാറുന്നു. മനുഷ്യമനസ്സിനെയും മനുഷ്യപ്രകൃതത്തെയും കുറിച്ച് വ്യക്തമായ കാഴ്ച്ചപാട് പകരുന്നതിനാവശ്യമായ മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയവയിലൊന്നും മതിയായ പരിജ്ഞാനം നേടാതെയാണിത്.

ഇത്തരം കപടനാട്യക്കാരുടെ രംഗപ്രവേശം മാനവവിഭവ ശേഷിവികാസത്തെയും വ്യക്തിത്വവികാസത്തെയും കുറിച്ച് ആളുകളില്‍ തെറ്റായ കാഴ്ച്ചപ്പാടാണിത് ഉണ്ടാക്കുന്നത്. ഊഹങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കച്ചവടമായിട്ടാണവര്‍ അതിനെ കാണുന്നത്. അല്ലെങ്കില്‍ കോഴ്‌സ് തീരുന്നതോടെ ഫലവും അവസാനിക്കുന്ന മയക്കുമരുന്ന് ക്യാപ്‌സൂളുകളെ പോലെയാണവര്‍ അതിനെ കാണുക.

മനുഷ്യനിലെ സ്വഭാവഗുണങ്ങളെ കൈകാര്യം ചെയ്യുന്ന ഈ വൈജ്ഞാനിക ശാഖയോട് ചെയ്യുന്ന അനീതിയാണ് ഈ കാഴ്ച്ചപ്പാട്. ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് അനിവാര്യമായ വിജ്ഞാനമാണത്. ടൈം മാനേജ്‌മെന്റ്, മാനസികവും സ്വഭാവപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, വ്യക്തിത്വത്തിലെ ദൗര്‍ബല്യങ്ങള്‍ മറികടക്കല്‍ തുടങ്ങിയവ നമുക്കെല്ലാവര്‍ക്കും ആവശ്യമായവയാണ്. ഈ പ്രശ്‌നങ്ങള്‍ കടവടതാല്‍പര്യക്കാരുടെയും നാട്യക്കാരുടെയും മുമ്പിലെത്തുമ്പോള്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായ അതിശയോക്തിയും ഭയപ്പെടുത്തലും അതില്‍ കടന്നുവരികയും അതിലുള്ള ശാസ്ത്രീയ കാഴ്ച്ചപ്പാട് കുറയുകയും തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അറിവും ശേഷിയും നേടുന്നതിന് പരിശ്രമങ്ങള്‍ നടത്തുകയും അനുഭവസമ്പത്ത് കൈവശമാക്കുകയും ഈ രംഗത്ത് വേണ്ട ധാര്‍മിക മൂല്യങ്ങള്‍ മാനിക്കുകയും ചെയ്തവരെയും അതൊന്നുമില്ലാതെ ഇതിലേക്ക് കടന്നുകയറിയവരെയും വേര്‍തിര്‍ക്കുന്നതിന്റെ പ്രധാന്യം ഇതാണ്.

വ്യക്തിത്വവികസവും അഹംഭാവവും
സ്വന്തത്തെ വലിയ സംഭവമായി കാണുന്ന പ്രവണതയാണ് ഈ മേഖലയിലെ മറ്റൊരു പ്രശ്‌നം. സ്വന്തത്തെ കുറിച്ച മിഥ്യാധാരണകളില്‍ നിന്നും രൂപപ്പെടുന്ന അഹംഭാവം ധാര്‍മികവും സ്വഭാവപരവുമായ മൂല്യങ്ങളെ തകര്‍ത്തെറിയുന്നു. ചിന്താപരവും മാനസികവുമായ സന്തുലിതത്വം നഷ്ടപ്പെടുന്ന ഇത്തരാക്കാര്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും അതിതീവ്രത പുലര്‍ത്തുന്നു. ജീവിതം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനും ഗവേഷണത്തിനും ചെലവഴിച്ച മഹാപണ്ഡിതന്‍മാരുടെ പരിശ്രമങ്ങളെ പോലും ചവിട്ടിമെതിക്കാന്‍ അവര്‍ മടിക്കുകയില്ല. പണ്ഡിതന്‍മാര്‍ക്ക് തെറ്റുപറ്റുകയില്ലെന്ന് എനിക്ക് വാദമില്ല. അവരുടെ പിഴവുകളെ നമുക്ക് നിരാകരിക്കാം. എന്നാല്‍ അവരുടെ വൈജ്ഞാനിക പരിശ്രമങ്ങളെ നാം മാനിക്കേണ്ടതുണ്ട്.

ഇതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പ്രവാചകന്‍(സ)യുടെ ചരിത്രം അപഗ്രഥിക്കുന്നതിലെ പൂര്‍വികരായ പണ്ഡിതന്‍മാര്‍ക്ക് സംഭവിച്ച ദൗര്‍ബല്യത്തെ വിമര്‍ശിച്ച ഒരു ട്രെയിനറെ ഞാന്‍ ഓര്‍ക്കുന്നു. പൂര്‍വികരായ പണ്ഡിതന്‍മാര്‍ കൈകാര്യം ചെയ്ത ചില സംഭവങ്ങളില്‍ വേറിട്ട ചിന്ത അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹമിക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. നുബുവത്തിന് മുമ്പ് നബി(സ) ഗുഹയില്‍ കഴിഞ്ഞതിനെ അദ്ദേഹം പരിശീലിപ്പിക്കുന്ന ഊര്‍ജ്ജ ശാസ്ത്രവുമായി ബന്ധപ്പെടുത്തുകയാണ്. നുബുവത്തിന് ഒരുങ്ങുന്നതിന് ശക്തിസംഭരിക്കുകയായിരുന്നു എന്നാണദ്ദേഹം വിശദീകരിച്ചത്.

ശ്രോതാക്കളെ വിലമതിക്കാതിരിക്കല്‍
ശ്രോതാക്കളുടെ ബുദ്ധിയെയും മനസ്സിനെയും ചിന്താപരവും ധാര്‍മികവുമായ ഗുണങ്ങളെയും വിലമതിക്കാതിരിക്കുകയെന്നത് ചില ട്രെയിനര്‍മാരില്‍ കാണുന്ന പ്രശ്‌നമാണ്. ഉദ്ദേശ്യപൂര്‍വമല്ലെങ്കിലും തന്നെ കേള്‍ക്കുന്നവരെ തകര്‍ക്കുന്നതില്‍ പങ്കാളിയാവുകയാണ് അതിലൂടെ ചെയ്യുന്നത്. ചിലരുടെയെല്ലാം ആത്മവഞ്ചന ആദരണീയരായ സഹാബിമാരെ വരെ നിന്ദിക്കുന്നതിലും ഹിജാബ്, പരസ്പരം സഹകരണം പോലുള്ള ഇസ്‌ലാമിക മൂല്യങ്ങളെയും അടിസ്ഥാനങ്ങളെയും വരെ പുച്ഛിക്കുന്നതിലും എത്തിനില്‍ക്കുന്നു.

ദൈവനിരാസമെന്ന അപകടം
വൈജ്ഞാനിക മാര്‍ഗരേഖയില്ലാത്തതും അവ്യവസ്ഥാപിതവുമായ ചില വ്യക്തിത്വവികാസ കോഴ്‌സുകള്‍ അപക്വമായ ബുദ്ധിയുടെ ഉടമകളെ ദൈവനിരാസത്തിലെത്തിക്കുന്നതായി കാണാം. ദൃഢബോധ്യത്തിലേക്ക് എത്തിക്കുന്ന ന്യായമായ സംശയത്തെയും വഴികേടിലേക്ക് എത്തിക്കുന്ന അനാവശ്യ സംശയത്തെയും വേര്‍തിരിക്കാത്തതിന്റെ ഫലമാണത്.

ഇസ്‌ലാമിക മൂല്യങ്ങളുടെ വെളിച്ചത്തില്‍ വ്യക്തിത്വ വികാസ പരിപാടികളുടെ രൂപരേഖ പുനരാലോചിക്കേണ്ടതിന്റെ അത്യാവശ്യം ബോധ്യപ്പെടുത്തുന്നതാണ് ചില വ്യക്തിത്വ വികാസ പരിപാടികളില്‍ കണ്ടുവരുന്ന ഇത്തരം തെറ്റായ പ്രവണതകള്‍.

*ട്രെയിനറും എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles
Close
Close