Current Date

Search
Close this search box.
Search
Close this search box.

ഈ ചോദ്യം നിങ്ങളോടായിരുന്നെങ്കില്‍?

”നിങ്ങളുടെ പ്രായത്തില്‍ എത്തുമ്പോള്‍ എനിക്ക് പ്രയോജനപ്പെടുന്ന ഒരു വാചകം എഴുതിത്തരൂ’ എന്ന് നിങ്ങളുടെ മകന്‍ ചോദിച്ചാല്‍ എന്തായിരിക്കും അവന് നിങ്ങള്‍ എഴുതിക്കൊടുക്കുക? ഈ ചോദ്യം നിരവധി ഉപ്പമാരോടും ഉമ്മമാരോടും ചോദിച്ചപ്പോള്‍ പലതരം മറുപടികളും എനിക്ക് കിട്ടി. ഇത്തരത്തിലെല്ലാമായിരുന്നു അവ:
മോനേ, നീ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക.
വസ്തുക്കള്‍ക്ക് അവക്കുള്ളതിലേറെ മൂല്യം നീ കല്‍പിക്കരുത്, പ്രശ്‌നങ്ങള്‍ക്ക് പോലും അവക്കുള്ളതിലേറെ ഭാരം നീ കല്‍പിക്കരുത്.
ഏഴ് തവണ വീണാലും നീ കീഴടങ്ങരുത്, എട്ടാം തവണയും എഴുന്നേറ്റ് ലക്ഷ്യം കൈവരിക്കണം.
നീ എവിടെയായിരുന്നാലും അല്ലാഹുവെ സൂക്ഷിക്കണം, തിന്മകളെ നന്മകള്‍ കൊണ്ട് നീ പരിഹരിക്കുകയും വേണം.
നിന്റെ നാവ് ഒരിക്കലും മറ്റുള്ളവരുടെ ന്യൂനത സംസാരിക്കരുത്, നിന്നില്‍ മുഴുവന്‍ ന്യൂനതകളാണെന്നും ജനങ്ങള്‍ക്കെല്ലാം നാവുകളുണ്ടെന്നും നീ ഓര്‍ക്കണം.
മറ്റുള്ളവരുടെ സുഖത്തിന് വേണ്ടി നീ സ്വന്തത്തെ പീഡിപ്പിക്കരുത്.
നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുകയും ജനങ്ങളോട് വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യുക.
നിന്റെ കഴിവില്‍ കവിഞ്ഞ കടം നീ സ്വീകരിക്കരുത്.
നീ സ്വന്തത്തെ പരിപോഷിപ്പിക്കുക, എന്നാല്‍ നീ വിജയിക്കും.
നീ ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുക.
അവന് വേണ്ടി ഞാനൊന്നും എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. ലോകം അവനെ പഠിപ്പിക്കട്ടെ.
നീ നിന്റെ മക്കള്‍ക്ക് വേണ്ടി ധാരാളം സമയം നീക്കിവെക്കണം. നിന്റെ സാന്നിദ്ധ്യം ആസ്വദിക്കാന്‍ അവര്‍ക്ക് കഴിയണം. നിന്റെ സമയം മുഴുവന്‍ ജോലിക്ക് വേണ്ടി നീക്കിവെക്കരുത്.
അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധവെക്കണം, ചെയ്യുന്ന ജോലിയില്‍ നീ നിപുണനാവണം. നിന്റെ രഹസ്യം മറ്റാര്‍ക്കും നീ കൈമാറരുത്.
ആളുകളുമായുള്ള ബന്ധത്തില്‍ നീ മിതത്വം കാണിക്കണം, ആരോടും അമിത സ്‌നേഹം കാണിക്കരുത്.
ഏതവസ്ഥയിലും പ്രാര്‍ഥന നിന്റെ സന്തതസഹചാരിയായിരിക്കണം. നീ അല്ലാഹുവിനെ കാണുന്നത് പോലെ അവന് വഴിപ്പെടണം. നീയവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു.
മോനേ ഈ കാലത്ത് മനുഷ്യന്റെ വിലയെന്നത് അവന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കോ സമ്പത്തിനോ ആണ്, സ്വഭാവത്തിനോ റബ്ബിന്റെ തൃപ്തിക്കോ ഒരു വിലയുമില്ല.
ജനങ്ങളുടെ പ്രശംസ നീ പ്രതീക്ഷിക്കരുത്, അല്ലാഹുവിന് വേണ്ടിയാവട്ടെ നിന്റെ പ്രവര്‍ത്തനങ്ങള്‍.
തെറ്റുകളില്‍ നിന്ന് നീ പാഠം പഠിക്കണം, അര്‍ഹിക്കുന്നതിലേറെ അംഗീകാരം ആര്‍ക്കും നല്‍കരുത്.
നീ കോപിക്കരുത്, നീ കോപിക്കരുത്, നീ കോപിക്കരുത്. അതിവൈകാരികത നിനക്ക് പ്രയോജനപ്പെടില്ല, നിന്നെ നശിപ്പിക്കുകയായിരിക്കും.
നീ നന്മകള്‍ ചെയ്യുക ആയിരം നന്മകള്‍ നിനക്കുണ്ടാവും.
വാക്കുകൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമുള്ള ജനങ്ങളുടെ നിരുത്സാപ്പെടുത്തലുകള്‍ നിന്നെയൊരിക്കലും നിരാശനാക്കരുത്, മറിച്ച് നിന്റെ ഉയര്‍ച്ചയുടെ ചവിട്ടുപടികളാക്കി അവയെ നീ മാറ്റുക.

മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി തെരെഞ്ഞെടുത്ത ഇരുപത് ഉപദേശങ്ങളാണിവ. അവരിലേറെയും തങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും അല്ലാഹുവമായുള്ള ബന്ധത്തില്‍ നിന്നോ അല്ലെങ്കില്‍ ജനങ്ങളുമായുള്ള ബന്ധത്തില്‍ നിന്നോ ലഭിച്ചിട്ടുള്ള പാഠങ്ങളില്‍ നിന്നുള്ളവയാണെന്നും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. തെറ്റായ ഉപദേശങ്ങളും അക്കൂട്ടത്തിലുണ്ട്. ‘ലോകം അവനെ പഠിപ്പിക്കട്ടെ’ എന്ന ഒരു പിതാവിന്റെ ഉപദേശം ശരിയല്ല. അടിസ്ഥാനപരമായി ഒരു കുട്ടി പഠിക്കേണ്ടത് അവന്റെ മാതാപിതാക്കളില്‍ നിന്നും അവന്‍ ജീവിക്കുന്ന ലോകത്തു നിന്നുമാണ്. യാതൊരുതരത്തിലുള്ള നിര്‍ദേശവും അധ്യാപനവും നല്‍കാതെ ലോകത്തിന് അവനെ വിട്ടുകൊടുക്കുകയല്ല വേണ്ടത്. ചില വചനങ്ങള്‍ പ്രവാചകവചനങ്ങളില്‍ നിന്നോ തത്വങ്ങളില്‍ നിന്നോ കവിതകളില്‍ നിന്നോ കടമെടുത്തവയാണ്. നല്ല രീതിയാണിത്. ഞങ്ങള്‍ ഈ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മാതാപിതാക്കളില്‍ നിന്നും മൂവായിരത്തിലേറെ പ്രതികരണങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. മക്കള്‍ക്ക് നല്‍കേണ്ടുന്ന ഉപദേശത്തിനവര്‍ നല്‍കുന്ന പ്രാധാന്യത്തെയാണത് കുറിക്കുന്നത്. തമാശരൂപത്തിലുള്ള പല പ്രതികരണങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. വിലകുറഞ്ഞ വസ്തുക്കള്‍ നീ വാങ്ങരുത്. സ്ത്രീകള്‍ പഴങ്ങള്‍ പോലെയാണ് അതുകൊണ്ട് നല്ലയിനം നീ തെരെഞ്ഞെടുക്കണം, നിന്റെ സന്തോഷ നിമിഷങ്ങളെ നിന്റെ ഫോണ്‍ കവര്‍ന്നെടുക്കാതിരിക്കട്ടെ, നിന്നോട് സംസാരിക്കുന്നവരോട് അവരുടെ ശമ്പളെ എത്രയെന്ന് ചോദിക്കരുത്, ഒരു വസ്തുവില്‍ രേഖപ്പെടുത്തിയിട്ടുള്ളതല്ല അതിന്റെ അനുയോജ്യമായ വില, മറിച്ച് നിന്റെ ത്രാസില്‍ അതിന്നുള്ള വിലയാണ്, നീ നിന്റെ പകലിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ ഉറങ്ങാന്‍ വൈകരുത്, ദിവസവും അര മണിക്കൂറെങ്കിലും നടക്കണം തുടങ്ങിയ രസകരമായ ഉപദേശങ്ങള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

മക്കള്‍ക്ക് ഉപദേശം നല്‍കുകയെന്നത് പുതിയൊരു ആശയമൊന്നുമല്ല. തത്വജ്ഞാനിയായ ലുഖ്മാന്‍ തന്റെ മകന് ഉപദേശം നല്‍കുകയും പ്രസ്തുത ഉപദേശങ്ങള്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് തന്നെ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളായി അവതരിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ഗസാലി(റ) തന്റെ ശിഷ്യന്‍മാരിലൊരാളെ ഉപദേശിച്ചു കൊണ്ട് ‘അയ്യുഹല്‍ വലദ്’ (ഹേ, മോനേ) എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഇബ്‌നുല്‍ ജൗസി തന്റെ മകന് വേണ്ടി രചിച്ചിട്ടുള്ളതാണ് ‘ലഫ്തതുല്‍ കബ്ദ് ഇല നസ്വീഹത്തില്‍ വലദ്’. ഇങ്ങനെ മഹാന്‍മാരായ പലരും ഉപദേശങ്ങള്‍ നല്‍കിയതായി കാണാം. ഉപദേശങ്ങള്‍ എഴുതി നല്‍കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. മക്കള്‍ പൊതുവെ മാതാപിതാക്കളുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും മറക്കുന്നവരാണ്. അതിനാല്‍ നിങ്ങളും മക്കള്‍ക്ക് വേണ്ടിയുള്ള സുവര്‍ണോപദേശങ്ങള്‍ എഴുതിവെക്കുമല്ലോ.

മൊഴിമാറ്റം: അബൂ നുഹ

Related Articles