Counselling

ലോക്ക്ഡൗണ്‍ ജീവിതം നിങ്ങളെ വിഷമിപ്പിക്കുന്നുവോ?

ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയിരിക്കുമ്പോള്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം എങ്ങനെ സമയം ചെലവഴിക്കണമെന്ന് എനിക്കറിയില്ല. നേരത്തെ ജോലിസംബന്ധമായ കാര്യങ്ങളില്‍ വ്യാപൃതനായിരുന്ന ഞാനിപ്പോള്‍ വീട്ടില്‍ തന്നെയിരിക്കുകയാണ്. എന്റെ കുടുംബത്തിന്റെ ജീവിതത്തില്‍ എനിക്കൊരു പ്രസക്തിയുമില്ലെന്നും ജീവിതത്തിന്റെ പുറമ്പോക്കിലാണ് ഞാനെന്നും തോന്നിത്തുടങ്ങിയിരിക്കുന്നു. ജോലിയുണ്ടായിരുന്നപ്പോള്‍ ഉന്മേഷത്തിലും ചടുലതയിലും ജീവിച്ചിരുന്ന ഞാന്‍ വിഷാദത്തില്‍ എത്തിപ്പെടുന്നതിന് മുമ്പായി എന്റെ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും? കുടുംബത്തിലും സജീവതയോടെയും വിജയകരമായും കഴിയാന്‍ ഞാനാഗ്രഹിക്കുന്നു. എന്താണ് അതിനുള്ള വഴി? ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ട വന്ന ഒരാളുടെ പ്രയാസമാണിത്. ഞാനദ്ദേഹത്തോട് പറഞ്ഞു: വീട്ടില്‍ ചടങ്ങിരിക്കേണ്ടി വരുന്ന മിക്ക പുരുഷന്‍മാര്‍ക്കുമുള്ള ആവലാതി തന്നെയാണ് താങ്കളും ഉന്നയിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ചില ചിന്തകള്‍ ഞാന്‍ സമര്‍പ്പിക്കാം.

അക്കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഞാനൊരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ മക്കള്‍ക്ക് നല്‍കുന്ന ഏറ്റവും ശ്രേഷ്ഠമായ സമ്മാനം എന്താണ്? അദ്ദേഹം പറഞ്ഞു: മികച്ച വിദ്യാഭ്യാസമോ സാമ്പത്തിക സുരക്ഷിതത്വമുള്ള ഭാവിയോ ആയിരിക്കാം. ഞാന്‍ പറഞ്ഞു: താങ്കള്‍ പറഞ്ഞത് ശരിയാണ്, എന്നാല്‍ അതിലേറെ പ്രധാനമായ മറ്റൊന്നുണ്ട്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ കുറിച്ച അറിവും അവനിലുള്ള വിശ്വാസവും. ഞാന്‍ പറഞ്ഞു: ശരിയാണ്, അതുപോലെ വിജയകരമായ ദാമ്പത്യത്തിന്റെ മാതൃക അവരുടെ മുമ്പില്‍ സമര്‍പ്പിക്കലാണ് ഏറ്റവും ഉത്തമമായ സമ്മാനം. ഇതുകേട്ട് ആശ്ചര്യത്തോടെ എങ്ങനെയാണതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ പറഞ്ഞു: ഭാവിയിലെ വിജയകരമായ കുടുംബമായി നിങ്ങളവരെ മാറ്റുകയാണ് ചെയ്യുന്നത്. നിങ്ങള്‍ പറഞ്ഞ മികച്ച വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷിതത്വമുള്ള ഭാവിയും ദൈവവിശ്വാവും അവനുള്ള വഴിപ്പെടലുമെല്ലാം അതിലൂടെ സാക്ഷാല്‍കരിക്കപ്പെടും. ഈ രീതിയില്‍ ഞാനൊരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ തുടര്‍ന്നു: മിക്കയാളുകളും ഈ രീതിയില്‍ ചിന്തിക്കാറില്ല. കാരണം ഭൗതിക സമൂഹത്തെ മുന്‍നിര്‍ത്തി ചിന്തിക്കുന്നവരാണ് നാം.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -അഞ്ച്

ഇതിന് സഹായകമായ ചില പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെക്കാം. കൊച്ചുകൊച്ചു ആഘോഷങ്ങള്‍ വീട്ടില്‍ സംഘടിപ്പിക്കുകയാണ് അതിലൊന്ന്. വല്ല്യുപ്പ വീട്ടില്‍ വരുന്നതോ ഏതെങ്കിലും കാര്യത്തിലെ വിജയമോ ഖുര്‍ആനിലെ ഏതെങ്കിലും ഭാഗം പഠിച്ചതോ വീട് വൃത്തിയാക്കലോ അതിന്നുള്ള സന്ദര്‍ഭങ്ങളാക്കി മാറ്റാം. ആഘോഷങ്ങള്‍ ജീവിതത്തിന് സന്തോഷവും ആനന്ദവും പകരും. നിങ്ങളോട് സംസാരിക്കുന്നവരെ അത് ഭാര്യയാണെങ്കിലും മക്കളാണെങ്കിലും അവരെ നോക്കുകയെന്നതാണ് മറ്റൊന്ന്. വളരെ നിസ്സാരവും ലളിതവുമായ കാര്യമാണെങ്കിലും അതുണ്ടാക്കുന്ന പ്രതിഫലനവും കുടുംബത്തിലെ സന്തോഷവും വളരെ വലുതാണ്. മറ്റൊരു കാര്യം വീട്ടിലുള്ളവര്‍ക്ക് ഓരോ കാര്യങ്ങളിലും നിങ്ങളുടെ അഭിനന്ദനവും പ്രശംസയും കാണാനാവുകയെന്നതാണ്. മക്കള്‍ ഭക്ഷണത്തിന് മുമ്പ് കൈ കഴുകുന്നതോ ഭാര്യ വ്യത്യസ്തമായ എന്തെങ്കിലും വിഭവം തയ്യാറാക്കുന്നതോ പോലുള്ള ചെറിയ കാര്യങ്ങളായിരിക്കാം അത്. എല്ലാ അര്‍ത്ഥത്തിലുമുള്ള സ്പര്‍ശനമാണ് മറ്റൊരു പ്രധാന കാര്യം. മക്കളും ഭാര്യയും നിങ്ങളുടെ സ്പര്‍ശനം കൊതിക്കുന്നുണ്ട്. സ്‌നേഹവും അടുപ്പവും പ്രകടിപ്പിക്കുന്ന ആഗോളഭാഷയാണ് സ്പര്‍ശനം. വലിയ അളവില്‍ ആശ്വാസവും സമാധാനവുമാണ് അതിലൂടെ പകര്‍ന്നു നല്‍കുന്നത.് ഒരു നേരമെങ്കിലും കുടുംബാംഗങ്ങളെല്ലാം ആഹാരം കഴിക്കാനായി ഒരുമിച്ചിരിക്കുകയെന്നതാണ് മറ്റൊന്ന്. കുടുംബത്തിന്റെ ഈ ഒത്തുകൂടല്‍ സമയത്ത് നിരവധി വിഷയങ്ങളും പ്രശ്‌നങ്ങളും മുന്നോട്ടു വെക്കാനും അതില്‍ കുടുംബത്തിന്റെ പൊതുവായ കാഴ്ച്ചപ്പാടും അഭിപ്രായവും രൂപ്പെടുത്താനും സാധിക്കും. ഇങ്ങനെ കുടുംബത്തിന്റെ സന്തോഷം വര്‍ധിപ്പിക്കുന്ന ക്രിയാത്മകവും ഫലപ്രദവുമായ ഒരു ഒരുമിച്ചുകൂടലായി ആഹാരസമയത്തെ മാറ്റാം. വീടിന് ഒരു വ്യവസ്ഥയുണ്ടാക്കുകയും അത് പാലിക്കുകയും ചെയ്യുകയെന്നതാണ് മറ്റൊന്ന്. ഇതിലൂടെ കുടുംബാംഗങ്ങള്‍ക്ക് കുടുംബത്തോടുള്ള പ്രതിപത്തി വര്‍ധിക്കുകയും വ്യവസ്ഥകള്‍ അവര്‍ പാലിക്കുകയും ചെയ്യും. ഓരോ ദിവസവും തയ്യാറാക്കേണ്ട ഭക്ഷണം, വീട്ടിലെ ജമാഅത്ത് നമസ്‌കാരം, ടെലിവിഷന്‍ പോലുള്ള ഉപകരണങ്ങളുടെ സമയക്രമീകരണം തുടങ്ങിയ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താം. അപ്രകാരം ഭാര്യക്ക് വേണ്ടിയും മക്കള്‍ ഓരോരുത്തര്‍ക്ക് വേണ്ടിയും ആഴ്ച്ചയിലോ മാസത്തിലോ സമയം നിശ്ചയിക്കാം.

വീട്ടിലുള്ളവരോട് കാണുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയെന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം. അവര്‍ക്കുള്ള ഉപദേശങ്ങള്‍ മാത്രമാണ് നിങ്ങളില്‍ നിന്ന് വരുന്നതെങ്കില്‍ നിങ്ങളെയവര്‍ വെറുക്കും. അതുകൊണ്ട് അസ്തമയത്തിന്റെ മനോഹാരിതയെ കുറിച്ചോ നിങ്ങള്‍ക്കവര്‍ നല്‍കിയ ചായയുടെ രുചിയെ കുറിച്ചോ നിങ്ങളുടെ കുട്ടിക്കാലത്തെ കഥകളോ അവരുമായി പങ്കുവെക്കാം. കുടുംബത്തിന് ശുഭപ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള ക്രിയാത്മകമായ സംസാരവും പെരുമാറ്റവുമായിരിക്കണം നിങ്ങളുടേത്. കുടുംബം നേരിടുന്ന പരീക്ഷണങ്ങളിലെല്ലാം നന്മ കണ്ടെത്താന്‍ ശ്രമിക്കുകയും ദോഷങ്ങള്‍ക്കിടയിലെ നന്മകളെ കുറിച്ചായിരിക്കട്ടെ നിങ്ങളുടെ സംസാരം. ജീവിതത്തിനത് മനോഹര രൂപം നല്‍കുകയും വീട്ടുകാരെ സന്തോഷവാന്‍മാരാക്കുകയും ചെയ്യും. കുടുംബത്തിലെ ഓരോ അംഗത്തിനും ഇടം നല്‍കുകയും സ്വന്തമായ പരിപാടികള്‍ ആവിഷ്‌കരിക്കാനുള്ള അവസരം നല്‍കലുമാണ് അവസാന കാര്യം. മേല്‍പറഞ്ഞ കാര്യങ്ങള്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാന്‍ നിങ്ങളെ സഹായിക്കും.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Related Articles

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close