Counselling

നിങ്ങള്‍ക്ക് എത്രത്തോളം മനസ്സമാധാനം ലഭിക്കുന്നുണ്ട് ?

‘ദുനിയാവിലെ സ്വര്‍ഗമാണ് മനസ്സമാധാനം. അതില്‍ പ്രവേശിക്കാത്തവന്‍ പരലോകത്തില്‍ സ്വര്‍ഗ്ഗത്തിലും പ്രവേശിക്കില്ല’ ശൈഖുല്‍ ഇസ്ലാം ഒരിക്കല്‍ മനസ്സമാധാനത്തിനെ ഇങ്ങിനെയാണ് വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വിലകൂടിയ വസ്തു ഏതെന്ന് എന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന ഉത്തരം മനസ്സമാധാനം എന്ന് തന്നെയാണ്. മറ്റെന്തു അനുഗ്രഹവും അനുഭവപ്പെടണമെങ്കില്‍ മനസ്സമാധാനം ഒരു അനിവാര്യതയാണ്.

ഇന്ന് നാം കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന വാര്‍ത്തകളില്‍ എത്ര ശതമാനം നമുക്ക് മനസിന് സന്തോഷം നല്‍കുന്നുണ്ട് എന്ന് നോക്കിയാല്‍ വളരെ കുറച്ച് എന്നെ പറയാന്‍ കഴിയൂ. അസ്വസ്ഥമായ മനസ്സുമായാണ് അധികം പേരും ജീവിക്കുന്നത്. ഓരോ ദിനവും നമ്മുടെ ജീവിത നിലവാരം വര്‍ധിക്കുന്നു. മനുഷ്യ ജീവിതം കൂടുതല്‍ ആയാസകരമാക്കി മാറ്റാന്‍ ഉതകുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ രംഗത്ത് വരുന്നു. അതെ സമയം തന്നെ ഓരോ ദിവസവും നമ്മുടെ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരുന്നു. കൗണ്‍സിലിങ് എന്നൊരു വാക്ക് എന്റെ പഠന കാലത്തു ഞാന്‍ കേട്ടിട്ടില്ല. ഇന്ന് അതൊരു വലിയ ശാഖയായി മാറിയിരിക്കുന്നു. കുട്ടികള്‍,മുതിര്‍ന്നവര്‍,രക്ഷിതാക്കള്‍ തുടങ്ങി വ്യത്യസ മേഖലയില്‍ പ്രത്യേകമായി വികസിച്ചിരിക്കുന്നു.

ഭൗതിക വിഭവങ്ങള്‍ കൊണ്ട് മനസ്സ് പൂര്‍ണമായി സംതൃപ്തി അടയില്ല. അതെ സമയം കൊച്ചു കൊച്ചു കാരണം കൊണ്ട് നമുക്ക് ലഭിക്കുന്ന മനസ്സമാധാനം പലപ്പോഴും വലുതാണ്. മനസ്സിനെ സംസ്‌കരിക്കുക എന്നതാണ് ഇസ്ലാമിലെ വിജയത്തിന്റെ വഴി. സമാധാനം,രക്ഷ എന്നത് മതത്തിന്റെ അടിസ്ഥാനമാണ്. രണ്ടു പേര് കണ്ടു മുട്ടിയാല്‍ ആരംഭിക്കേണ്ടത് രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാകണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

സ്വര്‍ഗത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ച മറ്റൊരു പേര് സമാധാനത്തിന്റെ ഗേഹം എന്നാണ്. അവിടെ എത്തിയാല്‍ വിശ്വാസി ആദ്യം കേള്‍ക്കുക ദൈവത്തില്‍ നിന്നുള്ള സമാധാനം എന്നും. അത് കൊണ്ട് തന്നെ ഖുര്‍ആന്‍ പറഞ്ഞത് ‘അറിഞ്ഞിരിക്കുവിന്‍! ദൈവസ്മരണയാല്‍ മാത്രമാകുന്നു ഹൃദയങ്ങള്‍ ശാന്തിയടയുന്നത്. സത്യപ്രബോധനം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരാരോ, അവര്‍ സൗഭാഗ്യവാന്മാരാകുന്നു. അവര്‍ക്ക് വിശിഷ്ടമായ പര്യവസാനമുണ്ട്.
‘അപ്പോള്‍ ഒരാളുടെ വിശ്വാസം പൂര്‍ണമാണോ എന്നതിന് തെളിവാണ് വിശ്വാസം കൊണ്ട് ഒരാള്‍ക്ക് എത്രമാത്രം മനസ്സമാധാനം കിട്ടുന്നു എന്നത്.

പ്രവാചകന്റെയും അനുചരന്മാരുടെയും പോലെ ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ കുറവാകും. പക്ഷെ അവര്‍ക്ക് ധാരാളം ഉണ്ടായിരുന്നതും മനസ്സമാധാനം തന്നെയാണ്. ഒരാളുടെ ജീവിത വിഭവങ്ങളുമായി മനസ്സമാധാനത്തിനു ബന്ധം കുറവാണ്. അങ്ങിനെ വന്നാല്‍ പണക്കാര്‍ക്ക് പൂര്‍ണമായി അത് കിട്ടണം. സ്വകാര്യ ജീവിതത്തില്‍ നാം അനുഭവിക്കുന്ന ജീവിതമാണ് മനസ്സമാധാനം, അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്നത് പോലെ കാണിക്കാനും കഴിയില്ല. അല്ലാഹുവില്‍ പൂര്‍ണമായി ‘തവക്കല്‍’ ചെയ്യുക എന്നതാണ് മനസ്സമാധാനം ലഭിക്കാനുള്ള ഒന്നാമത്തെ വഴി. തവക്കുല്‍ പലപ്പോഴും മടിയുടെ പ്രതിരൂപമാകാറുണ്ട്. തനിക്കു ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ ചെയ്‌തെന്നു ഉറപ്പു വരുത്തി ബാക്കി അല്ലാഹുവില്‍ ഭരമേല്‍പിക്കുക എന്നതാണ് ശരിയായ തവക്കുല്‍. പലപ്പോഴും മനസ്സമാധാനം നഷ്ടമാകുന്നത് ഞാന്‍ ചെയ്യേണ്ടത് ചെയ്തില്ലല്ലോ എന്ന കുറ്റബോധത്തില്‍ നിന്നാണ്. അതെ സമയം എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പൂര്‍ണമായി ചെയ്തു എന്ന തിരിച്ചറിയല്‍ കുറ്റം നമ്മുടെ കയ്യിലല്ല എന്ന ബോധം നമ്മില്‍ ഉണ്ടാക്കുന്നു, അത് കൊണ്ട് തന്നെ ആ തിരിച്ചറിവ് നമ്മുടെ മനസാമാധാനം കളയുന്നില്ല.

ജീവിതത്തെ പ്രതീക്ഷയോടെ നോക്കുക എന്നതാണ് മറ്റൊരു വഴി. തന്റെ കുറ്റം കൊണ്ടല്ലാതെ സംഭവിക്കുന്ന ഒന്നിനും താന്‍ പ്രതിയല്ല എന്ന തിരിച്ചറിവ്. നല്ല ആളുകളുമായി കൂട്ട് ചേരുക. നല്ല കാര്യങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുക. മറ്റുള്ളവര്‍ക്കും തന്നെക്കാള്‍ അല്ലെങ്കില്‍ തന്നോളം ഗുണം ലഭിക്കണം എന്ന് ചിന്തിക്കുക. മനസ്സിനെ കൂടുതല്‍ വിശാലമാക്കുക എന്നതെല്ലാം മനസ്സമാധാനം തിരിച്ചു കിട്ടാന്‍ കാരണമാണ്. എത്ര കാലം ജീവിച്ചു എന്നതിനേക്കാള്‍ പ്രസക്തം എങ്ങിനെ ജീവിച്ചു എന്നതിനാണ്. ദൈവത്തിനു കീഴ്‌പ്പെട്ടു ജീവിക്കുമ്പോള്‍ മാത്രമാണ് പൂര്‍ണ മനസ്സമാധാനം ലഭ്യമാകുക. താല്‍ക്കാലിക തിരിച്ചടികള്‍ കാര്യമാക്കാതെ മുന്നോട്ടു പോകുക. വീഴ്ചകള്‍ പാഠമാക്കി മാറ്റുക, നഷ്ടത്തെ കുറച്ചു കൂടുതല്‍ ചിന്തിക്കാതിരിക്കുക എന്നതും മനസ്സമാധാനം തിരിച്ചു ലഭിക്കുന്നതിന് കാരണമാകും.

Facebook Comments
Show More

Related Articles

Close
Close