Current Date

Search
Close this search box.
Search
Close this search box.

എന്ത്‌കൊണ്ട് ഇന്ത്യ പരീക്ഷണം നടത്താത്ത വാക്‌സിന്‍ വാങ്ങുന്നു ?

ഒടുവില്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലുമെത്തി. ഇപ്പോള്‍ അത് രാജ്യമൊട്ടുക്കും വിതരണത്തിനുള്ള കുത്തിവെപ്പ് യജ്ഞനം നടക്കുകയാണ്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യ മേഖലയില്‍ പണിയെടുക്കുന്ന മുന്‍നിര തൊഴിലാളികളായ 30 ദശലക്ഷം പേര്‍ക്കാണ് നല്‍കുക. അതിശയകരമെന്ന് പറയട്ടെ ഈ വാക്‌സിനുകളില്‍ നാലിലൊന്നും ‘കൊവാക്‌സിന്‍’ വാക്‌സിന്റെ ഇന്ത്യന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകിന്റേതാണ്. ഇതിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ടെസ്റ്റ് അപൂര്‍ണ്ണമായതിനാല്‍ ഇതിന് വലിയ സുരക്ഷയും ഫലപ്രാപ്തിയും ഇല്ലെന്നാണ് വിമര്‍ശനം.

അതിനാല്‍ തന്നെ ഈ ഒരു ഘട്ടത്തില്‍ ഭാരത് ബയോടെക്കില്‍ നിന്നും ഇത്രയും വലിയ അളവില്‍ വാക്‌സിന്‍ വാങ്ങുന്നത് ആരോഗ്യ രംഗത്തെ പല വിദഗ്ധരിലും ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. മാത്രവുമല്ല ഇന്ത്യയുടെ കൈവശമുള്ള മറ്റു വാക്‌സിനുകളെക്കാള്‍ ഉയര്‍ന്ന വിലയാണ് കോവാക്‌സിനുള്ളത്. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിര്‍മിക്കുന്ന ഒക്‌സ്‌ഫോഡിന്റെ കോവിഷീല്‍ഡിന് ഇതിനെക്കാളും വില കുറവാണ്. ഇതിന്റെ ട്രയല്‍ ഇന്ത്യ ഇതുവരെ പൂര്‍ണ്ണമായി പരിശോധിച്ചിട്ടില്ലെങ്കിലും ബ്രസീലിലും യു.കെയിലും നടത്തിയ പരീക്ഷണങ്ങളില്‍ വലിയ അളവില്‍ അനുകൂല ഫലമാണുണ്ടായത്.

ഒരു ഡോസിന് 200 രൂപ നിരക്കില്‍ 11 ദശലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ഇന്ത്യന്‍ ഗവര്‍ണ്‍മെന്റ് വാങ്ങിയത്. എന്നാല്‍ ഒരു ഡോസിന് 295 രൂപ നിരക്കിലാണ് കോവാക്‌സിന്‍ വാങ്ങിയത്. ആകെ 3.85 ദശലക്ഷം കോവാക്‌സിനാണ് വാങ്ങിയത്. 1.65 ദശലക്ഷം കൊവാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് ഭാരത് ബയോടെക് സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗജന്യ ഡോസുകള്‍ ഉണ്ടെങ്കിലും കോവാക്‌സിന് ഒരു ഡോസിന് 206 രൂപ വരും. ഇത് കോവിഷീല്‍ഡിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ്.

‘മികച്ചതും വിലകുറഞ്ഞതുമായ ഓപ്ഷന്‍ ലഭ്യമായിരിക്കേ, കോവാക്‌സിന്‍ നല്‍കാന്‍ ഉത്തരവിടാനുള്ള സര്‍ക്കാരിന്റെ നിലപാടിന് പൊതുജനാരോഗ്യത്തില്‍ നിന്നോ തന്ത്രപരമായ തീരുമാനത്തില്‍ നിന്നോ യാതൊരു ന്യായീകരണവുമില്ല’- പ്രമുഖ ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞയും ഒ.പി ജിന്ദാല്‍ ഗ്ലോബല്‍ സര്‍വകലാശാലയിലെ അധ്യാപികയുമായ ഇന്ദ്രാനില്‍ മുഖോപാധ്യായ പറയുന്നു.

‘ബാക്കപ്പ്’ വാക്‌സിന്‍

ജനുവരി തുടക്കത്തിലാണ് വലിയ സുരക്ഷയും ഫലപ്രാപ്തിയും ഇല്ലാതെ തന്നെ ഡ്രഗ് റെഗുലേറ്റര്‍ കോവാക്‌സിന് പച്ചക്കൊടി കാട്ടിയത്. ഇന്ത്യയിലെ മികച്ച വാക്‌സിന്‍ ശാസ്ത്രജ്ഞര്‍ ഈ നീക്കത്തിന് എതിരായിരുന്നു. എന്നാല്‍ ഇത് കോവിഡ് ബാക്കപ്പ് വാക്‌സിന്‍ ആയി മാത്രമേ അംഗീകരിച്ചിട്ടുള്ളൂ എന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

ധാരാളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കേണ്ടി വരുമ്പോള്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് വാക്‌സിന്‍ മാത്രം ഉപയോഗിച്ച് ചെയ്യാന്‍ കഴിയില്ല, അപ്പോള്‍ ആവശ്യമുണ്ടെങ്കില്‍, വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക്കിനെ അനുവദിക്കും എന്നാണ് ‘കോവിഡ് 19 ലെ ദേശീയ ടാസ്‌ക് ഫോഴ്‌സ് മാനേജ്‌മെന്റ് അംഗം രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നത്.

ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ മാത്രമേ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് ബല്‍റാം ഭാര്‍ഗവ പറഞ്ഞത്. സ്വീകര്‍ത്താക്കളുടെ സമ്മതം തേടുകയും അവര്‍ക്ക് ട്രയല്‍ നടത്തി പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി വലിയ തോതിലുള്ള സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതു വരെ വാക്‌സിനുകളുടെ ഉപയോഗം പരിമിതപ്പെടുത്തുമെന്നും കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നിര്‍ദ്ദേശിച്ചിരുന്നു.

നിലപാട് മാറ്റം

എന്നാല്‍ മുന്‍ നിര്‍ദേശങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പൊളിയുകയായിരുന്നു. രണ്ട് വാക്‌സിനുകളും ഉപയോഗിച്ച് തുല്യമായി ചികിത്സിക്കുകയും ഒരേസമയം നല്‍കുകയും ചെയ്യുമെന്നാണ് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ദേശീയ വക്താവ് വി.കെ പോള്‍ പറഞ്ഞത്. തുടര്‍ന്ന് 11 ദശലക്ഷം ഡോസ് കോവിഷീല്‍ഡും 5.5 ദശലക്ഷം കോവാക്‌സിനും വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ജനുവരി 12ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ എല്ലാം സംശയങ്ങളും അവസാനിപ്പിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവാക്‌സിനും കോവിഷീല്‍ഡും തമ്മില്‍ ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ‘ഒരു രാജ്യവും ഗുണഭോക്താക്കള്‍ക്ക് അത്തരം തിരഞ്ഞെടുപ്പുകള്‍ വാഗ്ദാനം ചെയ്യുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആദ്യഘട്ട കുത്തിവെപ്പ്

ഒന്നാം ഘട്ടം രാജ്യത്തെ മുന്‍നിരയിലുള്ള 30 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് 19നെതിരെ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ ആവശ്യമുള്ളതിനാല്‍, പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ മൊത്തം 60 ദശലക്ഷം ഡോസുകള്‍ ആവശ്യമാണ്. 50 ദശലക്ഷം ഡോസുകള്‍ ഉണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നത്. മാര്‍ച്ചോടെ 100 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉടന്‍ ഉണ്ടാകും. നിലവിലെ പദ്ധതി അനുസരിച്ച്, പ്രതിദിനം 300,000 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യയുടെ നിലവിലെ ആവശ്യം നിറവേറ്റാന്‍ സിറം സജ്ജമാണെന്നാണ് തോന്നുന്നത്.

മൂന്നാം ഘട്ട ഡാറ്റ ഇനിയും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്തപ്പോള്‍ സര്‍ക്കാര്‍ ഇത്രയും വലിയ അളവില്‍ കോവാക്‌സിന്‍ വാങ്ങുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്ന് നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ടി സുന്ദരരാമന്‍ ആശങ്ക രേഖപ്പെടുത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ അളവില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഉള്ളതിനാല്‍ അടിയന്തിരമായി കോവാക്‌സിന്‍ നല്‍കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത് ബയോടെക്കിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങള്‍ മാര്‍ച്ചില്‍ പുറത്തുവരാനാണ് സാധ്യത. കോവാക്‌സിന്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നതിന് മുമ്പ് സര്‍ക്കാരിന് രണ്ടുമാസം കാത്തിരിക്കാമായിരുന്നുവെന്നും സുന്ദരരാമന്‍ പറഞ്ഞു.

ചിലവ്

വിലകുറഞ്ഞ കോവിഷീല്‍ഡ് ഉണ്ടെന്നിരിക്കെ കോവാക്‌സിന്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം എ്ല്ലായിപ്പോഴും ചെലവ് മാത്രം പരിഗണിച്ചുള്ളതായിരിക്കില്ല എന്നാണ് ഈ മേഖലയിലെ ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വയം പര്യാപ്ത ഇന്ത്യയെ പ്രോത്സാഹിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമാണിതെന്നും അവര്‍ നിരീക്ഷിക്കുന്നു.

മറ്റു ചിലര്‍ പറയുന്നത് ഇത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമായിരിക്കില്ല. ‘കയറ്റുമതി ചെയ്യാനും ഓപ്പണ്‍ മാര്‍ക്കറ്റില്‍ അഞ്ചിരട്ടി വിലയില്‍ വില്‍ക്കാനുമുള്ള അത്രയും തുക മാത്രമേ സെറം വാഗ്ദാനം ചെയ്തിട്ടുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത് – മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കെ സുജാത റാവു പറയുന്നു. വാക്‌സിന്‍ ഒരു ഡോസിന് 1,000 രൂപയ്ക്ക് സ്വകാര്യ കമ്പനിക്കാര്‍ക്ക് വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യവുമായുള്ള കരാര്‍ ഭാരത് ബയോടെക്കിന് ഒന്നിലധികം ആനുകൂല്യങ്ങള്‍ നല്‍കുന്നു, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള സംഭരണത്തില്‍ നിന്ന് കമ്പനിക്ക് ഉറപ്പുള്ള വരുമാനം നല്‍കുന്നു, മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മുഖോപാധ്യായ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തോട് നിരവധി ചോദ്യങ്ങള്‍ മെയില്‍ വഴി ആരോഗ്യപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടുമില്ല.

അവലംബം:scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles