Health

നീന്തല്‍ അഭ്യാസം: അതിജീവനത്തിന്‍റെ കലയും ചികില്‍സയും

മനുഷ്യന്‍ നേടുന്ന നൈപുണ്യങ്ങളെല്ലാം വെറുതെ ലഭിക്കുന്നത് പോലെ നേടുന്നതല്ല. ഏതൊരു നൈപുണി ആര്‍ജ്ജിക്കുന്നതിന് പിന്നില്‍ കഠിനപരിശ്രമവും ത്യാഗമനോഭാവവുമുണ്ട്. അപ്പോഴാണ് ആ നൈപുണിയുടെ മാധുര്യം ഒരാള്‍ക്ക് ആസ്വദിക്കാന്‍ കഴിയുക. എന്നാല്‍ മൃഗങ്ങള്‍ക്കാകട്ടെ അതിനുള്ള കഴിവുകള്‍ ദൈവം ജന്മനാ നല്‍കീട്ടുണ്ട്. അത്കൊണ്ടാണ് ജനിക്കുമ്പോള്‍ തന്നെ ഒരു പശുകിടാവിന് നീന്താന്‍ കഴിയുന്നതും നടക്കാന്‍ കഴിയുന്നതും. എക്കാലത്തേയും മൃഗങ്ങള്‍ക്കുള്ള കഴിവുകള്‍ ഒന്ന് തന്നെയായിരിക്കും. അതിന് പ്രത്യേക പുരോഗതിയൊന്നും കൈവരിക്കാന്‍ കഴിയാറില്ല.

എന്നാല്‍ മനുഷ്യനാകട്ടെ അനുദിനം അവന്‍റെ അറിവും കഴിവുകളും വികസിപ്പിച്ച്കൊണ്ടേയിരിക്കുന്നു. അത്തരത്തില്‍ നമ്മുടെ കുട്ടികളെ അനിവാര്യമായി പഠിപ്പിക്കേണ്ട കായികാഭ്യാസമാണ് നീന്തല്‍. പഴയകാലങ്ങളില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ കൂട്ടുകാരുടെ സഹായത്തോടെ നാമെല്ലാം അത് പഠിച്ചിരുന്നു. കാലത്തിന്‍റെ കുതിച്ച് ചാട്ടത്തില്‍ പലതും നമുക്ക് കൈമോശം വന്നപ്പോള്‍ നീന്തലിനും അത്തരമൊരു പരിണതി സംഭവിച്ചതില്‍ അല്‍ഭുതപ്പെടാനില്ല. ഒരു കുടുംബത്തില്‍ നിന്നും ഒരു കുഞ്ഞുമോന്‍ നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന ദു:ഖം ആര്‍ക്കും സാന്ത്വനപ്പെടുത്തുക സാധ്യമല്ല.

Also read: വിശ്വാസം പകരുന്ന നിര്‍ഭയത്വം

എന്നാല്‍ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഈ അടുത്ത കാലത്തായി നമ്മുടെ പിഞ്ചുമക്കള്‍ കുളങ്ങളിലും പുഴകളിലും തണ്ണീര്‍കെട്ടുകളിലും വീണ് അകാല മരണം വരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. നീന്തല്‍ അറിയാത്തതിന്‍റെ പേരില്‍ മുതിര്‍ന്നവര്‍ പോലും ഇത്തരം ദാരുണ സംഭവങ്ങളുടെ ഇരകളായിത്തീരുന്നു എന്നതാണ് ഏറെ ഖേദകരം. ഇത്തരം ദൗര്‍ഭാഗ്യകാരമായ അവസ്ഥില്‍ നിന്ന് നമ്മുടെ ഭാവിതലമുറയെ രക്ഷിക്കാന്‍ പിഞ്ചുനാളില്‍ അവരെ നീന്തല്‍ പരിശീലിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.

അബ്ദുല്ലഹ് ബിന്‍ ഉമര്‍ (റ) നിവേദനം: നബി (സ) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നിന്തലും അമ്പൈയ്തും കുതിര സവാരിയും അഭ്യസിപ്പിക്കുക. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നല്‍കിയ ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ പ്രാധാന്യം നമുക്ക് ഇപ്പോഴും ബോധ്യമായിട്ടില്ല. പലപ്പോഴും അപകടങ്ങള്‍ സംഭവിച്ചതിന് ശേഷമായിരിക്കും നാം ഇത്തരം നൈപുണി കുട്ടികളെ അഭ്യസിക്കുന്നതിനെ കുറിച്ച് ബോധവന്മാരാകുക. അഞ്ചൊ ആറൊ മണിക്കുര്‍ കൊണ്ട് പരിശീലിപ്പിക്കാന്‍ കഴിയുന്ന നീന്തല്‍ പരിശീലനം നമ്മുടെ കൃത്യവിലാപം കൊണ്ട് നീട്ടിവെക്കുമ്പോള്‍ സംഭവിക്കുന്നത് വിടരാനിരിക്കുന്ന ഒരു പൈതലിന്‍റെ ജീവനാണ് പൊലിയുന്നത് എന്ന കാര്യം വിസ്മരിക്കരുത്. ടൈറ്റാന്‍ മുങ്ങാന്‍ പോവുമ്പോള്‍ അല്ലല്ലോ നീന്താന്‍ പരിശീലിപ്പിക്കേണ്ടത്.

കുട്ടികളുടെ ആത്മവിശ്വാസവും നേതൃപാഠവവും വര്‍ധിപ്പിക്കുന്ന ഒരു കായികാഭ്യാസമാണ് നീന്തല്‍. ശരീരത്തിനുള്ള ഒന്നാന്തരം വ്യായാമം. നമ്മുടെ പല രോഗങ്ങളുടേയും കാരണം രക്തസഞ്ചാരമില്ലായ്മയാണ്. പുറംവേദന, സന്ധി വേദന, പിരടി വേദന എന്നിവക്കെല്ലാം ഫലപ്രദമാണ് നീന്തല്‍. ശരീരത്തിലെ രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു എന്നതാണ് ഇതിന് കാരണം. കൂടാതെ ധാരാളം ഓക്സിജന്‍ നമ്മുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത് ശരീരത്തിന് വലിയ ആശ്വാസമാണെന്ന് മാത്രമല്ല മാനിസിക പിരിമുറുക്കങ്ങളെ ലഘുകരിക്കാനും പ്രതിരോധശേഷി വര്‍ധിക്കാനും നിമിത്തമാവുന്നു. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും തലവേദന, നടുവേദന, ചര്‍മ്മ സംരക്ഷണം തുടങ്ങിയവക്കും നീന്തല്‍ ഫലപ്രദമായ ചികില്‍സയാണ്.

Also read: മദീന ചാർട്ടർ; ഒരു സമകാലിക വായന

ഒരു മള്‍ട്ടി സര്‍വീസ് സ്റ്റേഷനില്‍ വാഹനം സര്‍വീസ് ചെയ്ത പോലെയാണ് നീന്തിയാല്‍ നമ്മുടെ ശരീരത്തിന് കിട്ടുന്ന അനുഭൂതി. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിശാംഷങ്ങളെ ഇല്ലാതാക്കുന്ന നല്ലൊരു വ്യായാമമാണ് നീന്തല്‍. പേശി ബലം വര്‍ധിപ്പിക്കുകയും ശരീരത്തിലെ ഊഷ്മാവ് ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സര്‍വ്വോപരി അത് ജീവന്‍ രക്ഷാകവചമാണ്. വെള്ളത്തില്‍ മുങ്ങിമരിക്കുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള ശരീരത്തില്‍ സ്വയം നിര്‍മ്മിത ലൈഫ് ജാകറ്റാണ് നീന്തല്‍. വളരെ പഴക്കമുള്ള നൈപുണി എന്ന നിലയിലും നീന്തല്‍ പരിശീലനം ജീവിത വിജയത്തിന് അനിവാര്യമാണ്.

അതിജീവനത്തിന് കരുത്ത് പകരുന്ന സുപ്രധാന കായികാഭ്യാസമെന്ന നിലയില്‍ നീന്തലഭ്യാസം പെണ്‍കുട്ടികളേയും പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഉമ്മയുടെ പ്രേരണക്ക് വഴങ്ങി ചന്ദ്രിഗിരിപുഴയുടെ തീരത്ത് ജേഷ്ടസഹോദരന്‍ മുഹമ്മദലിയാണ് ആദ്യമായി നീന്തല്‍ പരിശീലിപ്പിച്ചത്. നല്ല സഹകാരണവും മാനസിക ഐക്യവും ഞങ്ങള്‍ക്കിടയില്‍ ഇതിലൂടെ രൂപപ്പെട്ടു. പിന്നീട് പഠനകാലത്ത് ശാന്തപുരത്തെ കാഞ്ഞിരപ്പള്ളി കുളത്തിലും മലപ്പുറത്തിന്‍റെ താഴ്വാരത്തിലൂടെ മനോഹരമായി ഒഴുകുന്ന കടലുണ്ടിപുഴയോരത്തും ചേന്ദമംഗല്ലുരിനെ തലോടിപോവുന്ന ഇരുവഞ്ചിപുഴയിലും ജിദ്ദയിലെ ചെങ്കടല്‍ തീരത്തും ജോര്‍ദാനിലെ ചാവ് കടലിലുമെല്ലാം നീന്തിയപ്പോള്‍ സര്‍വ്വശക്തനായ നാഥനോടും ഉമ്മയോടും ജ്യേഷ്ടനോടുമുള്ള കടപ്പാടുകള്‍ എന്നും ഓര്‍മ്മയില്‍ വരാറുണ്ട്.

Facebook Comments
Related Articles

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍
Close
Close